നഷ്ടക്കച്ചവടം

തിരിച്ചുള്ള കുതിരസവാരിയെപ്പറ്റി കഴിഞ്ഞ രണ്ടു ദിവസവും കഴിവതും ഓര്‍ക്കാതിരിക്കാന്‍ ശ്രമിച്ചെങ്കിലും കാര്യമൊന്നുമുണ്ടായില്ല. കാരണം, എനിക്കു മുന്നില്‍ മറ്റു പോംവഴികൾ ഒന്നുമില്ലായിരുന്നു. കുതിരപ്പുറത്തല്ലാതെ തിരികെ മടങ്ങാനാകില്ല. അപ്പോൾപ്പിന്നെ വരുംവരായ്കകളെ കുറിച്ച് ആലോചിച്ചിട്ട് കാര്യമില്ല –മംഗോളിയൻ യാത്ര തുടരുന്നു. 10 കൂടാരത്തിനു മുന്നില്‍നിന്നുകൊണ്ട് മക്സര്‍ ബൈനോക്കുലര്‍ ഉപയോഗിച്ച് മാനുകളെ നിരീക്ഷിക്കുന്നത് കണ്ടു. മാന്‍കൂട്ടം ഒരുപാടു...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
തിരിച്ചുള്ള കുതിരസവാരിയെപ്പറ്റി കഴിഞ്ഞ രണ്ടു ദിവസവും കഴിവതും ഓര്‍ക്കാതിരിക്കാന്‍ ശ്രമിച്ചെങ്കിലും കാര്യമൊന്നുമുണ്ടായില്ല. കാരണം, എനിക്കു മുന്നില്‍ മറ്റു പോംവഴികൾ ഒന്നുമില്ലായിരുന്നു. കുതിരപ്പുറത്തല്ലാതെ തിരികെ മടങ്ങാനാകില്ല. അപ്പോൾപ്പിന്നെ വരുംവരായ്കകളെ കുറിച്ച് ആലോചിച്ചിട്ട് കാര്യമില്ല –മംഗോളിയൻ യാത്ര തുടരുന്നു.
10
കൂടാരത്തിനു മുന്നില്‍നിന്നുകൊണ്ട് മക്സര്‍ ബൈനോക്കുലര്‍ ഉപയോഗിച്ച് മാനുകളെ നിരീക്ഷിക്കുന്നത് കണ്ടു. മാന്‍കൂട്ടം ഒരുപാടു ദൂരേക്ക് പോകുന്നുണ്ടോ എന്നായിരുന്നു അദ്ദേഹം നോക്കിക്കൊണ്ടിരുന്നത്. ദൂരപരിധി കടക്കുന്നു എന്നുകണ്ടാൽ മക്സറോ മറ്റാരെങ്കിലുമോ ചെന്ന് അവയെ തിരിച്ചു കൊണ്ടുവരും. അനു എന്നെ മക്സറിന്റെ സഹോദരന്റെ ടീപിയിലേക്ക് കൊണ്ടുപോയി. ഡാലബയ്യര് എന്നായിരുന്നു അദ്ദേഹത്തിന്റെ ഭാര്യയുടെ പേര്. മൈദകൊണ്ടുള്ള പൂരി ചുടുന്ന തിരക്കിലായിരുന്നു അവര്‍. പൂരി ചുടുന്നതും നോക്കി ഞാനവിടിരുന്നു. അനു അവരോട് അവരുടെ ഭാഷയില്‍ സംസാരിച്ചുകൊണ്ടിരുന്നു. ഡാല എനിക്കൊരു പൂരി തന്നു. ഇതുവരെ കഴിച്ചിട്ടില്ലാത്ത ഒരു രുചി. എന്ത് എണ്ണയാണ് ഉപയോഗിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ വലിയൊരു വെളുത്ത കഷണം കാണിച്ചുതന്നു. മൃഗക്കൊഴുപ്പാണ്. പാകംചെയ്യുന്ന ആടിന്റെയും മാടിന്റെയുമൊക്കെ കൊഴുപ്പ് ശേഖരിച്ചുവെച്ചായിരുന്നു അവര്‍ ഉപയോഗിച്ചിരുന്നത്.
അവര്‍ക്കും എനിക്കും ഒരു പ്രായമായിരുന്നു. അവരെന്റെ പ്രായത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് മനസ്സിലാക്കിയത്. അവരുടെ കടക്കണ്ണിന്റെ വശത്തായി ചുളിവുകളുണ്ടായിരുന്നു. എനിക്കതില്ലാത്തതിനാല് ഞാന്‍ സുന്ദരിയാണെന്ന് അവര്‍ പറഞ്ഞു. അവര്‍ പറഞ്ഞപ്പോഴാണ് ചുളിവുകള്‍ ശ്രദ്ധിച്ചത്. പിന്നീട് അവിടെ കണ്ട എല്ലാ സ്ത്രീകള്‍ക്കും അത്തരം ചുളിവുകൾ ഉണ്ടായിരുന്നു. അവരുടെ കണ്ണുകള്‍ തീരെ ചെറുതായതുകൊണ്ടാണ് അങ്ങനെ.
അടുത്ത ടീപിയില് ചെന്നപ്പോള്‍ അവിടത്തെ സ്ത്രീ ഇരുമ്പുപാത്രങ്ങളില്‍ ബ്രഡ് ഉണ്ടാക്കുകയായിരുന്നു. അവിടെ ഒരു ചെടിയുടെ ഇലയും തണ്ടും കത്തിച്ചുവെച്ചിരുന്നത് കണ്ടു. ദുഷ്ടാത്മാക്കളെ അകറ്റാനായിരുന്നു അങ്ങനെ ചെയ്തത്. അവരുടെ മുഖത്തു വല്ലാത്തൊരു വിഷാദം തളംകെട്ടി നിന്നിരുന്നു. അനുവിനോട് ചോദിച്ചപ്പോള്‍ കാര്യം പറഞ്ഞുതന്നു. അവരുടെ മൂത്ത മകന് ഏഴുമാസം മുമ്പ് കാന്‍സര്‍ പിടിപെട്ടു മരിച്ചു. മരിക്കുന്നതിന് ആറുമാസം മുമ്പാണ് ആദ്യമായി വേദന വന്നത്. താഴ്വാരത്തെ ആശുപത്രിയില്‍ കാണിക്കാന്‍ മടിപിടിച്ചു, പോയില്ല. ക്രമേണ വേദന കൂടിവന്നു. തീരെ വയ്യാതായപ്പോള്‍ ഡോക്ടറെ അറിയിച്ചു. അദ്ദേഹം അവിടെ വന്നു കണ്ടു. വയറു നിറയെ വളര്ച്ചകളാണെന്ന് മനസ്സിലാക്കി. അപ്പോള്‍തന്നെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു.
പക്ഷേ, അവന് മരിച്ചു. അറിവില്ലായ്മകൊണ്ട് ആശുപത്രിയില്‍ കാണിക്കാന്‍ വൈകിയതിന് കുറ്റബോധത്തില്‍ നീറി മരിക്കുന്ന അമ്മയുടെ വിഷമമാണ് അവരുടെ മുഖത്തുള്ളത്. മകന്റെ മരണത്തിനുശേഷം അവര്‍ക്കും വയ്യാണ്ടായി. മുട്ടുവേദന കാരണം നിലത്തിരിക്കാന്‍ പറ്റുന്നില്ല. അനു എന്തൊക്കെയോ പറഞ്ഞ് അവരെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. ജീവിച്ചിരിക്കുമ്പോള്‍ മക്കള്‍ മരിക്കുന്നതാണ് മനുഷ്യന്റെ ഏറ്റവും വലിയ ദുഃഖമെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അവര്ക്കാശ്വാസമാകട്ടെ എന്നുകരുതി റെയിന്‍ഡിയറിന്റെ കൊമ്പുകൊണ്ടുണ്ടാക്കിയ രണ്ടു ലോക്കറ്റ് അവരുടെ പക്കല്‍നിന്നും വാങ്ങി. ഞങ്ങള്‍ അവിടന്നിറങ്ങിയപ്പോള്‍ നാലഞ്ചു കലമാനുകളെ നയിച്ച് ഒരു സ്ത്രീ അവിടെയെത്തി. ബന്ധു സന്ദർശനത്തിനെത്തിയതാണ്. കുറച്ചുനേരം വിശ്രമിച്ചശേഷം അവര്‍ യാത്ര തുടര്‍ന്നു.
വൈകീട്ട് ഞങ്ങള്‍ ബ്രൂണോയുടെ ജന്മദിനം ആഘോഷിച്ചു. അന്ന് രാത്രി മക്സറുമായി ഏറെനേരം സംസാരിച്ചിരുന്നു. കഠിനമായ ജീവിതസാഹചര്യങ്ങളിലും അദ്ദേഹവും കുടുംബവും സന്തുഷ്ടരായിരുന്നു. ‘‘ഞങ്ങള്‍ മനോഹരമായ പ്രകൃതിയും ആസ്വദിച്ച്, സ്വതന്ത്രരായി ജീവിക്കുന്നു. ഇതില്‍ കൂടുതലെന്താണ് ജീവിതത്തില്‍ വേണ്ടത്?’’ അദ്ദേഹം എന്നോട് ചോദിച്ചു. ശരിയാണ് മനസ്സമാധാനവും സ്വാതന്ത്ര്യവും വിലമതിക്കാനാകാത്തതാണ്. അതാവോളം ഇവര്‍ ആസ്വദിക്കുന്നുണ്ട്. ‘‘എന്റെ ആകെയുള്ള വിഷമം സര്‍ക്കാര്‍ ഓരോ വര്‍ഷവും നടപ്പാക്കുന്ന നിയമങ്ങളാണ്.
പത്തു വർഷം മുമ്പ് ഞങ്ങള്‍ മാനുകളുമായി താമസിച്ചിരുന്ന സ്ഥലങ്ങളുടെ ഭൂരിഭാഗവും ഇന്ന് സംരക്ഷിതവനമാണ്. അങ്ങോട്ടേക്ക് ഞങ്ങള്‍ക്കോ മാനുകള്ക്കോ പ്രവേശനമില്ല. മാനുകള്‍ ഞങ്ങളുടെ മക്കളെപ്പോലെയാണ്. അവറ്റകള്‍ക്ക് ഭക്ഷണം കിട്ടാതെ വരുമോ എന്ന ആശങ്ക എന്നെ ഇടക്കിടക്ക് അലട്ടും.’’ ടൈഗ വനാന്തരങ്ങള്‍ വംശനാശ ഭീഷണി നേരിടുന്ന പല മൃഗങ്ങളുടെയും ആവാസകേന്ദ്രമാണ്. ദുഖകള് അവരുടെ മാനുകളെ കൊന്നുതിന്നാറില്ല. എന്നാല്‍, തരംകിട്ടിയാല്‍ മറ്റു മൃഗങ്ങളെ വേട്ടയാടി ഭക്ഷിക്കാറുണ്ട്. അതുകൊണ്ടാണ് സര്‍ക്കാറിന് കര്‍ശന നിയമങ്ങള്‍ നടപ്പാക്കേണ്ടി വരുന്നതെന്ന് പിന്നീട് ഗ്രാമത്തില്‍ വെച്ച് കണ്ടുമുട്ടിയ വനം വകുപ്പുദ്യോഗസ്ഥന് പറഞ്ഞത്. അത് മാത്രമല്ല ജെയ്ഡ് സ്റ്റോണിന്റെ വലിയ ശേഖരം മലകളില്‍ കണ്ടെത്താനാകും. ഇത് അനധികൃതമായി ഖനനം ചെയ്യാതിരിക്കാന്‍ നിയമങ്ങളില്ലാതെ പറ്റില്ല.
പിറ്റേന്ന് രാവിലെ മുതല്‍തന്നെ ഞാന്‍ മാനുകള്ക്കൊപ്പമായിരുന്നു. പാല് കറക്കാനും കുഞ്ഞുങ്ങളെ അഴിച്ചുവിടാനും രണ്ടു മാനുകളെ ഒന്നിച്ചുകെട്ടാനുമെല്ലാം അവര്‍ക്കൊപ്പം കൂടി. അത് കഴിഞ്ഞു എല്ലാത്തിനെയും കാട്ടിലേക്ക് മേയാന്‍ വിട്ടു. നിമിഷനേരംകൊണ്ട് അവിടമെല്ലാം ഒഴിഞ്ഞു. അംഗ തലേന്നത്തെ പാലിന്റെ പാട എടുത്തുമാറ്റിയശേഷം അത് വലിയ ഇരുമ്പു ചെരുവത്തില് ഇട്ടു തിളപ്പിക്കാന്‍ തുടങ്ങി. ഒരു മണിക്കൂര്‍ തിളപ്പിച്ചപ്പോള്‍ അത് വറ്റി കട്ടിയുള്ള രൂപത്തിലാക്കി. അതിനെ അരിച്ചുമാറ്റി ഒരു തുണിയില്‍ കെട്ടി വെള്ളം ഊറിപ്പോകാന് വെച്ചു. ഞാന്‍ അൽപം രുചിച്ചുനോക്കി. തലേന്നത്തെ പാല് പിരിഞ്ഞതിന്റെ കനച്ച ചുവയായിരുന്നു. ഇതു ഉണക്കിയെടുത്താണ് അവര്‍ ചീസായിട്ട് ഉപയോഗിക്കുന്നത്. എട്ടരയായപ്പോള്‍ അര്വാന കുതിരകളുമായെത്തി. കുറച്ചു മാറിയൊരിടത്തായിരുന്നു അവയെ കെട്ടിയിരുന്നത്. മക്സറിനോടും അംഗയോടും നന്ദിപറഞ്ഞ് ഞങ്ങള്‍ അവിടന്നിറങ്ങി.
തിരിച്ചുള്ള കുതിരസവാരിയെപ്പറ്റി കഴിഞ്ഞ രണ്ടുദിവസവും കഴിവതും ഓര്‍ക്കാതിരിക്കാന്‍ ശ്രമിച്ചെങ്കിലും കാര്യമൊന്നുമുണ്ടായില്ല. കാരണം, എനിക്കു മുന്നില്‍ മറ്റുപോംവഴികൾ ഒന്നുമില്ലായിരുന്നു. കുതിരപ്പുറത്തല്ലാതെ തിരികെ മടങ്ങാന്‍ ആകില്ല. അപ്പോൾപ്പിന്നെ വരുംവരായ്കകളെ കുറിച്ച് ആലോചിച്ചിട്ട് കാര്യമില്ല. ധൈര്യത്തോടെ കാര്യങ്ങള്‍ നേരിടുക. അത്രതന്നെ. നടുവിടിച്ചു വീണതിന്റെ വേദന നന്നായിട്ട് ബുദ്ധിമുട്ടിക്കുന്നുണ്ടായിരുന്നു. വേദനസംഹാരികള്‍ കഴിച്ചാണ് രണ്ടുദിവസം തള്ളി നീക്കിയത്. കുതിരപ്പുറത്തു കയറുന്നതിനു മുന്നേതന്നെ ഞാന്‍ അനുവിനോട് ഒരു കാര്യം തീര്‍ത്തുപറഞ്ഞു.
എന്റെ കുതിരയെ അര്വാന നയിച്ചേ പറ്റൂ. ഒരിക്കൽക്കൂടി വീഴാനുള്ള ആരോഗ്യമില്ല. അങ്ങനെ അര്വാനയും ഞാനും മുന്നിലും ബാക്കിയുള്ളവര്‍ പിന്നിലുമായി യാത്ര തുടങ്ങി. ദുരിതംപിടിച്ച യാത്രയായിരുന്നു. തലേദിവസം പെയ്ത മഴയില്‍ ചതുപ്പെല്ലാം ചളിക്കുളങ്ങളായി തീര്‍ന്നിരുന്നു. കുതിരയുടെ വയറുവരെ മുട്ടുന്ന ചളി. ഇടക്കൊക്കെ ഭയംമൂലം കണ്ണുമടച്ചിരിക്കും. കല്ല് നിറഞ്ഞ പ്രദേശത്തുകൂടി പോയപ്പോള്‍ അവസ്ഥ കുറച്ചുകൂടി ഭയാനകമായി. ഇറക്കമായതുകൊണ്ട് ഇടക്ക് കുതിരയുടെ കാലു തെന്നും. കല്ലില്‍ നടുവുമടിച്ച് വീഴുമോ എന്ന് പേടിച്ച് അതിന്റെ ജീനിമേല്‍ അള്ളിപ്പിടിച്ചാണ് ഇരുന്നത്. കരച്ചിലിന്റെ വക്കിലായിരുന്നു ഞാന്‍. ഇത്രയും റിസ്ക് എടുത്ത് ഞാന്‍ ഇതുവരെ ഒരു യാത്രയും ചെയ്തിട്ടില്ല. ആരോഗ്യം പണയപ്പെടുത്തിയുള്ള യാത്രകള്‍ സ്വപ്നത്തില്‍പോലും ഉദ്ദേശിച്ചിട്ടില്ല. എങ്ങനെയെങ്കിലും ആരോഗ്യത്തോടെ തിരികെ എത്താനായി മനസ്സുരുകി പ്രാർഥിച്ചു.
വല്ലാതെ ഭയം തോന്നിയ സ്ഥലങ്ങളില്‍ ഞാന്‍ കുതിരപ്പുറത്തു നിന്നിറങ്ങി നടന്നു. അവിടെയും പ്രശ്നമുണ്ടായിരുന്നു. കാരണം കുതിരയുടെ കയറും പിടിച്ചുവേണം നടക്കാന്‍. കല്ലില്‍ തട്ടി വീഴാതിരിക്കാന്‍ ശ്രദ്ധിക്കുന്നതിനൊപ്പം കുതിരയെക്കൂടി നിയന്ത്രിക്കുക എളുപ്പമായിരുന്നില്ല. പ്രത്യേകിച്ചും എനിക്ക് കിട്ടിയ തലതിരിഞ്ഞ കുതിരയെ. നടന്നുവന്നപ്പോള്‍ ഞാന്‍ ഒരുപാടു പിന്നിലായിപ്പോയതിനാല്‍ അനുവിന് ചെറിയ മുഷിച്ചില് തോന്നി. പക്ഷേ ഞാനതു കണ്ടതായി ഭാവിച്ചില്ല. കാരണം നടുവൊടിഞ്ഞു കിടന്നാല്‍ അനുവും കാണില്ല, അര്വാനയും കാണില്ല. വീട്ടില്‍നിന്ന് യാത്രകൾക്ക് വിലക്കും നേരിടേണ്ടി വരും. കുറേദൂരം ഞാന്‍ നടന്നു.

യാത്രക്കിടയിൽ ബ്രൂണോയുടെ ജന്മദിനം ആഘോഷിക്കുന്നു, അപ്പം ഉണ്ടാക്കുന്ന മംഗോളിയൻ സ്ത്രീ
പൈന്‍കാടുകള്‍ തുടങ്ങിയപ്പോള്‍ വീണ്ടും കുതിരപ്പുറത്തു കയറി. തലേന്ന് മരക്കൊമ്പ് തട്ടിവീണ അനുഭവമുള്ളതുകൊണ്ട് ഞാന്‍ വളരെ ജാഗരൂകയായിരുന്നു. എന്നെക്കാള്‍ ശ്രദ്ധ അര്വാനയും കാണിച്ചു. അവൻ കൂടെയുണ്ടായിരുന്നതുകൊണ്ട് കുതിരയെ നിയന്ത്രിക്കുന്നതിൽ എനിക്ക് ചെറിയൊരു വൈദഗ്ധ്യം ലഭിച്ചു. കാടിന്റെ ഭാഗം കഴിഞ്ഞു, ബുദ്ധിമുട്ടുള്ള ഭാഗം തരണംചെെയ്തന്ന് ആശ്വസിച്ചിരുന്നപ്പോള്‍ നിനക്കാതെ അടുത്ത പണികിട്ടി. നദി മുറിച്ചുകടക്കുന്ന ഭാഗത്ത് അര്വാനയുടെ കുതിര ഇടഞ്ഞു. അത് മുന്‍കാലുകള്‍ പൊക്കി അവനെ താഴെയിടാന്‍ ശ്രമിച്ചു. ആ ബഹളം കണ്ട് തൊട്ടുപിന്നാലെയുണ്ടായിരുന്ന എന്റെ കുതിരയും ഇളകാന്‍ തുടങ്ങി. നക്ഷത്രമെണ്ണാന്‍ ഞാന്‍ കണ്ണുമടച്ചു തയാറായി. ഭാഗ്യമൊന്നു കൊണ്ട് മാത്രം അര്വാനക്ക് കുതിരയെ നിയന്ത്രിക്കാന്‍ സാധിച്ചു. നദിയുടെ മറുകരയെത്തിയപ്പോൾ ഞങ്ങളെല്ലാവരും ഇറങ്ങി.
അവിടെ വിഡിയോ ഷൂട്ടിങ്ങിനായി എത്തിയ ദുഖകള് കൂടാരം കെട്ടിയിരുന്നു. ഞങ്ങള്‍ അങ്ങോട്ടുനടന്നു. അനുവിന്റെ അച്ഛന് വണ്ടിയുമായി ഞങ്ങള്‍ നിൽക്കുന്നിടത്തേക്ക് വരാമെന്നു പറഞ്ഞത് വലിയ ആശ്വാസമായി. കൂടാരത്തിലുണ്ടായിരുന്ന സ്ത്രീ ഞങ്ങളെ ചായ തന്ന് സല്ക്കരിച്ചു. ആ ഭാഗങ്ങളില്‍ ആര്‍ക്കും ആരുടെയും കൂടാരത്തില്‍ ചെന്നുകയറാം. അതിഥി യാത്രചെയ്തു തളര്ന്നുവരുകയാണെന്ന് അറിയാമെന്നുള്ളതുകൊണ്ട് ആതിഥേയര്‍, വരുന്ന ആള്‍ക്ക് ചായയും ഭക്ഷണവും കൊടുക്കും. അത് അവരുടെ മര്യാദയുടെ ഭാഗമാണ്. ചായ കുടിച്ചിരുന്നപ്പോഴേക്കും അനുവിന്റെ അച്ഛന് കാറുമായെത്തി ഞങ്ങളെ വീട്ടിലേക്കു കൂട്ടി.
രണ്ടരയായപ്പോഴാണ് അനുവിന്റെ വീട്ടിലെത്തിയത്. എത്തിയപാടെ ഞാന്‍ കുളിക്കാന്‍ പോയി. കുളിച്ചുവന്നപ്പോഴേക്കും ഭക്ഷണം തയാറായിരുന്നു. ഞങ്ങള്‍ക്ക് തിരിച്ചു മോറോണിലേക്ക് പോകാനുള്ള വാന്‍ ഉടന്‍ എത്തുമെന്നും അനു അറിയിച്ചു. യാത്രചെയ്ത് വന്നതിന്റെ ക്ഷീണം, കുതിരപ്പുറത്തുനിന്ന് വീണതിന്റെ വേദന ഇതെല്ലാം നന്നായിട്ടുണ്ടായിരുന്നെങ്കിലും അന്നവിടെ തങ്ങിയാല്‍ പിന്നെ പിറ്റേന്ന് വൈകിട്ടേ അടുത്ത വണ്ടി കിട്ടുകയുള്ളൂ. വെറുതെ ഒരു ദിവസം കളയണം.
അനാറുമായുള്ള പ്രശ്നങ്ങള്‍ കാരണം എനിക്ക് ഇതിനകം ഒരു ദിവസം നഷ്ടപ്പെട്ടു. വയ്യെങ്കിലും യാത്രചെയ്യാന്‍ തീരുമാനിച്ചു. യാസ് രണ്ടു ദിവസം മുന്നേ ഇറങ്ങി. നടക്കാന്‍ ഇഷ്ടമുള്ളതുകൊണ്ട് പുള്ളി നടന്നും ലിഫ്റ്റ് ചോദിച്ചും പോകുമെന്ന് നേരത്തേ അറിയിച്ചിരുന്നു. അനാര്‍ ഇതിനകം ഞങ്ങളുടെ പൈസ എംബസി ഉദ്യോഗസ്ഥന്റെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ചിരുന്നു. യാസിന്റെ പൈസ എംബസിയില്‍നിന്ന് കൈപ്പറ്റി ബ്രൂണോയെ ഏൽപിക്കാന് പുള്ളി എനിക്ക് മെസേജ് അയച്ചിരുന്നു.
ഇതിനിടക്ക് ബ്രൂണോ ആകെ ആവലാതിപ്പെട്ട് ഓടിക്കൊണ്ടു വന്നു. അദ്ദേഹത്തിന്റെ നൂറു ഡോളറും കുറച്ചു മംഗോളിയന്‍ രൂപയും കാണാനില്ല. ഞാന്‍ ഗ്രാമങ്ങളില്‍ സഞ്ചരിക്കുന്നതുകൊണ്ട് സാധാരണ കാണിക്കാറുള്ള അതീവ ജാഗ്രതയൊന്നും പുലർത്തിയിട്ടില്ലായിരുന്നു. ഞാന്‍ പോയി എന്റെ ബാഗിലുള്ള പേഴ്സ് എടുത്തുനോക്കി. അതിനുള്ളില്‍ പേപ്പറിലായിരുന്നു പൈസ പൊതിഞ്ഞുവെച്ചിരുന്നത്. അത് ഭദ്രമായിട്ടിരിപ്പുണ്ട്.
ഞാന്‍ പൊതി തുറന്ന് പൈസ എണ്ണി. നൂറ്റിപ്പത്തു ഡോളര്‍ നഷ്ടപ്പെട്ടിരിക്കുന്നു. ഒരു നിമിഷം മുഖത്തടിച്ചപോലെയായിപ്പോയി. ഇന്ത്യയിലും വിദേശത്തും പല ഗ്രാമങ്ങളിലും പോയി താമസിച്ചിട്ടുണ്ട്. പക്ഷേ, കൈയില്‍നിന്ന് എന്തെങ്കിലും മോഷണം പോകുക ആദ്യത്തെ അനുഭവമായിരുന്നു. അനാര്‍ കൈക്കലാക്കിയ അഞ്ഞൂറ് ഡോളര്‍ തിരിച്ചുകിട്ടി. കുതിരപ്പുറത്തുനിന്ന് വീണിട്ട് സാരമായ പരിക്കുകളില്ല. ഒരുപാടു രീതിയില്‍ ഞാന്‍ ഭാഗ്യവതിയാണ്. പൈസ പോയത് എന്റെ ജാഗ്രതക്കുറവ് ഒന്നുകൊണ്ടുമാത്രം. അതിനെപ്പറ്റി ഓര്‍ത്തു വിഷമിക്കാന്‍ വയ്യ. ബ്രൂണോ ഭയങ്കര ദേഷ്യത്തിലായിരുന്നു.
‘‘നിങ്ങള്‍ യാസിന് കൊടുക്കുന്ന പൈസയില്‍നിന്ന് എനിക്ക് നഷ്ടപ്പെട്ട പൈസ എടുക്കും.’’
‘‘യാസിന്റെ പൈസയും ഇതും തമ്മില്‍ എന്തുബന്ധം?’’
‘‘ഒരു മംഗോളിയക്കാരന്‍ എന്നെ പറ്റിച്ചു. മറ്റൊരു മംഗോളിയക്കാരന്‍ കൊടുക്കുന്ന പൈസയില്‍നിന്ന് ഞാന്‍ അതെടുക്കും.’’
‘‘നിങ്ങള്‍ യാസിനോട് എന്തു പറയും?’’
‘‘ബാക്കി പൈസയേ കിട്ടിയുള്ളൂ എന്ന് പറയും.’’

ഒരു വിടപറയൽ നിമിഷം -ബ്രൂണോയും ലേഖികയും മംഗോളിയൻ കുടുംബത്തിനൊപ്പം
ബ്രൂണോയുടെ ആ ഉത്തരം എന്നെ നിരാശപ്പെടുത്തി. ഞാന്‍ കൊടുക്കുന്ന പൈസയില്‍നിന്ന് തന്റെ പൈസ കൈക്കലാക്കി സ്വന്തം സുഹൃത്തിനെ പറ്റിക്കുന്ന പ്രവണത ഒരു രീതിയിലും അംഗീകരിച്ചുകൊടുക്കാന്‍ പറ്റിയില്ല. മാത്രവുമല്ല, പൈസ ഞാന്‍ അടിച്ചുമാറ്റിയെന്ന് വേണമെങ്കിലും പറയാം. പണത്തിന്റെ കാര്യം വരുമ്പോള്‍ പലരുടെയും തനിനിറം പുറത്തുവരുമെന്ന് പറയുന്നത് എത്ര ശരിയാണ്. ഞാന്‍ ഉടന്‍തന്നെ യാസിന് മെസേജ് അയച്ചു. നിങ്ങളുടെ പൈസ സ്വന്തമായി എംബസിയില്‍ പോയി വാങ്ങുക. എനിക്ക് കൈപ്പറ്റാന്‍ ബുദ്ധിമുട്ടുണ്ട്. അവരെ തമ്മിലടിപ്പിക്കേണ്ട കാര്യമില്ല. രണ്ടു പേരെയും നന്നാക്കേണ്ട ബാധ്യതയുമില്ല.
ബ്രൂണോ അനുവിനെ കണ്ട് കാര്യം പറഞ്ഞു. അനുവിനും ദേഷ്യമായി. ‘‘ഇതുവരെ ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ല. സത്യം പറഞ്ഞാല്‍ നിങ്ങളുമായി ഏഴു മണിക്കൂര്‍ സവാരി ചെയ്ത് മറ്റൊരു ഗ്രാമത്തില്‍ പോകാനായിരുന്നു പരിപാടി. നിങ്ങള്‍ വേണ്ടെന്നു പറഞ്ഞതുകൊണ്ടാണ് മക്സറിനൊപ്പം താമസിക്കേണ്ടിവന്നത്. എന്റെ അച്ഛന്റെ കൈയില്‍നിന്നും കടം വാങ്ങിയ പൈസ മക്സര്‍ ഇതുവരെ തിരിച്ചുകൊടുക്കാത്തതുകൊണ്ട് എനിക്കയാളോട് താൽപര്യമില്ല. വേറെ നിവൃത്തിയില്ലാത്തതു കൊണ്ടാണ് അവിടെ താമസിക്കാമെന്നു ഞാന്‍ സമ്മതിച്ചത്.’’
‘‘വിട് അനു... ചത്ത കുഞ്ഞിന്റെ ജാതകമെഴുതിയിട്ട് കാര്യമില്ല.’’ ഞങ്ങള്‍ക്ക് പോകേണ്ട വാനിന്റെ ഹോണ്‍ അടി കേട്ടപ്പോള്‍ പെട്ടെന്ന് ബാഗും എടുത്തിറങ്ങി. ഭാഗ്യത്തിന് ഡ്രൈവറുടെ തൊട്ടടുത്ത സീറ്റ് കാലിയായിരുന്നു. ഞാന്‍ അത് കൈക്കലാക്കി. എനിക്ക് ഉച്ചക്കത്തെ സംസാരത്തിനുശേഷം ബ്രൂണോയുടെ കൂടെ സഞ്ചരിക്കാന്‍ മനസ്സു വന്നില്ല.
മോറോണിലേക്കുള്ള യാത്ര അതിസുന്ദരമായിരുന്നു. മുന്‍സീറ്റിലിരുന്ന് കാഴ്ചകള്‍ നന്നായി ആസ്വദിക്കാന്‍ പറ്റി. കടലുപോലെ അനന്തമായി കിടക്കുന്ന പുല്‍മേടുകളും അവയെ ചുംബിക്കാന്‍ ഭൂമിയിലേക്കിറങ്ങി വന്ന നീലാകാശവും ത്രസിപ്പിച്ചു. ദൂരെ പൊട്ടുപോലെ മാത്രം കാണാവുന്ന മൃഗങ്ങള്‍ ഒരു കാര്യം ഓര്‍മിപ്പിച്ചു. മൃഗമായാലും മനുഷ്യനായാലും ഭൂമിയുടെ ചെറിയൊരു അംശം മാത്രം. അഹങ്കരിക്കുന്നതും വലുപ്പം കാണിക്കാന്‍ ശ്രമിക്കുന്നതുമെല്ലാം ശുദ്ധ മണ്ടത്തരംമാത്രം. കുറേ ദൂരം പോയശേഷം അരുവിയുടെ കരയില്‍ കുറച്ചുനേരം വണ്ടി നിര്‍ത്തിയിട്ടു. ഞങ്ങളെല്ലാവരും ഇറങ്ങി. വേറെയും ഒന്നുരണ്ടു വാനിലെ ആളുകള്‍ അവിടെയുണ്ടായിരുന്നു. ആ സമയത്ത് അതുവഴിയൊരു ഭാരം കയറ്റിയ ട്രക്ക് വന്നു. അവിടത്തെ ചളിയില്‍ അതിന്റെ പിന്നിലത്തെ ടയര്‍ പൂണ്ടുപോയി. ഡ്രൈവര്‍ വണ്ടി കുറേ നേരം ഇരപ്പിച്ചിട്ടും വീല്‍ കറങ്ങുന്നതല്ലാതെ ചളിയില്‍നിന്ന് പുറത്തേക്ക് വണ്ടി എടുക്കാന്‍ സാധിച്ചില്ല. രണ്ടു മിനിറ്റ് എല്ലാവരും നോക്കിനിന്നു.
ശേഷം എല്ലാ ആളുകളും ചേർന്ന് അവിടെയുണ്ടായിരുന്ന കല്ലുകള്‍ പെറുക്കി ടയറിന്റെ മുന്നില്‍ വെച്ചു കൊടുത്തു. ആരും മാറിനിന്നില്ല. പുരുഷന്മാരും സ്ത്രീകളും കുട്ടികളും എല്ലാവരും സഹായിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചു. കുറേ കല്ല് വാരിയിട്ട് കുഴി നികത്തിയശേഷം അവിടെയുണ്ടായിരുന്ന മൂന്നു വാനുകള്‍ അവയുടെ ടോ റോപ് ഉപയോഗിച്ച് ട്രക്കിനെ വലിച്ചു പുറത്തെത്തിച്ചു. എല്ലാവരും കൈകൊട്ടി സന്തോഷിച്ചു. അപകര്‍ഷബോധംകൊണ്ട് എന്റെ തല കുനിഞ്ഞു. നാട്ടിൽ വണ്ടിയോടിച്ചുപോകുമ്പോൾ വഴിയിൽ വണ്ടികൾ കേടായി കിടക്കുന്നത് എത്രയോ തവണ കണ്ടിട്ടുണ്ട്. എന്നാല്‍, ഒരിക്കല്‍പോലും ഇറങ്ങി അവര്‍ക്കെന്തെങ്കിലും സഹായം വേണോ എന്ന് ചോദിക്കാന്‍ തോന്നിയിട്ടില്ല. അവര്‍ റോഡ് സൈഡ് അസിസ്റ്റന്‍സ് വിളിച്ചിട്ടുണ്ടാകുമെന്ന് സ്വയം ചിന്തിച്ചു നിര്‍ത്താതെ ഓടിച്ചുപോകുകയാണ് പതിവ്. അതല്ലെങ്കിലും അങ്ങനെയാണ് യാത്രകളിലെ ചില അനുഭവങ്ങള്‍ നമ്മളെ വല്ലാതെ സ്ഫുടംചെയ്തു കളയും.
രാത്രി ഒമ്പതരക്ക് ഭക്ഷണം കഴിക്കാന്‍ ഒരു ചെറിയ ഹോട്ടലില്‍ വണ്ടി നിര്‍ത്തി. വാനിലെ കുലുങ്ങിക്കുലുങ്ങിയുള്ള യാത്ര കാരണം നടുവിന്റെ വേദന കൂടി. ഒന്നും കഴിക്കാന്‍ തോന്നിയില്ല. എങ്കിലും പുറത്തിറങ്ങി. രാത്രി മുഴുവന്‍ ഒരേ ഇരിപ്പ് ഇരിക്കാനുള്ളതാണ്. ഹോട്ടലില്‍ കയറി ഇരുന്നപ്പോള്‍ വണ്ടിയില്‍ ഉണ്ടായിരുന്ന ഒരു സ്ത്രീ എന്റെ എതിര്‍വശത്തു വന്നിരുന്നു. അവര്‍ക്ക് ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയുമായിരുന്നു. ദലൈഭയാര് എന്നായിരുന്നു അവരുടെ പേര്. മാമ എന്ന് വിളിച്ചാല്‍ മതിയെന്ന് അവര്‍ ഇങ്ങോട്ടു പറഞ്ഞു. അവര്‍ ഒരു ദുഖയായിരുന്നു. കാട്ടിലാണ് താമസം. ആറു കലമാനുകള്‍ അവര്‍ക്കു സ്വന്തമായിട്ടുണ്ട്. ടൂറിസ്റ്റുകളുമായി ഇടപെട്ടിടപെട്ടാണ് ഇംഗ്ലീഷ് പഠിച്ചെടുത്തത്. ഇപ്പോള്‍ ഗൈഡ് ആയിട്ടും പ്രവര്‍ത്തിക്കാറുണ്ട്. കുറച്ചു വിദേശികളെ ഗ്രാമത്തിലേക്ക് കൂട്ടാനാണ് അവര്‍ മോറോണിലേക്ക് യാത്രചെയ്യുന്നത്. നല്ല സ്നേഹമുള്ള സ്ത്രീയായിരുന്നു. ഞാന്‍ ഭക്ഷണം കഴിക്കുന്നില്ല എന്ന് പറഞ്ഞപ്പോള്‍ നിര്‍ബന്ധിച്ചു ഭക്ഷണം കഴിപ്പിച്ചു. ഗുഡ് നൈറ്റ് പറഞ്ഞ് എല്ലാവരും വാനിലേക്ക് കയറി.
മോറോണില്നിന്ന് ട്സഗന്നൂര് പോയ യാത്രയില്‍ തീരെ ഉറങ്ങിയില്ലായിരുന്നു. തൊട്ടപ്പുറത്തിരുന്ന യാസാണെങ്കില് ഓരോ പത്തു മിനിറ്റ് കൂടുമ്പോഴും ഉറങ്ങി എന്റെ കഴുത്തിലേക്ക് വീഴും. പുള്ളിയെ പ്രതിരോധിക്കുക എന്നതായിരുന്നു ആ രാത്രിയില്‍ എന്റെ ഏറ്റവും വലിയ വെല്ലുവിളി. ഇന്നിപ്പോൾ ഒറ്റക്ക് ഒരു സീറ്റ് കിട്ടി. ഡ്രൈവര്‍ക്കൊപ്പം ഇരിക്കുന്നതുകൊണ്ട് എനിക്ക് ഉറങ്ങാന്‍ മടിയായിരുന്നു. പക്ഷേ, നല്ല ക്ഷീണവും നടുവിന്റെ വേദനയുംകൂടി ആയപ്പോള്‍ എങ്ങനെയെങ്കിലും ഉറങ്ങിയാല്‍ മതിയെന്നായിരുന്നു. ഡ്രൈവറാണെങ്കില്‍ എന്റെ ദിശയിലേക്ക് നോക്കുകപോലും ചെയ്യുന്നില്ല. പുള്ളി ഫോണില്‍ മംഗോളിയന്‍ പാട്ടുകളും വെച്ച്, അതിനൊപ്പം പാടി സ്വയം ആനന്ദിച്ചു. ഞാനെപ്പോഴോ ഉറങ്ങിപ്പോയി. രാവിലെ രണ്ടരക്കാണ് കണ്ണ് തുറന്നത്. അപ്പോഴേക്കും ഞങ്ങള്‍ മോറോണ്‍ എത്തിയിരുന്നു. വെളുപ്പിന് എട്ടു മണിക്കേ ഉലാന്‍ ബാത്തറിലേക്ക് പോകുന്ന ബസ് ഉള്ളൂ.
അതുവരെ എവിടെയിരിക്കും എന്നോര്‍ത്തു. ഡ്രൈവര്‍ ഓരോരുത്തരെ വീതം അവരവരുടെ വീടുകളില്‍ എത്തിച്ചു. അവസാനം ഞാനും ബ്രൂണോയും മാമയും മാത്രമായി. ഞങ്ങള്‍ക്ക് എങ്ങോട്ടും പോകാനില്ലെന്നു മനസ്സിലാക്കിയ മാമ ഡ്രൈവറോട് നേരം വെളുക്കുന്നവരെ ഞങ്ങളെ വണ്ടിയിലിരിക്കാന്‍ അനുവദിക്കണമെന്ന് അഭ്യർഥിച്ചു. അയാള്‍ സമ്മതിച്ചു. അങ്ങനെ ബസ് സ്റ്റാന്‍ഡിലെ പാര്‍ക്കിങ്ങില്‍ വണ്ടി ഇട്ട് ഞങ്ങള്‍ കാത്തിരുന്നു. നേരം വെളുത്തപ്പോഴാണ് പുതിയ പ്രതിസന്ധി ഉടലെടുത്തത്. ബ്രൂണോയുടെ കൈയില്‍ ഡോളര്‍ ആയിരുന്നു ഉണ്ടായിരുന്നത്. മംഗോളിയന്‍ രൂപ ഇല്ല. എന്റെ കൈയില്‍നിന്നും ബ്രൂണോ കടം വാങ്ങിയിരുന്നു.

ഒരു മംഗോളിയൻ അമ്മയും മകളും
എനിക്ക് വണ്ടിക്കാരന് പൈസ കൊടുക്കണമെങ്കിലും ബ്രൂണോ പൈസ തന്നാലേ പറ്റൂ. മോറോണിലെ സകല എ.ടി.എമ്മുകളും ഞങ്ങള്‍ സന്ദര്‍ശിച്ചു. ചിലതിന്റെ പ്രവൃത്തിസമയം ഒമ്പതര മുതല്‍ ആറര വരെയായിരുന്നു. മറ്റു ചിലതില്‍ പൈസയില്ല. പൈസ തരാതെ ഞങ്ങള്‍ മുങ്ങുമോ എന്ന് വണ്ടിക്കാരനും ആകെ വേവലാതിയായി. തലപുകഞ്ഞാലോചിച്ച് അവസാനം ഞങ്ങള്‍ ഒരു പോംവഴി കണ്ടെത്തി. ബ്രൂണോയുടെ ഡോളര്‍ വണ്ടിക്കാരന് എടുത്തിട്ട് പകരം വണ്ടിക്കാശ് കഴിഞ്ഞുള്ള തുക മംഗോളിയന്‍ രൂപയായി നല്‍കുക. കിട്ടിയ പൈസ വെച്ച് ബ്രൂണോ എന്റെ കടം തീര്‍ത്തു. ഏഴു മണിയായപ്പോള്‍ ബസ് വന്നു. കയറാന്‍ ശ്രമിച്ചപ്പോഴാണ് ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്യണമെന്ന് മനസ്സിലാക്കിയത്. അവധിക്കാലം കഴിഞ്ഞു എന്നതിനാല്‍ എല്ലാവർക്കും തിരികെ ഉലാന്‍ ബാത്തറിലെ ജോലിസ്ഥലത്തേക്ക് എത്തണമെന്നുള്ളതുകൊണ്ട് ടിക്കറ്റ് ഒന്നുമില്ല. ടാക്സി അന്വേഷിച്ചപ്പോള്‍ ഭയങ്കര റേറ്റ്.
എന്തുചെയ്യുമെന്ന് കണ്ഫ്യൂഷനടിച്ചു നിന്നപ്പോള്‍ ഒരാള്‍ ഞങ്ങളെ സമീപിച്ചു. ബസ് ടിക്കറ്റിന്റെ പൈസക്ക് തലസ്ഥാനത്തേക്ക് എത്തിക്കാമെന്ന് പറഞ്ഞു. മാമയോട് യാത്ര പറഞ്ഞു ഞാനും ബ്രൂണോയും അയാള്‍ക്കൊപ്പം പോയി. അയാള്‍ ഞങ്ങളെ വണ്ടിയില്‍ കുറച്ചു മാറിയുള്ള ഒരു സ്ഥലത്തേക്ക് കൊണ്ടുപോയി. അവിടെ അച്ഛനുമമ്മയും രണ്ടു കുട്ടികളും അടങ്ങുന്ന കുടുംബം മറ്റൊരു വണ്ടിയില്‍ കാത്തുനിൽപുണ്ടായിരുന്നു. ഉലാന്‍ ബാത്തര്‍ നഗരവാസികളാണ്. അവധി ആഘോഷിക്കാന്‍ മോറോണില്‍ എത്തിയതാണ്. അവര്‍ക്കൊപ്പം ഞങ്ങള്‍ ഉലാന്‍ ബാത്തറിലേക്ക് യാത്രതിരിച്ചു. അവര്‍ക്ക് ഇംഗ്ലീഷ് അറിയാത്തതുകൊണ്ട് ഒരുവിധ സംസാരവുമില്ലാതെയായിരുന്നു യാത്ര. ബ്രൂണോ കയറിയപാടെ ഉറക്കമായി. ഞാന്‍ അടുത്ത യാത്രാപദ്ധതി തയാറാക്കുന്നതില്‍ വ്യാപൃതയായി.