മക്കം അടുത്ത മിസ്റില്‍ ബീക്കുഞ്ഞിയും ബാരിക്കേഡും മുഖാമുഖമിരിക്കുന്നു

ഫോട്ടോ- കെ. ഉമ്മുകുല്‍സു, വി. മുസഫര്‍ അഹമ്മദ്
ലക്ഷദ്വീപിന്റെ ചരിത്രത്തിലേക്കും വർത്തമാനത്തിലേക്കും കപ്പൽയാത്ര നടത്തുകയാണ് മലയാളത്തിലെ പ്രമുഖനായ സഞ്ചാരസാഹിത്യകാരൻ. ദ്വീപിന്റെ സംസ്കാരവും ജീവിതവും അടയാളപ്പെടുത്തുന്നു ഇൗ യാത്ര.
കൽപിട്ടിയില്‍ പോവുക, ബീക്കുഞ്ഞിപ്പാറ കാണുക, അവിടെ കുറച്ചധികം സമയം ചെലവഴിക്കുക –ലക്ഷദ്വീപ് യാത്രയുടെ പ്രധാന ലക്ഷ്യം ഇതായിരുന്നു. അഗത്തിയില്‍നിന്നും അൽപം അകലെയുള്ള ജനവാസമില്ലാത്ത കൽപിട്ടി ദ്വീപിലേക്ക് മോട്ടോര്‍ ഘടിപ്പിച്ച തോണിയിലായിരുന്നു യാത്ര. കടല്‍ ചിലപ്പോള്‍ വന്‍ തിരമാലകളുയര്‍ത്തി ഞങ്ങളെ നനച്ചു, കുളിപ്പിച്ചു. ദ്വീപില്‍ അഡ്മിനിസ്ട്രേറ്ററുടെ പല ‘വികസന' പദ്ധതികള്‍ക്കുമെതിരെ വലിയ ജനകീയ പ്രക്ഷോഭങ്ങള്‍ നടന്നിരുന്നു. ദ്വീപുവാസികളെ ഏതെങ്കിലും നിലയില്‍ കുടിയിറക്കാനുള്ള ശ്രമങ്ങളാണ് തുടരുന്നത്. ഏറ്റവും പുതിയ വാര്‍ത്ത ബിത്ര ദ്വീപിലെ മുഴുവന്‍ ജനങ്ങളെയും കുടിയിറക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചു എന്നതാണ്. രാജ്യസുരക്ഷയുടെ പ്രാധാന്യം പറഞ്ഞാണ് കുടിയൊഴിപ്പിക്കലിനുള്ള ശ്രമങ്ങള്‍ നടക്കുന്നത്. ബിത്ര ദ്വീപിലെ എല്ലാ കുടുംബങ്ങള്‍ക്കും കുടിയിറക്കത്തിനുള്ള നോട്ടീസ് നല്‍കിക്കഴിഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ അധിനിവേശത്തിന്റെ ഇക്കാലത്ത് ദ്വീപില്‍ പോകുമ്പോള്‍ ബീക്കുഞ്ഞിപ്പാറയും അവരെക്കുറിച്ചുള്ള ആഖ്യാനങ്ങളും ഒരു സഞ്ചാരിക്ക് ഒഴിവാക്കാനാകില്ല. അതു കൊണ്ടാണ് അവിടം പോകണം എന്ന തോന്നല്‍ ശക്തമായത്.
ബീക്കുഞ്ഞിയെക്കുറിച്ച് മൂന്ന് ആഖ്യാനങ്ങളാണ് കേള്‍ക്കാനാവുക. ദ്വീപില്‍ അധിനിവേശം നടത്തിയ ഒരു ശക്തിയില്‍നിന്നും രക്ഷപ്പെടാന്‍ 13 വയസ്സുകാരിയായ ബീക്കുഞ്ഞി കല്പിട്ടിയിലേക്ക് പലായനം ചെയ്തു. ഒറ്റക്ക് ആഴ്ചകളോളം അവിടെ ജീവിച്ചു. പിന്നീട് തിരിച്ചുവന്ന് അതിജീവിച്ചു. ആരുമില്ലാത്ത ദ്വീപില്‍ ഒറ്റക്കു താമസിച്ച ബീക്കുഞ്ഞി മരുമക്കത്തായത്തിന്റെ സന്തതി കൂടിയായതുകൊണ്ടാകാം ഇത്രയും ധൈര്യവതിയായത്. തന്റെ മാനം അധിനിവേശ ശക്തികള്‍ പിച്ചിച്ചീന്തുമെന്നു വന്നപ്പോള്‍ ബീക്കുഞ്ഞി പലായനം ചെയ്യുകയായിരുന്നു.
ബീക്കുഞ്ഞി സംഭവം നടന്നത് എന്നാണ്? മൂന്ന് ആഖ്യാനങ്ങളാണ് ഇതിനുള്ള മറുപടിയായി ദ്വീപില്‍നിന്നും കിട്ടുക. ആദ്യത്തേത് പോർചുഗീസ് കാലത്താണ് സംഭവം നടന്നത് എന്നതാണ്. രണ്ടാമത്തേത് അറക്കല്‍ രാജവംശത്തിന്റെ കാലത്തായിരുന്നു അതിജീവനത്തിനായുള്ള ഓടിപ്പോകല്‍ എന്നാണ്. മൂന്നാമത്തേത് ബ്രിട്ടീഷ് കോളനി കാലത്താണ് ബാലികയുടെ പലായനം ഉണ്ടായത് എന്നുമാണ്. പോർചുഗീസ്, ബ്രിട്ടീഷ് കാലങ്ങളെ പരാമര്‍ശിക്കുന്ന ഒരു കവിതയും നോവലും ലക്ഷദ്വീപില്‍നിന്നും പുറത്തുവന്നിട്ടുണ്ട്. (അലിക്കുട്ടി ബീരാഞ്ചിറയാണ് ഇക്കാര്യങ്ങള്‍ ശ്രദ്ധയില്‍പെടുത്തിയത്). അറക്കല്‍ രാജവംശവുമായി ബന്ധപ്പെട്ട ആഖ്യാനം ഇന്നും ദ്വീപിലെ വാമൊഴിയില്‍ ശക്തമായി പ്രവര്‍ത്തിക്കുന്നുമുണ്ട്.
അഗത്തി ഗോള്‍ഡന്‍ ജൂബിലി മ്യൂസിയം,മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ചിത്രപ്പണികളുള്ള ചിരവ
എസ്.എസ്.കെ എഴുതിയ ‘ബീക്കുഞ്ഞി പാറ’ എന്ന കവിത പോർചുഗീസ് കോളനി കാലത്തെ പ്രമേയമാക്കി എഴുതിയതാണ്:
കാലത്തിന് തൂവല്‍ കൊഴിയുമ്പോള്‍
നാരിമാര്‍ പലരുണ്ടായി
പാറകള്‍ പലതുണ്ടായി
കഥകള്‍ നടന്നു മറഞ്ഞു.
എന്നിട്ടും ബീക്കുഞ്ഞി
നീ മരിച്ചിട്ടില്ല!
പാറയും തകര്‍ന്നിട്ടില്ല!
ഗണ്‍ ബൂട്ടിന് ശബ്ദം കേട്ടും
കാമം കത്തും കണ്ണുകള്‍ കണ്ടും
ഞെട്ടാതെ പതറാതെ
തോല്പിച്ചു നീ പറങ്കിമക്കളെ!
അറിയുമോ ഇന്ന് നീയാരെന്ന്
തലമുറ കണ്ണികളില്‍
ഒരു മാതൃക പെണ്ണ്
അഭിമാനമേകും പെണ്ണ്
ധൈര്യം പകരും പെണ്ണ്
ബീക്കുഞ്ഞീ
നീ മരിച്ചിട്ടില്ല
പാറയും തകര്‍ന്നിട്ടില്ല
നീയന്നു കാത്ത മാനം
നിന്നെ കാത്ത പാറ
കുയി താളം മുട്ടുന്നു
കുലീനയാം പെണ്ണായും
ധീരനാം ആണായും
തലമുറകളിലാരോ
വിളക്കിച്ചേര്‍ത്തു നിങ്ങളെ
ജീവിക്കുന്നൂ നിങ്ങളൊന്നായി
മര്‍ത്ത്യമാനസങ്ങളില്‍
ഉള്പ്പുളകമായ് ആവേശമായ്.
ബീക്കുഞ്ഞീ
നീ മരിച്ചിട്ടില്ല!
പാറയും തകര്‍ന്നിട്ടില്ല!
കവിതയുടെ അടിക്കുറിപ്പ് ഇങ്ങനെ വായിക്കാം: പോര്‍ചുഗീസ് ഭരണകാലത്ത് അവരുടെ പീഡനത്തില്‍നിന്നും രക്ഷനേടുവാന്‍ കടല്‍ത്തീരത്തെ വിജനമായ പാറക്കെട്ടുകള്‍ക്കുള്ളില്‍ ദിവസങ്ങളോളം ഒളിച്ചു കഴിഞ്ഞു തന്റെ മാനം കാത്തുസൂക്ഷിച്ച അഗത്തി ദ്വീപിലെ ഒരു സുന്ദരി. സുന്ദരിയായ ആ ധീരവനിത ഒളിച്ചു താമസിച്ച പാറക്കെട്ട് ഇപ്പോഴും അറിയപ്പെടുന്നത് ബീക്കുഞ്ഞിപ്പാറയെന്ന പേരിലാണ്: ബീക്കുഞ്ഞി ദ്വീപ് സാഹിത്യത്തില്‍ അടയാളപ്പെടുന്ന ഒരു സന്ദര്‍ഭമാണിത്.
ബീക്കുഞ്ഞിയെക്കുറിച്ചുള്ള മറ്റൊരാഖ്യാനം വായിക്കുന്നത് എം. മിഹ്റാജ് എഴുതിയ ‘ആമീന്‍’ എന്ന നോവലിലാണ്. ആ കൃതിയുടെ ഉള്ളടക്കത്തെക്കുറിച്ച് നോവല്‍ ബ്ലര്‍ബില്‍ ഇങ്ങനെ വായിക്കാം: വെള്ളപ്പട്ടാളത്തിന്റെ ദയാരഹിതമായ ആക്രമണത്തില്‍നിന്നും രക്ഷപ്പെട്ട ബീക്കുഞ്ഞി എന്ന പെണ്‍കുട്ടിയുടെ ജീവിതകഥയിലൂടെ ലക്ഷദ്വീപിന്റെ ചരിത്രത്തിലേക്കു സഞ്ചരിക്കുന്ന നോവല്‍: ഈ നോവലില്‍ ബീക്കുഞ്ഞിയുടെ കഥ നടക്കുന്നത് വെള്ളപ്പട്ടാളത്തിന്റെ (ബ്രിട്ടീഷ്) കാലത്താണ്. ആഖ്യാനത്തിന്റെ കാലം എസ്.എസ്.കെയുടെ കവിതയുടെ കാലമല്ല. ദ്വീപിന്റെ പഴയ ചരിത്രമെടുത്ത് പരിശോധിക്കുമ്പോള്‍ 1498-1650 കാലത്തെ പോര്‍ചുഗീസ് കോളനി കാലത്ത്് നടത്തിയ കൊടിയ ഹിംസയുടെ നിരവധി സന്ദര്‍ഭങ്ങള്‍ കാണാം. ബ്രിട്ടീഷുകാര്‍ക്ക് മുമ്പേ അറക്കല്‍ രാജവംശത്തിന്റെ അധീനതയിലായിരുന്നു ദ്വീപ്.
വാമൊഴിയില്‍ ബീക്കുഞ്ഞിയുടെ കഥ അറക്കല്‍ കാലത്ത് നടന്നതായി പറയുന്നു. ബീക്കുഞ്ഞിയുടെ ജന്മദ്വീപെന്ന് വിശ്വസിക്കപ്പെടുന്ന അഗത്തിയില്‍ പല ദിവസങ്ങള്‍ ചെലവിട്ടപ്പോള്‍ അറക്കലുമായി ബന്ധപ്പെട്ട ആഖ്യാനമാണ് കൂടുതലായി കേള്‍ക്കാന്‍ കഴിഞ്ഞത്. അറക്കല്‍ സൈന്യത്തിലെ സ്ത്രീ പീഡകരായ സൈനികരില്‍നിന്നും രക്ഷതേടുകയാണ് വാമൊഴിക്കഥയില് ബീക്കുഞ്ഞി. ടിപ്പുവിന്റെ മലബാര്‍ ഭരണകാലത്ത് ദ്വീപും ടിപ്പുവിന്റെ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. ദ്വീപില്‍ അധികാരം സ്ഥാപിക്കാനെത്തിയ എല്ലാ ഭരണകൂടങ്ങളെയും പ്രതിരോധിക്കുന്ന ഒരു പ്രധാന മിത്തായി ബീക്കുഞ്ഞി മാറിയിരിക്കുന്നു. പലായനത്തിലൂടെ ഒളിച്ചുനിന്ന് സ്വന്തം മാനത്തെയും അതുവഴി രാജ്യത്തിന്റെ അന്തസ്സും രക്ഷിക്കാന്‍ ശ്രമിച്ച ആ ദ്വീപുകാരിയെ ഇന്ന് നാം എങ്ങനെയാണ് വായിച്ചെടുക്കുക?
ലക്ഷദ്വീപിലെ കല്പിട്ടിയിലെ ബീക്കുഞ്ഞിപ്പാറ,അഗത്തിയില്‍ കണ്ട ലക്ഷദ്വീപ് പൊലീസിന്റെ ബാരിക്കേഡ്
ദ്വീപിനെ, അതിന്റെ മാനത്തെ കവരാന്‍ ശ്രമിക്കുന്നവര്‍ ആരായാലും ഏതു വിധേനയും ചെറുക്കുക എന്ന ആശയമാണ് ബീക്കുഞ്ഞി അന്നും ഇന്നും പങ്കുവെക്കുന്നത്. ദ്വീപുകാര്‍ക്ക് അവകാശപ്പെട്ട സ്വയംഭരണം എന്ന ആശയമായി ബീക്കുഞ്ഞിയുടെ കഥ ഇന്ന് ഒരാള്‍ക്ക് വായിച്ചെടുക്കാനാവും. തന്റെ ശരീരത്തിന്റെ സ്വയം ഭരണത്തിനായി താല്‍ക്കാലികമായി പലായനം ചെയ്ത ബീക്കുഞ്ഞി ഇന്നും ഉയര്‍ത്തുന്നത് സ്വാഭിമാനത്തോടെയുള്ള ദ്വീപിലെ സ്വയം ഭരണം എന്ന ആശയമാണ്. ഇന്ത്യയിലെവിടെയും പൈതൃക സമൂഹങ്ങള്‍ (പ്രധാനമായും ആദിവാസി സമൂഹങ്ങള്‍) സ്വയംഭരണം എന്ന ആശയം ഉയര്‍ത്തിപ്പിടിക്കുന്നത് കാണാം. ഫെഡറല്‍ സംവിധാനത്തെ അംഗീകരിച്ചുകൊണ്ടുള്ള ഈ സ്വയം ഭരണത്തെക്കുറിച്ച് ഇന്ത്യന്‍ ഭരണഘടന തന്നെ സംസാരിക്കുന്നുണ്ടല്ലോ. ദ്വീപിലേക്ക് പുറത്തു നിന്നുള്ളവര്‍ക്ക് പ്രവേശിക്കാന്‍ പ്രത്യേക പെര്‍മിറ്റ് നിര്‍ബന്ധമാണ്. നാഗാലാൻഡില്‍ പോയപ്പോഴും ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് നിര്‍ബന്ധിതമായിരുന്നു. ഇതുതന്നെ പൈതൃക സമൂഹങ്ങള്‍ക്കുള്ള പ്രാധാന്യത്തെ വിളിച്ചോതുന്നതാണ്.
ബീക്കുഞ്ഞി ആഴ്ചകള്‍ നീണ്ട ഒറ്റക്കുള്ള പലായനത്തിനും ഒളിച്ചു താമസത്തിനും ശേഷം താനടക്കമുള്ള ദ്വീപുകാര്‍ക്ക് സ്വയംഭരണമുണ്ടെന്ന് വിശ്വസിക്കുന്ന അഗത്തിയിലേക്ക് തിരിച്ചു വരുന്നതാണ് ഈ മിത്തിലെ കഥ. ഇന്ന് കേന്ദ്രഭരണം പല വിധത്തില്‍ ദ്വീപില്‍ അധിനിവേശം നടത്തുന്നു. ബാങ്കാരം ദ്വീപ് പൂർണമായും സ്വകാര്യവത്കരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അവിടെ റിസോര്‍ട്ടുകളുടെ പണി പുരോഗമിക്കുന്നു. ഞാന്‍ പല രീതിയിലും ശ്രമിച്ചെങ്കിലും ബങ്കാരത്തേക്ക് പ്രവേശനാനുമതി നേടാന്‍ കഴിഞ്ഞില്ല. ഒന്നര വര്‍ഷത്തിലധികമായി ദ്വീപുകാര്‍ക്കും അവിടേക്ക് പോകാന്‍ അനുമതിയില്ല.
കടല്ക്കരയില് വെച്ച ഓക്സിജന്‍ സിലിണ്ടറുകള്‍
ബീക്കുഞ്ഞിപ്പാറയില് നില്ക്കുമ്പോള് ഒരു മിത്ത് എങ്ങനെ സമകാല ജീവിതത്തെ വ്യാഖ്യാനിക്കുന്നു എന്നോര്‍ത്തു. ബീക്കുഞ്ഞിപ്പാറയുടെ നടുവില്‍ ഉള്ളിലേക്കിറങ്ങാന്‍ പാകത്തിലുള്ള ഒരു വിടവുണ്ട്. അതിലൂടെ ഇന്നും ഒരാള്‍ക്ക് പാറയുടെ ഉള്ളിലേക്ക് പ്രവേശിക്കാം. പാറയും അതിനെച്ചുറ്റിപ്പറ്റിയുള്ള കഥകളും ഇന്ന് പുതിയ അധിനിവേശങ്ങളെ നേരിടാനുള്ള പ്രായോഗികതയിലേക്ക് ദ്വീപുകാരെ നയിക്കുന്നതായി പലരുമായും സംസാരിക്കുമ്പോള്‍ തോന്നി. എന്നാല്‍ പലായനമോ ഒളിച്ചിരിപ്പോ അല്ല സ്വയംഭരണം എന്ന ആശയം എങ്ങനെയാണ് ഉയര്‍ത്തിപ്പിടിക്കേണ്ടത് എന്ന ആശയത്തിലേക്കാണ് ബീക്കുഞ്ഞി ഇന്ന് ഇന്ത്യന്‍ പൈതൃക സമൂഹങ്ങളെത്തന്നെ നയിക്കുന്നത്.
കല്‍പിട്ടിയില്‍ നില്ക്കുമ്പോള് കേട്ട മറ്റൊരു സംഭവം ദ്വീപിലെ ജനങ്ങളുടെ ഹൃദയം കവര്‍ന്ന ഒരു ഡോക്ടറുടെ മരണത്തെക്കുറിച്ചാണ്. സായാഹ്നങ്ങളില്‍ ഒറ്റക്ക് കല്‍പിട്ടിയില്‍ വന്നിരിക്കാറുണ്ടായിരുന്ന ഈ ഡോക്ടര്‍ വേലിയേറ്റത്തില്‍ കുടുങ്ങി മരിക്കുകയായിരുന്നുവത്രെ. തകര്‍ന്ന ഒരു കപ്പലിന്റെ ചില അവശിഷ്ടങ്ങളും അവിടെ കണ്ടു. ഉപേക്ഷിക്കപ്പെട്ട വസ്ത്രങ്ങള്‍ ഞാത്തിയിട്ട ഒരു വൃക്ഷക്കൊമ്പും കണ്ടു. വസ്ത്രങ്ങള്‍ കടല്‍ക്കാറ്റേറ്റ് കീറിപ്പറിഞ്ഞിട്ടുണ്ട്. കീറിപ്പറിഞ്ഞ വസ്ത്രങ്ങള്‍ ഉപേക്ഷിക്കലിന്റെ കഥയാണ് പറയുന്നത്. കശുമാവ് പലയിടങ്ങളിലും വളര്‍ന്നു നില്ക്കുന്നു. വലിയ പുല്ലും വളര്‍ന്നു നിൽപുണ്ട്. അതിനിടയിലൂടെ മനുഷ്യര്‍ നടന്നു നടന്നുണ്ടാക്കിയ കാലടിപ്പാത. കടലില്‍ ലഗൂണില്‍ ഇതേപോലെ കണ്ട വഴികള്‍ മത്സ്യങ്ങള്‍ നീന്തുന്ന പാതകളായിരുന്നു എന്നൊരു തോന്നലുണ്ടായി. മീനടിപ്പാതകള് എന്നു വിളിക്കേണ്ട വഴികള്‍. കടല്‍പ്പായലുകളെ വകഞ്ഞു മാറ്റി മീനുകള്‍ പോകുന്ന വഴികള്‍ക്ക് മനുഷ്യന്റെ കാലടിപ്പാതകളുമായി ചില സാമ്യങ്ങള്‍ തോന്നി. അങ്ങനെയാണ് മീനടിപ്പാത എന്ന ഒരു വാക്ക് കയറി വന്നത്. കല്പിട്ടിയുടെ ഒരറ്റത്ത് ഇന്ത്യന്‍ റിപ്പബ്ലിക് മിഷന്റെ സാന്നിധ്യം രേഖപ്പെടുത്തിയ സ്തൂപമുണ്ട്. ലക്ഷദ്വീപില്‍ കാക്കകളില്ല എന്നാണ് പൊതുവെ പറയാറ്. എന്നാല്‍, കൽപിട്ടിയില്‍ കാക്കകളുണ്ട്. അവയെ പുറത്തുനിന്ന് ഇവിടെ വന്ന് കൊണ്ടുവിട്ടതാണ് എന്ന് പറയുന്നു. കല്പിട്ടിയും ബീക്കുഞ്ഞിപ്പാറയും വിട്ട് അഗത്തിയിലേക്ക് മടങ്ങി. അപ്പോഴേക്കും രാത്രി കടലിനെയും ഞങ്ങളെയും പൊതിഞ്ഞിരുന്നു.
മല്‍സ്യസമ്പത്ത് ഭാവിയിലേക്ക്, ഞാന്‍ ഒരു ഉത്തരവാദിത്വമുള്ള ഫിഷര്‍മാന്‍ എന്ന ടീ ഷര്‍ട്ട് അണിഞ്ഞ ഹുസൈന് അലി, ആക്കത്തി ദ്വീപ് കോഓപറേറ്റിവ് സൊസൈറ്റിയുടെ ബോര്‍ഡ്
അല്ലി അയ്യല്‍ സീമ,
കപ്പല്‍ ഭാരതസീമ
അഗത്തിയില്‍ ചെന്നിറങ്ങിയ ആദ്യ ദിവസം അലക്ഷ്യമായി നടക്കുമ്പോള്‍ ആദ്യം കണ്ണില്പെട്ടത് ലക്ഷദ്വീപ് പൊലീസിന്റെ ബാരിക്കേഡാണ്. വീതികുറഞ്ഞ കോണ്‍ക്രീറ്റ് റോഡിനോടു ചേര്‍ന്ന് തെങ്ങിന്‍തണലില്‍ വിശ്രമിക്കുകയാണ് ബാരിക്കേഡ്. 1988ലാണ് ഇതിനുമുമ്പ് ദ്വീപില്‍ വന്നത്. കടമത്ത് ദ്വീപിലേക്കായിരുന്നു അന്നത്തെ യാത്ര. വിഖ്യാത ഫോട്ടോഗ്രാഫര്‍ റസാക്ക് കോട്ടക്കലടക്കമുള്ള 13 പേരടങ്ങിയ സംഘത്തിലായിരുന്നു അന്നത്തെ വരവ്. കോളജില്‍ പഠിക്കുന്ന കാലമാണ്. അന്നെന്തായാലും ഒരിടത്തും പൊലീസ് ബാരിക്കേഡുകള്‍ കണ്ടിരുന്നില്ല. സുരക്ഷയുടെ പേരിലുള്ള ചില മുന്‍കരുതലുകള്‍, അതിന്റെ ഭാഗമായി ഈ ബാരിക്കേഡും എന്നൊരു തോന്നലുണ്ടാക്കുക മാത്രമാണ് ഇപ്പോള്‍ ഈ ബാരിക്കേഡ്. പക്ഷേ നടന്നുകഴിഞ്ഞ പ്രക്ഷോഭങ്ങളെയും ഒരുപക്ഷേ ഇനി വരാനുള്ളവയെയും ഓർമിപ്പിച്ചുകൊണ്ടു തന്നെയാണ് ബാരിക്കേഡ് താല്‍ക്കാലിക വിശ്രമം തുടരുന്നത്. ബീക്കുഞ്ഞിപ്പാറ പൊലീസ് ബാരിക്കേഡിന് മുഖാമുഖം നില്ക്കുന്നതായി കല്പിട്ടിയില്നിന്നും രാത്രിക്കടലില് മടങ്ങുമ്പോള്‍ തോന്നി.
കല്പിട്ടിയിലേക്ക് പോകുന്ന തോണിയിലിരുന്ന് ആയാപ്പ ഒരു പാട്ടു പാടി:
‘‘മക്കം അടുത്ത മിസ്റാണാക്കത്തീ
ആദ്യം കലങ്ങും ജസീറാണാക്കത്തി...’’
അങ്ങനെ തുടങ്ങുന്ന പാട്ടായിരുന്നു അത്. മക്കയോട് ഏറ്റവും അടുത്തു കിടക്കുന്ന ദ്വീപ് ഏതെന്ന് ചോദിച്ചാല്‍ ഉത്തരം ആക്കത്തി എന്നാണ് (അഗത്തി ഇന്നത്തെ ഉച്ചാരണം, ആക്കത്തി ദ്വീപ് കോഓപറേറ്റിവ് സൊസൈറ്റി എന്ന ബോര്‍ഡ് ഒരുദിവസത്തെ പ്രഭാത നടത്തത്തിനിടെ കണ്ടിരുന്നു). അതായത് മുസ്ലിം വിശ്വാസികളായ ദ്വീപുകാര്‍ അഗത്തിക്ക് ഇങ്ങനെ ഒരു പ്രാധാന്യം കാണുന്നു. കവരത്തിയേക്കാളും മറ്റേത് ദ്വീപിനേക്കാളും മക്കയുമായി ഏറ്റവും അടുത്തു കിടക്കുന്ന ദ്വീപ് അഗത്തി എന്നവര്‍ കരുതുന്നു. മക്കയോട് ഏറ്റവും അടുത്ത് എന്നു പറയുമ്പോള്‍ വളരെച്ചെറിയ ദൂരം എന്ന് കരുതരുത്. മക്കയും ദ്വീപും തമ്മില്‍ വലിയ ദൂരമുണ്ട്. എങ്കിലും ആ ദൂരത്തില്‍ ഏറ്റവും അടുത്തു കിടക്കുന്നത് എന്ന അര്‍ഥത്തിലാണ് അഗത്തിയെക്കുറിച്ച് ഇങ്ങനെയൊരു പരാമര്‍ശം. അടുത്ത വരി പറയുന്നത് മക്കയോട് ഏറ്റവും അടുത്ത ഈ ദ്വീപ് തന്നെയാണ് ആദ്യം മുങ്ങി ഇല്ലാതാവുക എന്നുമാണ്. വിശ്വാസത്തിന്റെ ആദ്യ വരിയും കാലാവസ്ഥാ വ്യതിയാനങ്ങളുടെ പശ്ചാത്തലത്തില്‍ രണ്ടാം വരിയും യാഥാര്‍ഥ്യങ്ങളുടെ രണ്ടനുഭവങ്ങള്‍ പകര്‍ന്നു തന്നു. ആദ്യം കലങ്ങുന്ന ജസീര്‍ അഗത്തിയാണെന്ന വിശ്വാസം ദ്വീപ് ജനത പങ്കുവെക്കുന്നു.
ഞങ്ങളുടെ തോണിയില്‍ കേരളത്തിലെ കോളജില്‍ ബിരുദ പഠനം പൂര്‍ത്തിയാക്കിയ ശുഹൈബ് അക്തറുമുണ്ടായിരുന്നു. ദ്വീപിലെ പുതിയ തലമുറയുടെ പാട്ടും കേള്‍ക്കണമല്ലോ, രണ്ടു വരി പാട്, ഞാന്‍ ശുഹൈബിനെ പ്രചോദിപ്പിച്ചു. അയാള്‍ പാടി.
‘‘ബംഗാരം ദ്വീപില്‍ ചുറ്റിക്കറങ്ങാന്‍
നീ വരുന്നോടി, കപ്പലില്‍
ടൂറടിപ്പാന് നീ വരുന്നോടി
അല്ലി, അയ്യല്‍ സീമ
കപ്പല്‍ ഭാരത സീമ
അല്ലീ സുറമയിട്ടോളൂ
അല്ലീ ഫൗഡറിട്ടോളേ,
ബംഗാരം ദ്വീപില്‍
ടൂറടിക്കാന്‍ നീ വരുന്നോടി...'’
ഒരുപക്ഷേ ദ്വീപിലെ പുതുതലമുറയുടെ പ്രണയ സങ്കൽപത്തില്നിന്നും ഉരുവംകൊണ്ട പാട്ടാകാമിത്. ആയാപ്പയുടെയും ശുഹൈബിന്റെയും പാട്ടുകള്‍ക്ക് തലമുറകളുടെ ഭാവനകളുടെ അന്തരമുണ്ട്. പുള്ളിയുള്ള ഒരു മത്സ്യത്തെ പിടിക്കാന്‍ പോകുന്നതിനെക്കുറിച്ചുള്ള ഒരു പാട്ടും ശുഹൈബ് അവതരിപ്പിച്ചു. നുസെബാല എന്നു തുടങ്ങുന്ന ആ പാട്ടിലെ വരികള്‍ ഇപ്പോള്‍ ശരിക്കും ഓര്‍ക്കാന്‍ കഴിയുന്നില്ല.
മറ്റൊരു ദിവസം നടത്തത്തിനിടെ കടല്ക്കരയില് ‘മത്സ്യ സമ്പത്ത് ഭാവിയിലേക്ക്’ എന്നെഴുതിയ ടീഷര്‍ട്ട് ധരിച്ചു നില്ക്കുന്ന ഹുസൈന് അലിയെ കണ്ടു. ടീ ഷര്‍ട്ടിന്റെ പുറകില്‍ ‘ഞാന്‍ ഒരു ഉത്തരവാദിത്തമുള്ള ഫിഷര്‍മാന്‍’ എന്നും എഴുതിയിട്ടുണ്ട്. അന്ന് കയറിയ ചെറിയൊരു ബോട്ടില്‍ ‘ഐ ലവ് ഫിഷിങ്' എന്നെഴുതി വെച്ചതും കണ്ടു. മത്സ്യബന്ധനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായുള്ള കാമ്പയിന്റെ ഭാഗമായിരുന്നു ഈ ടീ ഷര്‍ട്ട്. അതിരാവിലെ അഗത്തിയില്‍ നടക്കാന്‍ പോകുമ്പോള്‍ പലയിടങ്ങളിലും അപ്പോള്‍ പിടിച്ചുകൊണ്ടു വന്ന ട്യൂണ വില്ക്കാന് വെച്ചിരിക്കുന്നത് കാണാം. ട്യൂണയുടെ വാങ്ങലിലും വില്ക്കലിലുമാണ് ദ്വീപിന്റെ പ്രഭാത ഭേരികള്‍ തുടങ്ങുന്നത്. സായാഹ്നങ്ങളില്‍ കടലില്‍ പോകുന്ന ബോട്ടുകള്‍ ട്യൂണക്കൂട്ടങ്ങളെ വലയിലാക്കി മടങ്ങുന്നു. ഇടക്ക് ചില ബോട്ടുകളില്‍ ചൂണ്ടയെറിഞ്ഞു നോക്കിയെങ്കിലും ഒരു മീനും കുടുങ്ങിയില്ല. ദ്വീപുകാര്‍ ചൂണ്ട എറിയുമ്പോഴേക്കും അതില്‍ മീന്‍ കയറുകയും ചെയ്യുന്നു. ഇതെന്ത് മറിമായം എന്ന് കരുതി കടലിലേക്ക് നോക്കിയിരുന്നു.
ആന്ത്രോത്ത് ദ്വീപില്‍നിന്നു ലഭിച്ച ബുദ്ധശിൽപം അഗത്തി ഗോള്‍ഡന്‍ ജൂബിലി മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു
രാവിലെയുള്ള നടത്തങ്ങളില്‍ പല പള്ളിപ്പറമ്പുകളിലായി നിരവധി ഖബറുകള്‍ കണ്ടു. മീസാന്‍ കല്ലുകളുള്ള ഖബറുകള്‍. 1988ലെ വരവില്‍ റസാക്ക് കോട്ടക്കലിനൊപ്പം രാത്രി കടമത്ത് ദ്വീപില്‍ നടക്കുമ്പോള്‍ ഖബറുകള്‍ക്കരികെ കിടന്നുറങ്ങിയ ഒരാളെ കണ്ടിരുന്നു. അയാളിപ്പോഴും കടമത്തുണ്ടായിരിക്കുമോ? റസാക്ക് അയാളെ കുറച്ചു നേരം നോക്കി നിന്നു. ഫോട്ടോ എടുക്കേണ്ട, നമുക്കീ രംഗം കുറച്ചു നേരം വെറുതെ നോക്കി നില്‍ക്കാമെന്നും പറഞ്ഞു. തന്റെ ദ്വീപ് യാത്രയിലെ ഏറ്റവും നല്ല ഓർമ ഖബറുകള്‍ക്കരികെ അതിശാന്തനായി ഉറങ്ങിയിരുന്ന മനുഷ്യനെ കണ്ടതാണെന്ന് റസാക്ക് പറയാറുണ്ടായിരുന്നു.
അഗത്തിയിലെ ഒരു ഖബര്‍സ്ഥാനില്‍ നല്ല ചുകന്ന നിറമുള്ള പൂവുകളുള്ള ഒരു ചെടിയും കണ്ടു. പൂക്കള്‍ നോക്കിനില്ക്കുമ്പോള് പൊടുന്നനെ തൊട്ടടുത്ത് തേങ്ങ താഴെ വീണ ശബ്ദം കേട്ടു, ആ ഞെട്ടലില്‍ പൂക്കളെ നോക്കിയുള്ള നില്പ് അവസാനിച്ചു. അവിടെനിന്നും വീണ്ടും മുന്നോട്ടു നടന്നപ്പോഴാണ് ഹസ്രത്ത് സയ്യിദ് ബാവ ഫഖ്റുദ്ദീന്‍ മഖാം ശരീഫ് –ശൈഖിന പള്ളി കണ്ടത്. മഖാമില്‍ നിരവധിപേര്‍ രാവിലെ മുതലേ പ്രാര്‍ഥിക്കാന്‍ എത്തിയിട്ടുണ്ട്. പ്രത്യേകിച്ചും സ്ത്രീകള്‍. മടങ്ങുമ്പോള്‍ ആണ്-പെണ് കുട്ടികള്‍ മദ്റസകളിലേക്കും സ്കൂളുകളിലേക്കും സൈക്കിളുകളില്‍ പോകുന്നത് കണ്ടു. സൈക്കിള്‍ ബെല്ലുകളില്‍ അവര്‍ കൂട്ടുകാരുമായി ആശയങ്ങളും കുസൃതികളും വിനിമയംചെയ്യുന്നു. അവരുടെ ജസ്രി ഭാഷയിലുള്ള സംസാരം പൂർണമായും മനസ്സിലാക്കാനാവില്ല. അതിന് മലയാളവുമായി നല്ല അന്തരമുണ്ട്. പക്ഷേ, പുറത്തുനിന്നു വന്നവരോട് അവര്‍ മലയാളത്തില്‍തന്നെയാണ് സംസാരിക്കുക. മലയാളവും മഹലും ജസ്രിയും അറബിയും അറബി മലയാളവും കലരുന്ന ഭാഷാതുരുത്തുകൂടിയാണ് ലക്ഷദ്വീപ്.
എവിടെ നോക്കിയാലും കടലുള്ള ദ്വീപില്‍ ശുദ്ധജലം കിട്ടുമോ? ഒരു പ്രഭാത നടത്തത്തില്‍ ഫാത്തിമ എന്നു പേരുള്ള വീട്ടമ്മയോട് ചോദിച്ചു. ഞങ്ങളുടെ കിണറിലെ വെള്ളം കുടിച്ചു നോക്കിയാല്‍ ഈ ചോദ്യത്തിനുള്ള ഉത്തരം കിട്ടുമല്ലോ, അവര്‍ ചിരിച്ചുകൊണ്ടു പറഞ്ഞു. കിണറ്റിലെ വെള്ളം ശുദ്ധം, ഉപ്പിന്റെ രുചിയേ ഇല്ല. ദ്വീപില്‍ കടല്‍വെള്ളം വേറെ, കിണര്‍ വെള്ളം വേറെ. രണ്ടും അങ്ങോട്ടുമിങ്ങോട്ടും കലരില്ല. സ്രഷ്ടാവിന്റെ അത്ഭുതങ്ങളിലൊന്ന് –അങ്ങനെ പറഞ്ഞ് അവര്‍ ആടിനെ കറക്കാനും അന്നത്തെ തിരക്കുകളിലേക്കും പോയി.
അഗത്തിയിലെ ട്യൂണ വിൽപന
ദ്വീപ് ബുദ്ധനും നബി വംശാവലിയുമുള്ള മ്യൂസിയത്തില്‍
അഗത്തിയിലെ ഗോള്‍ഡന്‍ ജൂബിലി മ്യൂസിയത്തില്‍ ഉത്ഖനനത്തില്‍ ആന്ത്രോത്ത് ദ്വീപില്‍നിന്നു കിട്ടിയ ബുദ്ധന്റെ പ്രതിമയുണ്ട്. പ്രതിമ പല കഷണങ്ങളായിട്ടുണ്ട്. കാലപ്പഴക്കംകൊണ്ടോ ഉത്ഖനന വേളയിലോ സംഭവിച്ചതാകാം. മ്യൂസിയത്തില്‍ പ്രതിമക്കരികെ ഇങ്ങനെ എഴുതിവെച്ചിരിക്കുന്നു: ആന്ത്രോത്ത് ദ്വീപില്‍നിന്നും കുഴിച്ചെടുത്ത ശ്രീബുദ്ധ പ്രതിമയുടെ അവശിഷ്ടം. കുമ്മായക്കല്ലുകൊണ്ടുണ്ടാക്കി കുമ്മായംകൊണ്ടു മിനുസപ്പെടുത്തിയിരിക്കുന്നു: ബുദ്ധിസ്റ്റ് ഹെറിറ്റേജ് ലക്ഷദ്വീപ് എന്ന ശീര്‍ഷകത്തിലുള്ള ബോര്‍ഡില്‍ ഇങ്ങനെ കൂടി പറയുന്നു: 1960 വരെ ലക്ഷദ്വീപില്‍ ബുദ്ധിസത്തിന്റെ സ്വാധീനങ്ങള്‍ ഉണ്ടായിരുന്നുവെന്ന് ദ്വീപിലുള്ളവര്ക്കോ പുറം ലോകത്തിനോ അറിയുമായിരുന്നില്ല. എന്നാല്‍ 1960 മുതല്‍ നടന്ന ആര്‍ക്കിയോളജിക്കല്‍ സര്‍വേ അടക്കമുള്ള ഏജന്‍സികളുടെ ഉത്ഖനനങ്ങളിലും അന്വേഷണങ്ങളിലും ആന്ത്രോത്ത്, കല്‍പ്പേനി, കവരത്തി, മിനിക്കോയി എന്നിവിടങ്ങളില്‍ ബുദ്ധമത വിശ്വാസവുമായി ബന്ധപ്പെട്ട പ്രതിമകളും മറ്റും കണ്ടെത്തുകയുണ്ടായി എന്ന് മ്യൂസിയം വിശദീകരിക്കുന്നു.
കുമ്മായച്ചാന്തിലും വെങ്കലത്തിലും നിർമിച്ച ബുദ്ധ പ്രാര്‍ഥനാ മന്ദിരത്തിന്റേതെന്ന് കരുതുന്ന തൂണുകളുടെ കഷണങ്ങള്‍, ജാതക കഥകളിലെ പുഷ്പ-മൃഗ ചിത്രങ്ങള്‍, ബുദ്ധ ശിൽപാവശിഷ്ടങ്ങള് എന്നിവ ഗവേഷകര്‍ക്ക് കിട്ടിയതായും വിശദീകരിക്കപ്പെടുന്നു. ദ്വീപില്‍ ഇസ്ലാമിനു മുമ്പ് ബുദ്ധമതവിശ്വാസം ഉണ്ടായിരിക്കാം എന്നതിലേക്കാണ് ബുദ്ധപ്രതിമയും മറ്റ് അവശിഷ്ടങ്ങളും സൂചന നല്‍കുന്നതെന്നും വിശദീകരണക്കുറിപ്പില്‍ കാണാം. ദ്വീപിലെ ബുദ്ധ ബന്ധത്തെക്കുറിച്ച് വളരെ ആഴത്തിലുള്ള പഠനങ്ങളൊന്നും കണ്ടെത്താനും കഴിഞ്ഞില്ല. മുഹമ്മദ് നബിയുടെ വംശാവലി പട്ടിക (സില്‍സില -ഫാമിലി ട്രീ)യും മ്യൂസിയത്തിലുണ്ട്. അതിനെക്കുറിച്ചുള്ള കുറിപ്പ് ഇങ്ങനെ: മുഹമ്മദ് നബി (സ.അ.വ)യുടെ പാരമ്പര്യ പിന്തുടര്ച്ചക്കാരുടെ വിവരങ്ങളടങ്ങിയ വിവരണരേഖ. അഗത്തി ദ്വീപിലെ പൊന്തിനോട എന്ന വീട്ടില്‍നിന്നും കിട്ടിയത്: കൈ കൊണ്ടെഴുതിയ ഖുര്‍ആന്‍ പ്രതി, നാവികശാസ്ത്രത്തെപ്പറ്റിയുള്ള പഴയ ഗ്രന്ഥങ്ങള്‍, സമുദ്രചലന പട്ടിക എന്നിവയും ഇവിടെ പ്രദര്‍ശിപ്പിക്കപ്പെട്ടിട്ടുണ്ട്.
അറബി, അറബി മലയാളം, വട്ടെഴുത്ത്് തുടങ്ങിയ ലിപി രീതികളാണ് ദ്വീപില്‍ ആദ്യം പൊതുവെ പിന്തുടര്ന്നിരുന്നത്. നബിയുടെ വംശാവലി അറബി ഭാഷയിലുള്ളതാണ്. അറബിയില്‍നിന്നും അറബി മലയാളത്തിലേക്കുള്ള ദ്വീപിലെ മാറ്റം വ്യക്തമാക്കുന്ന ‘റഹ്മാനി’ എന്ന കൃതിയുടെ കൈയെഴുത്തു പ്രതിയും മ്യൂസിയത്തിലുണ്ട്. ഈ കൃതിയെക്കുറിച്ച് ഡോ. പി.ടി. അബ്ദുല്‍ അസീസ് എഴുതിയ ‘ലക്ഷദ്വീപിലെ അറബി മലയാളം’ എന്ന ലേഖനത്തില്‍ ഇങ്ങനെ പറയുന്നുണ്ട്: ദ്വീപില്‍ കണ്ടുകിട്ടിയവയില്‍ വെച്ച് ഏറ്റവും പഴക്കംചെന്ന അറബി മലയാള രേഖ ‘റഹ്മാനി’ എന്ന ഗ്രന്ഥമാണെന്നു കരുതുവാന്‍ ന്യായമുണ്ട്. അഗത്തി ദ്വീപിലെ മ്യൂസിയത്തിലുള്ള ‘റഹ്മാനി’യുടെ ൈകയെഴുത്തു പ്രതിയില്‍ അറബി മലയാളവും വട്ടെഴുത്തും ഇടകലര്‍ത്തി എഴുതിയിരിക്കുന്നു എന്ന വസ്തുത ശ്രദ്ധേയമാണ്. വട്ടെഴുത്തില്‍നിന്നും ദ്വീപിന്റെ എഴുത്തു സമ്പ്രദായം അറബി മലയാളത്തിലേക്ക് മാറിത്തുടങ്ങിയതിന്റെ ഇടക്കണ്ണിയായി ഈ കൃതിയെ കാണേണ്ടതുണ്ട്. അഥവാ ഈ കൃതി പരിവര്‍ത്തന കാലഘട്ടത്തിലെ എഴുത്തിനെ പ്രതിനിധാനംചെയ്യുന്നുവെന്ന് കരുതാം: റഹ്മാനിയയുടെ കൈയെഴുത്തു പ്രതി ദ്വീപിലെ പല കാലങ്ങളിലെ ഭാഷയുടെയും ലിപി-എഴുത്തു രീതികളുടെയും മാറ്റങ്ങളിലേക്കും വളര്‍ച്ചകളിലേക്കും കൊണ്ടുപോയി.
ഹിജ്റ വര്‍ഷം 1297ലെ (1878 എ.ഡിയില്‍) അറബിയില്‍ എഴുതിയിട്ടുള്ള മീസാന്‍ കല്ലും മ്യൂസിയത്തിലുണ്ട്. അതിനെക്കുറിച്ചുള്ള വിശദീകരണം ഇങ്ങനെ: ശവപ്പറമ്പില്‍ ആളെ തിരിച്ചറിയാനും എന്നാണ് മരിച്ചത് എന്നും അറിയുവാന്‍ വേണ്ടി കുത്തിവെക്കുന്ന മീസാന്‍ കല്ല്, അറബി അക്ഷരങ്ങളില്‍ കൊത്തിയെടുത്തത്: മരിച്ചവരെ തിരിച്ചറിയാനുള്ള സ്മാരകശില നോക്കിനില്ക്കുമ്പോള് പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ അതേ പേരിലുള്ള വിഖ്യാത നോവല്‍ ഓർമയിലേക്കു വന്നു.
മസൂദി തോണിയുടെ മിനിയേച്ചര്‍
ചൈന വ്യാളിയുടെ കൊത്തുപണിയോടെയുള്ള കൂറ്റന്‍ ഭരണിയാണ് മറ്റൊരു കാഴ്ച. അതിന്റെ അടിക്കുറിപ്പ് ഇങ്ങനെ: ഏകദേശം 100 വര്‍ഷം മുമ്പ് വീടുകളില്‍ സുര്‍ക്ക, തെങ്ങിന് ശര്‍ക്കര മുതലായ ആഹാര സാധനങ്ങള്‍ ശേഖരിച്ചുവെക്കുന്നതിനുവേണ്ടി ഉപയോഗിച്ചിരുന്ന ചൈനാ ഡ്രാഗന്റെ കൊത്തുപണിയുള്ള ചൈനാ കളിമണ്‍ ഭരണി (അഗത്തി ദ്വീപില്‍നിന്നും ശേഖരിച്ചത്).
മിനിക്കോയിയിലെ വളരെ പ്രശസ്തിയുള്ള ‘മസൂദി തോണി’യുടെ മിനിയേച്ചര്‍ മ്യൂസിയത്തിലുണ്ട്. മിനിയേച്ചറിലുള്ള നിറങ്ങള്‍ അങ്ങേയറ്റം ആകര്‍ഷിക്കുന്നതും കൊതിപ്പിക്കുന്നതുമാണ്. യഥാര്‍ഥ മസൂദി ഇതേ നിറത്തിലുള്ളതാണോ എന്ന് വ്യക്തമല്ല. ചൂണ്ടക്കൊളുത്തില്‍ മീന്‍ പിടിക്കുന്ന രീതിയാണ് മസൂദിത്തോണിക്കാരുടേത്. ട്യൂണ മത്സ്യമാണ് ഇങ്ങനെ പ്രധാനമായും പിടിക്കുന്നത്. ജപ്പാനിലുള്ളവര്‍ ഈ മത്സ്യബന്ധന രീതി പഠിക്കാനായി മിനിക്കോയിയില്‍ വന്നിരുന്നു. കറുപ്പ്, മഞ്ഞ, ചുവപ്പ് നിറങ്ങളാണ് തോണിയില്‍ ഉപയോഗിച്ചിട്ടുള്ളത്. സത്യത്തില്‍ അതൊരു പെയിന്റഡ് കാന്‍വാസ് എന്ന് തോന്നിയാല്‍ കുറ്റം പറയാനാകില്ല. അങ്ങനെയാണ് വര്‍ണങ്ങളുടെ കോമ്പോസിഷന്‍. ഈ നിറങ്ങളെടുത്ത പാലറ്റ് എവിടെയെന്നന്വേഷിക്കാന്‍ ഒരാളെ പ്രേരിപ്പിക്കും മട്ടിലാണ് തോണിയിലെ നിറങ്ങളുടെ മിശ്രണം. മസൂദിത്തോണിയുടെ നിറങ്ങളുടെ ഉപയോഗത്തെ ഓർമിപ്പിക്കുന്ന ഒരു ചിരവയും മ്യൂസിയത്തിലുണ്ട്. ചിരവയിലെ പുഷ്പങ്ങളുടെ ഇതളുകള്‍ ഏറക്കുറെ മസൂദിത്തോണിയുടെ വര്‍ണ മിശ്രണം ഉപയോഗിച്ചാണ് സാക്ഷാത്കരിച്ചിരിക്കുന്നത്. ചിരവ വളര്ന്നാണോ മസൂദിത്തോണിയാകുന്നത് എന്നൊരു തോന്നലുണ്ടാക്കുന്നതാണ് ഇവയുടെ നിർമാണശൈലി.
അഗത്തിയിലെ ഖബര്സ്ഥാനുകളിലൊന്ന്,ഹസ്രത്ത് സയ്യിദ് ബാവ ഫഖ്റുദ്ദീന്‍ മഖാം ശരീഫ് -ശൈഖുന പള്ളിയുടെ കവാടം
1880 സി.ഇയില്‍ തകര്‍ന്ന കപ്പലിന്റെ അവശിഷ്ടങ്ങളും മ്യൂസിയത്തിലുണ്ട്. അതിനെക്കുറിച്ചുള്ള ചെറുവിശദീകരണം ഇങ്ങനെ: ബങ്കാരം ദ്വീപിന്റെടുത്ത് തകര്‍ന്ന ഒരു കപ്പലിന്റെ ശേഷിപ്പ് കഷണം. ബങ്കാരം ദ്വീപിന്റെ തീരത്തുനിന്ന് കണ്ടെടുത്തത്. (ഏകദേശം 1880 എ.ഡി). അഗത്തി ദ്വീപില്‍നിന്ന് ശേഖരിച്ചത്: കപ്പലുകളുടെ യാത്രയുടെ കഥ മാത്രമല്ല പല കപ്പല്‍ തകരലുകളുടെ കഥകളും ഈ തീരത്തുനിന്ന് കേള്‍ക്കാം. 1988ലെ യാത്രയില്‍ കടമത്ത് ഒരു കപ്പലിന്റെ ലോഹ അവശിഷ്ടങ്ങള്‍ കണ്ടിരുന്നു. അതിന് അടുത്തേക്ക് പോകരുത്, കൈയോ കാലോ തട്ടി മുറിഞ്ഞാല്‍ ടെറ്റ്നസ് വരും എന്ന് കടമത്ത് ദ്വീപിലുള്ളവര്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. മ്യൂസിയത്തില്‍ നില്ക്കുമ്പോള് അങ്ങനെയുള്ള ചില ഓർമകളും കടന്നുവന്നു.
കടല്‍യാത്രയുമായി ബന്ധപ്പെട്ട നിരവധി ഉപകരണങ്ങള്‍ മ്യൂസിയത്തിലുണ്ട്. ‘കമാന്’ ആണ് ഇതിലൊന്ന്. പണ്ട് ഓടങ്ങളിലും പായക്കപ്പലുകളിലും കടല്‍ മാര്‍ഗങ്ങള്‍ നിശ്ചയിക്കാനും ദൂരം അളക്കാനും ഉപയോഗിച്ചിരുന്ന കോണാകാരമായ ഒരു ഉപകരണമാണ് കമാന്. സമയസൂചികയാണ് മറ്റൊന്ന്. പായക്കപ്പലിന്റെ വേഗത അളക്കാന്‍ ഉപയോഗിച്ചിരുന്ന ഈ ഉപകരണം മറ്റൊരു യന്ത്രഭാഗവുമായി ഘടിപ്പിച്ചതാണ്. സൂചനക്കണ്ണാടിയാണ് മറ്റൊന്ന്. പകല്‍സമയത്ത് സൂര്യരശ്മിയുടെ പ്രതിഫലനംകൊണ്ട് സൂചനകള്‍ അറിയിക്കാന്‍ ഉപയോഗിച്ചിരുന്ന നാവിക ഉപകരണമാണിത്. കടലില്‍ യാത്രചെയ്യുമ്പോള്‍ നക്ഷത്രങ്ങളെ തിരിച്ചറിയാന്‍ ഉപയോഗിച്ചിരുന്ന ഉപകരണം, പായക്കപ്പലുകളിലെ നാവിക വിളക്ക്, നങ്കൂര സൂചന ഉപകരണം (വൃത്താകൃതിയില്‍ ഇരുമ്പു കൊണ്ടുണ്ടാക്കിയ നാല് ഇതളുകളുള്ള ഈ സംവിധാനം ഓടം, പായക്കപ്പലുകള്‍ എന്നിവ നങ്കൂരമിട്ടിട്ടുണ്ടെന്ന് സൂചന നല്‍കാനാണ് ഉപയോഗിക്കുന്നത്), പായക്കപ്പലുകളില്‍ പായ ഉയര്‍ത്താനും താഴ്ത്താനും ഉപയോഗിച്ചിരുന്ന മരക്കപ്പി –ഇങ്ങനെ നാവിക ജീവിതവുമായി ബന്ധപ്പെട്ട സാധനങ്ങളുടെ ശേഖരം മ്യൂസിയത്തിലുണ്ട്. ഇതില്‍ ഒരു പ്രദര്‍ശന വസ്തു വേറിട്ടുനില്ക്കുന്നു. അത് പിച്ചളയില്‍ തീര്‍ത്ത മണിയാണ്. ബങ്കാരം ദ്വീപിന്റെ വടക്കുഭാഗത്ത് തകര്‍ന്ന കപ്പല്‍ അവശിഷ്ടങ്ങളുടെ ഇടയില്‍നിന്നും കിട്ടിയതാണ് ഈ മണി. ഇതില്‍ 1792 പ്രിന്‍സസ് റോയല്‍ എന്ന് കൊത്തിവെച്ചിട്ടുണ്ട്. ഈ കപ്പല്‍ 18ാം നൂറ്റാണ്ടിലായിരിക്കുമോ ബങ്കാരത്ത് വന്ന് തകര്‍ന്നത്? –കടലും ഭാഷയും മതങ്ങളും സ്മാരകശിലകളും നല്കുന്ന വിവിധ ആഖ്യാനങ്ങളിലൂടെ സഞ്ചരിച്ച് മ്യൂസിയം വിട്ടിറങ്ങി.
പുലരിയില്‍ അഗത്തിക്കടലിലെ തോണി സഞ്ചാരികള്‍
മീന്പാതകളില് നീന്താം, സിലിണ്ടറില്‍ പ്രാണവായുവുണ്ട്
കടലില്‍ മുങ്ങി നീന്താനുള്ള സൗകര്യമുണ്ട്. കയാക്കിങ്ങും സ്നോര്ക്ക്ലിങ്ങും സ്കൂബയുമുണ്ട്. നീന്താനറിയാത്തവര്ക്കും മുങ്ങാം, കൂടെ ഒരാളുണ്ടാകും. ഒന്നും പേടിക്കാനില്ല –ടൂര്‍ ഓപറേറ്റര്‍മാര്‍ നല്കുന്ന ഉറപ്പാണ്. കടല്‍ത്തീരത്ത് നിരത്തിവെച്ചിരിക്കുന്ന ഓക്സിജന്‍ സിലിണ്ടറുകള്‍ അഗത്തിയില്‍ എപ്പോഴും കാണാം. സ്കൂബ മുങ്ങലുകാര്ക്കുള്ളതാണത്. മുഖത്ത് കണ്ണടയുള്ള മാസ്ക് വെച്ച് പുറത്ത് ഓക്സിജന്‍ സിലിണ്ടര്‍ ബന്ധിച്ചു വേണം കടലില്‍ മുങ്ങാന്‍. 16 കിലോയോളം ഭാരമുണ്ട് ഓക്സിജന്‍ സിലിണ്ടറുകള്‍ക്ക്. പക്ഷേ വെള്ളത്തില്‍ മുങ്ങുന്നതോടെ ഭാരം അനുഭവപ്പെടാതെയാകും. പ്ലവനക്ഷമതകൊണ്ടാണ് ഇതെന്നു പറയുന്നു. അതിന്റെ ശാസ്ത്രീയവശമൊന്നുമറിയില്ല. മുങ്ങിയപ്പോള്‍ ഭാരമില്ലായ്മ ശരിക്കും അനുഭവപ്പെട്ടു. മുങ്ങുന്നതിനുമുമ്പ് നല്ല ഭാരം തോന്നിയിരുന്നുതാനും.
അണ്ടര്‍ വാട്ടര്‍ ഫോട്ടോഗ്രഫിയാണ് സ്കൂബയില്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാന ഘടകം. മുങ്ങി പവിഴപ്പുറ്റുകള്ക്കരികിലൂടെയോ മീന്‍കൂട്ടങ്ങളുടെ അടുത്തുകൂടെയോ പോകുമ്പോള്‍ ഒരു ഫോട്ടോഗ്രാഫര്‍ വെള്ളത്തിനടിയില്‍നിന്ന് ഫോട്ടോയെടുക്കാന്‍ പറ്റുന്ന കാമറ ഉപയോഗിച്ച് പടങ്ങള്‍ എടുത്തു തരും. ദ്വീപ് യാത്രയിലെ ഏറ്റവും വലിയ സുവനീര്‍ പലര്‍ക്കും ഈ ഫോട്ടോഗ്രാഫുകളാണ്. ഓക്സിജന്‍ സിലിണ്ടറില്‍നിന്നും വരുന്ന രണ്ടു നോസിലുകള്‍ പല്ലുകള്‍ക്കിടയില്‍ വലത്തും ഇടത്തും ഭാഗത്ത് കടിച്ചു പിടിക്കണം. പടമെടുക്കുമ്പോള്‍ മുഖത്തെ കണ്ണടയും സിലിണ്ടര്‍ നോസുകളും മാറ്റി മുഖം കൂടുതല്‍ വ്യക്തമാകുന്നതുകൊണ്ട് ആളെ കൃത്യമായി തിരിച്ചറിയുന്ന പടം കിട്ടും. അങ്ങനെ നില്ക്കുന്ന അൽപനേരം ഓക്സിജനില്ലാതെ വെള്ളത്തിനടിയില്‍ അതിജീവിക്കാനുള്ള കഴിവുവേണം.
അഗത്തി മ്യൂസിയത്തിലെ 1878 എ.ഡിയിലെ മീസാന്‍ കല്ല്,മുഹമ്മദ് നബിയുടെ സില്‍സില (വംശാവലി ചരിത്രം)
വെള്ളത്തിനടിയിലെ ഭാഷ ആംഗ്യങ്ങള്കൊണ്ടാണ്. ഗൈഡും സഞ്ചാരിയും ഉപയോഗിക്കേണ്ട ആംഗ്യഭാഷയെക്കുറിച്ച് ബോട്ടില്‍നിന്നും പരിശീലനം കിട്ടും. എന്തെങ്കിലും ബുദ്ധിമുട്ടുണ്ടാവുകയാണെങ്കില്‍ അതറിയിക്കാനുള്ള ആംഗ്യമുണ്ട്. എല്ലാം ഒാകെ ആയെങ്കില്‍ ആ സന്തോഷം പങ്കിടാനും മുദ്രയുണ്ട്. വെള്ളത്തില്‍ മുങ്ങി കുറച്ചു കഴിയുമ്പോള്‍ മറ്റൊരാള്‍ നീന്തി ക്രോസ് ചെയ്ത് കടന്നു പോകും. അയാളാണ് കാമറാമാന്. എനിക്ക് അധികനേരം മുങ്ങിനില്ക്കാന് കഴിഞ്ഞില്ല. ശ്വാസകോശം സ്പോഞ്ചുപോലെയാണ് എന്നത് മറന്ന് 30 കൊല്ലം സിഗരറ്റ് വലിച്ചതായിരിക്കാം കാരണം. അതുകൊണ്ട് ഓക്സിജന്‍ സിലിണ്ടറുണ്ടായിട്ടും കിതപ്പടക്കാനായില്ല. എന്റെ മുന്നിലൂടെ വര്‍ണമത്സ്യങ്ങളുടെ ഒരു കൂട്ടം കടന്നുപോയി, അവയെ കാണാന്‍ പറ്റി എന്നതാണ് എനിക്കു കിട്ടിയ ബോണസ്. മീന്പാതകളില് അവര്‍ കളിച്ചുല്ലസിച്ചു നീന്തുകയാണെന്ന തോന്നലുണ്ടായി. അവര്‍ സംസാരിക്കുന്ന ഭാഷ ഏതായിരിക്കും എന്നാലോചിച്ചു. ഞാന്‍ സിലിണ്ടറുമായി മുകള്‍പരപ്പിലേക്ക് പൊന്തി.
സ്നോര്‍ക്കലിങ് കുറച്ചുകൂടി എളുപ്പമായി തോന്നി. മുഖത്ത്, ലെന്‍സുള്ള ഒരു മാസ്ക് വെച്ച് തലമാത്രം മുക്കി പതുക്കെ നീന്തുന്ന രീതിയാണിത്. ലെന്സുള്ളതുകൊണ്ട് അടിത്തട്ട് വ്യക്തമായി കാണാം. പവിഴപ്പുറ്റുകളുടെ ഒരു പ്രദേശത്തായിരുന്നു സ്നോര്‍ക്കലിങ്. വളരെ അടുത്തെന്നപോലെ പുറ്റുകളെ കണ്ടു. കയാക്കിങ് തോണിയുമായി കടലില്‍ തുഴയല്‍ തന്നെ. കരയില്‍നിന്നും വളരെ അടുത്താണിത്. തിര പൊന്തുമ്പോഴും താഴുമ്പോഴും ശ്രദ്ധിക്കണം. ലൈഫ് ജാക്കറ്റിട്ടതിനു ശേഷമാണ് കയാക്കിങ്. ഒരു ഗൈഡ് കൂടെയുള്ളതിനാല്‍ തുഴച്ചില്‍ കുറച്ചെളുപ്പമായിരുന്നു. ഗ്ലാസ് ബോട്ടിലുള്ള യാത്രയും വലിയ ആഴമില്ലാത്ത സ്ഥലങ്ങളില്‍ കടലിന്റെ അടിത്തട്ട് കാണാന്‍ സഹായിക്കും. ബോട്ടിന്റെ അടിത്തട്ടില്‍ ഗ്ലാസ് പതിച്ചിരിക്കുകയാണ്. അതിലൂടെയാണ് കടലിന്റെ അടിത്തട്ട് കൂടുതല്‍ സമീപസ്ഥമായി വെളിപ്പെടുന്നത്.
കടലിന്റെ സൗന്ദര്യം ഇതുപോലെ അടുത്തറിഞ്ഞിട്ടുള്ളത് കുറവാണ്. കടലാമകളെ തേടി പോകലാണ് സഞ്ചാരികള്‍ക്ക് അഗത്തി നല്കുന്ന മറ്റൊരാകര്‍ഷണം. പഞ്ചാരമണല്ത്തീരം, സൂര്യാസ്തമയങ്ങള്‍, നിറഞ്ഞുനില്ക്കുന്ന പ്രകൃതിസൗന്ദര്യം –ലക്ഷദ്വീപ് ഏതൊരു സഞ്ചാരിക്കും ഇപ്പറഞ്ഞ കാര്യങ്ങളെല്ലാം ഉറപ്പിക്കുന്നു.
മടങ്ങുമ്പോള്‍ പക്ഷേ, എനിക്കൊപ്പം പോന്നത്, അല്ലെങ്കില്‍ ഞാന്‍ വന്‍കരയിലേക്ക് കൊണ്ടുപോന്നത് രണ്ടു കാര്യങ്ങളാണ്. ഒന്ന് ബീക്കുഞ്ഞിയുടെ കഥതന്നെ. മറ്റൊന്ന് ആയാപ്പ പാടിയ പാട്ടിലെ വരികള്‍.
‘‘മക്കം അടുത്ത മിസ്റാണാക്കത്തീ
ആദ്യം കലങ്ങും ജസീറാണാക്കത്തി.’’
ആ ജസീര്‍, സൗന്ദര്യത്തിന്റെയും നല്ല മനുഷ്യരുടെയും നാടുമാത്രമായ ആക്കത്തി ഒരിക്കലും കലങ്ങാതിരിക്കട്ടെ.