റോബൻ ദ്വീപിലെ തടവറകൾ

പതിനെട്ട് ദക്ഷിണാഫ്രിക്കൻ ജനത ആദരപൂർവം ‘മഡീബ’ എന്നു വിളിക്കുന്ന അവരുടെ പ്രിയങ്കരനായ രാഷ്ട്രപിതാവിന്‍റെ വളരെ പ്രസിദ്ധമായ ആത്മകഥയാണ് ‘എ ലോങ് വാക് ടു ഫ്രീഡം’ (A Long Walk to Freedom). ‘സ്വാതന്ത്ര്യത്തിലേക്കുള്ള നീണ്ട നടത്തം’ വായിച്ച നാൾമുതൽ, ഒരു കളങ്കംപോലെ മനസ്സിൽ വീണുകിടന്നൊരു കറുത്തകറയുണ്ടായിരുന്നു, ഒരു ദ്വീപിന്‍റെ ആകൃതിയിൽ: റോബൻ ഐലൻഡ്! വെള്ളക്കാരന്‍റെ വർണവിവേചനം എന്ന വിഴുപ്പിനെ, കോളനി ഉപേക്ഷിച്ചുപോയ ബ്രിട്ടീഷുകാരൻ ലോകത്തിനു മുന്നിൽ ഇരുണ്ടൊരു സാക്ഷ്യമായവശേഷിപ്പിച്ച ദ്വീപ്! കറുത്ത ചോരയിൽ തൂവൽമുക്കി അമർത്തിപ്പിടിച്ചെഴുതിയ ഒന്നാണല്ലോ മണ്ടേലയുടെ ആത്മാഖ്യാനം! പ്രത്യേകിച്ചും റോബൻ...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
പതിനെട്ട്
ദക്ഷിണാഫ്രിക്കൻ ജനത ആദരപൂർവം ‘മഡീബ’ എന്നു വിളിക്കുന്ന അവരുടെ പ്രിയങ്കരനായ രാഷ്ട്രപിതാവിന്‍റെ വളരെ പ്രസിദ്ധമായ ആത്മകഥയാണ് ‘എ ലോങ് വാക് ടു ഫ്രീഡം’ (A Long Walk to Freedom). ‘സ്വാതന്ത്ര്യത്തിലേക്കുള്ള നീണ്ട നടത്തം’ വായിച്ച നാൾമുതൽ, ഒരു കളങ്കംപോലെ മനസ്സിൽ വീണുകിടന്നൊരു കറുത്തകറയുണ്ടായിരുന്നു, ഒരു ദ്വീപിന്‍റെ ആകൃതിയിൽ: റോബൻ ഐലൻഡ്! വെള്ളക്കാരന്‍റെ വർണവിവേചനം എന്ന വിഴുപ്പിനെ, കോളനി ഉപേക്ഷിച്ചുപോയ ബ്രിട്ടീഷുകാരൻ ലോകത്തിനു മുന്നിൽ ഇരുണ്ടൊരു സാക്ഷ്യമായവശേഷിപ്പിച്ച ദ്വീപ്!
കറുത്ത ചോരയിൽ തൂവൽമുക്കി അമർത്തിപ്പിടിച്ചെഴുതിയ ഒന്നാണല്ലോ മണ്ടേലയുടെ ആത്മാഖ്യാനം! പ്രത്യേകിച്ചും റോബൻ ദ്വീപിലെ യാതനകൾ പ്രമേയമാകുന്ന അതിലെ എട്ടും ഒമ്പതും ഭാഗങ്ങൾ. ജീവിതത്തിൽ എന്നെങ്കിലുമൊരു നാൾ ദക്ഷിണാഫ്രിക്ക സന്ദർശിക്കാൻ അവസരമുണ്ടാവുകയാണെങ്കിൽ നിശ്ചയമായും ആ കറുത്തദ്വീപ് കാണാതെ ഒരു മടക്കയാത്ര ഉണ്ടാവില്ലെന്ന് അന്നേ തീരുമാനിച്ചുറപ്പിച്ചതാണ്.
പുസ്തകം വായിച്ച് ഒരു വർഷം തികയുന്നതിനു മുമ്പേതന്നെ വലിയൊരു സൗഭാഗ്യംപോലെ അതിനുള്ള അവസരം കൈവരുകയുംചെയ്തു. 2024 ഏപ്രിൽ 30നകം ഒരു മാസക്കാലം ദക്ഷിണാഫ്രിക്ക സന്ദർശിക്കാനുള്ള അനുവാദം. വിക്ടോറിയ ജങ്ഷനിൽനിന്നും വിക്ടോറിയ ആൻഡ് ആൽഫ്രഡ് വാട്ടർഫ്രണ്ട് വാർഫിലേക്ക് (Victoria and Alfred Waterfront Wharf) ദൂരമധികമില്ല. എന്നുമെന്നപോലെ മൂടൽമഞ്ഞും തണുപ്പും വലവിരിച്ച തെരുവുകളിലൂടെ വാർഫിനെ ലക്ഷ്യമാക്കി ഒരു പുലർകാലയാത്ര. സിഗ്നൽ പോയന്‍റുകളിലെ മഞ്ഞ, പച്ച, ചുവപ്പ് വെളിച്ചങ്ങൾ മാത്രമേ കാണാൻ കഴിയുന്നുള്ളൂ. വെളുത്തവരേക്കാൾ കറുത്തവരുടെ തിരക്കായിരുന്നു ക്രൂസ് ടെർമിനലിൽ. ചെറിയ കുട്ടികൾ മുതൽ വയോജനങ്ങൾ വരെ തണുപ്പിനെ വകവെക്കാതെ അവിടെങ്ങും ഓടിനടക്കുമ്പോൾ, തണുത്തുറഞ്ഞ് ഞങ്ങൾ നാലുപേർ മാത്രം പരസ്പരം പകച്ചു നോക്കി.
ഒരു ഫിഷിങ് ഹാർബർകൂടിയാണ് വിക്ടോറിയ വാർഫ്. മീൻപിടിത്തം കഴിഞ്ഞ് തിരിച്ചെത്തിയ വലിയ ഫിഷിങ് വെസലുകളിൽനിന്ന് തണുപ്പിനെ കൂസാതെ തൊഴിലാളികൾ മീൻ നീക്കംചെയ്തുകൊണ്ടിരുന്നു.
എയർപോർട്ടിലെ എമിേഗ്രഷൻ കൗണ്ടറുകളിൽ കാണാറുള്ളതിനേക്കാൾ കർശനമായ പരിശോധനകൾ. യുെനസ്കോയുടെ ലോക പൈതൃക ഭൂപടത്തിൽ ഇടംനേടിയ ഒരു ടൂറിസം സൈറ്റ് കാണാനെത്തുന്ന സഞ്ചാരികളോട് അതൽപം കടന്നുപോയി എന്നു തോന്നാതിരുന്നില്ല! രണ്ടു നിലകളിലായി ഇരുനൂറോളം പേർക്ക് സുഖമായി സഞ്ചരിക്കാൻ കഴിയുന്ന ക്രൂസ്. മുന്നിലെ സ്ക്രീനിൽ അപ്പാർതൈറ്റിനെതിരായ കറുത്തവന്‍റെ പോരാട്ടത്തിന്‍റെ ചരിത്രവും ചിത്രങ്ങളും ഒന്നൊന്നായി തെളിഞ്ഞുവന്നു. അതിനൊപ്പം റോബൻ ദ്വീപിനെക്കുറിച്ചുള്ള വിവരണങ്ങളും.
ക്രൂസിൽ അറ്റ്ലാന്റിക്കിലൂടെ മുപ്പതു മിനിറ്റ് സഞ്ചരിച്ചാൽ ടേബ്ൾ ബേയിലുള്ള (Table bay) റോബൻദ്വീപിൽ എത്തിച്ചേരാം. 12 കിലോ മീറ്റർ വിസ്തൃതിയുള്ള ദ്വീപ് അപൂർവയിനം സസ്യങ്ങളുടെയും വംശനാശഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന പക്ഷികളുടെയും കടൽജീവികളുടെയും സങ്കേതംകൂടിയാണ്. കേപ്പിൽ മാത്രം കണ്ടുവരുന്ന താടിമീശയോടുകൂടിയ ഫർസീൽ (Furzeal), ആഫ്രിക്കൻ പെൻഗ്വിനുകൾ കൊക്കു നീണ്ട ആഫ്രിക്കൻ ബ്ലാക്ക് ഓയിസ്റ്റർ കാച്ചർ (African black oyster catcher –അഥവാ കടൽവണ്ണാത്തി), സീബേഡ്സ്, വാട്ടർബേഡ്സ് എന്നിങ്ങനെയുള്ള നൂറിലധികം പക്ഷിവർഗങ്ങളുടെ താവളം.
ആഫ്രിക്കൻ വൻകരയെ തൊടാതെ അറ്റ്ലാന്റിക്കിലൂടെ കടന്നുപോകുന്ന യാനങ്ങൾക്ക് നങ്കൂരമിടാനുള്ള ഒരിടത്താവളമായിരുന്നു ആദ്യകാലങ്ങളിൽ ഈ ദ്വീപ്. ഡച്ച് കോളനീകരണത്തിനു തുടക്കമിടുന്ന 1650കൾക്കു മുമ്പുതന്നെ അവരുടെ ശത്രുക്കളെയും അനിഷ്ടക്കാരെയും കുറ്റവാളികളെയുമെല്ലാം നാടു കടത്താനുള്ള ഒരിടമായിരുന്നു ഇവിടം. ഈസ്റ്റിൻഡീസിലെ രാജാക്കന്മാരും ഗോത്രത്തലവന്മാരും മാത്രമല്ല, ആത്മീയ നേതാക്കളെയും അവർ ഇവിടെ പൂട്ടിയിട്ടു. ബ്രിട്ടീഷുകാർ കേപ്പിൽ കോളനിവാഴ്ചക്കു തുടക്കം കുറിച്ച 1795കൾ വരെയും ഇതു തുടർന്നു. പിന്നീടുവന്നത് അവരുടെ ഊഴമായിരുന്നു.

റോബൻ ദ്വീപിലെ തടവറകളുടെ നീണ്ടനിര
ഡച്ചുകാരുടെ കാലത്ത് 1657 മേയ് മാസത്തിൽ, ചരിത്രത്തിൽ പിന്നീട് ഇടം നേടിയ ഒരു വിശിഷ്ട വ്യക്തി ഈ ദ്വീപിലെത്തി. ദ്വീപിൽ തടവുകാരിയായെത്തുന്ന ആദ്യത്തെ വനിത. ഭൂമിയിലെ ആദ്യത്തെ സ്ത്രീയുടെ പേരുതന്നെയായിരുന്നു അവർക്കും; ഈവ് –അഥവാ ഹവ്വ! മഡഗാസ്കറിൽനിന്നുള്ള അടിമ.
1800കൾ ആയപ്പോഴേക്കും മനോരോഗികൾ, കുഷ്ഠരോഗികൾ, പോഷകാഹാരക്കുറവുമൂലം രോഗികളായവർ എന്നിവരെക്കൊണ്ട് ഇവിടം നിറഞ്ഞു. റോബൻദ്വീപ് ഒരാശുപത്രിപോലായി. വർഗ-വർണ വ്യത്യാസങ്ങളുടെ കാര്യത്തിൽ അതിനകത്തും അവർ വിട്ടുവീഴ്ചയൊന്നും കാണിച്ചില്ല. അവിടെയുണ്ടായിരുന്ന രാഷ്ട്രീയത്തടവുകാരെ മുഴുവനും വൻകരയിലേക്ക് മാറ്റുകയുംചെയ്തു.
വേൾഡ് ഹെറിറ്റേജ് സൈറ്റും ദക്ഷിണാഫ്രിക്കൻ ദേശീയ മ്യൂസിയവുമൊക്കെയായി റോബൻ ദ്വീപ് രൂപാന്തരപ്പെട്ടതോടെ ടൂറിസത്തെ മുന്നിൽക്കണ്ട് ദ്വീപിനെയാകെ അവർ മാറ്റിപ്പണിതു. മനോഹരമായി രൂപകൽപന ചെയ്യപ്പെട്ട വഴിത്താരയിലൂടെ വളരെ സാവകാശം നീങ്ങുന്ന ബസിനൊപ്പം ഗൈഡായ െക്രയ്ഗിന്‍റെ (Craig) ശബ്ദം വികാരഭരിതമായി മുഴങ്ങിക്കൊണ്ടിരുന്നു. ഒരു കാലഘട്ടം അയാളുടെ മുൻതലമുറയോടു ചെയ്ത നൃശംസതകൾ മുഴുവനും തന്‍റെകൂടി അനുഭവങ്ങളാണെന്ന് നമ്മെ ഓരോരുത്തരെയും ഓർമിപ്പിക്കുംവിധം; ആരിലും അസൂയയുളവാക്കുന്ന ഭാഷാചാതുരിയോടെ...
ഇതാ, ഇതുതന്നെയാണ്, ഇക്കാണുന്നതാണ് ‘കഠിനജോലി’കൾക്ക് (Hard labour) ശിക്ഷിക്കപ്പെട്ടവരെയും രാഷ്ട്രീയത്തടവുകാരെയുംകൊണ്ട് പണിയെടുപ്പിച്ചിരുന്ന ചുണ്ണാമ്പുമട (Lime quarry). ഇവിടത്തെ ജോലിയുടെ കാഠിന്യംകൊണ്ട് മഡീബക്ക് അദ്ദേഹത്തിന്‍റെ കാഴ്ചശക്തിക്കു തന്നെ പ്രശ്നങ്ങൾ നേരിടേണ്ടിവന്നിട്ടുണ്ട്. ഒടുവിൽ അദ്ദേഹം ക്ഷയരോഗബാധിതനാവുകയുംചെയ്തു. ക്വാറിയിൽ കാണപ്പെടുന്ന തുരങ്കങ്ങളായിരുന്നു അവരുടെ കക്കൂസുകൾ. മൂന്നോ നാലോ പേർ ഉപയോഗിച്ചു കഴിയുമ്പോൾ, മറ്റുള്ളവർക്കുവേണ്ടി അതു വൃത്തിയാക്കി വെക്കേണ്ടതും ഉപയോഗിക്കുന്നവരുടെ ജോലിയായിരുന്നു.
അക്കാണുന്നതാണ് കുഷ്ഠരോഗികളുടെ ശവങ്ങൾ കുഴിച്ചുമൂടിയിരുന്ന കല്ലറകൾ. അവരുടെ പേരും മരണതീയതിയും ഓരോ കുഴിമാടങ്ങൾക്കു മുകളിലും എഴുതിെവച്ചിട്ടുണ്ട്. രോഗംകൊണ്ടു മാത്രമല്ല, തമ്മിൽത്തല്ലി മരിച്ചവരും അക്കൂട്ടത്തിലുണ്ട്. അവരുടെ അസ്ഥികളാണ് പുൽനാമ്പുകളായി അവിടെ പൂത്തുനിൽക്കുന്നത്.
ഇപ്പോൾ കാർമികൻ ശുശ്രൂഷ കഴിഞ്ഞ് ഇറങ്ങിപ്പോയതുപോലെ തോന്നിക്കുന്ന ഈ പള്ളിയുണ്ടല്ലോ; 1841ൽ നിർമിച്ച ഗാരിസൺ ആംഗ്ലിക്കൻ ചർച്ച് (Garrison anglican church), അതിനെ അടിമകൾ തച്ചുതകർക്കാതെ വിട്ടത് വിശ്വാസംമൂലമായിരുന്നില്ല. വിധിയിലുള്ള ഭയംകൊണ്ടായിരുന്നു...
ഇവിടെ അപ്പുറത്തൊരു വിളക്കുമരമുണ്ട്. കമാൻഡന്‍റിന്‍റെ വസതിയുണ്ട്. 150ഓളം താമസക്കാരുമുണ്ട്. അതൊന്നും സഞ്ചാരികളെ കാണിച്ച് അവർ ദ്വീപിലെ വിസ്മയങ്ങൾക്കു കുറവു വരുത്തുന്നില്ല.ൈഡ്രവിനിടയിൽ, കടലോരത്തെ കൽക്കെട്ടുകളുടെ ഓരംപറ്റി, തപസ്സിരിക്കുന്ന സന്യാസിനിമാരെപ്പോലെ ഏതാനും ആഫ്രിക്കൻ പെൻഗ്വിനുകൾ. ഒരിക്കലും തളരാത്ത ചിറകുകൾ വിരിച്ച് പറന്നകലാൻ ശ്രമിക്കുന്ന ദേശാടനക്കിളികൾ.
അനർഗളമായ വാഗ്ധോരണിയിൽ െക്രയ്ഗിന്‍റെ വാക്കുകൾ, അവക്ക് അനുഭവതീവ്രതയുടെ സ്വരമായിരുന്നു!
‘‘യൂ കാൻ ആസ്ക് മി എനി ക്വസ്റ്റ്യൻസ് എബൗട്ട് ദിസ് പ്ലേസ്. ഐ ആം എ ഫ്രൻഡ് ലി പേഴ്സൺ; ഈവൻ ദൊ മൈ ഫെയ്സ് ഡസ്നോട്ട് കൺവെയ്സ് ദാറ്റ്...’’
അയാൾക്കു തന്‍റെ സന്ദർശകരെ രസിപ്പിക്കാനും അറിയാം.
ബസിൽനിന്നിറങ്ങിയ ഞങ്ങളെ െക്രയ്ഗ് മറ്റൊരു ഗൈഡിനു കൈമാറി. ഇതുവരെയും ഞങ്ങൾ പരിചയപ്പെട്ടത് ദ്വീപിന്‍റെ ഭൂമിശാസ്ത്രമായിരുന്നെങ്കിൽ, ഇനി നടന്നു കാണാനുള്ള കാഴ്ചകളാണ്. അതിന്‍റെ വിശേഷങ്ങൾ പുതിയ ഗൈഡ് ഞങ്ങൾക്കു പറഞ്ഞുതരും.
സിഫോ എംസോമി (Sipho Msomi) ദ്വീപിലേക്ക് നിയോഗിക്കപ്പെട്ട വെറുമൊരു ഗൈഡ് മാത്രമായിരുന്നില്ല. റോബൻ ദ്വീപിലെ തടവറയിൽ തന്‍റെ ആയുസ്സിലെ അഞ്ചു വർഷക്കാലം (1984-89) ഹോമിക്കേണ്ടിവന്ന ഒരു രാഷ്ട്രീയ തടവുകാരൻ. അവിടത്തെ തടവറകളിലെ കണ്ണീരിന്‍റെ ശൈത്യത്തെക്കുറിച്ചു പറഞ്ഞുതരാൻ ഇതിനേക്കാൾ യോഗ്യതയുള്ള മറ്റേതൊരാൾ?
ആ തീവ്രസുരക്ഷാ ജയിലിന്‍റെ (Maximum security prison) ഓരോ മുക്കിലും മൂലയിലും അദ്ദേഹം ഞങ്ങളെ കൊണ്ടുനടന്നു. 1984ൽ തന്‍റെ 22ാമത്തെ വയസ്സിൽ ആഫ്രിക്കൻ നാഷനൽ കോൺഗ്രസിന്‍റെ സജീവപ്രവർത്തകൻ എന്ന കാരണത്താൽ വീടുവളഞ്ഞ് അറസ്റ്റുചെയ്ത് തടവിലാക്കപ്പെട്ട എംസോമിയെ കണ്ടാൽ 62കാരനാണെന്നല്ല, അയാൾക്കിപ്പോൾ എഴുപത്തിരണ്ടെങ്കിലും കഴിഞ്ഞിരിക്കും എന്നേ ഏതൊരാൾക്കും തോന്നൂ. അത്രക്കുണ്ട് അവിടത്തെ ഏകാന്ത തടവറകൾ ആ മനുഷ്യനിൽ ഏൽപിച്ച മുറിവുകൾ.
‘തടവറക്കുള്ളിലെ തടവറ’ (Prison within the prison എന്ന് മണ്ടേലയുടെ ആത്മകഥയിൽ) എന്നു വിശേഷിപ്പിക്കപ്പെട്ട ആ ഇരുണ്ടലോകം കെട്ടിപ്പൊക്കിയത് അതിനുള്ളിലെ തടവുകാർതന്നെയായിരുന്നു. അവർ കെട്ടിടങ്ങൾ പണിയുകയും റോഡുകൾ നിർമിക്കുകയും നൂറുകണക്കായ സഹതടവുകാർക്കുവേണ്ടി ഭക്ഷണം പാകംചെയ്യുകയുംചെയ്തു. പാറമടയിലും ചുണ്ണാമ്പു ക്വാറിയിലും അവർ പണിയെടുത്തു. അവർക്കു സദാ കാവലിനായി തോക്കേന്തിയ പൊലീസിനൊപ്പം ജർമൻ ഷെപ്പേർഡ് നായ്ക്കളും കൂട്ടുനിന്നു. തടവുകാരിൽ ഭൂരിഭാഗവും എഴുത്തും വായനയുമറിയാത്തവരായിരുന്നു.
നിരനിരയായി കെട്ടിയുണ്ടാക്കിയ ലേബർ ക്യാമ്പിലെ തടവറകൾക്ക് ജനാലകൾ പോയിട്ട് വെന്റിലേറ്ററുകൾപോലും ഉണ്ടായിരുന്നില്ല. ഇരുമ്പഴികൾകൊണ്ടു നിർമിച്ച വാതിലിന് രണ്ടാമതൊരു കതകുകൂടി ഉണ്ടായിരുന്നു.
പൂട്ടിയിട്ട ഇരുമ്പഴികൾക്ക് ഒരു മുഖാവരണംപോലെ. രാത്രികാലങ്ങളിൽ രണ്ടാമത്തെ കതകും അടക്കുന്നതോടെ തടവുകാരന്‍റെ ലോകം പൂർണമായും ഇരുട്ടിന്‍റേതു മാത്രമായി. ക്രിമിനലുകളെ പാർപ്പിച്ചിരുന്ന തടവുമുറികളും വിഭിന്നമായിരുന്നില്ല.
ഏതു കഠിനകാലത്തെയും താളാത്മകമായ ഭാവഹാവങ്ങളോടെ നേരിടാൻ ശീലിച്ച കറുത്ത വർഗക്കാരന്‍റെ എല്ലാ വികാരവായ്പോടുംകൂടിയാണ് എംസോമി സംസാരിച്ചത്. ചില ഓർമകളിൽ അയാൾ ചാട്ടയടിയേറ്റു പുളയുകയും കരയുകയുംചെയ്തു. മറ്റു ചിലപ്പോൾ ബോണ്ട് സിനിമകളിലെന്നപോലെ അയാളുടെ വായിൽനിന്നും വെടിയുണ്ടകൾ തെറിച്ചു. ചിലപ്പോൾ മൈക് ടൈസനെപ്പോലെ മുഷ്ടികൾ ചുരുട്ടി ശൂന്യതയിൽ അയാൾ പഞ്ച് ചെയ്തു.
‘‘പബ്ലിക് എനിമി നമ്പർ -1 എന്നു മുദ്രകുത്തിയ 466/64ാം നമ്പർ തടവുകാരനെ നീണ്ട കാൽനൂറ്റാണ്ടു കാലം അവർ തടവിലിട്ടിരുന്ന മുറിയാണിത്!’’
പ്രിയപ്പെട്ട ‘റ്റാറ്റാ’യുടെ (നമ്മുടെ ഇമ്മിണി വല്യ ബഷീറിനെ അദ്ദേഹത്തിന്‍റെ മക്കൾ വിളിച്ചിരുന്നതുപോലെ മണ്ടേലയുമായി ഏറ്റവും അടുപ്പമുള്ളവർ അദ്ദേഹത്തെ ഇപ്രകാരമാണ് സംബോധന ചെയ്യാറുണ്ടായിരുന്നത്) തടവറയുടെ മുന്നിൽ നിൽക്കുമ്പോൾ നമുക്കും വികാരാധീനരാകാതെ വയ്യ. രാഷ്ട്രീയ തടവുകാരെ പാർപ്പിച്ചിരുന്ന നീണ്ട ജയിലറയുടെ നിരയിലെ നാലാമത്തെ മുറി. ഒരു സ്റ്റൂൾ. അതിൽ ഭക്ഷണം കഴിക്കാനുള്ള പാത്രങ്ങൾ. മൂലയിൽ അടപ്പോടുകൂടിയ ഒരു ബക്കറ്റ്. അതായിരുന്നു അദ്ദേഹത്തിന്‍റെ ടോയ്ലറ്റ്. ഒരുഭാഗത്ത് കിടക്കാൻ ഉപയോഗിച്ചിരുന്ന കുട്ടിച്ചാക്ക് മടക്കിെവച്ചിരിക്കുന്നു. ഹാർഡ് ലേബറിനു വിധിക്കപ്പെട്ടവരുടെ മുറിയേക്കാൾ ഭേദമാണെന്നു വേണമെങ്കിൽ പറയാം. തീരെ ചെറിയ മുറിയാണെങ്കിലും നിന്നുതിരിയാനുള്ള സൗകര്യമൊക്കെയുണ്ട്. കോൺസ്റ്റിറ്റ്യൂഷൻ ഹില്ലിലെ കക്കൂസ് മുറിപോലുള്ള പ്രിസൺ നമ്പർ 4 പോലെയല്ല! പണ്ട് മഹാത്മജി കിടന്നിട്ടുള്ള ആ തടവുമുറി.

നെൽസൺ മണ്ടേലയെ പാർപ്പിച്ച തടവറ,റോബൻ ദ്വീപിലേക്കുള്ള ക്രൂസ്
ജയിലറയെക്കുറിച്ച് മണ്ടേല തന്‍റെ ആത്മകഥയിൽ വിവരിച്ചിരിക്കുന്ന ഭാഗങ്ങളാണ് ഞാനന്നേരം ഓർത്തത്. തിരക്കിട്ടു നിർമിച്ചവയായിരുന്നു ആ ജയിൽമുറികൾ. അതിന്‍റെ പച്ചപ്പും തണുപ്പും വിട്ടുമാറിയിരുന്നില്ല. തറയും ചുവരുമൊന്നും ഉണങ്ങിയിട്ടില്ല. അതിനെക്കുറിച്ച് പരാതിപ്പെട്ടപ്പോൾ ‘‘നിങ്ങളുടെ ശരീരത്തിന്‍റെ ചൂടുകൊണ്ട് അത് ഉണങ്ങിക്കൊള്ളും’’ എന്നായിരുന്നു കമാൻഡിങ് ഓഫിസറുടെ മറുപടി.
പ്രിട്ടോറിയ ആസ്ഥാനമായ കോടതിയുടെ ‘റിവോണിയ ട്രയലി’ന്‍റെ (Rivonia Trial) അന്തിമവിധിയെ തുടർന്നാണ് ജീവപര്യന്തം തടവുശിക്ഷക്ക് വിധിക്കപ്പെട്ട് മണ്ടേലയും സഖാക്കളും റോബൻ ദ്വീപിലെത്തുന്നത്. ഭരണകൂടത്തിന്‍റെ താൽപര്യങ്ങൾക്കെതിരെ, അപ്പാർതൈറ്റിനെ ഇല്ലായ്മചെയ്യുക എന്ന ലക്ഷ്യവുമായി സായുധവിപ്ലവത്തിലൂടെ സർക്കാറിനെ അട്ടിമറിക്കാൻ യുവാക്കളെ സംഘടിപ്പിക്കുകയും പരിശീലനം നൽകുകയും ചെയ്തു എന്നാരോപിച്ചാണ് ലില്ലീസ് ലീഫ് (Lillys Leaf) എന്ന അധോലോക താവളത്തിൽനിന്നും കലാപകാരികളെ അറസ്റ്റ് ചെയ്യുന്നത്.
1994 മേയ് 10ന് നെൽസൺ റോഹിലാല മണ്ടേല ദക്ഷിണാഫ്രിക്കയുടെ ചരിത്രത്തിലെ ആദ്യത്തെ കറുത്തവർഗക്കാരനായ പ്രസിഡന്‍റായി. രണ്ടു വർഷം കഴിഞ്ഞ് 1996ൽ റോബൻ ദ്വീപിലെ തടവറകൾ എന്നേക്കുമായി അടച്ചുപൂട്ടപ്പെട്ടു. 97 മുതൽ അതൊരു ദേശീയ സ്മാരകവും മ്യൂസിയവുമായി. ’99ൽ യുനെസ്കോയുടെ ലോകപൈതൃകങ്ങളുടെ പട്ടികയിൽ ഇടംനേടുകയുംചെയ്തു.
എല്ലാം കണ്ടും കേട്ടും മടങ്ങുമ്പോൾ ഒരു സമയം മാത്രം ബാക്കിനിൽക്കുന്നു. ഏതു ടൂറിസത്തിന്‍റെ പേരു പറഞ്ഞിട്ടാണെങ്കിലും ആ സ്മാരകങ്ങളെ പെയിന്‍റടിച്ചും മോടികൂട്ടിയുമായിരുന്നില്ല പുതുകാലത്തിനു മുന്നിൽ അവർ അവതരിപ്പിക്കേണ്ടിയിരുന്നത്. ആ പ്രവൃത്തികൾ അതിന്‍റെ തീവ്രതയെയും അവിടെ മനുഷ്യർ അനുഭവിച്ച നരകയാതനകളെയും ലഘൂകരിച്ചുകളയുന്നു. അവർക്കും വേണമെങ്കിൽ കോൺസ്റ്റിറ്റ്യൂഷൻ ഹില്ലിലെ തടവറകളെയെങ്കിലും മാതൃകയാക്കാമായിരുന്നു. അതു കണ്ടിറങ്ങുന്ന ഏതൊരു മനുഷ്യന്‍റെയും ഹൃദയത്തിലുണ്ടാകും അതിനുള്ളിൽ നരകിച്ച മനുഷ്യകീടങ്ങളുടെ ആർത്ത നാദങ്ങൾ!
തിരിച്ച് വിക്ടോറിയ വാർഫിൽ ക്രൂസിൽ വന്നിറങ്ങുമ്പോൾ ഒരിക്കൽക്കൂടി ഞാൻ തിരിഞ്ഞുനോക്കി. ഒന്നും കാണാനില്ല. ക്ഷുഭിതമായ കടൽ മാത്രം. പെട്ടെന്നാണ് ക്രൂസിന്‍റെ അണിയത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന പേര് എന്‍റെ ശ്രദ്ധയിൽപ്പെടുന്നത്.
േക്രാട്ടോവ (Krotoa).
‘‘റോബൻ ദ്വീപിലേക്ക് നാടുകടത്തപ്പെട്ട ആദ്യത്തെ തടവുകാരിയാണവർ.’’
മകൻ പറഞ്ഞു.
‘‘അപ്പോൾ ഈവയോ?’’
‘‘അത് അവരെ മതപരിവർത്തനം ചെയ്തവർ നൽകിയ പേരായിരിക്കണം.’’
എന്തായാലും േക്രാട്ടോവയെന്ന മഡഗാസ്കർകാരിയായ ഈവക്കും ഉചിതമായൊരു സ്മാരകം! കടൽ കടന്നെത്തിയ തടവുകാരിയുടെ നാമം, റോബൻ ദ്വീപിലെ തടവറയിലേക്ക് പോകാൻ കടൽ കടക്കുന്ന ക്രൂസിനും!

