അപ്രതീക്ഷിത കൂട്ടുകെട്ട്

രാവിലെ അഞ്ചരക്ക് ഗെറില്‍ ആളനക്കം കേട്ടാണ് ഞെട്ടി ഉണര്‍ന്നത്. നോക്കിയപ്പോള്‍ ദക്ഷ്. മംഗോളിയക്കാര്‍ക്ക് ആരുടെയും ഗെറില്‍ കയറാന്‍ അനുവാദം വേണ്ട. എനിക്ക് അൽപം നീരസം തോന്നിയെങ്കിലും ആ പാവം അടുപ്പ് കത്തിക്കാനാണ് വന്നതെന്ന് കണ്ടപ്പോള്‍ ദേഷ്യം മാറി –മംഗോളിയൻ യാത്രയിലെ ചില മുഹൂർത്തങ്ങൾ ഓർക്കുന്നു.16 അഞ്ചു ദിവസത്തെ ഗോബി പര്യടനത്തിനു ശേഷം ഞങ്ങള്‍ ഓര്‍ഖോന്‍ വാലി സന്ദര്‍ശിക്കാന്‍ പുറപ്പെട്ടു. മംഗോളിയയുടെ തെക്കുപടിഞ്ഞാറായി 80 കിലോമീറ്റര്‍ നീളത്തിലും 15 കിലോമീറ്റര്‍ വീതിയിലും പരന്നുകിടന്ന പുല്‍മേടുകളായിരുന്നു ഈ താഴ്വരയുടെ പ്രത്യേകത. അനാദികാലംതൊട്ട് ഓര്‍ഖോന്‍ നദിയുടെ തീരങ്ങളില്‍ മനുഷ്യര്‍...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
രാവിലെ അഞ്ചരക്ക് ഗെറില്‍ ആളനക്കം കേട്ടാണ് ഞെട്ടി ഉണര്‍ന്നത്. നോക്കിയപ്പോള്‍ ദക്ഷ്. മംഗോളിയക്കാര്‍ക്ക് ആരുടെയും ഗെറില്‍ കയറാന്‍ അനുവാദം വേണ്ട. എനിക്ക് അൽപം നീരസം തോന്നിയെങ്കിലും ആ പാവം അടുപ്പ് കത്തിക്കാനാണ് വന്നതെന്ന് കണ്ടപ്പോള്‍ ദേഷ്യം മാറി –മംഗോളിയൻ യാത്രയിലെ ചില മുഹൂർത്തങ്ങൾ ഓർക്കുന്നു.
16
അഞ്ചു ദിവസത്തെ ഗോബി പര്യടനത്തിനു ശേഷം ഞങ്ങള്‍ ഓര്‍ഖോന്‍ വാലി സന്ദര്‍ശിക്കാന്‍ പുറപ്പെട്ടു. മംഗോളിയയുടെ തെക്കുപടിഞ്ഞാറായി 80 കിലോമീറ്റര്‍ നീളത്തിലും 15 കിലോമീറ്റര്‍ വീതിയിലും പരന്നുകിടന്ന പുല്‍മേടുകളായിരുന്നു ഈ താഴ്വരയുടെ പ്രത്യേകത. അനാദികാലംതൊട്ട് ഓര്‍ഖോന്‍ നദിയുടെ തീരങ്ങളില്‍ മനുഷ്യര്‍ വസിച്ചിരുന്നു. അതിന്റെ പല ശേഷിപ്പുകളും ഈ ഭാഗങ്ങളില്‍നിന്ന് പുരാവസ്തു ഗവേഷകര്‍ക്ക് ലഭിച്ചിട്ടുണ്ട്. ഇതിന്റെ പ്രാധാന്യം കണക്കിലെടുത്തു താഴ് വാരത്തിന് യുനെസ്‌കോ 2004ല്‍ ലോക പൈതൃക പദവി നല്‍കിയിട്ടുമുണ്ട്. ഇടയ സംസ്‌കാരത്തിന്റെ തൊട്ടിലായും പ്രദേശത്തെ വിശേഷിപ്പിക്കാറുണ്ട്.
ഇടയ സംസ്‌കാരത്തെ തനതുരീതിയില്‍ സംരക്ഷിക്കാനും പരിപാലിക്കാനും ഇവിടത്തുകാര്‍ നിരന്തരമായി പരിശ്രമിക്കുന്നുണ്ട്. ഞാന്‍ കാണാന്‍ ഏറെ ആഗ്രഹിച്ചത് രണ്ടു കാര്യങ്ങളായിരുന്നു. ചെങ്കിസ്ഖാന്‍ തന്റെ തലസ്ഥാനമായി അംഗീകരിച്ച ഖര്‍ഖോറിം എന്ന പട്ടണവും വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന യാക്ക് ഉത്സവവും. യഥാർഥ ടൂര്‍ പദ്ധതിയനുസരിച്ചു ഉത്സവത്തിന്റെ തലേ ദിവസം ഞങ്ങള്‍ താഴ്വര വിടേണ്ടതായിരുന്നു. എന്നാല്‍, ടൂര്‍ ഉടമയെ നിര്‍ബന്ധിച്ചപ്പോള്‍ അവര്‍ ഒരുദിവസംകൂടി അവിടെ നിൽക്കാന്‍ സമ്മതിച്ചു.
ഞങ്ങളുടെ യാത്രയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ യാത്രയായിരുന്നു കാത്തിരുന്നത്. രാവിലെ ഒമ്പത് മണിക്ക് തിരിച്ച ഞങ്ങള്‍ താഴ്വരയിലെ താമസ സ്ഥലത്തെത്തിച്ചേര്‍ന്നപ്പോള്‍ വൈകീട്ട് നാലര കഴിഞ്ഞിരുന്നു. വരണ്ട ഗോബി പ്രദേശത്തുനിന്ന് ഹരിതാഭമായ ഓര്‍ഖോന്‍ വാലിയില്‍ പ്രവേശിച്ചപ്പോള്‍ തന്നെ കണ്ണും മനസ്സും കുളിര്‍ത്തു. എങ്ങോട്ടു നോക്കിയാലും പച്ചപ്പും മൃഗങ്ങളും. യാക്കും കുതിരകളും ആടും മാടുമെല്ലാം യഥേഷ്ടം വിഹരിക്കുന്നു. റോഡിന്റെ ഒരു വശത്തായി പുല്‍മേടുകള്‍ക്കിടയിലൂടെ ശാന്തമായി ഓര്‍ഖോന്‍ നദിയൊഴുകുന്നു. നദിയില്‍നിന്ന് നൂറു മീറ്റര്‍ മാറിയായിരുന്നു ദക്ഷിന്റെ ഗെര്‍.
മൂന്നു ദിവസം ഞങ്ങള്‍ അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പമായിരുന്നു താമസം. ഞങ്ങള്‍ ഗെറിലേക്ക് പ്രവേശിച്ചപ്പോള്‍ ദക്ഷ് ടി.വിയില്‍ ഗുസ്തി മത്സരം കാണുകയായിരുന്നു. ഞങ്ങളെ നോക്കി ഒന്ന് പുഞ്ചിരിച്ചതല്ലാതെ സാധാരണ ആതിഥേയര് കാണിക്കുന്ന പതിവ് ഔപചാരികതകളൊന്നും പ്രകടിപ്പിച്ചില്ല. ഞങ്ങളും പുള്ളിക്കൊപ്പമിരുന്നു ഗുസ്തി കണ്ടു. ജപ്പാനില്‍ നടക്കുന്ന ഗുസ്തിമത്സരത്തില്‍ മംഗോളിയക്കാരന്‍ പങ്കെടുക്കുന്നതിനാലാണ് ഇത്രയും ആവേശമെന്നു ബിബിറ്റോ പറഞ്ഞു. അയാളുടെ ഭാര്യ ബ്രെഡും യാക്കിന്റെ വെണ്ണയും കഴിക്കാന്‍ തന്നു. ഞങ്ങള്‍ കഴിക്കുന്നതിനിടെയാണ് ഗുസ്തി മത്സരത്തില്‍ മംഗോളിയക്കാരന്‍ വിജയിച്ചത്. ദക്ഷ് കൊച്ചുകുട്ടികളെ പോലെ തുള്ളിക്കൊണ്ട് വിജയം ആഘോഷിച്ചു.
ഞങ്ങളെ അടുത്തുള്ള ഗെറിലേക്ക് കൂട്ടിക്കൊണ്ടുപോയി. ദക്ഷ് പരുക്കനാണെന്ന് ആദ്യം തോന്നിയെങ്കിലും വലിയ കരുതലുള്ള മനുഷ്യനാണെന്ന് പിന്നീട് അനുഭവപ്പെട്ടു. പുറത്തു മഴക്കോള്‍ ഉള്ളതിനാല്‍ നല്ല തണുപ്പായിരുന്നു. ഞങ്ങള്‍ കിടുകിടാ വിറക്കുന്നത് കണ്ട് ദക്ഷ് വീട്ടില്‍നിന്ന് വിറകെടുത്തുകൊണ്ടു വന്നു ഞങ്ങളുടെ ഗെറിലുണ്ടായിരുന്ന അടുപ്പ് കത്തിച്ചു. രണ്ടു ദിവസമായിരുന്നു കുളിച്ചിട്ട്. മേലാകെ ചൊറിയാന്‍ തുടങ്ങിയിരുന്നു. നദിയിലാണ് അവര്‍ കുളിക്കാറുള്ളത് എന്നുപറഞ്ഞു.
തുറസ്സായ സ്ഥലത്തു തണുത്തുറഞ്ഞ വെള്ളത്തില്‍ കുളിക്കുന്നത് ആലോചിക്കാന്‍ കൂടി വയ്യ എന്ന് ഞങ്ങള്‍ പറഞ്ഞു. പിന്നെയുണ്ടായിരുന്ന ഒരേയൊരു ഓപ്ഷന്‍ തൊട്ടടുത്തുള്ള റിസോര്‍ട്ടില്‍ പണം കൊടുത്തു കുളിക്കുക എന്നതായിരുന്നു. ഇരുനൂറ്റിയമ്പതു രൂപയായിരുന്നു ചൂട് വെള്ളത്തില്‍ കുളിക്കാന്‍. റിസോര്‍ട്ടില്‍ തന്നെ ബാറ്ററിബാങ്ക് ചാര്‍ജ് ചെയ്യാനും സൗകര്യമുണ്ടായിരുന്നു. ഒരെണ്ണം ചാര്‍ജ് ചെയ്യാന്‍ അമ്പത് രൂപ കൊടുക്കണം. അങ്ങനെ റിസോര്‍ട്ടില്‍ പോയി കുളിച്ചു. പവര്‍ ബാങ്ക് ചാര്‍ജ് ചെയ്യാന്‍ അവിടെ വെച്ചിട്ടു പോന്നു.
യാത്രാക്ഷീണവും ചൂടുവെള്ളത്തില്‍ കുളിച്ചതിന്റെ സുഖവും കൂടിയായപ്പോള്‍ ഞാന്‍ നേരത്തേ ഉറങ്ങാമെന്ന് കരുതി. എന്നാല്‍, കൊക്കോയും സിന്‍ഡിയും സമ്മതിച്ചില്ല. സിന്‍ഡിക്ക് ഒരു ദിവസംകൂടി കഴിഞ്ഞാല്‍ തിരികെ പോകണമായിരുന്നു. ബിബിറ്റോയും ഡ്രൈവറും ഞങ്ങള്‍ക്കൊപ്പം കൂടി. മംഗോളിയക്കാരുടെ വിചിത്രമായ ചീട്ടുകളി കളിച്ചു. ആദ്യ ദിവസം വാങ്ങിയ വോഡ്ക അന്നായിരുന്നു പൊട്ടിക്കാന്‍ പറ്റിയത്. ഡ്രൈവര്‍ കുറച്ചു കഴിഞ്ഞു തിരികെ പോയി. ശേഷം ഞങ്ങള്‍ പെണ്ണുങ്ങള്‍ തമ്മില്‍ ചോദ്യോത്തര വേളയായിരുന്നു.
വട്ടത്തിലിരുന്നു തൊട്ടടുത്തയാളോട് ചോദ്യം ചോദിക്കണം. അതിന് ഉത്തരം നല്‍കിയിട്ട് പെട്ടെന്ന് തന്നെ അപ്പുറത്തിരിക്കുന്ന ആളോട് അടുത്ത ചോദ്യം ചോദിക്കണം. ആദ്യമൊക്കെ സാധാരണ ചോദ്യങ്ങളായിരുന്നു. പിന്നെപ്പിന്നെ സിന്‍ഡിയുടെ ചോദ്യങ്ങള്‍ സെക്‌സിനെപ്പറ്റിയും ബോയ്ഫ്രൻഡ്സിനെപ്പറ്റിയുമൊക്കെയായി. അവര്‍ക്കൊന്നും അതിനെ പറ്റി തുറന്നു സംസാരിക്കാന്‍ മടിയില്ലായിരുന്നു. ഞാന്‍ ഇപ്പോഴും ഓള്‍ഡ് സ്‌കൂള്‍ ആയതുകൊണ്ട് അൽപം അസ്‌ക്യത തോന്നി. ഞാന്‍ തലവേദന ഭാവിച്ചു പോയി കിടന്നുറങ്ങി. പാതിരാത്രിയിലെപ്പോഴോ കണ്ണ് തുറന്നപ്പോള്‍ സെക്‌സ് ചര്‍ച്ചകള്‍ അവസാനിച്ചില്ലെന്നു മനസ്സിലായി. ഞാന്‍ വീണ്ടും കിടന്നുറങ്ങി.
രാവിലെ അഞ്ചരക്ക് ഗെറില്‍ ആളനക്കം കേട്ടാണ് ഞെട്ടി ഉണര്‍ന്നത്. നോക്കിയപ്പോള്‍ ദക്ഷ്. മംഗോളിയക്കാര്‍ക്ക് ആരുടെയും ഗെറില്‍ കയറാന്‍ അനുവാദം വേണ്ട. എനിക്കൽപം നീരസം തോന്നിയെങ്കിലും ആ പാവം അടുപ്പ് കത്തിക്കാനാണ് വന്നതെന്ന് കണ്ടപ്പോള്‍ ദേഷ്യം മാറി. ഇതുവരെ താമസിച്ചിടത്തെവിടെയും ആരും ഇങ്ങനെയൊന്നും ചെയ്തിരുന്നില്ല. പുറത്തിറങ്ങി നോക്കിയപ്പോള്‍ മുറ്റം നിറയെ യാക് മൃഗങ്ങളായിരുന്നു. ദക്ഷിന്റെ ഭാര്യ ഗെരല്തുയ അവയെ കറക്കുന്ന തിരക്കിലായിരുന്നു. തലേന്ന് ടീഷര്‍ട്ടും ലെഗ്ങ്സും ആയിരുന്നു വേഷം. എന്നാല്‍ ഇന്നിപ്പോള്‍ ഡീല്‍ എടുത്ത് ധരിച്ചിട്ടുണ്ട്.

ബുദ്ധക്ഷേത്രം
തണുപ്പിനെ പ്രതിരോധിക്കാന്‍ ഡീല്‍ സഹായകമാണ്. വളരെ സൗഹൃദപരമായിട്ടായിരുന്നു പെരുമാറിയത്. അവര്‍ യാക്കുകളെ കറക്കുമ്പോള്‍ എന്നെയും കൂട്ടി. കറക്കാനുള്ള ശ്രമം വിഫലമായെങ്കിലും എന്നെക്കൂടി അവര്‍ക്കൊപ്പം കൂട്ടാന്‍ തോന്നിയതില്‍ സന്തോഷം തോന്നി. കുറച്ചു കഴിഞ്ഞപ്പോള്‍ ദക്ഷിന്റെ സഹോദരിയും സഹോദരന്റെ ഭാര്യയും പാലു കറക്കാന്‍ എത്തി. അവരവരുടെ യാക്കുകളെ എങ്ങനെ അവര്‍ തിരിച്ചറിയുന്നുവെന്ന് അത്ഭുതം തോന്നി. കുടുംബത്തിന് മൊത്തം അമ്പതു യാക്കുകള്‍ ഉണ്ടായിരുന്നു. മൂവര്‍ക്കുമായി അത് വീതിച്ചിട്ടുണ്ട്. പാലിന്റെ പരിപാടി കഴിഞ്ഞപ്പോള്‍ അവര്‍ എന്നെ അവരുടെ ഗെറിലേക്ക് കൂട്ടി. പാല്‍ അരിച്ച ശേഷം കുടിക്കാന്‍ തന്നു. അത് കുടിച്ചു കൊണ്ടിരുന്നപ്പോള്‍ ദക്ഷ് എത്തി. ഞങ്ങള്‍ക്ക് സവാരി ചെയ്യാനുള്ള കുതിരകളെ പിടിക്കാന്‍ പോയതാണ്. അവര്‍ക്ക് പത്തും അഞ്ചും വയസ്സുള്ള രണ്ടു മക്കളായിരുന്നു. മക്കള്‍ ബാറ്റ് ഉല്‍സിയിലുള്ള അപ്പൂപ്പന്റെ വീട്ടില്‍നിന്നായിരുന്നു പഠിക്കുന്നത്.
അപ്പൂപ്പന്റെ വീടിനടുത്തായിരുന്നു സ്‌കൂള്‍ എന്നതിനാല്‍ കുതിരപ്പുറത്താണ് അവര്‍ സ്‌കൂളില്‍ പോകുന്നത്. ദക്ഷിനു സ്വന്തമായി പത്തു കുതിരകളും ഇരുപത് യാക്കും മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇത്രയും കുറവ് മൃഗങ്ങളെ വെച്ച് മാത്രം ജീവിതം മുന്നോട്ട് കൊണ്ട് പോകാന്‍ ബുദ്ധിമുട്ടല്ലേ എന്ന് ഞാന്‍ ചോദിച്ചു. ‘‘സര്‍ക്കാറിന് കട്ട് മുടിക്കാന്‍ അത്രയും കുറവ് പൈസയല്ലേ കിട്ടുകയുള്ളൂ’’ എന്നായിരുന്നു മറുപടി. വിശദ വിവരങ്ങള്‍ ചോദിച്ചപ്പോഴാണ് ഓരോ മൃഗത്തിനും നികുതി അടക്കണം എന്ന് മനസ്സിലായത്. ആടായാലും ഒട്ടകമായാലും ഒരേ നികുതിയാണ്. അഴിമതികള്‍ക്ക് കുപ്രസിദ്ധമാണ് മംഗോളിയന്‍ സര്‍ക്കാറും ഉദ്യോഗസ്ഥരും. പല വിദേശ ഫണ്ടുകള്‍പോലും തിരിമറി നടത്തി സ്വന്തമാക്കിയവരാണ് പല രാഷ്ട്രീയ പ്രവര്‍ത്തകരും.
കഥയൊക്കെ പറഞ്ഞിരുന്നപ്പോള്‍ സമയം പോയതറിഞ്ഞില്ല. ബിബിറ്റോ എന്നെ തേടി അവിടെയെത്തി. പ്രാതല്‍ തണുക്കുമെന്നു പറഞ്ഞ് എന്നെയും കൂട്ടി മടങ്ങി. ഒരു മണിക്കൂറിനുള്ളില്‍ കുതിരസവാരിക്കെത്താമെന്നു ദക്ഷിനോട് പറയുന്നത് കേട്ടു. പ്രാതല്‍ കഴിഞ്ഞപ്പോഴേക്കും ദക്ഷ് ഞങ്ങള്‍ക്കെല്ലാം ധരിക്കാനുള്ള ഡീലും നീണ്ട ബൂട്‌സും ഹെല്‍മറ്റും ഒക്കെ ആയി എത്തി. അതൊക്കെ ധരിച്ചപ്പോള്‍ കുറച്ചുകൂടി സുരക്ഷിതത്വം അനുഭവപ്പെട്ടു. നടുവിന്റെ വേദന ഏകദേശം മാറിയിരുന്നു. കൊക്കോയും സിന്‍ഡിയും വലിയ ആവേശത്തിലായിരുന്നു. അവര്‍ ആദ്യമായിട്ടായിരുന്നു കുതിരസവാരിക്ക് പോകുന്നത്. രണ്ടുപേരുടെയും സ്വഭാവത്തിന് പറ്റിയ കുതിരകളെയാണ് കിട്ടിയത്. സിന്‍ഡിയുടെ കുതിര അവളെപ്പോലൊരു വെകിളിപിടിച്ച കുതിരയായിരുന്നു. എന്നാല്‍, കൊക്കോയുടെ കുതിര വളരെ സാവധാനം ചുറ്റുമുള്ള പ്രകൃതിയൊക്കെ നിരീക്ഷിച്ചു പതുക്കെ നടക്കാന്‍ താൽപര്യപ്പെടുന്നതായിരുന്നു. ഞങ്ങള്‍ കുതിരപ്പുറത്തു കയറി അവിടെ അടുത്തുണ്ടായിരുന്ന വെള്ളച്ചാട്ടം കാണാന്‍ പോയി. ഇരുപതിനായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് ഭൂകമ്പത്തിനും അഗ്‌നിപർവത സ്‌ഫോടനത്തിനും ശേഷം രൂപംകൊണ്ട മനോഹരമായ ഒരു മലയിടുക്കിലേക്ക് ഓര്‍ഖോന്‍ നദി വന്നു പതിക്കുന്നിടത്താണ് വെള്ളച്ചാട്ടം. അറുപതടി പൊക്കവും മുപ്പതടി വീതിയുമുള്ള ചെറിയൊരു വെള്ളച്ചാട്ടം. സീെപ്ലയിനില് കയറാന്‍ ആളുകളുടെ തിരക്കായിരുന്നു. കുറച്ചുനേരം അവിടെ കറങ്ങിത്തിരിഞ്ഞു നിന്നിട്ട് വീണ്ടും കുതിരസവാരിക്ക് പുറപ്പെട്ടു.
സിന്‍ഡിയുടെ വെകിളിപിടിച്ച കുതിരയെ മാത്രം ദക്ഷ് പിടിച്ചിരുന്നു. അവള്‍ക്ക് സ്പീഡില്‍ പോകണമെന്ന് പറഞ്ഞതോടെ ദക്ഷ് കുതിരയെ ഓടിക്കാന്‍ ആരംഭിച്ചു. അതോടെ എല്ലാ കുതിരകളും അന്നനടനം മതിയാക്കി പാച്ചില്‍ ആരംഭിച്ചു. അതുവരെ വളരെ മനഃസമാധാനത്തില്‍ പോയിരുന്ന ഞാൻ സ്വന്തം ജീവന്‍ കൈയില്‍ പിടിക്കേണ്ടി വന്നു. വല്ലവിധേനയും കടിഞ്ഞാണില്‍ ആഞ്ഞു വലിച്ചു കുതിരയോട്ടം നിര്‍ത്തിച്ചു, എന്നിട്ട് പതുക്കെ പോകാന്‍ തുടങ്ങി. കൊക്കോയുടെ കുതിരയും അതോടെ നടത്തം ആരംഭിച്ചു. ഗെറില്‍ എത്തിയപ്പോഴാണ് ആശ്വാസമായത്. ഉച്ചക്ക് ഭക്ഷണം കഴിഞ്ഞ് വീണ്ടും രണ്ടു മണിക്കൂര്‍ കുതിരസവാരിയുണ്ടായിരുന്നു. പക്ഷേ ഞാന്‍ പോയില്ല.
അന്ന് വൈകീട്ട് ഞങ്ങള്‍ ഖോര്‍ഖോഗ് എന്ന മംഗോളിയന്‍ ബാര്‍ബിക്യു ആയിരുന്നു പ്ലാന്‍ ചെയ്തത്. അതിനായി നദിക്കരയില്‍ പോയി ചെറിയ വെള്ളാരംകല്ലുകള്‍ പെറുക്കി കൊണ്ടു വന്നു. ബിബിറ്റോ മട്ടന്‍ കൊച്ചു കഷണങ്ങളായി അരിഞ്ഞു. ഒരു പാത്രത്തില്‍ കുറച്ച് ഇറച്ചി നിരത്തി. ഞങ്ങള്‍ കൊണ്ടുവന്ന കല്ലുകള്‍ ചുമപ്പ് നിറമാകുന്നതുവരെ ഒരു വലിയ ലൈറ്റര്‍ ഉപയോഗിച്ച് ചൂടാക്കി. ഇറച്ചിക്ക് മുകളില്‍ ചൂട് കല്ലുകള്‍ നിരത്തി. വീണ്ടും ഇറച്ചി നിരത്തി. അതിനു മുകളില്‍ ഒരു ലയര്‍കൂടി കല്ല് വെച്ച്, മുകളിലായി വേവിച്ച ഉരുളക്കിഴങ്ങും കാരറ്റും കാബേജു വെച്ച് അടച്ചു. എന്നിട്ടത് അടുപ്പത്തു വെച്ചു.
ഇനി ഒരു മണിക്കൂറിന് ശേഷമേ ഇതു തുറക്കൂ എന്ന് പറഞ്ഞതുകൊണ്ട് ഞാനും സിന്‍ഡിയും കൊക്കോയും നദിയുടെ തീരത്തുകൂടി നടക്കാന്‍ പോയി. അതിമനോഹരമായ സായാഹ്നമായിരുന്നു. ഞങ്ങള്‍ നിന്നിരുന്ന എതിര്‍വശത്തായിരുന്നു സൂര്യാസ്തമയം. വിശാലമായ കാന്‍വാസിലെ എണ്ണഛായചിത്രംപോലെ തോന്നിച്ചു. സിൻഡിയും കൊേക്കായും വെള്ളത്തിലിറങ്ങി കളിക്കാന്‍ തുടങ്ങി. ഞാന്‍ വെറുതെ ഫോട്ടോയും വിഡിയോയും എടുത്തു നടന്നു. നദിയുടെ ഇരുകരകളിലുമായി ധാരാളം കുടുംബങ്ങള്‍ ടെന്റ് അടിച്ചിരുന്നു. ഇപ്രകാരം ഏതെങ്കിലും ദൂരസ്ഥലത്ത് കൂടാരം കെട്ടി സമയം ചെലവഴിക്കുന്നത് മംഗോളിയക്കാരുടെ അവധിക്കാല വിനോദങ്ങളിലൊന്നാണ്.

ഓര്‍ഖോന്‍ നദീതീരത്ത് രാത്രിയിലെ ഒത്തുകൂടൽ
വിഡിയോ പിടിക്കുന്നതിനിടയില്‍ ഒരു ടെന്റിന്റെ അരികില്‍ നിന്നയാള്‍ കൈവീശി കാണിച്ചു. ആദ്യം പേടിച്ചുപോയി. വിഡിയോ എടുക്കുന്നത് വിലക്കിയതാണെന്നാണ് ആദ്യം കരുതിയത്. പിന്നീടാണ് മനസ്സിലായത് അയാള്‍ എന്നെ അങ്ങോട്ട് വിളിക്കുകയായിരുന്നു എന്ന്. രണ്ടു മുതിര്‍ന്ന പുരുഷന്മാരും, സ്ത്രീകളും ചെറിയ മേശക്ക് ചുറ്റുമായി ഇരുന്ന് മദ്യം സേവിക്കുകയാണ്. ഞാന്‍ അങ്ങോട്ട് ചെന്നപ്പോള്‍, കൈവീശിയ കാരണവര്‍ ഉച്ചത്തില്‍ ആരെയൊക്കെയോ വിളിച്ചു. ടെന്റില്‍നിന്ന് രണ്ടു ചെറുപ്പക്കാരികളും ഒരു ചെറുപ്പക്കാരനും ഇറങ്ങിവന്നു. ഞാന്‍ എല്ലാവരെയും പരിചയപ്പെട്ടു. ചെറുപ്പക്കാരില്‍ ഒരാളുടെ പേര് ഹോളി എന്നായിരുന്നു.
ഹോളി ലണ്ടനില്‍ ജോലി ചെയ്യുന്നു. അവള്‍ അവധിക്കു നാട്ടില്‍ എത്തിയപ്പോള്‍ സഹോദരങ്ങളുമായി സമയം ചെലവഴിക്കാന്‍ എത്തിയതാണ്. അവളുടെ അച്ഛനാണ് എന്നെ കൈവീശി വിളിച്ചത്. അച്ഛന്റെ കോട്ടില്‍ കുറേ മെഡലുകള്‍ തൂക്കിയിരുന്നു. ഹോളി അദ്ദേഹത്തെ പരിചയപ്പെടുത്തി. മുൻ മംഗോളിയന്‍ സൈനികനാണ്. സൈനിക കഥകള്‍ കേള്‍ക്കാന്‍ ഞാന്‍ അദ്ദേഹത്തിന്റെയടുത്ത് കസേരയിട്ടിരുന്നു. അപ്പോഴാണ് കുടിച്ചു യാതൊരു ബോധവും ഇല്ലാതെയാണ് പുള്ളി ഇരിക്കുന്നതെന്നു മനസ്സിലായത്.
ഹോളിയുടെ അമ്മ നല്ല ആതിഥേയയായിരുന്നു. അവര്‍ വേഗം അവിടെയുണ്ടായിരുന്ന തണ്ണിമത്തങ്ങ മുറിച്ചു കഷണങ്ങളാക്കി തന്നു. ഹോളിയുടെ സഹോദരന്‍ ഗ്ലാസില്‍ ഐറാഗ് ഒഴിച്ചു തന്നു. ബഹളത്തിനിടയില്‍ കൊക്കോയും സിന്‍ഡിയും വന്നെത്തി. പിന്നെ പരിചയപ്പെടലും കഥപറച്ചിലുമൊക്കെയായി. ആ സമയം ബിബിറ്റോയും എത്തിച്ചേർന്നു. ഭക്ഷണം തയാറായത് കഴിക്കാന്‍ വിളിക്കാന്‍ വന്നതായിരുന്നു. ഹോളിയുടെ വീട്ടുകാർക്ക് ആരോ ഒരു ചരുവം നിറയെ പുഴമീന്‍ കൊടുത്തിരുന്നു. രാത്രിയില്‍ അത് ഗ്രില്‍ ചെയ്യാനായിരുന്നു പദ്ധതി. ഞങ്ങളെയും അവര്‍ക്കൊപ്പം കൂടാന്‍ ക്ഷണിച്ചു.
ഞങ്ങള്‍ അത്താഴം കഴിക്കാന്‍ ഗെറിലേക്ക് ചെന്നു. ഡ്രൈവര്‍ ചവണ ഉപയോഗിച്ച് ഇറച്ചിയും പച്ചക്കറിയും ഒരു വലിയ ട്രേയില്‍ നിരത്തി. അതിന്റെ അരികില്‍ കല്ലുകളും വെച്ചു. ഭക്ഷണം കഴിക്കുന്നതിനു മുമ്പ് ഈ കല്ലുകള്‍ ഉള്ളംകൈയില്‍ തിരുമ്മണം. അതായിരുന്നു രീതി. നല്ല രുചിയായിരുന്നു ഇറച്ചിക്ക്. ജപ്പാന്‍ സന്ദര്‍ശനത്തിനുശേഷം ഭക്ഷണത്തില്‍ മസാല ചേര്‍ക്കുന്നത് തീരെ ഇഷ്ടമല്ല. ഓരോ ഭക്ഷണത്തിന്റെയും തനതു രുചി അറിയണമെങ്കില്‍ ഉപ്പ് മാത്രം ചേര്‍ത്ത് വേണം കഴിക്കാന്‍. അത്താഴം കഴിഞ്ഞു ഞങ്ങള്‍ ഉണ്ടാക്കിയതിന്റെ കുറച്ചു പ്ലേറ്റില്‍ എടുത്ത് ഹോളിയുടെ അടുത്തേക്ക് പോയി. അവിടെ അവര്‍ മീന്‍ എല്ലാം വൃത്തിയാക്കി ഉപ്പ് പുരട്ടി വെച്ചിരുന്നു.
ഞങ്ങള്‍ പോയതും വിറകടുപ്പ് കൂട്ടി കനലുണ്ടാക്കി. അതിനു മുകളില്‍ ഗ്രില്‍ വെച്ചിട്ട് മത്സ്യം നിരത്തി ചുട്ടെടുത്തു. മീനിന് ഒട്ടും രുചിയില്ലായിരുന്നു. പക്ഷേ, എല്ലാവര്‍ക്കുമൊപ്പം ഇരുന്ന് കഴിച്ചതുകൊണ്ട് രസകരമായ അനുഭവമായിരുന്നു. ബട്ട് നാടന്‍ വോഡ്ക എല്ലാവർക്കും പകര്‍ന്നുതന്നു. ഐറാഗില്‍നിന്ന് വാറ്റിയെടുക്കുന്നതാണ് നാടന്‍ വോഡ്ക. അത് സംഘടിപ്പിക്കുക എളുപ്പമല്ലായിരുന്നു. വോഡ്കയുടെ കുപ്പി തറയില്‍ വെക്കാന്‍ പോയപ്പോള്‍ ബാറ്റ് വിലക്കി. മംഗോളിയക്കാര്‍ക്കിടയില്‍ ഒരുപാടു അന്ധവിശ്വാസങ്ങളുണ്ടെന്നു ഹോളി പറഞ്ഞു. അതിലൊന്നാണ് വോഡ്ക കുപ്പി നിലത്തുവെക്കരുത് എന്നുള്ളത്.
അതുപോലെ കുപ്പി പൂര്‍ണമായും ഒഴിയുന്നത് അഭിലഷണീയമല്ല. ഇച്ചിരി എപ്പോഴും ബാക്കിവെക്കും. കുടിക്കുന്നതിനു മുമ്പ് കുറച്ചെടുത്തു ആകാശത്തേക്ക് തളിക്കും. ഞങ്ങള്‍ ഇരുന്നിടത്തു കൂടി യാക്കിന്റെ കൂട്ടം കടന്നുപോയി. അവ ഞങ്ങളെയും മൈന്‍ഡ് ചെയ്തില്ല, ഞങ്ങള്‍ അവയെയും ഗൗനിച്ചില്ല. കുറച്ചു കഴിഞ്ഞപ്പോള്‍ എനിക്കുറക്കം വരുന്നതുകൊണ്ട് ഞാന്‍ വിടപറഞ്ഞിറങ്ങി. കൊക്കോയും സിന്‍ഡിയും ബിബിറ്റോയും കിടക്കാന്‍ വന്നപ്പോള്‍ ഒരുമണി കഴിഞ്ഞിരുന്നു.
17. യാക്കുകളുടെ എഴുന്നള്ളിപ്പ്
അടുത്ത ദിവസം രാവിലെ സിന്‍ഡി തിരികെ പോയി. സത്യത്തിൽ അവളായിരുന്നു ഞങ്ങളുടെ ഗ്രൂപ്പിന്റെ ഊര്‍ജം. എപ്പോഴും ഒച്ചയും ബഹളവും ചിരിയും കളിയും. അവര്‍ക്കൊപ്പം ടൂര്‍ തുടങ്ങി ഏഴു ദിവസമായി എന്ന് തലേന്നവള്‍ പറഞ്ഞപ്പോഴാണ് അങ്ങനെയൊരു കാര്യത്തെക്കുറിച്ച് ഓര്‍ത്തതുപോലും. സമയം എത്ര പെെട്ടന്നായിരുന്നു കടന്നുപോയത്. ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യുമ്പോള്‍ സമയം കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെ പായും. എന്നെ സന്ദര്‍ശിക്കാന്‍ ഇന്ത്യയിലേക്ക് ഉടന്‍ വരുമെന്ന് വാക്ക് തന്നിട്ടാണ് അവള്‍ ഇറങ്ങിയത്. ഡ്രൈവര്‍ അവളെ അടുത്തുള്ള പട്ടണത്തിൽ കൊണ്ടുവിടാൻ പോയി. അവിടന്ന് ബസിലാണ് ഉലാന്‍ ബാത്തറില്‍ പോകുക.
പിറ്റേ ദിവസമായിരുന്നു ഓര്‍ഖോന്‍ വാലിയിലെ യാക്ക് ഉത്സവം. അന്നേ ദിവസം പ്രത്യേകിച്ചു പരിപാടിയൊന്നുമില്ലായിരുന്നു. ആ ഒരു ദിവസം നദിക്കരയിലൂടെ കുറേ ദൂരം നടന്നും പുല്‍മേട്ടിലിരുന്നും എന്നെ കടന്നുപോകുന്ന യാക്കിനെയും കുതിരയെയും എണ്ണിയും ഒക്കെ ഇരുന്നു. വെറുതെ അലഞ്ഞുനടക്കുന്നതിലും ചിലപ്പോള്‍ സന്തോഷം കണ്ടെത്താനാകും. ‘നോട്ട് ഓള്‍ ഹു വാന്‍ഡര്‍ ആര്‍ ലോസ്റ്റ്.’
അന്ന് വൈകീട്ട് ബിബിറ്റോ ദക്ഷിന്റെ കൈയില്‍നിന്ന് കളിക്കാനുള്ള എല്ലുകള്‍ വാങ്ങി കൊണ്ടുവന്നു. ഞങ്ങള്‍ അതുവെച്ചു കുറച്ചുനേരം കളിച്ചു. ഇതിനിടയില്‍ കൊക്കോ മനസ്സ് തുറന്നു.
‘‘നിങ്ങള്‍ എന്നെ കാണാന്‍ ഹോങ്കോങ്ങിൽ വരുമോ?’’
‘‘ഞാന്‍ നോക്കാം കൊക്കോ. മംഗോളിയയിലേക്ക് വരുന്നതിനു മുമ്പ് ഞാന്‍ അവിടം സന്ദര്‍ശിച്ചിരുന്നു.’’
‘‘അതൊന്നും കുഴപ്പമില്ല. ഞാനും ചേച്ചിയും ഒറ്റക്കാണ് താമസിക്കുന്നത്. എന്റെ കൂടെ വന്നു കുറച്ചുദിവസം നില്‍ക്കൂ.’’
‘‘നിന്റെ അച്ഛനും അമ്മയും നാട്ടിലില്ലേ?’’
‘‘ഉണ്ട്. അവര്‍ വേറെയാണ് താമസിക്കുന്നത്. എനിക്ക് പതിനെട്ടു വയസ്സ് കഴിഞ്ഞതിൽ പിന്നെ എന്റെ ജീവിതത്തിലെ അവരുടെ ഇടപെടലുകള്‍ പലപ്പോഴും വഴക്കായി കലാശിക്കുമായിരുന്നു. അങ്ങനെ ഞാനും എന്റെ ചേച്ചിയും വീട് മാറി. അച്ഛന് അഞ്ചാറ് അപ്പാര്‍ട്‌മെന്റ് ഉണ്ട്. ഞങ്ങള് അതിലൊന്നിലേക്കാണ് മാറിയത്. അതുകൊണ്ട് വാടക കൊടുക്കണ്ട. ചേച്ചി ഒരു ഹോസ്റ്റലില്‍ റിസപ്ഷനിസ്‌റ്റ് ആയിട്ട് ജോലിചെയ്യുന്നു. ഞാന്‍ പഠിക്കുന്നതിനൊപ്പം ട്യൂഷന്‍ എടുക്കുന്നതുകൊണ്ട് ചെലവുകള്‍ അങ്ങനെ നോക്കും. യാത്രക്കുള്ള പൈസ അച്ഛന്‍ തരും.’’
‘‘നിനക്ക് അവരെ പിരിഞ്ഞു നില്‍ക്കുന്നതില്‍ വിഷമമില്ലേ?’’

മിത്ര സതീഷ് മംഗോളിയൻ ബാർബിക്യുവുമായി
‘‘എന്തിന്? ഞാന്‍ ഇടക്ക് അവരെ കാണാന്‍ പോകും. ദിവസവും കണ്ടുകൊണ്ടിരിക്കുമ്പോള്‍ ഞങ്ങള്‍ തമ്മിലുള്ള ബന്ധം ഒരുപാട് വഷളായിരുന്നു. ഇപ്പോൾ ഒരു പ്രശ്നവുമില്ല. അവരും ഞങ്ങളും സന്തോഷമായിട്ട് കഴിയുന്നു.’’
21 വയസ്സില്‍ അവള്‍ക്ക് എങ്ങനെ അത്രയും പക്വമായ ഒരു തീരുമാനം എടുക്കാന്‍ കഴിഞ്ഞു! നാട്ടിലാണെങ്കില്‍ തമ്മില്‍ തമ്മില്‍ അടിയും കുത്തുമാണെങ്കിലും എല്ലാവരും ഒരു കൂരക്കടിയില്‍ നിൽക്കാന്‍ ശ്രമിക്കും. സ്വന്തം മാനസികാരോഗ്യം തകര്‍ന്നാലും നാട്ടുകാര്‍ക്ക് മുന്നില്‍ എല്ലാവരും ഒരുമിച്ചു കഴിയുന്നു എന്ന് കാണിച്ചുകൂട്ടാനുള്ള വ്യഗ്രത. കല്യാണം കഴിഞ്ഞാല്‍പോലും മക്കളുടെ എല്ലാ കാര്യത്തിലും ഇടപെടുന്ന അച്ഛനമ്മമാര്‍ പലപ്പോഴും അവരുടെ ദാമ്പത്യ തകര്‍ച്ചക്ക് കാരണമാകാറുണ്ട്.
കൊക്കോ പറഞ്ഞത് ബിബിറ്റോ ശരിവെച്ചു. ‘‘ഞാനും ഇരുപത്തിരണ്ടു വയസ്സിനുശേഷം എന്റെ അച്ഛനമ്മമാരെ ആശ്രയിച്ചില്ല. അന്നുമുതല്‍ തന്നെ ഞാന്‍ ഗൈഡ് ആയിട്ട് ജോലി ചെയ്ത് പൈസ ഉണ്ടാക്കുമായിരുന്നു. സ്വന്തമായി പൈസ ഉണ്ടാക്കുമ്പോള്‍ സ്വന്തം ഇഷ്ടത്തിന് ജീവിക്കാം. സ്വന്തം തീരുമാനങ്ങള്‍ എടുക്കാം. ആരും നമ്മളെ ചോദ്യംചെയ്യില്ല. ആരോടും നമ്മള്‍ കണക്ക് ബോധിപ്പിക്കേണ്ട കാര്യവുമില്ല.’’ പുതിയ തലമുറയിലെ പെണ്‍കുട്ടികള്‍ എത്ര മിടുക്കികളാണ്. അവര്‍ക്ക് ജീവിതത്തെക്കുറിച്ചൊക്കെ വ്യക്തമായ കാഴ്ചപ്പാടുകളുണ്ട്. നമ്മുടെ നാട് ഇത്രക്ക് പുരോഗമിച്ചിട്ടില്ല. അങ്ങനെ ആയിരുന്നെങ്കില്‍ സ്ത്രീധന പീഡനങ്ങള്‍ തുടർക്കഥയാകില്ലല്ലോ. വരന്റെ സാമ്പത്തിക ഭദ്രതയും ജോലിയുമല്ല പെണ്‍കുട്ടിയുടെ ഭാവിജീവിതം നിര്‍ണയിക്കുക. കഴിവും സ്വന്തംകാലില്‍ നില്‍ക്കാനുള്ള തന്റേടവും ഉണ്ടെങ്കില്‍ ഏതു സാഹചര്യവും തരണംചെയ്തു മുന്നേറാന്‍ സാധിക്കും.
‘‘കൊക്കോ നീ എങ്ങനെയാണ് സോളോ യാത്രകള്‍ ആരംഭിച്ചത്?’’
‘‘പതിനാറു വയസ്സുള്ളപ്പോള്‍ ബെയ്ജിങ് വരെ പോയാണ് തുടക്കം കുറിച്ചത്. എന്റെ ചേച്ചി ആ സമയത്ത് അങ്ങനെയൊരു യാത്ര നടത്തി. അവളെ കണ്ടാണ് ഒറ്റക്ക് പോകാന്‍ തീരുമാനിച്ചത്. അവള്‍ ഒറ്റക്ക് യാത്രചെയ്യുന്നതുകൊണ്ട് വീട്ടുകാര്‍ക്ക് എന്നെ വിലക്കാന്‍ പറ്റില്ലായിരുന്നു. വിലക്കിയാല്‍ ഞാന്‍ കേള്‍ക്കുകയും ഇല്ല. എനിക്ക് എന്റെ ജീവിതം എനിക്കിഷ്ടമുള്ളതുപോലെ ജീവിക്കണം. ഞാന്‍ മറ്റുള്ളവരുടെ ആഗ്രഹം നിറവേറ്റാന്‍ എന്തിനു നിന്നുകൊടുക്കണം. അവര്‍ക്ക് സ്വന്തമായി ഒരു ജീവിതമില്ലേ. അവര്‍ക്കിഷ്ടമുള്ളത് ചെയ്തുകൂടെ?’’
‘‘എങ്കിലും നിനക്ക് ഒറ്റക്ക് പോകാന്‍ ഭയം തോന്നാറില്ലേ?’’
‘‘ഇല്ല... ഞാന്‍ ഇതിനകം അഞ്ച് ഏഷ്യന്‍ രാജ്യങ്ങള്‍ ഒറ്റക്ക് സന്ദര്‍ശിച്ചു. എനിക്ക് എവിടെയും ഒരു ബുദ്ധിമുട്ടും അനുഭവപ്പെട്ടില്ല. നല്ലരീതിയില്‍ തയാറെടുത്തിട്ടാണ് പോകുക. ഇനി എനിക്ക് സ്‌പെയിന്‍ കാണണം. അടുത്ത വര്‍ഷത്തെ സോളോ യാത്ര അങ്ങോട്ടാണ്.’’
അവളുടെ പ്രായത്തിലെ എന്റെ സുഹൃത്തുക്കളുടെ മക്കളെപ്പറ്റി ഓര്‍ത്തു. യാത്രകളെ പറ്റിയാകുമോ അവരുടെ സ്വപ്നങ്ങള്‍? അതോ ഡ്രസ്, മേക്കപ്പ് തുടങ്ങിയ ലൗകിക സാധനകളാകുമോ അവരെ ആകര്‍ഷിക്കുക?
കിടക്കാന്‍ നേരവും കൊക്കോയുടെയും ബിബിറ്റോയുടെയും ഒക്കെ വാക്കുകളായിരുന്നു മനസ്സില്‍. അവരുടെ പ്രായത്തില്‍ എനിക്ക് ഇങ്ങനെയൊരു തിരിച്ചറിവ് എന്തുകൊണ്ടുണ്ടായില്ല? നമ്മുടെ സാമൂഹിക വ്യവസ്ഥിതിയാണോ യഥാർഥ കുറ്റവാളി? സമൂഹം സ്ത്രീയില്‍ അടിച്ചേൽപിക്കുന്ന കടമകള്‍ –മകളുടെ അമ്മയുടെ ഭാര്യയുടെ കുടുംബിനിയുടെ... അതിനപ്പുറത്തേക്ക് സ്വന്തം സ്വത്വത്തിനുവേണ്ടി നിലകൊള്ളാന്‍ എത്രപേര്‍ക്ക് സാധിക്കും. അങ്ങനെ ഒരു ആഗ്രഹം ഒരു സ്ത്രീക്കുണ്ടായാല്‍ എത്രമാത്രം പിന്തുണ അവള്‍ക്ക് ലഭിക്കും? ഔദ്യോഗിക ജീവിതത്തിൽ കിട്ടുന്ന പരിമിതമായ അവധികള്‍ എടുത്തായിരുന്നു യാത്ര ചെയ്തിരുന്നത്.
‘കോളജില്‍ പണിയെടുക്കാതെ കറങ്ങിനടക്കുന്നു’, ‘സര്‍ക്കാര്‍ ശമ്പളം പറ്റി ഊരു തെണ്ടി നടക്കുന്നു’ തുടങ്ങിയ കുത്തുവാക്കുകള്‍ കേട്ട് കാതുകൾ തഴമ്പിച്ചു. സര്‍വിസില്‍ ജൂനിയര്‍ ആയ ഒരാള്‍ പണിയെടുക്കാതെയിരുന്നാല്‍ അധികാരികള്‍ കൈയും കെട്ടി നോക്കിനില്‍ക്കുമോ എന്നൊന്നും ആരോടും തിരിച്ചു ചോദിക്കാന്‍ പോകാറില്ല. ശൂന്യവേതന അവധിയില്‍ പ്രവേശിച്ചപ്പോള്‍ വിമര്‍ശിച്ചവരുടെ മുഖമായിരുന്നു മനസ്സില്‍. ഇനി അവരെന്തു പറയുമെന്ന് ഓര്‍ത്തു മനസ്സില്‍ ചിരിച്ചിരുന്നു. അധികം വൈകാതെ ഉത്തരം കിട്ടി: ‘‘തിന്ന് എല്ലിന്റെ ഇടയില്‍ കയറുന്നതുകൊണ്ടാണ്, ജോലിയും ശമ്പളവും കളഞ്ഞു തെണ്ടാന്‍ ഇറങ്ങിയത്.’’ അത് കേട്ടപ്പോള്‍ രസം തോന്നി. എന്തിനെയും എത്ര നീചമായിട്ട് വിമര്‍ശിക്കാനുള്ള കഴിവ് മലയാളിയുടെ മാത്രം സവിശേഷതയാണെന്ന് പറയാതെ വയ്യ. ഓരോന്നാലോചിച്ചിരുന്നു എപ്പോഴോ ഉറങ്ങിപ്പോയി.
11 മണിക്കാണ് യാക്ക് ഉത്സവം ആരംഭിക്കുക എന്നാണ് നോട്ടീസില്‍ കൊടുത്തിരുന്നത്. ‘‘മംഗോളിയയില്‍ കൃത്യസമയത് ഒന്നും തുടങ്ങില്ലല്ലോ. പതിനൊന്നരക്ക് ശേഷം നമുക്ക് പോകാം’’ –ബിബിറ്റോ പറഞ്ഞു. ഞാന്‍ സമ്മതിച്ചില്ല. എനിക്ക് നേരത്തേ തന്നെ പോകണം. എന്റെ നിർബന്ധത്തിന് വഴങ്ങി അവസാനം പത്തരക്ക് യാത്രതിരിച്ചു. അവിടന്ന് അഞ്ചു കിലോമീറ്റര്‍ മാറിയുള്ള താഴ്വരയിലായിരുന്നു ഉത്സവം സംഘടിപ്പിച്ചത്. ബിബിറ്റോ പറഞ്ഞത് ശരിയായിരുന്നു.
ഞങ്ങള്‍ അവിടെയെത്തിയപ്പോള്‍ കുറേ അധികം ടൂറിസ്‌റ്റുകളെ മാത്രമായിരുന്നു കണ്ടത്. മലമുകളിലായി ഒരുപറ്റം യാക്കിനെ കാണാം. അവിടെ അന്വേഷിച്ചപ്പോള്‍ പരിപാടികൾ തുടങ്ങാൻ 12 മണി കഴിയുമെന്ന് പറഞ്ഞു. ‘‘നോക്കൂ, ഒരുമണിക്ക് നമുക്ക് ഇറങ്ങിയേ തീരൂ. എങ്കിലേ ഖർഖോറിം സന്ദര്‍ശിക്കാനാകൂ. വൈകിയാല്‍ മ്യൂസിയം അടയ്ക്കും.’’ ഞാനാകെ ധർമസങ്കടത്തിലായി. ഉത്സവവും കാണണം, മ്യൂസിയവും കാണണം. നാദം ഉത്സവം വിശദമായി കണ്ടതാണ്.
ഖർഖോറിം നഷ്ടപ്പെടുത്താന്‍ പറ്റില്ല. എത്രയും പെട്ടെന്ന് ഉത്സവം തുടങ്ങാന്‍ വേണ്ടി പ്രാർഥിച്ചു. പന്ത്രണ്ടേ കാലോടെ ഉദ്ഘാടനം നടന്നു. പ്രാദേശിക നേതാവ് ഒരു ചെറിയ പ്രസംഗം നടത്തി. കൂടിനിന്നവരില്‍ ഏറെ പങ്കും വിദേശികളാണെന്ന് തിരിച്ചറിഞ്ഞതുകൊണ്ട് അദ്ദേഹം പ്രസംഗം നീട്ടിയില്ല. രണ്ടു പ്രായമുള്ള സ്ത്രീകള്‍ മനോഹരമായ ഡീല്‍ ധരിച്ചു വന്ന് മംഗോളിയന്‍ പാട്ടുകള്‍ അവതരിപ്പിച്ചു. യാക്കിന്റെ ജാഥയായിരുന്നു അത് കഴിഞ്ഞു നടന്നത്. യാക്കുകളുടെ പുറത്ത് ഓരോന്ന് കെട്ടിവെച്ചിരുന്നു. ഗെറിലേക്ക് വേണ്ട സാധനങ്ങള്‍, ഉന്തുവണ്ടി തുടങ്ങിയവ. അതിനു പിന്നിലായി അഞ്ചാറു യാക്കുകള്‍ നടന്നുവരുന്നു. ഓരോന്നിന്റെയും മുകളില്‍ അതിന്റെ ഉടമ ഇരിപ്പുണ്ടായിരുന്നു. വോഡ്ക അടിച്ചപോലെ ദിശാബോധമില്ലാതെയായിരുന്നു അവ നടന്നത്. അതിനെ നിയന്ത്രിക്കാന്‍ ഉടമകള്‍ കഷ്ടപ്പെട്ടു.
കുറച്ചുനേരം കഴിഞ്ഞപ്പോള്‍ അങ്ങോട്ടേക്ക് നൂറോളം യാക്കുകളെ കൊണ്ടുവന്നു. ഇതുവരെ കാണാത്ത ചാരനിറത്തിലെ യാക്കും അക്കൂട്ടത്തിലുണ്ടായിരുന്നു. ചുറ്റും നിന്ന് ആണുങ്ങള്‍ അതുങ്ങളെ നിയന്ത്രിച്ചു. മത്സരം ആരംഭിക്കാന്‍ പോകുന്നു എന്ന് ബിബിറ്റോ പറഞ്ഞു. മത്സരം എന്തെന്നാല്‍ കയറിന്റെ അറ്റത്ത് കുരുക്കിട്ട് യാക്കിനെ പിടിക്കണം. എന്നിട്ട് അതിന്റെ മുകളില്‍ കയറി ഇരിക്കണം. കുരുക്കിടാന്‍ ശ്രമിക്കുമ്പോള്‍ യാക്കുകള്‍ ചിതറിമാറി. അവ ഓടി എന്റെ മേത്തു വന്നുകയറുമോ എന്ന് പേടിച്ചു പേടിച്ചാണ് നിന്നത്. ഒന്നുരണ്ടു പേര് കുരുക്കിടുന്നതിൽ വിജയിച്ചു. യാക്കിന്റെ പുറത്തുകയറി ഇരുന്നതും, അവരെ മറിച്ചിട്ടു യാക്ക് ഓടി. നടുവും തലയുമൊക്കെ ഇടിച്ചാണ് ആളുകള്‍ വീഴുന്നത്.
ഇതിനിടയില്‍ ഗോബിയില്‍ വെച്ച് കണ്ടുമുട്ടിയ ആസ്ട്രേലിയന്‍ വനിതകളെ വീണ്ടും കണ്ടുമുട്ടി. അവരോടു സംസാരിച്ചുനിന്നപ്പോള്‍ ബിബിറ്റോ എന്നെ തോണ്ടി. പോകാന്‍ സമയമായി എന്ന് ആംഗ്യം കാണിച്ചു. മനസ്സില്ലാമനസ്സോടെ ഇറങ്ങി. യാക്കുകളുടെ സൗന്ദര്യമത്സരവും, പോളോ കളിയും കാണാന്‍ സാധിക്കാത്തതില്‍ സങ്കടംതോന്നി. ഉച്ചഭക്ഷണം കഴിക്കാന്‍ സമയമില്ലാത്തതുകൊണ്ട് സാൻഡ് വിച്ച് അവിടന്ന് പൊതിഞ്ഞു വാങ്ങിയിരുന്നു. വണ്ടിയിലിരുന്ന് അത് കഴിച്ചു. അതിനൊപ്പം ഉണക്കമുന്തിരി കൊണ്ടുണ്ടാക്കിയ ജ്യൂസും കുടിച്ചു.
വൈകീട്ട് നാല് മണിക്കാണ് ഖർഖോറിമിൽ എത്തിയത്. ചെങ്കിസ്ഖാനെ നാടോടികള്‍ രാജാവായി അവരോധിച്ചപ്പോള്‍, അദ്ദേഹം തന്റെ തലസ്ഥാനമായി തീരുമാനിച്ചത് ഈ പ്രദേശത്തെയായിരുന്നു. സില്‍ക്ക് റൂട്ടിലെ പ്രധാന നഗരം എന്നനിലക്ക് അന്ന് തന്നെ പുരോഗമനത്തിന്റെ പാതയിലായിരുന്നു നഗരം. ഒരുകാലത്ത് രാഷ്ട്രീയം, സമ്പദ് വ്യവസ്ഥ, സംസ്‌കാരം, ഭരണം, അന്താരാഷ്ട്ര ബന്ധങ്ങള്‍ എന്നിവയുടെ സിരാകേന്ദ്രമായിരുന്നു ഇത്. അക്കാലത്തെ ആധുനിക നഗരമായിരുന്നു.

യാക്കിനെ കറക്കുന്നു
നഗരത്തിന് ചുറ്റും രണ്ട് നിലകളുള്ള മതിലും എല്ലാ വശങ്ങളിലും കവാടങ്ങളുമുണ്ടായിരുന്നു. തുടർന്ന് രാജഭരണം ഏറ്റെടുത്ത അദ്ദേഹത്തിന്റെ പിന്‍ഗാമികളും നാൽപതു വര്‍ഷത്തോളം ഇവിടം ആസ്ഥാനമാക്കി ഭരിച്ചു. കുബ്ലൈഖാന്‍ തന്റെ തലസ്ഥാനം ചൈനയിലോട്ടു മാറ്റിയതോടെ ഈ പ്രദേശത്തിന്റെ പ്രാധാന്യം കുറഞ്ഞു. പതിനാലാം നൂറ്റാണ്ടിന്റെ ഒടുവില്‍ ചൈനീസ് സൈനികര്‍ നഗരം പൂര്‍ണമായും നശിപ്പിച്ചു. ഞങ്ങള്‍ കടന്നുപോയത് സാധാരണ ഒരു ചെറിയ പട്ടണത്തില്‍കൂടിയായിരുന്നു. പഴയ പ്രതാപത്തിന്റെ കഥകള്‍ ഒന്നുംതന്നെ ആ കെട്ടിടങ്ങള്‍ക്ക് പറയാനുണ്ടായിരുന്നില്ല. ചരിത്രം മനസ്സിലാക്കണമെങ്കിൽ അവിടത്തെ മ്യൂസിയം സന്ദർശിക്കണം.
മ്യൂസിയത്തിന് മുന്നിലായിട്ട് കരിങ്കല്‍കൊണ്ടുണ്ടാക്കിയ ആമയും അതിന്റെ പുറത്തു വലിയ സ്ലാബും കാണാം. ഏതു പ്രതിസന്ധിയിലും പൂർവസ്ഥിതി പ്രാപിക്കാനുള്ള നൈസർഗിക കഴിവിനെയാണ് ആമ പ്രതിനിധാനംചെയ്തത്. ഇത്തരം നാല് ആമകള്‍ നഗരത്തിന്റെ ഭാഗ്യചിഹ്നങ്ങളായി നാലിടത്തു സ്ഥാപിച്ചിരുന്നു. അകത്തു ഖർഖോറിം പഴയ ചരിത്രം രേഖപ്പെടുത്തിയിരുന്നു.
ചെങ്കിസ് വരുന്നതിനു മുന്നേ ഈ ഭാഗങ്ങളില്‍ ഭരിച്ചിരുന്ന ഹൺ, ജുജന്‍, ട്യൂറെഗ്, കിടാന്‍ തുടങ്ങിയ രാജവംശങ്ങളെപ്പറ്റി അവിടെ വിശദമായി എഴുതിവെച്ചിരുന്നു. ഓര്‍ഖോന്‍ വാലിയില്‍നിന്ന് ലഭിച്ച കളിമണ്‍ ശിൽപങ്ങളും സ്വര്‍ണത്തിന്റെ ആഭരണങ്ങളും അവിടെ കണ്ടു. പഴയ പട്ടണത്തിന്റെ മോഡലും അവിടെ വെച്ചിരുന്നു. സന്ദര്‍ശനം കഴിഞ്ഞു മൂത്രമൊഴിക്കാന്‍ ടോയ്ലറ്റില്‍ പോയപ്പോള്‍ അവിടെ ജാപ്പനീസ് ടോയ്‌ലറ്റ് ആയിരുന്നു. അതിന്റെ പ്രത്യേകത എന്തെന്നാല്‍ ഒരുപാടു സ്വിച്ചുകളുണ്ട്. വെള്ളം മുന്നിലൊഴിക്കാന്‍, പിന്നിലൊഴിക്കാന്‍, മര്‍ദം കൂട്ടാന്‍, കുറക്കാന്‍ എല്ലാത്തിനും ബട്ടനുണ്ട്. മംഗോളിയയിലെങ്ങനെ ഇതു വന്നു എന്നാലോചിച്ചു പുറത്തു കടന്നപ്പോഴാണ് മ്യൂസിയം ഉണ്ടാക്കിയിരിക്കുന്നത് ജാപ്പനീസ് സഹകരണത്തോടെയാണെന്നുള്ള ബോര്‍ഡ് കണ്ടത്.
തൊട്ടടുത്തുള്ള എര്‍ഡീന്‍ സൂ മൊണാസ്ട്രി കാണാനായിരുന്നു അടുത്തതായിട്ട് പോയത്. പതിനാറാം നൂറ്റാണ്ടില്‍ പണിത ഈ മഠം മംഗോളിയയില്‍ ആദ്യകാലങ്ങളില്‍ പണിത ഒന്നായിരുന്നു. അതിന്റെ ചുറ്റുമതിലില്‍ 108 സ്തൂപങ്ങളുണ്ട്. ഞങ്ങള്‍ അകത്തുകയറി അവിടെയുണ്ടായിരുന്ന പ്രദര്‍ശനം കണ്ടു. അതിമനോഹരമായ ഒരുപാടു ബുദ്ധിസ്റ്റ് പെയിന്റിങ് അവിടെയുണ്ട്. പണ്ട് അറുപതിൽ അധികം ക്ഷേത്രങ്ങൾ ഉണ്ടായിരുന്നു. സോവിയറ്റ് കാലത്ത് എല്ലാം നശിപ്പിക്കപ്പെട്ടു.
ഇപ്പോള്‍ ആകെ മൂന്ന് ക്ഷേത്രങ്ങളും ചുറ്റുമുള്ള മതിലും മാത്രമാണ് അവശേഷിക്കുന്നത്. അവിടന്നിറങ്ങാന്‍ നേരം കാവല്‍ നിന്ന കൊച്ചു ബുദ്ധസന്യാസിയെ കണ്ടു. 14-15 വയസ്സേ കാണൂ. അവന്റെ ശ്രദ്ധ പൂര്‍ണമായും മൊബൈല്‍ ഗെയിമിലായിരുന്നു. അവന്‍ തിരഞ്ഞെടുത്ത ജീവിതവുമായി അവന്റെ പ്രവൃത്തി യോജിക്കുന്നില്ലായിരുന്നു. അവന്‍ സ്വമനസ്സോടെ തിരഞ്ഞെടുത്തതാകുമോ എന്നോര്‍ത്തു? പ്രായപൂര്‍ത്തിയാകുന്നതുവരെ കുട്ടികളില്‍ മതം അടിച്ചേൽപിക്കാതെ സ്വതന്ത്രമായി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതാകില്ലേ ശരി? ഉഗ്രന്‍ മഴ വരുന്നതിനാല്‍ ഞങ്ങള്‍ മിന്നല്‍ സന്ദര്‍ശനത്തിനു ശേഷം വാനില്‍ കയറി.
അവിടന്ന് ഒരു മണിക്കൂര്‍ യാത്രചെയ്താണ് ഏഴരയോടെ നേര്‍ഗൈ ഗ്രാമത്തിലെ ഓട്മയുടെ ഗെറിലെത്തിയത്. യാത്രയിലെ അവസാനത്തെ രാത്രി ഓട്മക്കൊപ്പമായിരുന്നു. ജിമ്മിലെ ഉരുക്കു വനിതയെ ഓർമിപ്പിക്കുന്നതായിരുന്നു അവരുടെ ശരീരഘടനയും വേഷവും. ജിമ്മില്‍ ഇടുന്ന തരം ടൈട്‌സും ടീഷര്‍ട്ടുമായിരുന്നു വേഷം. മൂക്കിപ്പൊടിയും ചായസല്‍ക്കാരവും ഒന്നുമുണ്ടായിരുന്നില്ല. ഓട്മ എന്നേ കണ്ടതും കെട്ടിപ്പിടിച്ചു കവിളില്‍ ഉമ്മ തന്നു. അതായിരുന്നു ഓട്മയുടെ സ്വീകരണം. പിന്നെ തന്റെ തിരക്കുകളില്‍ മുഴുകി. അവര്‍ അതിവിദഗ്ധമായിട്ടായിരുന്നു കുഞ്ഞു കുതിരകളെ പിടിച്ചത്.
ഒരു നീളമുള്ള വടിയില്‍ കുരുക്കുമായി ചെന്ന് അനായാസേന അവരെ പിടികൂടി. മുകസഹയുടെ വീട്ടില്‍ മൂന്നു പേര്‍ ചേര്‍ന്നായിരുന്നു കുതിരയെ പിടിച്ചത് എന്ന് ഞാന്‍ ഓര്‍ത്തു. മൃഗങ്ങളെ മെരുക്കാന്‍ പ്രത്യേക കഴിവുതന്നെ വേണം. ഓട്മ മികച്ചൊരു നാടോടിയായി തോന്നി. അവര്‍ക്ക് സ്വന്തമായി ആയിരം മൃഗങ്ങള്‍ ഉണ്ടായിരുന്നു.
‘‘ഒരുപാടു മൃഗങ്ങളെ വളര്‍ത്തിയാല്‍ പുല്‍മേടുകള്‍ നശിച്ചു പോകാന്‍ കാരണമാകില്ലേ’’ –ഞാന്‍ ചോദിച്ചു.
‘‘ഞാന്‍ കുറച്ചധികം മൃഗങ്ങളെ വളര്‍ത്തുന്നതാണോ പ്രശ്‌നം? ഇതു സംരക്ഷിക്കാന്‍ സര്‍ക്കാര്‍ എന്ത് ചെയ്യുന്നു? സോവിയറ്റ് അധീനതയിലുള്ള സമയത്തു ഞങ്ങള്‍ക്ക് മരുന്നും കാലിത്തീറ്റയുമൊക്കെ ലഭിക്കുമായിരുന്നു. ജനാധിപത്യം ആയതോടെ ഒരു സഹായവും സര്‍ക്കാറിന്റെ പക്ഷത്തുനിന്ന് കിട്ടാറില്ല. ഈ കാണുന്ന മൃഗങ്ങളെ ഞാന്‍ കഷ്ടപ്പെട്ട് നോക്കി വളർത്തിയതാണ്. 99ലെയും 2009ലെയും ചൂട് കാരണം എന്റെ പകുതിയിലേറെ മൃഗങ്ങള്‍ ചത്തുപോയിരുന്നു. പല നാടോടികളും നഗരത്തിലേക്ക് ചേക്കേറി. ഞാന്‍ അത് ചെയ്യാത്തത് ഈ മണ്ണും മൃഗങ്ങളും എനിക്കേറെ പ്രിയപ്പെട്ടതായതുകൊണ്ടാണ്. എന്റെ മൃഗങ്ങള്‍ പുല്ലു തിന്നതുകൊണ്ട് പ്രകൃതിക്ക് ഒന്നും സംഭവിക്കാന്‍ പോകുന്നില്ല.

ഓര്‍ഖോന്‍ നദീതീരത്ത് നടന്ന യാക്ക് ഫെസ്റ്റിവൽ –ഒരു കാഴ്ച
ആഗോളതാപനത്തിന്റെ ഭാഗമായി രണ്ടു ഡിഗ്രിയോളം ചൂടാണ് ഇവിടെ കൂടിയത്. പല അരുവികളും ഉണങ്ങി വരണ്ടു പോയി. എന്നിട്ട് പരിസ്ഥിതിസ്‌നേഹികള്‍ എന്താണ് അതിനെതിരെ ചെയ്തത്. എനിക്കാരോഗ്യം ഉള്ളിടത്തോളം കാലം ഞാന്‍ മൃഗങ്ങള്‍ക്കിടയില്‍തന്നെ ജീവിക്കും. എനിക്കാകുന്ന വിധത്തില്‍ പ്രകൃതിയെ ഞാന്‍ സംരക്ഷിക്കും. പ്രകൃതി നശിച്ചാല്‍ പിന്നെ എന്റെ മൃഗങ്ങള്‍ നശിക്കും. അവര്‍ നശിച്ചാല്‍ ഞാനും.’’
ഓട്മയുടെ വികാരവിക്ഷോഭത്തില്‍ പലതും വായിച്ചെടുക്കാന്‍ കഴിഞ്ഞു. പ്രകൃതിയെയും മൃഗങ്ങളെയും സ്നേഹിച്ചു, അവരെ സംരക്ഷിച്ചു സമാധാനപരമായ ജീവിതം ജീവിക്കാന്‍ ആഗ്രഹിക്കുന്നവരാണ് മംഗോളിയയിലെ നാടോടികള്‍. നഗരത്തിലെ തിളക്കമാര്‍ന്ന കാഴ്ചകള്‍ അവരെ ആകര്‍ഷിക്കാന്‍ പര്യാപ്തമായിരുന്നില്ല. സര്‍ക്കാറില്‍നിന്നോ മറ്റിടങ്ങളില്‍നിന്നോ കാര്യമായ സഹായങ്ങള്‍ ഒന്നും അവര്‍ക്ക് ലഭിക്കാറില്ല. സ്വയംപര്യാപ്തതയുടെ മകുടോദാഹരണങ്ങളായി 21ാം നൂറ്റാണ്ടിലും പൊരുതി മുന്നേറുന്ന പോരാളികളാണവര്‍. ചെങ്കിസ്ഖാന്റെ സ്വന്തം പിന്‍ഗാമികള്‍.
ഗോബി യാത്രയുടെ അവസാനത്തെ ദിവസം മനോഹരമായ സൂര്യാസ്തമയമായിരുന്നു പ്രകൃതി ഞങ്ങള്‍ക്കുവേണ്ടി കാത്തുവെച്ചിരുന്നത്. വ്യത്യസ്ത നിറച്ചാര്‍ത്തുകളുമായി ആകാശം ഞങ്ങളെ അത്ഭുതപ്പെടുത്തി. ഞങ്ങള്‍ എല്ലാവരും ഗെറിന് പുറത്തു കസേരകള്‍ വലിച്ചിട്ട് മിണ്ടാതെ അസ്തമയം ആസ്വദിച്ചു. രണ്ടു ദിവസം കഴിഞ്ഞാല്‍ മടക്കയാത്രക്ക് സമയമാകും.
ഒരുപാടു തടസ്സങ്ങളോടെയാണ് യാത്ര തുടങ്ങിയതെങ്കിലും കാണാന്‍ വിചാരിച്ച കാര്യങ്ങളെല്ലാം കണ്ടു എന്നുള്ളതിൽ വലിയ ആശ്വാസം തോന്നി. സമാധാനത്തോടെയാണ് അന്ന് ഉറങ്ങിയത്. പിറ്റേന്ന് രാവിലെ ഒമ്പതു മണിക്ക് യാത്ര തുടങ്ങി. ഉലാന്‍ ബാത്തറിൽ എത്തിയപ്പോള്‍ രണ്ടു മണിയായി. നേരെ എംബസിയില്‍ പോയി സഞ്ജീവ് എന്ന ഉദ്യോഗസ്ഥന്റെ പക്കല്‍നിന്ന് അനാര്‍ അയച്ച പൈസ കൈപ്പറ്റി. ഹോസ്റ്റലില്‍ മൂന്നു മണിക്ക് എത്തിച്ചേര്‍ന്നു. അന്ന് എങ്ങും പോകാന്‍ നിന്നില്ല. നന്നായി വിശ്രമിച്ചു.