റെയിന്‍ഡിയര്‍ പറഞ്ഞ സ്വകാര്യം

ആ സമയം അവിടെക്കൂടി പോയ ഒരു മാന്‍കുഞ്ഞിനെ ഞാന്‍ പിടിച്ചു മടിയില്‍വെച്ച് കൊഞ്ചിക്കാന് ആരംഭിച്ചതും, ഒന്നരവയസ്സുകാരി പാഞ്ഞുവന്ന് അതിന്റെ മുതുകത്തു കയറി, വണ്ടി ഓടിക്കുന്നത് അനുകരിക്കാന്‍ തുടങ്ങി. മാനിന്റെ പുറത്താണ് പലപ്പോഴും മുതിര്‍ന്നവര്‍ യാത്രചെയ്യുന്നതെന്ന് അതുവഴിവന്ന അനു പറഞ്ഞു –മംഗോളിയൻ യാത്ര തുടരുന്നു. 9മക്സർ തന്റെ ടീപിയിലേക്ക് ഞങ്ങളെ കൂട്ടി. ഇരുപതോളം പൈന്മരത്തിന്റെ കഴകള്‍ കോണ്‍ ആകൃതിയില്‍ കൂട്ടിക്കെട്ടി, അതിന്റെ മുകളില്‍ക്കൂടി കാന്‍വാസ്...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
ആ സമയം അവിടെക്കൂടി പോയ ഒരു മാന്‍കുഞ്ഞിനെ ഞാന്‍ പിടിച്ചു മടിയില്‍വെച്ച് കൊഞ്ചിക്കാന് ആരംഭിച്ചതും, ഒന്നരവയസ്സുകാരി പാഞ്ഞുവന്ന് അതിന്റെ മുതുകത്തു കയറി, വണ്ടി ഓടിക്കുന്നത് അനുകരിക്കാന്‍ തുടങ്ങി. മാനിന്റെ പുറത്താണ് പലപ്പോഴും മുതിര്‍ന്നവര്‍ യാത്രചെയ്യുന്നതെന്ന് അതുവഴിവന്ന അനു പറഞ്ഞു –മംഗോളിയൻ യാത്ര തുടരുന്നു.
9
മക്സർ തന്റെ ടീപിയിലേക്ക് ഞങ്ങളെ കൂട്ടി. ഇരുപതോളം പൈന്മരത്തിന്റെ കഴകള്‍ കോണ്‍ ആകൃതിയില്‍ കൂട്ടിക്കെട്ടി, അതിന്റെ മുകളില്‍ക്കൂടി കാന്‍വാസ് ചുറ്റിയതാണ് ഇവരുടെ ടീപി എന്ന കൂടാരം. അദ്ദേഹത്തിന്റെ ഭാര്യ അംഗ ഞങ്ങളെ നിലത്തുവിരിച്ചിരുന്ന പഴകിയ പരവതാനിയില്‍ സ്വീകരിച്ചിരുത്തി. റെയിൻഡിയറിന്റെ പാല് ചേര്‍ത്തുണ്ടാക്കിയ ചൂട് ഉപ്പുചായ ചെറിയ കോപ്പകളില്‍ വിളമ്പി. അവര്‍തന്നെ ഉണ്ടാക്കിയ ബ്രെഡും, മാനിന്റെ പാലില്നിന്നെടുത്ത ക്രീമും കഴിക്കാന്‍ തന്നു. ക്രീമിനെ ഉറും എന്നാണ് വിളിക്കുന്നത്. ബ്രെഡിന് കട്ടി കൂടുതലായിരുന്നെങ്കിലും ഉറും തേച്ചു കഴിച്ചപ്പോള്‍ നല്ല രുചി തോന്നി. മൊബൈലിന് റേഞ്ച് തീരെയില്ല. ഞങ്ങള്‍ പോകാനിരുന്ന ഗ്രാമത്തില്‍ നെറ്റ് വര്‍ക്ക് കിട്ടുമെന്ന് അനു പറഞ്ഞതുകൊണ്ട് വീട്ടുകാരോട് എന്നെ ഫോണിൽ കിട്ടുമെന്ന് അറിയിച്ചിരുന്നു. ഇനിയിപ്പോൾ വിളിച്ചിട്ട് കിട്ടാതെ വരുമ്പോൾ സതീഷും അമ്മയും ടെന്‍ഷന്‍ അടിക്കുമല്ലോ എന്നോര്‍ത്തിരുന്നപ്പോൾ അതാ ടീപിക്കകത്ത് ഫോണ്‍ ബെല്‍ അടിക്കുന്നു. നോക്കിയപ്പോള്‍ ഒരു മൂലക്ക് പണ്ടത്തെ റിസീവര്‍ ഫോണ്‍. സാറ്റലൈറ്റ് കണക്ഷന് ഉണ്ടെന്ന് അനു പറഞ്ഞു. ക്ഷീണം മാറിയപ്പോഴാണ് മാനുകളെ കണ്ടില്ലല്ലോ എന്നോര്‍ത്തത്. മക്സറിനോട് ചോദിച്ചപ്പോള്‍ അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു, ‘‘നിങ്ങൾക്ക് ഒരിക്കലും മറക്കാനാകാത്ത കാഴ്ച കാണാന്‍ തയാറായിക്കോളൂ.’’ ഞങ്ങള്‍ ടീപിക്ക് പുറത്തേക്കു കടന്നു. ടീപിയുടെ മുകളില്‍ ഉണ്ടായിരുന്ന ആന്റിനയും, സോളാര്‍ പാനലും അപ്പോഴാണ് ശ്രദ്ധിച്ചത്.
മണി ഏഴര കഴിഞ്ഞെങ്കിലും നല്ല വെളിച്ചമായിരുന്നു. മക്സറിന്റെ കൂടാതെ അദ്ദേഹത്തിന്റെ മകന്റെയും സഹോദരന്റെയും മരുമകളുടെ മാതാപിതാക്കളുടെയും ടീപി അവിടെയുണ്ടായിരുന്നു. അഞ്ചാറു കുടുംബങ്ങള്‍ ഒന്നിച്ചാണ് ഒരു പ്രദേശത്തു താമസിക്കുക. വടക്കന്‍ മംഗോളിയയില്‍ റഷ്യയുടെ അതിര്‍ത്തിയോട് ചേര്‍ന്ന് പൈന്മരങ്ങള് ഇടതിങ്ങി വളരുന്ന ടൈഗ കാടുകളിലാണ് റെയിൻഡിയര്‍ ഹെര്ടേഴ്സ് എന്നറിയപ്പെടുന്ന ട്സാത്താന് സമൂഹം താമസിക്കുന്നത്.
മംഗോളിയക്കാര്‍ ഇവരെ ട്സാത്താന് എന്നാണ് വിളിക്കുന്നതെങ്കിലും ഇവര്‍ സ്വയം ‘ദൂഖ ’ എന്നാണ് പറയുക. മാനുകള്‍ ഭക്ഷിക്കുന്ന ഒരുതരം പായല്‍ ടൈഗയിലെ കാടുകളിലാണ് ഉണ്ടാകുക. യഥാർഥത്തില്‍ റഷ്യയുടെ ഭാഗമായ തുവ പ്രദേശത്തായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. 1944ല്‍ സോവിയറ്റ് സ്വാധീനത്തില്‍ അതിര്‍ത്തികള്‍ പുനര്‍വിന്യസിച്ചപ്പോള്‍ അവര്‍ മംഗോളിയയുടെ ഭാഗമായി. പൗരന്മാരായി അംഗീകരിക്കപ്പെടാന്‍ പിന്നെയും പത്തു വര്‍ഷമെടുത്തു. 382 അംഗങ്ങളുള്ള 70-80 കുടുംബങ്ങള്‍ മാത്രമാണ് നിലവിലുള്ളത്. ഇവര്‍ക്ക് രണ്ടായിരത്തിലധികം മാനുകളുണ്ട്. തങ്ങളുടെ മാനുകളുമായി ഉൾക്കാടുകളിലാണ് താമസം.
മാനുകളുടെ ഭക്ഷണം തീരുന്നമുറക്ക് ഏകദേശം മൂന്നാഴ്ച കൂടുമ്പോള്‍ അവര്‍ മറ്റൊരു സ്ഥലത്തേക്ക് മാറും.
എല്ലാ കുടുംബാംഗങ്ങളും മാനുകളെ കാത്തു പുറത്ത് നില്‍പ്പുണ്ടായിരുന്നു. മെക്സികോയിൽനിന്നും വന്ന ആന്‍ഡ്രൂവിനെയും സില്‍വിയെയും പരിചയപ്പെട്ടു. കഴിഞ്ഞ എട്ടു മാസമായി ആ ദമ്പതികള്‍ യാത്രയിലാണ്. മുപ്പതിന് താഴെയാണ് പ്രായം. ചെറുപ്പത്തിലേ യാത്രകളുടെ പ്രാധാന്യം മനസ്സിലാക്കി, അതുവരെ മിച്ചംപിടിച്ച കാശുമായി ലോകം കാണാന്‍ ഇറങ്ങിയവര്‍.
ആ പ്രായത്തിലെ എന്റെ സ്വപ്നം സര്‍ക്കാര്‍ ഉദ്യോഗം, വീട്, കാര്‍, കുടുംബം, കുട്ടികള്‍ എന്നിവയെ ചുറ്റിപ്പറ്റിയായിരുന്നു. വെറുതെ പൈസ കളയുന്ന ഏര്‍പ്പാടുകള്‍ മാത്രമായിട്ടാണ് യാത്രകളെ കണ്ടിരുന്നത്. യാത്ര അവനവനെ തേടിയുള്ള പ്രയാണമാണെന്നു തിരിച്ചറിയാന്‍ വർഷങ്ങൾ വേണ്ടിവന്നു. വീടിന്റെയോ കുട്ടികളുടെയോ കെട്ടുപാടുകളൊന്നുമില്ലാതെ സ്വതന്ത്രമായി യാത്രചെയ്യുന്ന അവരെ ആരാധനയോടെ ഞാൻ നോക്കി. അവരുടെ അടുത്ത ലക്ഷ്യം കേരളമാണെന്നു പറഞ്ഞപ്പോള്‍ കൂടുതല്‍ സന്തോഷമായി. പോകേണ്ട സ്ഥലങ്ങളെ പറ്റിയൊക്കെ പറഞ്ഞുകൊടുത്തു. ഞാന്‍ മറ്റ് യാത്രയിലല്ലെങ്കില് ഉറപ്പായും കാണാമെന്നു പറഞ്ഞു.
സംസാരിച്ചിരിക്കുന്നതിനിടയില്‍ പെെട്ടന്നാണ് ഇരുനൂറോളം മാനുകള്‍ പ്രത്യക്ഷപ്പെട്ടത്. നിമിഷനേരംകൊണ്ട് കുന്നിന്‍ചെരുവ് നിറയെ റെയിന്ഡിയറുകളെക്കൊണ്ട് നിറഞ്ഞു. വെള്ളനിറമുള്ളതും തവിട്ടുനിറമുള്ളതുമായ രണ്ടുതരം മാനുകളുണ്ടായിരുന്നു. രണ്ടെണ്ണത്തെ ഒന്നിച്ചു കെട്ടിയ നിലയിലായിരുന്നു. വീട്ടുകാര്‍ കെട്ടഴിച്ചു ഓരോന്നിനെയും അവിടെയുണ്ടായിരുന്ന കുറ്റികളില്‍ കെട്ടിയിട്ടു. നല്ല ഇണക്കമുള്ള മാനുകളായിരുന്നു. അടുത്ത് ചെന്നപ്പോള്‍ അവ എന്റെ കൈയും മുഖവുമെല്ലാം നക്കാന്‍ ആരംഭിച്ചു. ഉപ്പുരസത്തിനു വേണ്ടിയാണു നക്കുന്നതെന്ന് സില്‍വി വിളിച്ചുപറഞ്ഞു. ചില മാനുകൾ തങ്ങളുടെ കൊമ്പ് എന്റെ ദേഹത്തുരക്കുന്നതില് സന്തോഷം കണ്ടെത്തി. രോമാവൃതമായ കൊമ്പുകള്‍ തടവിക്കൊടുക്കാനും രസമായിരുന്നു. ഞാന്‍ മുട്ടുകുത്തി നിലത്തിരുന്നതും മാനുകള്‍ എന്നെ പൊതിഞ്ഞു. ബാക്കി മാനുകള്‍ മുഖവും കൈയും നക്കിക്കൊണ്ടു നിന്നപ്പോള്‍ ഒരെണ്ണം എന്റെ ചെവിയിലാണ് പിടിച്ചത്. ചെവി വിടുവിക്കാന്‍ നോക്കിയിട്ട് അത് ഒരു രീതിയിലും സമ്മതിച്ചില്ല, ഞാന്‍ സില്‍വിയെ സഹായത്തിനു വിളിച്ചു. ചെവിയും പിടിച്ചുള്ള മാനിന്റെ നില്പ് കണ്ട് അവള് പൊട്ടിച്ചിരിച്ചു.
‘‘സത്യം പറ... മാന്‍ നിന്നോട് സ്വകാര്യം പറഞ്ഞതല്ലേ... എനിക്കറിയാം.’’ അവള് പറഞ്ഞു.
‘‘അതെ... ആ സ്വകാര്യം നിന്നോട് പറയണമെങ്കില്‍ പെട്ടെന്ന് എന്നേ വന്നൊന്നു സഹായിക്ക്.’’
സില്‍വി വേഗം മാനിനെ പിടിച്ചുമാറ്റി.
‘‘പറ... പറ... എന്താണ് മാന്‍ പറഞ്ഞത്?’’
‘‘എന്നെക്കൂടി നിന്റെയൊപ്പം നാട് കാണിക്കാന്‍ കൊണ്ടുപോകുമോ എന്നാണത് ചോദിച്ചത്.’’ ഇത്തവണ ഞങ്ങള്‍ ഒന്നിച്ചാണ് അട്ടഹസിച്ചു ചിരിച്ചത്. ഒരു മണിക്കൂറോളം അവറ്റകള്‍ക്കൊപ്പം കറങ്ങിനിന്നു. പുറത്തു നല്ല തണുപ്പായിത്തുടങ്ങിയപ്പോൾ ഞങ്ങള്‍ ടീപിക്കകത്തേക്ക് നീങ്ങി.
ടീ.പിയുടെ ഒത്തനടുക്കുണ്ടായിരുന്ന ഇരുമ്പിന്റെ അടുപ്പില്‍ തീ കത്തിച്ചിട്ടുണ്ടായിരുന്നതിനാല് തണുപ്പില്നിന്നാശ്വാസം കിട്ടി. അടുപ്പിന്റെ കുഴല്‍ പുറത്തേക്കു നീണ്ടുനിന്നു. അകത്തു പുകയില്ലായിരുന്നു. കിടക്കാന്‍ പായ വിരിക്കാന്‍ എല്ലാവരോടും എഴുന്നേറ്റ് പുറത്തുനില്ക്കുമോ എന്ന് അംഗ ചോദിച്ചു. തിരക്കിട്ട് എഴുന്നേൽക്കുന്നതിനിടയില് ഒരു താങ്ങിനായി കയറിപ്പിടിച്ചത് അടുപ്പിന്റെ കുഴലിലായിരുന്നു. വിരലുകള്‍ പൊള്ളിയപ്പോഴാണ് അത് ചുട്ടുപഴുത്തിരിക്കുകയായിരുന്നു എന്ന് മനസ്സിലായത്. ചെറിയ ഗ്ലാസില്‍ വെള്ളമെടുത്തു കൈയും മുക്കി കുറേ നേരം നിന്നപ്പോഴാണ് അൽപം ആശ്വാസം ലഭിച്ചത്.
ടീപിയുടെ ഒരു വശത്തായി അടുക്കിവെച്ചിരുന്ന നേര്‍ത്ത മെത്തകള്‍ അംഗ നിലത്തു നിരത്തി. അതിന്റെ പുറത്ത് എന്റെ സ്ലീപ്പിങ് ബാഗിട്ടിട്ടുണ്ട്, അതിനുള്ളില്‍ കയറി സിപ്പ് വലിച്ചടച്ചു. ഒട്ടും സുഖകരമല്ലാത്ത കിടപ്പ്. ഇടിച്ചുവീണ നടുവിന്റെ ഭാഗത്തെ വേദന, വിരലുകളുടെ നീറ്റല്‍, പുറത്തെ തണുപ്പ് എല്ലാംകൂടി അസ്വസ്ഥത തോന്നി. ക്ഷീണം കാരണം എപ്പോഴോ ഉറങ്ങിപ്പോയി. ഇടക്ക് രാത്രിയില്‍ എഴുന്നേറ്റപ്പോള്‍ തണുപ്പുകൊണ്ട് കിടുകിടാ വിറയല്‍ അനുഭവപ്പെട്ടു. ചുറ്റും ഏഴെട്ടാളുകള്‍ ഉറക്കമായിരുന്നു. അവരെ തട്ടാതെ എങ്ങനെയോ എഴുന്നേറ്റ് ബാഗിലുള്ള ജാക്കറ്റും ഗ്ലോവും ധരിച്ചുറങ്ങി.

രാവിലെ അഞ്ചുമണിക്ക് കണ്ണ് തുറന്നപ്പോള്‍ അംഗ എഴുന്നേറ്റു പോകുന്നത് കണ്ടു ഞാനും പിറകെയിറങ്ങി. എല്ലാ വീട്ടിലെയും സ്ത്രീകള്‍ പാല്‍പ്പാത്രവുമായി മാനുകളെ കറക്കാന്‍ ഇറങ്ങിയിരുന്നു. ഞാനും ഒപ്പംകൂടി. അവരുടെ കൈയിലുണ്ടായിരുന്ന ചരട് വെച്ച് മാനിന്റെ മുന്‍കാലുകള്‍ കൂട്ടിക്കെട്ടിയ ശേഷമാണ് പാലു കറന്നത്. ഒരു മാനില്‍നിന്ന് 100-200 മില്ലി ലിറ്റർ മാത്രമായിരുന്നു ലഭിച്ചത്. മാനുകളെയെല്ലാം കറന്നു കഴിഞ്ഞപ്പോള്‍ മണി ആറരയായി. കെട്ടിയിട്ടിരുന്ന കുഞ്ഞുങ്ങളെ അഴിച്ചുവിട്ടതും അവറ്റകള് പാലിനായി അമ്മമാര്‍ക്ക് പിന്നാലെ പാഞ്ഞു. അംഗ ടീപിക്കകത്തേക്ക് പാലുമായി പോയി.
തൊട്ടടുത്തുകൂടി ഒഴുകിയിരുന്ന ചെറിയ അരുവിയില്‍ പോയി പല്ലു തേച്ചുവന്നപ്പോഴേക്കും അംഗ എനിക്ക് കുറച്ചു പാല് കുടിക്കാന്‍ തന്നു. നല്ല കൊഴുത്ത പാലായിരുന്നു. ഉറങ്ങിക്കിടന്ന മുതിര്‍ന്നവര്‍ പലവഴിക്കു നീങ്ങിക്കഴിഞ്ഞിരുന്നു. കുട്ടികള്‍മാത്രം നല്ല ഉറക്കമായിരുന്നു. ഇരുമ്പ് അടുപ്പിനു മുകളില്‍ വലിയ ഒരു ചരുവം ചൂടാക്കാന്‍ വെച്ചു. മക്സര്‍ അപ്പോഴേക്കും രണ്ടു കന്നാസില്‍ വെള്ളവുമായി എത്തി. വെള്ളം ചൂടായപ്പോള്‍ അതില്‍നിന്ന് കുറച്ചെടുത്തു തലേന്ന് രാത്രി ഭക്ഷണം പാകംചെയ്ത പാത്രങ്ങളിലേക്ക് ഒഴിച്ചു. എന്നിട്ട് ഇച്ചിരി മണ്ണും കരിയിലയും ചേര്‍ത്തുപിടിച്ച് ഉരച്ചു മെഴുകു കളഞ്ഞു. വീണ്ടും വെള്ളമൊഴിച്ചു വൃത്തിയാക്കി. രാത്രിയില്‍തന്നെ എന്തുകൊണ്ടാണ് പാത്രം വൃത്തിയാക്കാത്തതെന്ന് അനുവിനോട് ചോദിച്ചു.
ഇവര്‍ ‘ഷാമനിസ’ത്തിൽ വിശ്വസിക്കുന്നവരാണ്. ആകാശത്തിനും ഭൂമിക്കും മലകള്‍ക്കും നദികള്‍ക്കും എല്ലാം ആത്മാവ് ഉണ്ടെന്നും, സന്ധ്യ കഴിഞ്ഞാല്‍ ഇവരെ ശല്യം ചെയ്യരുതെന്നുമാണ് അവരുടെ വിശ്വാസം. അതുകൊണ്ട് സന്ധ്യക്കുശേഷം നദിയില്‍നിന്ന് വെള്ളമെടുക്കാറില്ല. ചൂടാക്കിയ വെള്ളത്തിലേക്ക് തുകല്‍ സഞ്ചിയില്‍ സൂക്ഷിച്ചിരുന്ന തേയില ഇലകള്‍ ഇട്ടു. ഒപ്പം ആവശ്യത്തിന് ഉപ്പും. പാലില്‍നിന്ന് കുറച്ചെടുത്തു ചരുവത്തിലേക്ക് ചേര്‍ത്ത് നന്നായിട്ട് കുറേനേരം ഇളക്കി. തിളച്ചപ്പോള്‍ ചരുവം വാങ്ങി നിലത്തുവെച്ചു. പുറത്തുനിന്നവരെ അകത്തോട്ട് വിളിച്ചു. എല്ലാരുംകൂടി ചായയും ബ്രെഡും പങ്കിട്ടു കഴിച്ചു. ഞാന്‍ പുറത്തിറങ്ങി നോക്കിയപ്പോള്‍ ഒറ്റ മാന്പോലുമില്ല. എല്ലാം കാട്ടില്‍ പോയി കഴിഞ്ഞിരുന്നു. ആ കാഴ്ച കാണാന്‍ പറ്റാത്തതില്‍ സങ്കടം തോന്നി. എന്തായാലും അടുത്ത ദിവസം രാവിലെ കാവല്‍നിന്ന് കാണും എന്നുറപ്പിച്ചു.
മക്സറിന്റെ മൂന്നു കൊച്ചുമക്കള്‍ ബഹളംവെക്കുന്നത് കേട്ട് ഞാനും അങ്ങോട്ടേക്ക് പോയി. അഞ്ചും മൂന്നും ഒന്നരയും വയസ്സുള്ള മൂന്നു കുട്ടികള്‍ അരുവിക്കരികില്‍ കളികളില്‍ ഏര്‍പ്പെട്ടിരിക്കുന്നു. മുതിര്‍ന്നവരാരും തന്നെ ആ വഴിക്കു നോക്കുന്നുപോലുമില്ല. ആ കുട്ടി ഇളയ രണ്ടു കുട്ടികളെയും നിയന്ത്രിക്കാന്‍ ശ്രമിക്കുന്നുണ്ട്. പക്ഷേ, ഇളയതുങ്ങള്‍ രണ്ടുപേരും തീരെ വകവെക്കുന്നില്ല. ഒന്നര വയസ്സുകാരി തന്റെ കാലിലെ സോക്സ് ഊരി അരുവിയിലേക്കെറിഞ്ഞു. ബാലൻ അവളെ ശകാരിച്ചുകൊണ്ട് അതെടുക്കാന്‍ പോയതും അവള് മറ്റേ കാലിലെ സോക്സുംകൂടി എടുത്തുകളഞ്ഞു. എന്നിട്ട് തണുത്ത വെള്ളത്തില്‍ കാലുമിട്ട് ചിരിക്കാന്‍ തുടങ്ങി. മൂന്നു വയസ്സുകാരി തടികൊണ്ടുണ്ടാക്കിയ ഒരു കുതിരജീനിയില് പാത്രംവെച്ച് അതും വലിച്ചുകൊണ്ടുവന്നു.
ഇടക്കുവെച്ച് അതഴിഞ്ഞു പോയി. അവള് ഒരു ചരട് കൊണ്ടുവന്നു കെട്ടിവെക്കാന്‍ ശ്രമിച്ചു. സഹായിക്കാന്‍ മനസ്സ് വെമ്പിയെങ്കിലും അതിലേറെ അവള് തനിയെ അത് ചെയ്യുമ്പോള്‍ അവള്‍ക്കും അവളുടെ വിജയത്തില്‍ എനിക്കും കിട്ടുന്ന സന്തോഷം വേണ്ടെന്നുവെക്കാന്‍ തോന്നിയില്ല. ഒരു പത്തു തവണയെങ്കിലും മാറ്റിയും തിരിച്ചും ശ്രമിച്ചശേഷം അവള് അവസാനം കാര്യം നേടി എടുത്തു. ഈ പ്രായത്തില്‍ ഒരു കുഞ്ഞു കടുംകെട്ടു കെട്ടുന്നത് ആദ്യമായിട്ടായിരുന്നു കണ്ടത്. ഒരിക്കല്‍പോലും സഹായത്തിന് അവള് ചുറ്റും നോക്കിയില്ല എന്നതാണ് എന്നെ ആശ്ചര്യപ്പെടുത്തിയത്. കുട്ടിക്കാലം മുതല്ക്കേ നാടോടിക്കുട്ടികള്‍ സ്വയംപര്യാപ്ത നേടുന്നു. പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം അവര്‍ സ്വയം കണ്ടെത്തുന്നു.
ആ സമയം അവിടെക്കൂടി പോയ ഒരു മാന്‍കുഞ്ഞിനെ ഞാന്‍ പിടിച്ചു മടിയില്‍വെച്ച് കൊഞ്ചിക്കാന് ആരംഭിച്ചതും, ഒന്നരവയസ്സുകാരി പാഞ്ഞുവന്ന് അതിന്റെ മുതുകത്തു കയറി, വണ്ടി ഓടിക്കുന്നത് അനുകരിക്കാന്‍ തുടങ്ങി. മാനിന്റെ പുറത്താണ് പലപ്പോഴും മുതിര്‍ന്നവര്‍ യാത്രചെയ്യുന്നതെന്ന് അതുവഴി വന്ന അനു പറഞ്ഞു. പൈന്‍കാടുകള്‍ക്കിടയിലൂടെ പോകാന്‍ കുതിരയേക്കാള്‍ മിടുക്ക് മാനുകള്‍ക്കാണ്. ചെറിയ ദൂരമാണെങ്കില്‍ എണ്പതു കിലോ ഭാരം വരെ അവക്കു ചുമലിലേറ്റാന്‍ സാധിക്കും. ദീര്‍ഘദൂരം സഞ്ചരിക്കുമ്പോള്‍ നാൽപതു കിലോയില്‍ കൂടുതല്‍ ഭാരം വെച്ചുകൊടുക്കാറില്ല. മക്സറിന്റെ സഹോദരനും പതിമൂന്ന്-പതിനഞ്ചു വയസ്സ് തോന്നിക്കുന്ന രണ്ടു കുട്ടികളും മാനിന്റെ പുറത്തിരുന്നു ആ വഴിക്കു പോയി. അവര്‍ കാട്ടില്‍നിന്ന് വിറകു ശേഖരിക്കാന്‍ പോകുകയായിരുന്നു. ആ കുട്ടികളുടെ പഠനത്തെപ്പറ്റി അന്വേഷിച്ചപ്പോള്‍ അവര്‍ മൂന്നുമാസത്തെ വേനലവധിക്ക് വീട്ടിലേക്ക് വന്നതാണെന്ന് അനു പറഞ്ഞു. അല്ലാത്ത സമയം ട്സഗന്നൂര് ഗ്രാമത്തിലെ സ്കൂളില്‍ ഇവര്‍ക്ക് താമസിച്ചു പഠിക്കാനുള്ള സൗകര്യം സര്‍ക്കാര്‍ ചെയ്തിട്ടുണ്ട്.
രാവിലെ എഴുന്നേറ്റതിന്റെ ക്ഷീണത്തില്‍ ഞാന്‍ ടീപിക്കകത്തു അല്പനേരം മയങ്ങി. അനു തട്ടിവിളിച്ചപ്പോഴാണ് എഴുന്നേറ്റത്. ‘‘വേഗം വന്നാല്‍ ഒരു കാഴ്ച കാണിച്ചുതരാം.’’ ഞാന്‍ എഴുന്നേറ്റ് അവള്‍ക്കൊപ്പം പോയി. നോക്കുമ്പോള്‍ ദൂരെ മലകള്‍ക്കിടയില്‍ ഐസിന്റെ വലിയ പാളി. അതിനു മുകളില്‍ മാനുകളെല്ലാം വിശ്രമിക്കുന്ന മനോഹരമായ ദൃശ്യം. അങ്ങോട്ടേക്കുള്ള വഴിയില്‍ മൊത്തം വലിയ കരിങ്കല്ലുകളായിരുന്നു. ഞാന്‍ ചെന്നെത്തുമ്പോഴേക്കും അവ പോകുമോയെന്നായിരുന്നു പേടി. പക്ഷേ, ഞാനടുത്തെത്തിയിട്ടും അവയൊന്നും എഴുന്നേറ്റു പോയില്ല. ഞാൻ കുറച്ചുനേരം ഐസില്‍ അവര്‍ക്കൊപ്പം ഇരുന്നു. പിന്നെ പതുക്കെ ഓരോന്നായി എഴുന്നേറ്റ് നടന്നു കാട്ടിലേക്ക് പോയി. എല്ലാവരുടെയും പിന്നിലായി ഒരു മാന്‍ മുടന്തിപ്പോകുന്നത് കണ്ടു.

മംഗോളിയൻ ഗ്രാമദൃശ്യം
‘‘അധികം വൈകാതെ അതിനെ കശാപ്പുചെയ്യും. വയ്യാത്ത മൃഗങ്ങളെ വെച്ചോണ്ടിരിക്കില്ല. കുറച്ചുദിവസംകൂടി കഴിഞ്ഞാല്‍ അത് ചിലപ്പോള്‍ മെലിഞ്ഞുണങ്ങി പോകും. മാംസം ഉള്ളപ്പോള്‍ കൊന്നാല്‍ കുറച്ചു ദിവസത്തേക്കുള്ള ഇറച്ചി ലഭിക്കും.’’
ഞാനും അനുവും അവിടെ കല്ലിലിരുന്നു കാര്യങ്ങള്‍ സംസാരിച്ചു.
‘‘എന്താണ് നിന്റെ ജീവിതത്തിലെ ലക്ഷ്യം?’’
‘‘എനിക്ക് സ്വന്തമായി ഒരു വീട് വേണം. എനിക്കെന്റെ അമ്മയെ കൂടെ കൊണ്ടുനിര്‍ത്തണം. അവരെ അവരുടെ മനസ്സ് നിറയുവോളം സ്നേഹിക്കണം.’’
‘‘അതിനു നീ ഇപ്പോള്‍ അമ്മയുടെ കൂടെയല്ലേ താമസിക്കുന്നത്?’’
‘‘അതെന്റെ അമ്മയുടെ സഹോദരിയാണ്. എെന്ന പ്രസവിച്ചശേഷം അച്ഛന് അമ്മയെ ഉപേക്ഷിച്ചു. അമ്മക്ക് എന്നും സ്നേഹം വേണം. ആ സ്നേഹം തേടിയുള്ള അലച്ചിലില്‍ തടസ്സമാകാതിരിക്കാന്‍ എന്നെയും എന്റെ ചേച്ചിയെയും സഹോദരിക്ക് കൊടുത്തു. ചിലപ്പോള്‍ അമ്മയോട് ദേഷ്യം തോന്നും. കുടിയനായ ഒരാളുടെ വീട്ടില്‍ എല്ലാം അറിഞ്ഞുകൊണ്ട് ഞങ്ങളെ ഉപേക്ഷിച്ചതിന്. ചിലപ്പോൾ സഹതാപം തോന്നും. അവര്‍ പല പുരുഷന്മാര്ക്കൊപ്പവും താമസിച്ചു. എല്ലാവരും ആവശ്യം കഴിയുമ്പോള്‍ അവരെ ഉപേക്ഷിക്കും. റഷ്യയിലാരുടെയോ കൂടെയാണ് ഇപ്പോള്‍ ഉള്ളത്.’’
ചിലപ്പോളൊക്കെ അനുവിന്റെ പെരുമാറ്റം പരുക്കനായിട്ടു തോന്നാറുണ്ട്. ഒരുപക്ഷേ അവളുടെ മനസ്സിലുറഞ്ഞുകൂടിയ വിഷമങ്ങള്‍ ആകാം അവളെ അത്തരത്തിലാക്കിയത്. അവള് സങ്കടക്കടലില്‍ ആണ്ടുപോകുന്നതിനു മുന്നേ വിഷയം മാറ്റി. അവളുടെ സ്കൂളിനെപ്പറ്റിയും ഇംഗ്ലീഷ് പഠനത്തെ പറ്റിയും ചര്‍ച്ചചെയ്തു. അവളുടെ അഭിപ്രായത്തില്‍ മംഗോളിയയില്‍ ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്നത് വിദേശത്തുനിന്ന് ഇംഗ്ലീഷ് പഠിപ്പിക്കാന്‍ എത്തുന്ന അധ്യാപകരാണ്. അതില്‍ ഇന്ത്യക്കാരും ഉള്‍പ്പെടും. മാസം അഞ്ചു ലക്ഷം രൂപ വരെ അവര്‍ക്ക് ശമ്പളം കിട്ടാറുണ്ട്. അനുവിന് ആകെ കിട്ടുന്നത് മുപ്പതിനായിരം രൂപയായിരുന്നു.
‘‘നിങ്ങള്‍ക്ക് ചൈനക്കാരെ ഇഷ്ടമാണോ?’’ അനു ചോദിച്ചു.
‘‘ഒരു രാജ്യക്കാരോടും ഇഷ്ടക്കേടില്ല. ചൈനീസ് സൈനികര്‍ അതിര്‍ത്തിയില്‍ കാണിക്കുന്ന അധാര്‍മികമായ കാര്യങ്ങളോട് ശക്തമായ വിയോജിപ്പുണ്ട്.’’
‘‘എനിക്ക് ചൈനയെ ഇഷ്ടമേയല്ല. അവര്‍ ഞങ്ങളുടെ നദികളില്‍ വിഷം കലക്കി. ഞങ്ങളുടെ ആടുമാടുകള്‍ ഭൂരിഭാഗവും ചത്തുപോയി?’’
‘‘അങ്ങനെയൊക്കെ നടന്നോ? ഭയങ്കര കഷ്ടമായി പോയല്ലോ. എപ്പോഴാണ് ഇത് സംഭവിച്ചത്?’’
‘‘അത് നാനൂറ് വര്‍ഷങ്ങള്‍ക്കു മുമ്പാണ്. അതിനെപ്പറ്റിയൊക്കെ വായിച്ചതിനുശേഷം എനിക്കവരോട് വെറുപ്പാണ്.’’
അവളുടെ വികാരം എനിക്ക് പൂര്‍ണമായും ഉള്‍െക്കാള്ളാന്‍ പറ്റി. സ്വാതന്ത്ര്യ സ്മാരകങ്ങള്‍ കാണാന്‍ പുറപ്പെട്ടപ്പോള്‍, അന്ന് പൊരുതി വീരമൃത്യുവരിച്ച ഒരുപാടാളുകളുടെ കഥകള്‍ വായിച്ചിരുന്നു. ബ്രിട്ടീഷുകാര്‍ നമ്മുടെ സ്വാതന്ത്ര്യസമര പോരാളികളോട് ചെയ്തിരുന്ന ക്രൂരതകള്‍ വായിച്ചശേഷമാണ് യു.കെയിൽ പോകാനുള്ള എന്റെ താൽപര്യം തീരെയില്ലാതായത്. ഞങ്ങള്‍ തിരികെ കൂടാരത്തിലേക്ക് പോയി.