നിനച്ചിരിക്കാതൊരു വീഴ്ച

വീണ്ടും പുല്മേട്ടിലൂടെയുള്ള നടത്തം തുടങ്ങിയപ്പോഴാണ് കുറച്ചെങ്കിലും ശ്വാസം നേരെയായത്. ദൂരെ പുക ഉയരുന്നത് കണ്ടു. ഞങ്ങടെ ലക്ഷ്യസ്ഥാനത്തെത്താറായി എന്ന് മനസ്സിലായി. അതോടെ തളര്‍ച്ച കൂടി. ഒരു മിനിറ്റുപോലും കുതിരപ്പുറത്തിരിക്കാന്‍ സാധിക്കില്ല എന്ന് തോന്നി -മംഗോളിയൻ യാത്ര തുടരുന്നു.രാത്രിയില്‍ നന്നായി ഉറങ്ങാന്‍ പറ്റിയില്ല. രാവിലെ ഏഴരക്ക് ഇറങ്ങണം എന്നാണ് അനു പറഞ്ഞുവെച്ചിരുന്നത്. കുതിരപ്പുറത്തു 6 -7 മണിക്കൂര്‍ യാത്ര ചെയ്തെങ്കിലേ റെയിന്‍ഡിയറുകളെ...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
വീണ്ടും പുല്മേട്ടിലൂടെയുള്ള നടത്തം തുടങ്ങിയപ്പോഴാണ് കുറച്ചെങ്കിലും ശ്വാസം നേരെയായത്. ദൂരെ പുക ഉയരുന്നത് കണ്ടു. ഞങ്ങടെ ലക്ഷ്യസ്ഥാനത്തെത്താറായി എന്ന് മനസ്സിലായി. അതോടെ തളര്‍ച്ച കൂടി. ഒരു മിനിറ്റുപോലും കുതിരപ്പുറത്തിരിക്കാന്‍ സാധിക്കില്ല എന്ന് തോന്നി -മംഗോളിയൻ യാത്ര തുടരുന്നു.
രാത്രിയില്‍ നന്നായി ഉറങ്ങാന്‍ പറ്റിയില്ല. രാവിലെ ഏഴരക്ക് ഇറങ്ങണം എന്നാണ് അനു പറഞ്ഞുവെച്ചിരുന്നത്. കുതിരപ്പുറത്തു 6 -7 മണിക്കൂര്‍ യാത്ര ചെയ്തെങ്കിലേ റെയിന്‍ഡിയറുകളെ വളര്‍ത്തുന്ന ഗ്രാമത്തില്‍ പോകാന്‍ സാധിക്കൂ. ഇതിനുമുമ്പ് നിരപ്പായ പ്രതലത്തിലൂടെ കുതിരപ്പുറത്തു പോയതുതന്നെ പണി വാങ്ങിയിരുന്നു. തുടയും പിന്‍ഭാഗവും ഉരഞ്ഞു രണ്ടുമൂന്നു ദിവസം നടക്കാന്‍ ബുദ്ധിമുട്ടായിരുന്നു. ഇതിപ്പോൾ മല കയറി പോകണം. ‘മോഡറേറ്റ്ലി ടിഫിക്കൽട്ട്’ എന്നാണ് ടൂര്‍ കമ്പനിക്കാരുടെ റേറ്റിങ്. നടുവ് വേദന വല്ലതും വരുമോ, കുതിരപ്പുറത്തുനിന്ന് താഴെ വീഴുമോ തുടങ്ങിയ പലവിധ ആശങ്കകൾ മനസ്സിൽ നിറഞ്ഞു. പക്ഷേ റെയിന്ഡിയറുകളോട് അടുത്തിടപഴകാന്‍ കിട്ടുന്ന അവസരം നഷ്ടപ്പെടുത്താനും വയ്യ. കാണാന്‍ പോകുന്ന അതിമനോഹര കാഴ്ചകളുടെ ചിത്രങ്ങള്‍ മനസ്സില്‍ വരച്ചിട്ടപ്പോള്‍ പേടി അൽപം കുറഞ്ഞു.
പുറത്തു നല്ല ഒന്നാന്തരം മഴ പെയ്യുന്നു. മംഗോളിയന്‍ കാലാവസ്ഥ പ്രവചനാതീതമാണ്. വേനല്ക്കാലത്തു നില്ക്കുന്ന നിൽപിലാണ് മഴ പെയ്യുക. മഴയത്ത് കുതിരപ്പുറത്തുള്ള യാത്ര സുരക്ഷിതമായിരിക്കുമോ എന്നാലോചിച്ചു നിന്നപ്പോള്‍ അനു വന്നു ചേര്‍ന്നു. ‘‘ഉഗ്രന്‍ മഴയാണ്. നമ്മുടെ യാത്ര നടക്കില്ല. പാറപ്പുറത്തു വഴുക്കലുണ്ടാകും. വെയില് വന്നെങ്കിലേ യാത്രയുടെ കാര്യം തീരുമാനിക്കാന്‍ പറ്റൂ.’’ കുതിരപ്പുറത്തു പോകുന്നതിന്റെ ഭയമുണ്ടെങ്കിലും യാത്ര മുടങ്ങിയപ്പോള്‍ നിരാശ തോന്നി. മംഗോളിയ സന്ദര്‍ശനവേളയില്‍ കാണാന്‍ ഏറ്റവും ആഗ്രഹിച്ച ഒന്നാണ് റെയിന്‍ഡിയറുകളെ വളര്‍ത്തുന്ന ഗ്രാമത്തില്‍ പോയി അവയോടൊത്ത് രണ്ടുദിവസം കഴിയണമെന്നത്.
അനുവിന് എന്റെ വിഷമം മനസ്സിലായി. ‘‘നോക്കൂ ഉച്ച കഴിഞ്ഞു മഴ മാറാന്‍ സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ മൂന്ന് മണിക്കൂര്‍കൊണ്ട് വഴിമധ്യേയുള്ള ചെറിയ ഒരു ഗ്രാമത്തിലെത്താന്‍ സാധിക്കും. ഇന്നവിടെ തങ്ങിയിട്ട് നാളെ കൂടുതല്‍ മാനുകള്‍ ഉള്ള സ്ഥലത്തേക്ക് പോകാം. ഒരു രീതിയിലും മഴ കുറയുന്നില്ലെങ്കില്‍ ഇവിടെ അടുത്തൊരിടത്ത് വിഡിയോ ഷൂട്ടിങ്ങിനായി കുറച്ചു മാനുകളുമായി ഒരു കുടുംബം തമ്പടിച്ചിട്ടുണ്ട്. നമുക്ക് വേണമെങ്കിൽ അവരെ കാണാന്‍ പോകാം. ഏതായാലും ഉച്ചയാകട്ടെ. ഒരു തീരുമാനം എടുക്കാം.
അതുവരെ ഒറ്റക്കിരിക്കണ്ട. എന്റെ കൂടെ വാ. ഞാന്‍ ത്സുയിവാന് ഉണ്ടാക്കാന്‍ പോകുകയാണ്.’’ മംഗോളിയന്‍ നൂഡില്‍സിന്റെ പേരാണ് ത്സുയിവാന്. അനുവിനൊപ്പം ഞാനും കൂടി. മൈദ മാവ് കുഴച്ച് ചെറിയ ചപ്പാത്തികള്‍ ഉണ്ടാക്കി ചുട്ടെടുത്തു. എന്നിട്ട് അതിനെ നീളത്തിൽ നേര്‍ത്ത കഷണങ്ങളാക്കി മുറിച്ചു. മുറിച്ച കഷണങ്ങളില്‍ കുറച്ച് ഒരു കവറിലാക്കി കൊണ്ടുപോകാന്‍ എടുത്തുവെച്ചു. ഉരുളക്കിഴങ്ങും കാരറ്റും എണ്ണയില്‍ മൂപ്പിച്ച ശേഷം, ചെറുതായി അരിഞ്ഞ ആട്ടിറച്ചിയും അതില്‍ ചേര്‍ത്തു, വെള്ളമൊഴിച്ചു പാകംചെയ്തു. എല്ലാം വെന്തപ്പോള്‍ മുറിച്ചുവെച്ച ചപ്പാത്തി കഷണങ്ങളും ചേര്‍ത്ത് വറ്റിച്ചെടുത്തു. വറ്റിക്കാതെ സൂപ്പുപോലെയും ഇതുണ്ടാക്കാറുണ്ട്.
‘‘നിങ്ങള്‍ എന്താണ് എല്ലാത്തിലും ഇറച്ചിക്കഷണം ചേര്‍ക്കുന്നത്. എന്നും ഇറച്ചി വാങ്ങണമെങ്കില്‍ ഒരുപാട് പൈസ ചിലവില്ലേ?’’ ഞാന്‍ ചോദിച്ചു.

ഒരു മംഗോളിയൻ വീട്. പരമ്പരാഗത വേഷത്തിൽ മിത്ര സതീഷ്
‘‘ഞങ്ങള്‍ക്ക് പച്ചക്കറി വാങ്ങുന്നതിലും ലാഭം ആട്ടിറച്ചി വാങ്ങുന്നതാണ്. ഇരുനൂറ് രൂപയുണ്ടെങ്കില്‍ ഒരു കിലോ ആട്ടിറച്ചിയും കൂടെ എല്ലുകളും ലഭിക്കും. എല്ലു തിളപ്പിച്ച് സൂപ്പ് ഉണ്ടാക്കാന്‍ പറ്റും. നഗരങ്ങളിലെ പോലെ ഇവിടെ ഇറച്ചിക്കടയൊന്നുമില്ല. ആരെങ്കിലും വളര്‍ത്തുന്ന ആടിനെ കശാപ്പു ചെയ്യുന്നുണ്ടെങ്കില്‍ ചുറ്റുമുള്ളവരെ അറിയിക്കും. വേണ്ടവര്‍ അവരുടെ അടുത്തു പോയി വാങ്ങും. മഞ്ഞുകാലത്ത് ഞങ്ങള്‍ ഒന്നോ രണ്ടോ ആടിനെ കശാപ്പു ചെയ്ത് ഇറച്ചി ഉണക്കിവെക്കും. ഞങ്ങളുടെ പ്രധാന ഭക്ഷണമാണത്. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇറച്ചി ആഡംബരമല്ല. മറിച്ച്, നിലനിൽപിന്റെ കാര്യമാണ്.’’
പുറത്തോട്ട് നോക്കി. മഴ മാറി ചെറുതായി വെയില് വന്നുതുടങ്ങി. ഭീതിയും സന്തോഷവും ഒരുപോലെ തോന്നി. ‘‘അനു... ഞാന്‍ കുതിരപ്പുറത്തു ട്രെക്കിങ് നടത്തിയിട്ടില്ല. എനിക്ക് ചെറിയ പേടിയുണ്ട്.’’
‘‘എന്തിനാണ് പേടിക്കുന്നത്. ഗ്രാമത്തിലെ ഏറ്റവും നല്ല കുതിരക്കാരെയാണ് നമുക്കൊപ്പം വരാന്‍ പറഞ്ഞുവെച്ചിരിക്കുന്നത്. നിങ്ങളുടെ കുതിരയെ കുതിരക്കാരന് പിടിക്കും.’’
അനുവിന് അങ്ങനെയൊക്കെ പറയാം. കുതിരയില്ലാത്ത മംഗോളിയക്കാരനെ ചിറകില്ലാത്ത പക്ഷി എന്നാണ് വിശേഷിപ്പിക്കുന്നത്. മംഗോളിയന്‍ കുഞ്ഞുങ്ങള്‍ കുതിരപ്പുറത്താണ് ജനിച്ചു വീഴുന്നത് എന്നൊരു ചൊല്ലുതന്നെയുണ്ട്. രണ്ടു വയസ്സാകുമ്പോള്‍ കുതിരപ്പുറത്തു സവാരി ചെയ്യാന്‍ പഠിക്കും. നാല് വയസ്സ് ആകുമ്പോള്‍ കുതിരയെ ഓടിക്കാന്‍ അവര്‍ക്ക് സാധിക്കും. ചെങ്കിസ് ഖാന് ലോകം കീഴടക്കിയത് തന്റെ കുതിരപ്പോരാളികളെ മാത്രം കൂടെക്കൂട്ടിയിട്ടാണ്. അറുപത്തി അയ്യായിരം കുതിരപ്പോരാളികളായിരുന്നു ഉണ്ടായിരുന്നത്. ഓരോ പോരാളിക്കും അഞ്ചു കുതിരകള്‍ ഉണ്ടാകും. മാറിമാറി കുതിരകളെ ഉപയോഗിക്കുന്നതുകൊണ്ട് അവക്ക് ക്ഷീണം ഉണ്ടാകില്ല. മറ്റു നാട്ടിലെ പോലെയല്ല. ഇവിടെ കുതിരകള്‍ക്ക് പ്രത്യേകം പരിചരണമൊന്നും കൊടുക്കാറില്ല. അതിനാവശ്യമുള്ള ഭക്ഷണം അതുതന്നെ കണ്ടെത്തും. മഞ്ഞുകാലത്തുപോലും മഞ്ഞു ചികഞ്ഞു പുല്‍നാമ്പുകള്‍ കഴിക്കാന്‍ അവക്ക് പ്രത്യേക കഴിവുണ്ട്.
ചെങ്കിസ് ഒരു ദിശയിലേക്ക് പടയോട്ടം തുടങ്ങുന്നതിനു മുമ്പ് വിശ്വസ്തരെ മുന്നേ പറഞ്ഞുവിടും. കുതിരകള്‍ക്ക് മേയാന്‍ പറ്റിയ സ്ഥലം അവരാണ് നോക്കിവെക്കുക. ചിലപ്പോഴൊക്കെ ഈ വിശ്വസ്തര്‍ ഗ്രാമങ്ങളും കൃഷിയിടങ്ങളും തീ വെച്ച് നശിപ്പിക്കും. ആ സ്ഥലത്തു കാടു വളരും. അവിടെ പിന്നീട് വളരുന്ന പുല്ല് സൈന്യത്തിനൊപ്പം വരുന്ന കുതിരകള്‍ക്ക് കഴിക്കാന്‍ തയാറായി നിൽക്കും. ചെങ്കിസ്ഖാന്റെ മുമ്പ് മഞ്ഞുകാലത്ത് ആരും അങ്ങോട്ടും ഇങ്ങോട്ടും ആക്രമിക്കാറില്ല. പ്രതികൂല കാലാവസ്ഥയാണ് കാരണം. പക്ഷേ ചെങ്കിസിനെ സംബന്ധിച്ചിടത്തോളം ശത്രുവിനെ ആക്രമിക്കാന്‍ പറ്റിയ ഏറ്റവും നല്ല സമയം മഞ്ഞുള്ളപ്പോഴായിരുന്നു. മഞ്ഞു വീണുറഞ്ഞുപോയ നദികള്‍ക്ക് കുറുകെ കൂടി കുതിരപ്പുറത്ത് അനായാസം സഞ്ചരിക്കാന്‍ സാധിക്കും.
‘‘നീ എന്താണ് കുതിരയെ വളര്‍ത്താത്തത്?’’ ഞാന്‍ ചോദിച്ചു.
‘‘എനിക്ക് കുതിരയില്ലെന്ന് ആര് പറഞ്ഞു. എനിക്ക് നാല് വലിയ കുതിരകളും ഒരു കുഞ്ഞു കുതിരയുമുണ്ട്.’’
‘‘പിന്നെന്തിനാ വേറെ കുതിരയെ പറഞ്ഞത്.’’
‘‘നിങ്ങള്‍ കരുതുന്നതുപോലെയല്ല. കുതിര ഞങ്ങളുടെ സ്വന്തമാണെങ്കിലും അതിനെ കെട്ടിയിട്ടു വളര്‍ത്താറില്ല. അതിവിടെ പ്രദേശത്തൊക്കെ അലഞ്ഞുതിരിഞ്ഞു അതിനാവശ്യമുള്ള ഭക്ഷണം കഴിച്ചു സന്തോഷമായി നടക്കും. എനിക്കെപ്പോഴെങ്കിലും ആവശ്യം വന്നാല്‍ ഞാന്‍ അതിനെ പിടിച്ചോണ്ട് വരും. നല്ലതുപോലെ അറിയാമെങ്കില്‍ മാത്രമേ മെരുക്കമില്ലാത്ത കുതിരയെ ഓടിക്കാന്‍ സാധിക്കൂ. നിങ്ങള്‍ക്കുവേണ്ടി ഇണക്കമുള്ള കുതിരകളെയാണ് പറഞ്ഞുവെച്ചിരിക്കുന്നത്.’’
‘‘കുതിരയുടെ പേരെന്താണ്?’’
‘‘കുതിരക്ക് പേരൊന്നുമില്ല. ഞങ്ങള്‍ അതിനെ കൊഞ്ചിക്കാറൊന്നുമില്ല.’’
‘‘കുതിര എവിടെയുണ്ടെന്ന് നിനക്കെങ്ങനെ അറിയും?’’
‘‘ഗ്രാമത്തിലെ എല്ലാവർക്കും എല്ലാവരുടെയും കുതിരകളെ അറിയാം. ഇന്നലെ നാദത്തിന് പോയപ്പോള്‍ രണ്ടുപേര്‍ എന്റെ കുതിരകളെ കണ്ട വിവരം എന്നോട് പറഞ്ഞു. ആരും ആരുടെയും കുതിരകളെയോ മറ്റു മൃഗങ്ങളെയോ മോഷ്ടിക്കാറില്ല. റഷ്യന്‍ അതിര്‍ത്തിക്കപ്പുറമുള്ള തുവാന് ഗ്രാമത്തില്‍നിന്നുള്ളവര്‍ ചിലപ്പോള്‍ ഞങ്ങളുടെ കുതിരകളെ മോഷ്ടിച്ച് കൊണ്ടുപോകാറുണ്ട്. അവരെ മാത്രമേ ഭയമുള്ളൂ. അവര്‍ തോക്കുമായിട്ടാണ് വരിക. ഞങ്ങള്‍ക്കൊന്നും ചെയ്യാന്‍ സാധിക്കില്ല. ചെങ്കിസിന്റെ രക്തമാണ് ഞങ്ങളുടെ സിരകളില്‍ ഓടുന്നത്. കുതിരകള്‍ ഞങ്ങള്‍ക്ക് ജീവനാണ്. മംഗോളിയന്‍ യാമിനെപ്പറ്റി അറിയുമോ?’’
‘‘യാം?.. ചേനയല്ലേ? ഇവിടെ യാം ഉണ്ടോ?’’ ഞാന്‍ അത്ഭുതത്തോടെ ചോദിച്ചു.
അനു പൊട്ടിച്ചിരിച്ചു. ‘‘ഇംഗ്ലീഷ് യാം അല്ല മംഗോളിയന്‍ യാം. ചെങ്കിസ് തുടങ്ങിവെച്ച തപാല്‍ ശൃംഖലയാണ് യാം. 20-30 മൈല്‍ തോറും ഒരു തപാല്‍ സ്റ്റേഷന് ഉണ്ടായിരുന്നു. അവിടെ കുതിരയും കുതിരക്കാരനും സജ്ജമായിരിക്കും. ചെങ്കിസിന് എന്തെങ്കിലും വിവരം എങ്ങോട്ടേക്കെങ്കിലും എത്തിക്കണമെങ്കില്‍ ഈ സേവനം ഉപയോഗപ്പെടുത്തും. ഓരോ കുതിരക്കാരനും മുപ്പതു മൈല്‍ സഞ്ചരിക്കും. അവിടന്ന് അടുത്തയാള്‍ യാത്ര തുടങ്ങും. ചാരവൃത്തിക്കും ശത്രുക്കളുടെ വിവരങ്ങള്‍ കൈമാറാനുമൊക്കെ യാം സഹായകമായി. വിദേശ പ്രമുഖരെയും വ്യാപാരികളെയും അവരുടെ യാത്രയില്‍ സംരക്ഷിക്കാനും യാം ഉപയോഗിച്ചിരുന്നു.

യാത്രക്കിടെ ലേഖിക,റെയിന്‍ഡിയറുകളെ വളര്‍ത്തുന്ന ഗ്രാമത്തിലേക്കുള്ള യാത്ര
‘‘വാട്ട് എ ബ്രില്യന്റ് റൂളര്‍!’’ ചെങ്കിസിനോട് ആരാധന തോന്നി.
കുതിരവിശേഷങ്ങള് കേട്ടിരുന്നതുകൊണ്ട് സമയം പോയതറിഞ്ഞില്ല. മണി പതിനൊന്നര കഴിഞ്ഞിരുന്നു.
‘‘വേഗം പോയി തയാറായിക്കോ. നല്ല വെയിലുണ്ട്. നമുക്ക് പെട്ടെന്നിറങ്ങാന്‍ നോക്കാം.’’
ഞാന്‍ മുറിയില്‍ പോയി ബാഗെല്ലാം എടുത്തു വെച്ചു. ഉറങ്ങിക്കിടന്ന ബ്രൂണോയെ കുത്തിപ്പൊക്കി. അനുവുമായി സംസാരിച്ച കുതിര വിശേഷങ്ങള്‍ ബ്രൂണോയുമായും പങ്കുവെച്ചു. ആ സമയം എംബസിയിലെ ഉദ്യോഗസ്ഥന്റെ മെസേജ് കിട്ടി. ഞങ്ങളുടെ മുഴുവന്‍ പൈസയും അനാര്‍ എംബസി അക്കൗണ്ടിലേക്ക് ഇട്ടു എന്നറിയിച്ചുകൊണ്ടുള്ള മെസേജ് ശുഭസൂചകമായി തോന്നി.
പെട്ടെന്നിറങ്ങാം എന്ന് പറഞ്ഞ അനുവിനെ ഒരു മണിയായിട്ടും കണ്ടില്ല. അന്വേഷിച്ചു ചെന്നപ്പോള്‍ ആള് ഫോണിലൂടെ ആരെയോ വിളിച്ചുകൊണ്ടിരിക്കുന്നു.
‘‘എന്ത് പറ്റി... മഴ വരുന്നതിനു മുമ്പ് നമുക്ക് യാത്ര തുടങ്ങാമായിരുന്നില്ലേ?’’
‘‘അത് അച്ഛന് പറ്റിച്ചു. ഇവിടന്നു ഇരുപതു കിലോമീറ്റര്‍ അകലെയാണ് കുതിരയുള്ള സ്ഥലം. അച്ഛന് കള്ളും കുടിച്ച് വണ്ടിയുമായി രാവിലെ പോയതാണ്. വിളിച്ചിട്ട് ഫോണ്‍ എടുക്കുന്നില്ല. ഞാന്‍ ഒരു സുഹൃത്തിനോട് നമ്മളെ കൊണ്ടാക്കാന്‍ വരാന്‍ പറഞ്ഞിട്ടുണ്ട്. അവന് വരാന്‍ കാത്തിരിക്കുകയാണ്.’’
കാത്തിരിപ്പിന്റെ മുഷിച്ചിലില്‍ കുതിരസവാരിയുടെ കാര്യമൊക്കെ ഞാന്‍ പാടെ മറന്നു. അനുവിന്റെ സുഹൃത്ത് റഷ്യന്‍ വാനിലായിരുന്നു വന്നത്. ഞങ്ങള്‍ സാധനങ്ങളൊക്കെ കയറ്റിവെച്ച് വണ്ടിയില്‍ കയറി. അനുവിന്റെ മക്കളും കയറി. വണ്ടിക്കാരന് അവരെ തിരികെ ആക്കിക്കോളും എന്ന് പറഞ്ഞു. അര മണിക്കൂര്‍ കുലുങ്ങിക്കുലുങ്ങിയുള്ള യാത്രക്കൊടുവില്‍ ഞങ്ങള്‍ കുതിരക്കാരന്റെ വീട്ടിലെത്തി. അഞ്ചു കുതിരകളെ അവിടെ കെട്ടി നിര്‍ത്തിയിരുന്നു. അനു ചെറുപ്പക്കാരനായ കുതിരക്കാരനെ പരിചയപ്പെടുത്തി. അര്വാന എന്നായിരുന്നു അവന്റെ പേര്. സ്കൂളില്‍ അനുവിന്റെ സഹപാഠിയായിരുന്നു. മുതിര്‍ന്ന കുതിരക്കാരെ ഏര്‍പ്പാടാക്കി എന്നായിരുന്നല്ലോ അനു പറഞ്ഞത് എന്ന് മനസ്സില്‍ കരുതി.
‘‘ചെറിയൊരു പ്രശ്നമുണ്ട്. പറഞ്ഞുവെച്ച കുതിരക്കാരെല്ലാം ഇന്നലത്തെ നാദത്തിന് പോയി വെള്ളമടിച്ചു കിടപ്പാണ്. ഇവനെ മാത്രമേ കിട്ടിയുള്ളൂ. ഇവന് ബ്രൂണോയുടെ കുതിരയെ പിടിക്കും. ഞാന്‍ നിങ്ങളുടെ കുതിരയെ പിടിച്ചോളാം.’’
ആരെങ്കിലും പിടിച്ചാല്‍ മതി. യാത്ര തുടങ്ങാമെന്ന് ഞാന്‍ പറഞ്ഞു. അഞ്ചു കുതിരകളില്‍ ഒരെണ്ണം ഞങ്ങളുടെ ബാഗും മറ്റു സാധനങ്ങളും ചുമക്കാന്വേണ്ടി മാത്രമായിരുന്നു. അതിന്റെ മുതുകിന്റെ രണ്ടു വശത്തുമായി കെട്ടിവെക്കേണ്ട പ്രത്യേക സഞ്ചിയില്‍ ഞങ്ങള്‍ കൊണ്ടുപോയ സാധനങ്ങള്‍ അര്വാന നിറച്ചു. ബ്രൂണോയുടെ ഭാരം നൂറ്റിപ്പത്ത് കിലോ ആയിരുന്നു. ഒരു വലിയ വെള്ളക്കുതിര ബ്രൂണോക്കു വേണ്ടി മാറ്റിനിര്‍ത്തിയിരുന്നു. എന്റെ കുതിര തവിട്ടു നിറമായിരുന്നു.
അതിന്റെ പിറകിലത്തെ കാലിനു മുകളിലായി ഒരു ത്രിശൂലത്തിന്റെ ചിഹ്നമുണ്ടായിരുന്നു. ഞാന്‍ അതിന്റെ പുറത്തു കയറിയിരുന്ന ശേഷം അര്വാന കടിഞ്ഞാണ്‍ പിടിക്കുന്നതെങ്ങനെയെന്നു കാണിച്ചു തന്നു. അതുപോലെ കുതിര മുന്നോട്ടു നടക്കാനായി ‘‘ചൂ ചൂ’’ എന്ന് പറഞ്ഞുകൊണ്ട്, കാലുകൊണ്ട് വശത്തു തട്ടിയാല്‍ മതിയെന്നും പറഞ്ഞു. എല്ലാവരും അവരവരുടെ കുതിരപ്പുറത്തു കയറി. എന്റെ കുതിരയുടെ കഴുത്തില്‍ കെട്ടിയ നീണ്ട ചരട് അനു പിടിച്ചിരുന്നു. അര്വാനക്ക് പുറകിലായി ഞങ്ങള്‍ നിരനിരയായി നീങ്ങി. പുല്‍മേട്ടിലൂടെ പതുക്കെയുള്ള നടത്തം എനിക്ക് ആത്മവിശ്വാസം പകര്‍ന്നു. ടെൻഷനെല്ലാം മറന്ന് ഉല്ലാസവതിയായി.

യാത്രക്കിടയിൽ ലേഖിക താമസിച്ച കൂടാരം
ഒരു നദിയുടെ ഓരം പറ്റി, പുല്‍മേട്ടിലൂടെ കുറച്ചു ദൂരം സഞ്ചരിച്ചു. എനിക്ക് മുന്നില്‍ പോയിരുന്ന അനു വിളിച്ചുപറഞ്ഞു, ‘‘അങ്ങോട്ട് നോക്കൂ. നിങ്ങള്‍ കാണാന്‍ ആഗ്രഹിച്ച കാഴ്ച.’’ നോക്കുമ്പോള്‍ കുറച്ച് റെയിന്‍ഡിയറുകൾ മേയുന്നു. കുതിരപ്പുറത്തുനിന്ന് എടുത്തു ചാടാനായിരുന്നു ആദ്യം തോന്നിയത്. ‘‘അനു... നിര്‍ത്ത് നിര്‍ത്ത്. എനിക്കിവിടെ ഇറങ്ങണം. പ്ലീസ്.’’ ഞാന്‍ ബഹളം വെച്ചു. ഏറെ മുന്നില്‍ പോയിരുന്ന അര്വാന അവന്റെ കുതിരയുടെ കടിഞ്ഞാണ്‍ വലിച്ചു നിര്‍ത്തി. അനു കാര്യം പറഞ്ഞപ്പോള്‍ കുറച്ചുകൂടി മുന്നോട്ടു പോയിട്ട് ഇറക്കാമെന്ന് പറഞ്ഞു. അവിടെയുണ്ടായിരുന്ന പൈന്‍ മരക്കാടിനടുത്തു നിര്‍ത്തി. ഇറങ്ങുന്നതിനിടക്ക് ഒരു അമളി പറ്റി. അനു പലപ്പോഴും ഇംഗ്ലീഷ് വാക്കുകള്‍ അതിന്റെ യഥാർഥ അർഥത്തിലല്ല ഉപയോഗിക്കുന്നത്.
അനു പറഞ്ഞത് വലതുകാല്‍ കുതിരപ്പുറത്തു നിന്നെടുത്ത് അര്വാനയെ ഹഗ് ചെയ്താല്‍ മതി എന്നായിരുന്നു. അത് പ്രകാരം ഞാന്‍ രണ്ടു കൈയും അര്വാനയുടെ ചുമലിനു ഇരുവശവും വെച്ച് ഹഗ് ചെയ്തിറങ്ങി. അവന്റെ മുഖത്ത് അമ്പരപ്പായിരുന്നു. അനു അവരുടെ ഭാഷയില്‍ എന്തോ പറഞ്ഞു അവനെ കളിയാക്കുന്നുണ്ടായിരുന്നു. അവന്റെ കവിളുകള്‍ ചുമന്നു തുടിച്ചു. പിന്നീട് അനു ഇറങ്ങേണ്ട വിധം കാണിച്ചു തന്നു. അര്വാനയുടെ ചുമലില്‍ സപ്പോര്‍ട്ട് ചെയ്ത് ഇറങ്ങാനായിരുന്നു പുള്ളിക്കാരി ഉദ്ദേശിച്ചത്. ഉള്ളില്‍ പതഞ്ഞുവന്ന ജാള്യത പുറത്തുകാട്ടാതെ ഞാൻ നിന്നു.
അര്വാന കുതിരകളെ മരത്തിലോട്ട് കെട്ടി. ഞാന്‍ മാനുകളുടെ അടുത്തേക്ക് ഓടി. ആദ്യമൊക്കെ അവയെ തൊടാന്‍ പേടിയായിരുന്നു. കുത്തുകയോ മറ്റോ ചെയ്യുമോ എന്ന ആശങ്കയായിരുന്നു. പക്ഷേ, തൊട്ടപ്പോള്‍ അത് മൂക്കും കൊമ്പുമൊക്കെ വെച്ച് എന്നേ ചൊറിയാന്‍ തുടങ്ങി. കുറച്ചുനേരം അതുങ്ങളെ കളിപ്പിച്ചു നിന്നു. അപ്പോഴേക്കും അനു എത്തി. ‘‘വീഡിയോ ഷൂട്ടിങ്ങിനായി കൊണ്ടുവന്നതാണ്. കുറച്ചു മംഗോളിയന്‍ ടൂറിസ്റ്റുകള്‍ ഇപ്പൊ എത്തും. നമുക്ക് പോകാം. അല്ലെങ്കിൽ ഒരുപാടു വൈകും.’’ ഞങ്ങള്‍ തിരിച്ചു കുതിരയുടെ അടുത്തേക്ക് നടക്കാന്‍ നേരം രണ്ടു വണ്ടികളിലായി കുറെ മംഗോളിയക്കാര്‍ എത്തി. മാനുകള്‍ക്കൊപ്പം നിന്ന് ഫോട്ടോ എടുക്കാനുള്ള തിരക്കിലായിരുന്നു അവര്‍.
അര്വാന കുതിരകളെ നദിയുടെ അടുത്തേക്ക് കൊണ്ടുപോയി. വെള്ളത്തിലേക്ക് ഇറങ്ങാന്‍ ആദ്യം അറച്ചുനിന്ന കുതിരകള്‍ അര്വാനയുടെ വഴക്ക് കേട്ടപ്പോള്‍ എടുത്തുചാടി. വല്ലാത്തൊരു ചാട്ടമായിരുന്നു അത്. കുതിര മുന്നോട്ടാഞ്ഞതും ഞാൻ ശരിക്കും പേടിച്ചുപോയി. നദിക്കപ്പുറം പൈന്‍ കാടുകളായിരുന്നു. കാട്ടിലൂടെയുള്ള ചെറിയൊരു നടപ്പാതയിലൂടെയായിരുന്നു ഞങ്ങളുടെ യാത്ര. എന്നെപ്പോലെ തന്നെയായിരുന്നു എന്റെ കുതിരയും. കൂട്ടത്തില്‍ നടക്കില്ല. നേരെയാണ് വഴിയെങ്കിലും അത് നാലു ചുവടുമാറി നടക്കും.
എവിടെയെങ്കിലും അതിനിഷ്ടമുള്ള ചെടി കണ്ടാല്‍ മറ്റൊന്നിനെയും കൂസാതെ പൊന്തക്കാട്ടിലേക്ക് പോകും. എന്റെ മുഖവും കൈയുമെല്ലാം ചെടികൊണ്ട് ഉരഞ്ഞു. അനു കൈയിലുള്ള ചരട് വലിച്ചാല്‍ ഒന്നും അത് മൈന്‍ഡ് ചെയ്യില്ല. കഴിച്ചു കഴിഞ്ഞ് അതിനു തോന്നുമ്പോഴെ നടക്കാന്‍ തുടങ്ങൂ. വഴിയിലുള്ള ചില്ലകള്‍ ഉരസിയും ചെടികള്‍ ഉരഞ്ഞും ശരീരത്തിലൊക്കെ പോറലുകള്‍ ഉണ്ടായി. അനുവും ഞാനും വളരെ പിന്നിലായി. മഴപെയ്ത് അവിടെയെല്ലാം ചതുപ്പു പോലെയായിരുന്നു.
ചതുപ്പില്‍ കുതിരയുടെ കാലു പൂണ്ടുപോകുന്നതും നോക്കി പെട്ടെന്നു തല പൊക്കിയപ്പോള്‍ മുഖത്തിന് തൊട്ട് മുന്നില്‍ വലിയൊരു ശിഖരം. മുഖം തട്ടാതിരിക്കാന്‍ ഞാൻ അതിൽ കയറിപ്പിടിച്ചു. കുതിര മുന്നോട്ടു പോയി. ഞാന്‍ ‘പൊത്തോ’ എന്ന് കമഴ്ന്നടിച്ചു ഒറ്റ വീഴ്ച. നക്ഷത്രം എണ്ണിപ്പോയി. സ്വബോധം വീണ്ടെടുത്ത് കാല് അനക്കി നോക്കി. ഒന്നും ഒടിഞ്ഞിട്ടില്ല. സമാധാനം.

റെയിന്‍ഡിയറുകളെ വളര്‍ത്തുന്ന ഗ്രാമം -മറ്റൊരു കാഴ്ച
അനു ഓടിയെത്തി. ‘‘എന്തെങ്കിലും പറ്റിയോ. കുതിര ഏതായാലും മിടുക്കനാണ്. സാധാരണ കുതിരപ്പുറത്തുനിന്ന് ആള് വീണാല്‍ കുതിര വെപ്രാളപ്പെട്ട് ഓടുകയാണ് പതിവ്.’’ മനുഷ്യന്റെ നടുവൊടിഞ്ഞിരിക്കുമ്പോഴാണ് കുതിരയുടെ വാഴ്ത്തുപാട്ടുകള്‍ പാടുന്നത്. എനിക്ക് ദേഷ്യം വന്നു. അവള് പിടിച്ചെഴുന്നേൽപിക്കാന് സഹായിക്കാമെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ നിരസിച്ചു. പരസഹായം കൂടാതെ വല്ല വിധേനയും എഴുന്നേറ്റു. അര്വാന വന്നുചേര്‍ന്നു. കുതിരയെ മര്യാദക്ക് നിയന്ത്രിക്കാത്തതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് പറഞ്ഞു. ഏതായാലും ഇനിയുള്ള ദൂരം എന്റെ കുതിരയെ അര്വാന തെളിച്ചാൽ മതിയെന്ന് തീരുമാനമെടുത്തു.
കാട്ടിലൂടെ ഏറെദൂരം സഞ്ചരിച്ചശേഷം വലിയ ഉരുളന്‍ കല്ലുള്ള പ്രദേശത്തെത്തി. കുതിരകള്‍ക്ക് ചെറിയൊരു വിശ്രമത്തിനായി എല്ലാവരും അവിടെ ഇറങ്ങി. അവിടെയുണ്ടായിരുന്ന കല്ലുകള്‍ കണ്ട് എനിക്ക് പേടിയായി. നേരത്തേ ചതുപ്പില്‍ വീണതുകൊണ്ട് നടുവ് ചതഞ്ഞതേയുള്ളൂ. എന്റെ മനസ്സ് വായിച്ചതുപോലെ ബ്രൂണോ അടുത്തുവന്നു നിന്ന് പറഞ്ഞു. ‘‘നീ വളരെ ഭാഗ്യവതിയാണ്. കുതിരപ്പുറത്തുനിന്ന് വീണാല്‍ വലിയ അപകടങ്ങള്‍ സംഭവിക്കാം. നിനക്കൊന്നും പറ്റിയില്ലല്ലോ. സമാധാനം.’’ അത് കേട്ടപ്പോള്‍ പേടി കൂടി. ഇത്രയും റിസ്ക് എടുത്ത് യാത്രചെയ്യേണ്ടിയിരുന്നില്ല എന്ന് തോന്നി. വീണ്ടും യാത്ര തുടങ്ങിയപ്പോള്‍ ജീവന് കൈയില്‍ പിടിച്ചാണ് ഇരുന്നത്.

റെയിന്‍ഡിയറുകളെ വളര്‍ത്തുന്ന ഗ്രാമം- ഒരു ചിത്രം
കല്ലിന്റെ പുറത്തുകൂടി കുതിര നടക്കുമ്പോള്‍ തെന്നിവീഴുമോ എന്ന ഭയം എന്നെ ഗ്രസിച്ചു. സകല ദൈവങ്ങളെയും വിളിച്ചിരിപ്പായി. ഞങ്ങള്‍ സഞ്ചരിക്കുന്ന പ്രതലം കൂടുതല്‍ മോശമായി. വലിയ ഫുട്ബാള്‍ ഗ്രൗണ്ട് പോലുള്ള സ്ഥലത്തു വെള്ളവും ചളിയും കൂടിക്കലര്‍ന്നു കിടന്ന സ്ഥലത്തുകൂടി മുന്നോട്ടു പോകാന്‍ പാടുപെട്ടു. ചളിയില്‍ പൂണ്ടു പോകുന്ന കാല് വലിച്ചു പുറത്തെടുക്കാന്‍ കുതിര ആയാസപ്പെട്ടു. കുതിര വീണുപോകുമോ എന്ന് ഞാന്‍ പേടിച്ചു. എന്റെ മുഖമാകെ വിളറുന്നതു കണ്ട് അര്വാന ആംഗ്യഭാഷയില്‍ സമാധാനിപ്പിക്കാന്‍ നോക്കി.
വീണ്ടും പുല്മേട്ടിലൂടെയുള്ള നടത്തം തുടങ്ങിയപ്പോഴാണ് കുറച്ചെങ്കിലും ശ്വാസം നേരെയായത്. ദൂരെ പുക ഉയരുന്നത് കണ്ടു. ഞങ്ങളുടെ ലക്ഷ്യസ്ഥാനത്തെത്താറായി എന്ന് മനസ്സിലായി. അതോടെ തളര്‍ച്ച കൂടി. ഒരു മിനിറ്റുപോലും കുതിരപ്പുറത്തിരിക്കാന്‍ സാധിക്കില്ല എന്ന് തോന്നി. സമയം ആറര കഴിഞ്ഞു. മൂന്നര മണിക്കൂറായി കുതിരപ്പുറത്തു കയറിയിട്ട്. നിമിഷങ്ങള്‍ എണ്ണി ഒടുവില്‍ ഞങ്ങള്‍ ഗ്രാമത്തിലെത്തി. ഗ്രാമം എന്ന് അവര്‍ വിളിക്കുന്നതാണ്. യഥാർഥത്തില്‍ താമസിക്കാന്‍ അഞ്ചാറു കൂടാരങ്ങള്‍ പണിതിട്ടുണ്ട്. അത്രേയുള്ളൂ. കൂടാരങ്ങള്‍ക്കടുത്തെത്തിയപ്പോള്‍ മക്സര്‍ ഓടിയെത്തി. അദ്ദേഹത്തിന്റെ കുടുംബത്തിനൊപ്പമായിരുന്നു ഞങ്ങളുടെ അന്നത്തെ താമസം. കുതിരപ്പുറത്തു നിന്നിറങ്ങിയ ശേഷം ബ്രൂണോ മുടന്താന്‍ തുടങ്ങി.
മുട്ടുവേദനകൊണ്ട് പാവം പുളയുന്നുണ്ടായിരുന്നു. ‘‘നാളെ നിങ്ങള്‍ അടുത്ത ഗ്രാമത്തിലേക്ക് പോകുന്നുണ്ടെങ്കില്‍ ഞാന്‍ വരുന്നില്ല. എന്റെ പ്രായത്തിനു പറ്റിയതല്ല ഈ സാഹസ യാത്ര.’’ രോഗി ഇച്ഛിച്ചതും വൈദ്യന് കൽപിച്ചതും എന്നായിരുന്നു എന്റെ അവസ്ഥ. വീഴ്ച എന്റെ ആത്മവിശ്വാസം കെടുത്തി. എങ്ങനെയെങ്കിലും പരിക്ക് കൂടാതെ തിരിച്ചെത്തണം. കുതിരപ്പുറത്തു ഇനിയും മുന്നോട്ടു പോകാന്‍ എനിക്കും തീരേ താൽപര്യം തോന്നിയില്ല. മക്സര്‍ കൈയില്‍ പിടിച്ചപ്പോഴാണ് ചിന്തകളില്‍നിന്ന് പുറത്തു ചാടിയത്. പുള്ളി ആകാശത്തേക്ക് ചൂണ്ടിക്കാണിച്ചു. അതിമനോഹരമായ മഴവില്ല് അവിടെ കണ്ടു. വീണ്ടും മനസ്സ് ശുഭപ്രതീക്ഷകള്കൊണ്ട് നിറഞ്ഞു.