ലില്ലീസ് ലീഫ്

21 ഒരു നൂറ്റാണ്ടിന്‍റെ പാതികാലത്തിനുള്ളിൽ ദക്ഷിണാഫ്രിക്കയെന്ന മഹാരാജ്യത്തിന്‍റെ അതിരുകൾ കടന്നും ഒരു മഹാവൃക്ഷംപോലെ നെൽസൺ മണ്ടേലയെന്ന വിശ്വപുരുഷൻ വേരുകളാഴ്ത്തിക്കഴിഞ്ഞു, ലോകമെമ്പാടുമുള്ള കറുത്തവർഗക്കാരുടെയെല്ലാം ആദർശപുരുഷനായി. അതിനാൽതന്നെ അദ്ദേഹവുമായി ബന്ധപ്പെട്ട ഓരോ ഇടങ്ങളും അത്രമേൽ സൂക്ഷ്മമായ അവധാനതയോടും ചരിത്രയാഥാർഥ്യങ്ങളുമായി ഇഴചേർന്നുപോകുംവിധവുമാണ് അവർ വീണ്ടെടുക്കുകയോ പുനഃസൃഷ്ടിക്കുകയോ ചെയ്തിരിക്കുന്നതെന്നു കാണാം. കോൺസ്റ്റിറ്റ്യൂഷൻ ഹില്ലിലെ മ്യൂസിയത്തിലായാലും കാപ്ചർ സൈറ്റിലായാലും മണ്ടേലാ ഹൗസിലായാലുമെല്ലാം ഒരാൾ സാക്ഷ്യംവഹിക്കാൻ...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
21
ഒരു നൂറ്റാണ്ടിന്‍റെ പാതികാലത്തിനുള്ളിൽ ദക്ഷിണാഫ്രിക്കയെന്ന മഹാരാജ്യത്തിന്‍റെ അതിരുകൾ കടന്നും ഒരു മഹാവൃക്ഷംപോലെ നെൽസൺ മണ്ടേലയെന്ന വിശ്വപുരുഷൻ വേരുകളാഴ്ത്തിക്കഴിഞ്ഞു, ലോകമെമ്പാടുമുള്ള കറുത്തവർഗക്കാരുടെയെല്ലാം ആദർശപുരുഷനായി. അതിനാൽതന്നെ അദ്ദേഹവുമായി ബന്ധപ്പെട്ട ഓരോ ഇടങ്ങളും അത്രമേൽ സൂക്ഷ്മമായ അവധാനതയോടും ചരിത്രയാഥാർഥ്യങ്ങളുമായി ഇഴചേർന്നുപോകുംവിധവുമാണ് അവർ വീണ്ടെടുക്കുകയോ പുനഃസൃഷ്ടിക്കുകയോ ചെയ്തിരിക്കുന്നതെന്നു കാണാം. കോൺസ്റ്റിറ്റ്യൂഷൻ ഹില്ലിലെ മ്യൂസിയത്തിലായാലും കാപ്ചർ സൈറ്റിലായാലും മണ്ടേലാ ഹൗസിലായാലുമെല്ലാം ഒരാൾ സാക്ഷ്യംവഹിക്കാൻ പോകുന്ന ചരിത്രസ്മരണകളിലേക്കുള്ള പ്രവേശകങ്ങൾ എന്ന നിലയിൽ അവ അഭിനന്ദനീയമായ ശ്രമങ്ങൾതന്നെയാണ്.
ദക്ഷിണാഫ്രിക്കയെ അതിന്‍റെ ജനാധിപത്യ പ്രക്രിയയിലേക്കു നയിച്ച സംഭവപരമ്പരകളിലെ സുപ്രധാനമായൊരു നാഴികക്കല്ലാണ് സാന്‍റണിലെ ജോർജ് അവന്യൂവിലുള്ള ലില്ലീസ് ലീഫ് എന്ന ചരിത്രസ്മാരകം. ഒരു കുരിശുമരണത്തിനൊടുവിലെ മഹത്വമാർന്ന ഉയിർത്തെഴുന്നേൽപിനു മുന്നോടിയായ പീഡാനുഭവങ്ങൾപോലെ 1960 മാർച്ച് 21നുണ്ടായ ഷാർപ് വില്ലെയിലെ (Sharpeville) കൂട്ടക്കൊല ഒരു തുടക്കമായിരുന്നു. സന്ദർശകർക്കായി ചെറിയ ഓഡിറ്റോറിയത്തിലെ വലിയ സ്ക്രീനിൽ നിറയുന്ന ആ കൂട്ടുക്കുരുതിയുടെ ദൃശ്യങ്ങളിൽനിന്നും സംഭരിക്കുന്ന വികാരമാണ് ലില്ലീസ് ലീഫ് പകരുന്ന ഊർജം.
ഒരു കറുത്ത വർഗക്കാരന് പുറത്തെവിടെയും സഞ്ചരിക്കാനും പണിയെടുക്കാനും വെളുത്തവൻ നിർബന്ധമാക്കിയ ‘പാസി’നെതിരായ പ്രക്ഷോഭമായിട്ടായിരുന്നു സംഭവങ്ങളുടെ തുടക്കം, (മഹാത്മജി ദക്ഷിണാഫ്രിക്കയിൽ ഉണ്ടായിരുന്ന കാലത്തും ഈ നിയമം (Pass Law) പ്രാബല്യത്തിലുണ്ടായിരുന്നു. അതിനെതിരെ പ്രക്ഷോഭം സംഘടിപ്പിച്ചതിനും പാസ് കൈവശം സൂക്ഷിക്കാതിരുന്നതിന്‍റെയും പരസ്യമായി അത് അഗ്നിക്കിരയാക്കിയതിന്‍റെയും പേരിൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് തടവിലാക്കുകയുമുണ്ടായി, അക്കാലത്ത്). അതിനു മുന്നോടിയായി എസ്.എ.സി.പി.ഒയുടെ (SACPO –South African Coloured People's Organisation) നേതാവായ റോബർട്ട് സൊബുക്വെ (Robert Sobukwe) 1961 മാർച്ച് 21ന് അറസ്റ്റിനു വിധേയമാവുക എന്ന ലക്ഷ്യത്തോടെ കൈവശം ‘പാസ്’ കരുതാതെ ഒർലാൻഡോ പൊലീസ് സ്റ്റേഷനിലേക്ക് കയറിച്ചെന്നു. കാത്തിരുന്ന പൊലീസ് അദ്ദേഹത്തെ അറസ്റ്റുചെയ്തു.
‘‘ജാമ്യം വേണ്ട, കേസ് നടത്തില്ല, ഫൈനടക്കില്ല’’ എന്ന മുദ്രാവാക്യമുയർത്തിയ സൊബുക്വെയെ കോടതിയും വെറുതെ വിട്ടില്ല. കൂടിപ്പോയാൽ ഏതാനും ആഴ്ചകൾ നീണ്ടേക്കാവുന്ന ശിക്ഷ പ്രതീക്ഷിച്ച അയാൾക്ക് മൂന്നു വർഷത്തെ ശിക്ഷയാണ് കോടതി വിധിച്ചത്.
മാർച്ച് 21ന്‍റെ പ്രക്ഷോഭത്തിനായുള്ള ആഹ്വാനങ്ങൾക്ക് ജൊഹാനസ്ബർഗിലും പോർട്ട് എലിസബത്തിലുമൊന്നും കാര്യമായ പ്രതികരണമുണ്ടാക്കാൻ കഴിഞ്ഞില്ല. എങ്കിലും, കേപ്ടൗണിലും ഇവാറ്റണിലുമെല്ലാം നൂറുകണക്കിനു പ്രക്ഷോഭകാരികളാണ് പാസുകൾ വലിച്ചെറിഞ്ഞുകൊണ്ട് അറസ്റ്റുവരിക്കാൻ തയാറായി മുന്നോട്ടുവന്നത്. അതിനിടയിൽ രണ്ടുപേർ കൊല്ലപ്പെടുകയും ചെയ്തു. എന്നാൽ, ജൊഹാനസ്ബർഗിൽനിന്നും 55 കിലോമീറ്റർ തെക്കുമാറിയുള്ള ഷാർപ് വില്ലെയെന്ന ചെറുപട്ടണത്തിൽ പതിനായിരക്കണക്കിനു കറുത്ത മനുഷ്യരാണ് പൊലീസ് സ്റ്റേഷനു മുന്നിൽ തടിച്ചുകൂടിയത്. അങ്ങേയറ്റത്തെ നിയന്ത്രണം പാലിച്ച അവർ നിരായുധരുമായിരുന്നു. ആൾക്കൂട്ടം കണ്ടു ഭയന്നുപോയ പൊലീസ് ഒരു മുന്നറിയിപ്പും കൂടാതെ വെടിയുതിർക്കാൻ തുടങ്ങി. ഭയന്നുപോയ ജനക്കൂട്ടം ചിതറിയോടി. എല്ലാം കഴിഞ്ഞപ്പോൾ, പിന്തിരിഞ്ഞ് ഓടുന്നതിനിടയിൽ പിൻഭാഗത്തു വെടിയേറ്റു മരിച്ചുവീണവരുടെ 69 മൃതശരീരങ്ങൾ അവിടെ അവശേഷിച്ചു. സ്ത്രീകളും കുട്ടികളുമുൾെപ്പടെ നാനൂറോളം പേർക്ക് പരിക്കേൽക്കുകയുംചെയ്തു.

1960ൽ ഷാർപ് വില്ലെയിലെ കൂട്ടക്കൊലയിൽ രക്തസാക്ഷികളായവർക്കുള്ള സ്മാരകം
അപാർതൈറ്റ് ഭരണകൂടം ദക്ഷിണാഫ്രിക്കയുടെ യഥാർഥ അവകാശികളായ കറുത്ത മനുഷ്യരെ കൂട്ടക്കുരുതിക്ക് ഇരയാക്കിയതിന്‍റെ വാർത്തകളുമായിട്ടാണ് പിറ്റേന്നു രാവിലെ ലോകമെങ്ങുമുള്ള പത്രങ്ങൾ പുറത്തിറങ്ങിയത്. വെള്ളക്കാരന്‍റെ മൃഗീയഭരണത്തിനെതിരായ ശക്തമായ വികാരം ലോകമാസകലം അതോടെ പ്രകടമായി. അതുവരെയും ദക്ഷിണാഫ്രിക്കയുടെ നേർക്ക് കണ്ണടച്ചിരുന്ന അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്മെന്‍റും യു.എൻ സെക്യൂരിറ്റി കൗൺസിലുമെല്ലാം പ്രതിഷേധവുമായി രംഗത്തുവന്നു. ഒരൊറ്റ ദിവസംകൊണ്ട് റോബർട്ട് സൊബുക്വെ എന്ന മനുഷ്യൻ വിമോചനത്തിനായുള്ള പോരാട്ടത്തിന്‍റെ മഹാപ്രതീകമെന്ന നിലയിലേക്ക് ഉയർത്തപ്പെട്ടു. നെൽസൺ മണ്ടേലയുടെ നേതൃത്വത്തിലുള്ള ഒരു ചെറുസംഘം നിതാന്തജാഗ്രതയോടെ അടുത്ത ഘട്ട പ്രവർത്തനങ്ങൾക്കുള്ള തയാറെടുപ്പുകൾ തുടങ്ങിക്കഴിഞ്ഞിരുന്നു. ഷാർപ് വില്ലെയിലെ കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് മാർച്ച് 28ന് ദേശവ്യാപക ദുഃഖാചരണദിനമായി പ്രഖ്യാപിക്കപ്പെട്ടു. ജനക്കൂട്ടം പ്രതിഷേധവുമായി തെരുവുകളിലേക്കിറങ്ങി. കേപ്ടൗണിൽ മാത്രം അമ്പതിനായിരത്തോളം പ്രക്ഷോഭകർ ഒത്തുകൂടി. ഒാർലാൻഡോയിൽ ആയിരങ്ങളെ സാക്ഷിയാക്കിക്കൊണ്ട് മണ്ടേലയും സുഹൃത്തുക്കളും അവരുടെ ‘പാസു’കൾ തീയിലെറിഞ്ഞു. ഭരണകൂടം രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു...
സ്ക്രീനിൽ ബ്ലാക്ക് ആൻഡ് വൈറ്റ് ദൃശ്യങ്ങൾ മാഞ്ഞു. അതിന്‍റെ പശ്ചാത്തലമായി ആദ്യവസാനം ഉയർന്നുകേട്ട നെൽസൺ മണ്ടേലയുടെ ശബ്ദം എട്ട് ട്രാക്കുകളുള്ള ഡോൾബി സിസ്റ്റത്തിൽനിന്നുമെന്നോണം എനിക്കു ചുറ്റിലും പ്രതിധ്വനിച്ചുകൊണ്ടിരുന്നു. ഈ സാഹചര്യത്തിലാണ് ലില്ലീസ് ലീഫ് എന്ന പടുംമുള തളിരെടുക്കുന്നത്. മഹാത്മാ ഗാന്ധിയും മാർട്ടിൻ ലൂഥർ കിങ്ങുമെല്ലാം വിജയകരമായി പരീക്ഷിച്ച അക്രമരഹിത സമരമാർഗങ്ങൾ വിജയിക്കാതെ വരുന്ന സാഹചര്യത്തിൽ സായുധസമര മുറകൾ തെറ്റില്ലേ എന്ന വിചാരത്തിൽനിന്നും ആഫ്രിക്കൻ നാഷനൽ കോൺഗ്രസിന്‍റെ അർധ സൈനികവിഭാഗമായി മണ്ടേലയുടെ നേതൃത്വത്തിൽ 1961 ഡിസംബർ 16ന് ‘രാഷ്ട്രത്തിന്‍റെ കുന്തം’ (Spear of the nation) എന്നർഥം വരുന്ന ‘ഉംഖോണ്ടോ വിസീസ്വെ (Umkhonto We Zizwe) സ്ഥാപിതമാകുന്നത് അങ്ങനെയാണ്. കുന്തവും നീളൻ പരിചയുമേന്തി മുന്നോട്ടു കുതിക്കുന്ന കറുത്ത പോരാളിയുടെ രൂപമായിരുന്നു അതിന്‍റെ അടയാളം. സ്വതന്ത്ര ജനാധിപത്യ ദക്ഷിണാഫ്രിക്കയെന്ന ലക്ഷ്യവുമായി ‘ഉംഖോണ്ടോ’ രൂപവത്കൃതമാകുമ്പോൾ ഗറില യുദ്ധതന്ത്രങ്ങളിലൂടെ ഭരണകൂടത്തിനെതിരെ പോരാടുക എന്നതായിരുന്നു അവരുടെ ആത്യന്തിക ലക്ഷ്യം. ‘മാർക്സിസ്റ്റ്-ലെനിനിസ്റ്റ്-കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രങ്ങളിൽ അധിഷ്ഠിതമായ, ഇടതുപക്ഷ ദേശീയതയിലൂന്നിയ, പാൻ ആഫ്രിക്കനിസം മുദ്രാവാക്യമായ വർണവിവേചന വിരുദ്ധ തീവ്രവാദ സംഘടന’ എന്നു വേണമെങ്കിൽ ‘ഉംഖോണ്ടോ’യെ നിർവചിക്കാം.
ആഫ്രിക്കൻ നാഷനൽ കോൺഗ്രസ് (ANC), സൗത്ത് ആഫ്രിക്കൻ കളേഡ് പീപ്ൾസ് ഓർഗനൈസേഷൻ (SACPO), കോൺഗ്രസ് അലയൻസ്, ഉംഖോണ്ടോ വിസീസ്വെ എന്നിവയുടെ പ്രവർത്തനങ്ങൾക്ക് വളരെ രഹസ്യമായി ഒത്തുചേരാനും പദ്ധതികൾ ആസൂത്രണംചെയ്യാനുമുള്ള ഒരധോലോക താവളം എന്ന നിലക്കാണ് അവർ ലില്ലീസ് ലീഫ് ഫാം വാങ്ങുന്നത്. 1961 മുതൽ 1963 വരെ അവരുടെ എല്ലാവിധ പ്രവർത്തനങ്ങളുടെയും രഹസ്യസങ്കേതമായിരുന്നു അവിടം. ലില്ലീസ് ലീഫ് എന്ന പേരുപോലെ തന്നെ അർഥപൂർണവും മനോഹരവുമാണ് അതിന്‍റെ പരിസരങ്ങൾ. ചുറ്റുപാടും നിറഞ്ഞുനിൽക്കുന്ന വൻമരങ്ങൾ സൃഷ്ടിക്കുന്ന നിറഞ്ഞ പച്ചപ്പ്. വഴിത്താരയുടെ ഇരുവശത്തും കറുകപ്പുല്ലുകൾ ഹരിതകമ്പളം വിരിച്ചുകിടക്കുന്നു. ഒരു മ്യൂസിയത്തിനുവേണ്ടിയുണ്ടാക്കിയ ആധുനിക നിർമിതികളൊഴിച്ചാൽ മറ്റുള്ളവയെല്ലാം 1960 കാലങ്ങളെ ഓർമയിൽ കൊണ്ടുവരുന്നവയാണ്. പുല്ലുമേഞ്ഞ, പരമ്പരാഗത രീതിയിലുള്ള ‘ക്രാളു’കൾ. അടുക്കളയും അച്ചടിശാലയും ഓഫിസും ഒത്തുചേരാനുള്ള ഇടവുമെല്ലാം മോടിപിടിപ്പിച്ചിട്ടുണ്ടെങ്കിലും അവയുടെ രൂപഘടനകൾക്ക് കാതലായ വ്യത്യാസമൊന്നും വരുത്തിയിട്ടില്ല. എല്ലായിടത്തും നമുക്കു കാര്യങ്ങൾ പറഞ്ഞുതരാൻ ഓഡിയോ വിഷ്വൽ സംവിധാനങ്ങളും.
എം.കെ എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ടിരുന്ന ഉംഖോണ്ടോ വിഡീസ്വെയുടെ ഹൈകമാൻഡ് യോഗം ചേർന്നുകൊണ്ടിരുന്ന 1963 ജൂലൈ 11ന്, ലോൺഡ്രി വാനിൽ ഒരു സംഘം പൊലീസുകാർ അവിടേക്ക് ഇരച്ചുകയറി. അന്നേരം അവിടെയുണ്ടായിരുന്ന പതിനഞ്ചോളം പേരെ, ഭരണകൂടത്തിനെതിരായ ഗൂഢാലോചന, അട്ടിമറി ശ്രമം എന്നീ കുറ്റങ്ങൾ ആരോപിച്ച് അറസ്റ്റ്ചെയ്തു. കിട്ടിയതൊക്കെ അവർ വാരിക്കെട്ടി. പറമ്പിന്‍റെ മുക്കും മൂലയും വരെ അവർ ഇളക്കിമറിച്ചു. ‘ഭാഗ്യക്കുറിയടിച്ചു’ (Hit the jackpot) എന്നാണ് പൊലീസുകാർ ആ റെയ്ഡിനെ വിശേഷിപ്പിച്ചത്. അത്തരം ഒരു രഹസ്യസങ്കേതം പൊലീസിന് ഒറ്റിക്കൊടുത്തത് ആരെന്നതിനെക്കുറിച്ച് ഒരുപാട് അഭ്യൂഹങ്ങളുയർന്നു. പ്രസ്ഥാനത്തിനകത്തുള്ള ആരെങ്കിലുമാണോ? അതോ പുറമെ നിന്നുള്ളവരോ? ലില്ലീസ് ലീഫിന്‍റെ പരിസരവാസികളിൽ ആരെങ്കിലുമോ? അതുമല്ലെങ്കിൽ ഏതെങ്കിലും ചാരപ്രവർത്തനത്തിന്‍റെ ഫലമോ?

സ്റ്റെലൻ ബോഷ് യൂനിവേഴ്സിറ്റി -ഒരു ദൃശ്യം
അറസ്റ്റും റെയ്ഡും നടക്കുമ്പോഴൊന്നും വെള്ളക്കാരന്‍റെ ഒന്നാം നമ്പർ ശത്രുവായ നെൽസൺ മണ്ടേല ലില്ലീസ് ലീഫിൽ ഉണ്ടായിരുന്നില്ല. അനധികൃതമായി ദക്ഷിണാഫ്രിക്ക വിട്ടുപോയിരുന്ന മണ്ടേലയെ ബൊട്സ്വാനയിലൂടെ തിരിച്ചുവരും വഴി കൃത്രിമമായി സൃഷ്ടിക്കപ്പെട്ടൊരു റോഡ് ബ്ലോക്കിൽ കുടുക്കി ഹൗവിക്കിൽെവച്ച് അറസ്റ്റുചെയ്യുകയും, ആ കുറ്റത്തിന് അഞ്ചു വർഷത്തേക്കു ശിക്ഷിക്കപ്പെട്ട് പ്രിട്ടോറിയയിലെ ജയിലിൽ തടവുകാരനായി (No. 19496/62) ശിക്ഷയനുഭവിക്കുകയും ചെയ്യവെയാണ് പൊലീസ് അദ്ദേഹത്തെ ഈ കേസിന്‍റെ പ്രതിപ്പട്ടികയിൽ ഒന്നാമനായി ചേർക്കുന്നത്! തുടർന്നാണ് ദക്ഷിണാഫ്രിക്കയുടെ അന്നേവരെയുള്ള ചരിത്രം മാറ്റിയെഴുതുന്നതിനു കാരണമായിത്തീർന്ന, ഒമ്പതുമാസക്കാലം നീണ്ടുനിന്ന റിവോണിയ ട്രയൽ (Rivonia Trial) സംഭവിക്കുന്നതും.
അറസ്റ്റ്ചെയ്യപ്പെട്ട പതിനഞ്ചു പേരിൽ നാലുപേർ രക്ഷപ്പെട്ടു. അഞ്ചാമതൊരാൾ രാജ്യം വിടുകയുംചെയ്തു. അവശേഷിച്ച പത്തു പേർ വിചാരണക്ക് വിധേയരായതിൽ രണ്ടുപേരെ കുറ്റമുക്തരാക്കി. എട്ടുപേർ കുറ്റക്കാരെന്ന് കോടതി കണ്ടെത്തുകയുംചെയ്തു. അവർക്കു വധശിക്ഷ നൽകണമെന്നായിരുന്നു േപ്രാസിക്യൂഷന്‍റെ വാദമെങ്കിലും അതിൽ ഏഴുപേർക്ക് ജീവപര്യന്തം തടവുശിക്ഷയാണ് 1964 ജൂൺ 12ന് കോടതി വിധിച്ചത്; ഒപ്പം റോബൻ ദ്വീപിലേക്കുള്ള നാടുകടത്തലും. എട്ടാമൻ വെള്ളക്കാരനായിരുന്നതിനാൽ അയാളെ ദ്വീപിലേക്ക് അയച്ചില്ല. പകരം പ്രിട്ടോറിയയിലെ, വെളുത്തവർക്കായുള്ള സെൻട്രൽ പ്രിസണിലേക്ക് വിട്ടു. നെൽസൺ മണ്ടേലയും വാൾട്ടർ സിസിലുവും ഗോവൻ എംബെക്കിയും അഹമ്മദ് കത്രിദയെയുംപോലുള്ള ഇതിഹാസ പുരുഷന്മാരുടെ ജയിലറകൾക്കുള്ളിലെ സഹനവും, പുറത്ത് വിന്നി മണ്ടേലയെയും ആർബർട്ടീനാ സിസിലുവിനെയുംപോലുള്ള ധീരവനിതകളുടെ പോരാട്ടവുമാണ് വർണവിവേചനത്തിന്‍റെ ഇരുണ്ട കാലത്തുനിന്നും സ്വാതന്ത്ര്യത്തിന്‍റെ പുതുവെളിച്ചത്തിലേക്ക് ഒരു ജനതയുടെ ജീവിതത്തെ വഴിതിരിച്ചുവിട്ടത്.
1964 ജൂൺ 12 മുതൽ 1990 ഫെബ്രുവരി 11 വരെ നീണ്ടുനിന്ന കാരാഗൃഹവാസത്തിന്‍റെ 26 വർഷങ്ങൾക്കൊടുവിൽ വിന്നി മണ്ടേലയുടെ കരം ചേർത്തുപിടിച്ചുകൊണ്ട് സ്വാതന്ത്ര്യത്തിന്‍റെ ഉദയപ്രഭയിലേക്കിറങ്ങിവരുന്ന നെൽസൺ മണ്ടേലയുടെ ചിത്രം മറന്നുകളയാൻ നമുക്കിനിയും നേരമായിട്ടില്ല. എല്ലാ വിഭാഗം ജനങ്ങൾക്കും ഭാഗഭാഗിത്വമുള്ള, 1994ൽ നടന്ന പൊതു തെരഞ്ഞെടുപ്പിൽ ആഫ്രിക്കൻ നാഷനൽ കോൺഗ്രസിന്‍റെ നേതൃത്വത്തിലുള്ള അപാർതൈറ്റ് വിരുദ്ധമുന്നണി മണ്ടേലയുടെ നേതൃത്വത്തിൽ അധികാരത്തിൽ വന്നു. ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്‍റാകുന്ന ആദ്യത്തെ കറുത്തവർഗക്കാരൻ? ദക്ഷിണാഫ്രിക്കയിലെ എന്‍റെ ഒടുവിലത്തെ രാത്രിയാണിത്. തണുത്തു വിറച്ചും കാൽവെള്ള നൊന്തും നടന്നുതീർത്ത മൂന്നാഴ്ചകൾ. ഈ രാത്രിയൊടുങ്ങും മുമ്പ് കണ്ടുതീർക്കേണ്ടവയുടെ പട്ടികയിൽ മറ്റൊന്നുകൂടി മകൻ കരുതിെവച്ചിട്ടുണ്ട് –മോണ്ടെ കാസിനോ (Monte Casino).
ഫോർവെയ്സിനെ (Fourways) വലംെവച്ചുള്ള യാത്രകളിൽ പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്, മഞ്ഞും മഴയും വെയിലുമേറ്റ് നിറംമങ്ങി പാണ്ടുകൾ പിടിച്ച വലിയൊരു കോട്ടപോലെ പുറമെനിന്നു നോക്കുന്നവർക്കു തോന്നുംമട്ടിലുള്ള ‘മോണ്ടെ കാസിനോ’, പ്രസിദ്ധമായൊരു ചൂതാട്ടകേന്ദ്രമാണതെന്നും കേട്ടിരുന്നു. അന്നുമുതലല്ല, മഹാശയനായ ഫയദോർ ദസ്തയേവ്സ്കിയുടെ ‘ദി ഗാംബ്ലർ’ എന്ന നോവലിലെ പതിനാലാം അധ്യായം വായിച്ചതിനുശേഷമുണ്ടായ കൗതുകമാണ് എന്നെങ്കിലുമൊരിക്കൽ ഒരു ചൂതാട്ട കേന്ദ്രത്തിൽ പോകണമെന്ന മോഹം. പണം വാരിയെറിഞ്ഞ് ചൂതാടാനല്ല, ഒരു ചൂതാട്ടകേന്ദ്രം എങ്ങനെയിരിക്കും, അവിടെ ചൂതാടാനെത്തുന്നവർ എങ്ങനെയൊക്കെയാണു പെരുമാറുക എന്നറിയാൻവേണ്ടി മാത്രം.
900 ഏക്കറിലധികം വിസ്തൃതിയുള്ള ആ കോട്ടക്കുള്ളിൽ ഞങ്ങൾ വെറുതെ അലയാൻ തുടങ്ങി. വർഷംതോറും പത്തുലക്ഷം ആളുകൾ വന്നുപോകുന്ന സ്ഥലമാണിത്. അലഞ്ഞും നടന്നും കയറിയും ഇറങ്ങിയും തീർക്കേണ്ടതിന്‍റെ ക്ലേശത്തെക്കുറിച്ച് കേട്ടറിഞ്ഞതിനാൽ ഇടപ്പള്ളിയിലുള്ള പ്രസിദ്ധമായ മാളിലേക്കുപോലും ഇന്നോളം കയറിച്ചെന്നിട്ടില്ലാത്ത ഒരാളാണു ഞാൻ. ആ ഞാൻ തന്നെയാണ് ‘ഉഷാകാ മറൈൻവേൾഡി’ലും ‘ക്വസുലു മ്യൂസിയ’ത്തിലുമൊക്കെ ഒന്നിലേറെ പ്രാവശ്യം നടന്നലഞ്ഞതും തളർന്നതും... എന്നിട്ടിപ്പോൾ ഇവിടെയിതാ വീണ്ടും! ആവശ്യത്തിനായാലും ആഡംബരത്തിനായാലും ഒരാൾക്ക് വേണ്ടതിലുമധികം അനാവശ്യവസ്തുക്കളുള്ള ഒരു വിപണനമേളയായിരുന്നു അവിടം. ഹോട്ടലുകൾ, റസ്റ്റാറന്‍റുകൾ, തിയറ്ററുകൾ, മദ്യശാലകൾ, വ്യാപാരകേന്ദ്രങ്ങൾ എന്നുവേണ്ട പുസ്തകശാലകളൊഴികെ മറ്റെല്ലാം അവിടെ സമാഹരിച്ചിട്ടുണ്ടായിരുന്നു. നന്മക്കുട്ടിയുടെ ആഹ്ലാദത്തിനും സന്തോഷത്തിനുംവേണ്ടി ജിജോ അവളെയും കൂട്ടി പലയിടത്തും കയറിയിറങ്ങുന്നുണ്ടായിരുന്നു; അവർക്കൊപ്പം ഞാനും ഭാര്യയും ഒരാവശ്യവുമില്ലാതെ.
നടന്നുനടന്ന് അവസാനം ഞങ്ങൾ ചൂതാട്ടകേന്ദ്രത്തിലേക്കുള്ള കവാടത്തിൽ ചെന്നെത്തി. അവിടെയെങ്ങാനുംെവച്ച് മഹാനായ ആ ചൂതാട്ടക്കാരനെ കണ്ടുമുട്ടാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് വൃഥാ ആശിച്ചു. ഞങ്ങൾ പക്ഷേ തടഞ്ഞുനിർത്തപ്പെട്ടു. പ്രായപൂർത്തിയാകാത്തവർക്ക് അതിനകത്തേക്ക് പ്രവേശനം ഇല്ലേത്ര! ഞങ്ങളോടൊപ്പം കൊച്ചുമകൾ ഉള്ളതുതന്നെ കാരണം. നേരം ഒരുപാടായിരിക്കുന്നു. ഇനിയിവിടെ നിൽക്കുന്നതിൽ കാര്യമില്ല. ചൂതാട്ടകേന്ദ്രം കാണാൻ കഴിയാതെ വന്നതിലുള്ള നിരാശ തീർക്കാൻ അത്താഴവും കഴിച്ച് ഇനി മടങ്ങുകതന്നെ. എന്നാൽ, ഒരു കാഴ്ച ഞങ്ങളെ അത്ഭുതപ്പെടുത്തുക മാത്രമല്ല, കീഴടക്കുകയും ചെയ്തു. അതാകട്ടെ, നൂറേക്കറിനടുത്ത് വിസ്തൃതിയുള്ള ‘മോണ്ടെ കാസിനോ’യെന്ന ആ സ്വപ്നസദൃശ ലോകത്തിന്‍റെ ആകാശക്കാഴ്ചകളായിരുന്നു. നീലമേഘങ്ങൾ, നക്ഷത്രങ്ങൾ പൂത്തുലഞ്ഞു കിടക്കുന്ന ആകാശഗംഗ! ദൂരെയെവിടെയോ ക്ഷയിച്ചുതീർന്നുകൊണ്ടിരിക്കുന്ന, നാരങ്ങാമിഠായിപോലുള്ളൊരു ചന്ദ്രക്കല. നിറയെ കുഞ്ഞുകുഞ്ഞു നക്ഷത്രങ്ങൾ! നന്മയെ വിളിച്ച് അവൾക്ക് ഞാൻ ആ ആകാശവിസ്മയം കാണിച്ചുകൊടുത്തു. കാരണം, ആ ആകാശവും ആകാശഗംഗയും നക്ഷത്രക്കൂട്ടവുമെല്ലാം കൃത്രിമമായിരുന്നു! അതു മാത്രമല്ല അവിടെ നിൽക്കുന്ന മരങ്ങൾ, വള്ളികളും ചെടികളും പൂക്കളുംവരെ കൃത്രിമം. എങ്കിലും ഒറിജിനലിനെ വെല്ലുന്ന ഒറിജിനാലിറ്റി!
‘‘ഇവിടെ മലയാളി നടത്തുന്നൊരു റസ്റ്റാറന്‍റുണ്ട്; തവ.’’
മകൻ പറഞ്ഞു.
അവിടെ പക്ഷേ കാര്യമായ തിരക്കുണ്ടായിരുന്നില്ല. രണ്ടോ മൂന്നോ മേശകളിൽ ആരെല്ലാമോ ഭക്ഷണം കാത്തിരിക്കുന്നതൊഴിച്ചാൽ. അല്ലെങ്കിൽതന്നെ, അതുപോലൊരിടത്ത് അതും ഒരു ദക്ഷിണേന്ത്യൻ ഭക്ഷണശാലയിൽ തിരക്കു പ്രതീക്ഷിക്കുന്നതു തന്നെ ബുദ്ധിമോശമാണ്.
‘തവ’യുടെ ഉടമക്ക് ജിജോയെ അറിയാം.
‘‘ഇന്നത്തെ സ്പെഷലായി കൊച്ചിക്കാർക്ക് പ്രിയപ്പെട്ടൊരു സാധനമുണ്ട്; എടുക്കട്ടേ?’’
മെനു കാർഡുകൾ നിരത്തുന്നതിനു മുമ്പേ അയാൾ പറഞ്ഞു.
‘‘എന്താണത്?’’
‘‘കപ്പയും പോട്ടിയും!’’
ഒന്നാന്തരം കോമ്പിനേഷനാണ്. പക്ഷേ അതു പരീക്ഷിക്കാൻ മുതിർന്നില്ല. നേരം പുലരുമ്പോൾ ഞങ്ങൾക്ക് അവിടം വിട്ടുപോരേണ്ടതുണ്ടല്ലോ; അതിനാൽ.
‘‘ഇന്നലെ കപ്പയും മത്തിയുമായിരുന്നു. നമുക്കറിയാവുന്ന കുറേപ്പേരെ വിളിച്ചു പറഞ്ഞു. പലരും വന്നു...’’
അങ്ങനെയൊക്കെയാണ് അവിടങ്ങളിലെ രീതികൾ. ചില പ്രത്യേക ഭക്ഷണവിഭവങ്ങൾ തയാറാക്കുമ്പോൾ അതിൽ താൽപര്യമുണ്ടെന്നു കരുതുന്ന തങ്ങളുടെ ഇടപാടുകാരെ വിളിച്ചറിയിക്കുന്നു. ഉടമയും ഉപഭോക്താവും തമ്മിലുള്ള ബന്ധം നിലനിൽക്കാനും കച്ചവടം മെച്ചപ്പെടാനും അതു കാരണമാകുന്നു.
‘‘എങ്ങനെയുണ്ട് കാസിനോ?’’
എന്നോടാണ്.
അയാൾ പിന്നെ അതിനുള്ളിലെ ഞങ്ങൾ കാണാത്ത വിസ്മയങ്ങളെക്കുറിച്ചു വിവരിക്കാൻ തുടങ്ങി.

മോണ്ടെ കാസിനോയുടെ ആകാശത്തിനു കീഴെ നന്മ മരിയ
അയാളുടെ ചോദ്യത്തിനുള്ള മറുപടിയൊന്നും പക്ഷേ എന്‍റെ കൈവശമില്ലായിരുന്നു. എങ്കിലും ഒരു മിന്നൽപ്പിണർപോലെ എന്‍റെ മനസ്സിലേക്ക് കടന്നുവന്നത് മാക്സിം ഗോർക്കിയുടെ ചിത്രമായിരുന്നു. സോവിയറ്റ് റഷ്യയെന്ന ഇരുമ്പുമറക്കുള്ളിൽനിന്നും അമേരിക്കൻ ഐക്യനാടുകൾ എന്ന മായികലോകം ആദ്യമായി കാണാനെത്തിയതായിരുന്നു ഗോർക്കി. ജീവിതത്തിലെ ഒരുപാട് ദുരിതസമുദ്രങ്ങൾ നീന്തിക്കടന്ന് മറുകരയെത്തിയ എഴുത്തുകാരൻ. അവർ അദ്ദേഹത്തെ നൃത്തശാലകളിലും നാടകശാലകളിലും കൊണ്ടുനടന്നു. കുതിരപ്പന്തയങ്ങളും മൃഗയാവിനോദങ്ങളും അവർ ഗോർക്കിക്കുവേണ്ടി അവതരിപ്പിച്ചു. വമ്പൻ മദിരോത്സവങ്ങളിലും വിരുന്നുശാലകളിലും അവർ അദ്ദേഹത്തെയും പങ്കാളിയാക്കി. ജീവിതാഹ്ലാദത്തിന്‍റെ നിറനിലാവിലൂടെ, അതിന്‍റെ ലഹരിനുരയുന്ന ഉന്മാദനിമിഷങ്ങളിലൂടെ തങ്ങൾ മഹാനായ ഗോർക്കിയെ കൊണ്ടുപോകുന്നു എന്ന വിചാരമായിരുന്നു അവർക്ക്.
യാത്രകളുടെ അവസാനം അവരും ആരും ചോദിച്ചുപോകുന്ന ആ ചോദ്യം ആവർത്തിച്ചു. കാസിനോയിലെ റസ്റ്റാറന്‍റ് ഉടമയെപ്പോലെ:
‘‘എങ്ങനെയുണ്ടായിരുന്നു?’’
അധികമൊന്നും ആലോചിക്കേണ്ടിവന്നില്ല അദ്ദേഹത്തിന്. ‘അമ്മ’യിലെ പാവേലിനെപ്പോലെ വികാരരഹിതനായ ഗോർക്കി മറുപടി പറഞ്ഞു:
‘‘എത്രയോ മനോവിഷമത്തിൽ കഴിയുന്ന മനുഷ്യരാണു നിങ്ങളൊക്കെ? അതിൽനിന്നും രക്ഷപ്പെടാനായി എന്തെല്ലാമോ നിങ്ങൾ കാട്ടിക്കൂട്ടുന്നു.’’

