Begin typing your search above and press return to search.

ചെങ്കിസ്ഖാനെ തേടി

ചെങ്കിസ്ഖാനെ തേടി
cancel

പത്തമ്പത് പടികള്‍ കയറി കെട്ടിടത്തിലെത്തി. അവിടെ ഒരു ഭിത്തിയില്‍ മുപ്പതോളം ഫോട്ടോകള്‍ തൂക്കിയിരുന്നു. ചെങ്കിസ്ഖാന്റെയും പിന്തുടര്‍ച്ചക്കാരുടെയും പടങ്ങളായിരുന്നു. അവിടന്ന് ലിഫ്റ്റില്‍ കുതിരപ്രതിമയുടെ നെഞ്ച് ഭാഗത്തുകൂടി കഴുത്തുഭാഗത്ത് എത്തിച്ചേര്‍ന്നു –യാത്രയുടെ അവസാന ലക്കം. 18മംഗോളിയ സന്ദര്‍ശിക്കണം എന്ന അതിയായ ആഗ്രഹം ഉണ്ടായത് ജാക്ക് വെതെര്‍ഫോര്‍ഡ് എഴുതിയ ‘ചെങ്കിസ്ഖാന്‍ ആന്‍ഡ് ദി മേക്കിങ് ഓഫ് ദി മോഡേണ്‍ വേള്‍ഡ്’ എന്ന പുസ്തകം വായിച്ചതിനു ശേഷമാണ്. അതുവരെ ചെങ്കിസിനെ ഒരു ‘കാടൻ’ ഭരണാധികാരിയായി മാത്രമാണ് മനസ്സിലാക്കിയിരുന്നത്. എന്നാല്‍, വെതെര്‍ഫോര്‍ഡ് എഴുതിയ പുസ്തകം ചെങ്കിസിന്റെ മറ്റൊരു...

Your Subscription Supports Independent Journalism

View Plans
  • Unlimited access to Madhyamam Weekly Articles and Archives
  • ........
  • Experience ‘Ad Free’ article pages
പത്തമ്പത് പടികള്‍ കയറി കെട്ടിടത്തിലെത്തി. അവിടെ ഒരു ഭിത്തിയില്‍ മുപ്പതോളം ഫോട്ടോകള്‍ തൂക്കിയിരുന്നു. ചെങ്കിസ്ഖാന്റെയും പിന്തുടര്‍ച്ചക്കാരുടെയും പടങ്ങളായിരുന്നു. അവിടന്ന് ലിഫ്റ്റില്‍ കുതിരപ്രതിമയുടെ നെഞ്ച് ഭാഗത്തുകൂടി കഴുത്തുഭാഗത്ത് എത്തിച്ചേര്‍ന്നു –യാത്രയുടെ അവസാന ലക്കം.

18

മംഗോളിയ സന്ദര്‍ശിക്കണം എന്ന അതിയായ ആഗ്രഹം ഉണ്ടായത് ജാക്ക് വെതെര്‍ഫോര്‍ഡ് എഴുതിയ ‘ചെങ്കിസ്ഖാന്‍ ആന്‍ഡ് ദി മേക്കിങ് ഓഫ് ദി മോഡേണ്‍ വേള്‍ഡ്’ എന്ന പുസ്തകം വായിച്ചതിനു ശേഷമാണ്. അതുവരെ ചെങ്കിസിനെ ഒരു ‘കാടൻ’ ഭരണാധികാരിയായി മാത്രമാണ് മനസ്സിലാക്കിയിരുന്നത്. എന്നാല്‍, വെതെര്‍ഫോര്‍ഡ് എഴുതിയ പുസ്തകം ചെങ്കിസിന്റെ മറ്റൊരു വശം തുറന്നുകാണിച്ചു. അദ്ദേഹം ലോകത്തു വരുത്തിയ ഗുണകരമായ മാറ്റങ്ങളെ പറ്റി മനസ്സിലാക്കിയപ്പോള്‍ ആരാധന വളര്‍ന്നു. ഫ്യൂഡല്‍ സമ്പ്രദായത്തെ ചെങ്കിസ് തകര്‍ത്തെറിഞ്ഞു. വ്യക്തിഗത യോഗ്യത, വിശ്വസ്തത, നേട്ടങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കി മാത്രമായിരുന്നു സൈനികര്‍ക്ക് സ്ഥാനക്കയറ്റം നല്‍കിയിരുന്നത്. സില്‍ക്ക് റൂട്ടിലെ തമ്മിലടിച്ചു കഴിഞ്ഞിരുന്ന വ്യാപാര നഗരങ്ങളെ കോര്‍ത്തിണക്കി ചരിത്രത്തിലെ ഏറ്റവും വലിയ സ്വതന്ത്ര വ്യാപാരമേഖല ഉണ്ടാക്കിയെടുത്തത് അദ്ദേഹമാണ്.

എല്ലാവരുടെയും നികുതി കുറച്ചു. ഡോക്ടര്‍മാര്‍, അധ്യാപകര്‍, പുരോഹിതര്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയെ നികുതിയുടെ പരിധിയില്‍നിന്ന് ഒഴിവാക്കി. സ്വകാര്യ സമ്പത്ത് വര്‍ധിപ്പിക്കുന്നതില്‍ അദ്ദേഹത്തിന് താൽപര്യമില്ലായിരുന്നു. യുദ്ധത്തില്‍ നേടിയെടുത്തതെല്ലാം എല്ലാവര്‍ക്കുമായി വീതിച്ചു നല്‍കി. അന്നത്തെ കാലത്ത് ഭരണാധികാരികള്‍ ഒരിക്കലും നിയമത്തിന്റെ പരിധിയില്‍ വരില്ലായിരുന്നു. എന്നാല്‍, ചെങ്കിസ് നടപ്പാക്കിയ നിയമങ്ങള്‍ രാജാവിനും പ്രജകള്‍ക്കും ഒരേപോലെ ബാധകമായിരുന്നു. ശത്രുരാജ്യങ്ങളില്‍നിന്നുള്‍പ്പെടെ എല്ലാ അംബാസഡര്‍മാര്‍ക്കും നയതന്ത്ര പ്രതിരോധം നല്‍കുന്ന പുതിയ സമ്പ്രദായം ഏര്‍പ്പെടുത്തിയത് ചെങ്കിസായിരുന്നു.

മംഗോളുകള്‍ സാങ്കേതിക മുന്നേറ്റങ്ങളൊന്നും നടത്തിയില്ല, പുതിയ മതം സ്ഥാപിച്ചില്ല, പുതിയ വിളകളോ കാര്‍ഷിക രീതികളോ ലോകത്തിന് നല്‍കിയില്ല. തുണി നെയ്യാനോ ലോഹം നിർമിക്കാനോ മണ്‍പാത്രങ്ങള്‍ ഉണ്ടാക്കാനോ ഒന്നും അറിയില്ലായിരുന്നു. എന്നിരുന്നാലും, അവരുടെ സൈന്യം ഓരോ രാജ്യം കീഴടക്കുമ്പോഴും, ഈ കഴിവുകളെല്ലാം ശേഖരിക്കുകയും ഒരു നാഗരികതയില്‍നിന്ന് മറ്റൊന്നിലേക്ക് കൈമാറുകയുംചെയ്തു. ആശയങ്ങളുടെയും വിജ്ഞാനത്തിന്റെയും പുതിയൊരു ലോകം അവര്‍ തുറന്നു. ജർമന്‍ ഖനിത്തൊഴിലാളികളെ ചൈനയിലേക്കും ചൈനീസ് ഡോക്ടര്‍മാരെ പേര്‍ഷ്യയിലേക്കും കൊണ്ടുപോയി. നാരങ്ങയും കാരറ്റും പേര്‍ഷ്യയില്‍നിന്ന് ചൈനയിലേക്ക് കൊണ്ടുവന്നതിനൊപ്പം ചൈനക്കാരുടെ ചായ പാശ്ചാത്യ ലോകത്തു പ്രചരിപ്പിച്ചു.

ഏതു മതവും പിന്തുടരാനുള്ള പൂര്‍ണ സ്വാതന്ത്ര്യം മറ്റുള്ളവര്‍ക്ക് നല്‍കി. ചൈനയിലെ ക്രിസ്ത്യന്‍ പള്ളികള്‍, പേര്‍ഷ്യയിലെ ബുദ്ധമത ക്ഷേത്രങ്ങള്‍, സ്തൂപങ്ങള്‍, റഷ്യയിലെ മുസ്‍ലിം ഖുർആനിക് സ്‌കൂളുകള്‍ എന്നിവയുടെ കെട്ടിടങ്ങള്‍ക്ക് അവര്‍ ധനസഹായം നല്‍കി. രാജ്യങ്ങള്‍ കീഴടക്കുന്നതിനൊപ്പം വലിയൊരു സാംസ്‌കാരിക ഇടപഴകലിനും അവര്‍ വഴിവെച്ചു. യഥാർഥത്തില്‍ നമ്മള്‍ ഇന്ന് ഉദ്ഘോഷിക്കുന്ന നവോത്ഥാനത്തിന്റെ വിത്ത് പാകിയത് ചെങ്കിസ് ആയിരുന്നു എന്നാണ് പല ചരിത്രകാരന്മാരും അഭിപ്രായപ്പെടുന്നത്. ചെങ്കിസ്ഖാനെ പറ്റി വായിച്ച നാല് പുസ്തകങ്ങളിലും അദ്ദേഹത്തിനെ ഒരു കാട്ടാളനായിട്ട് മാത്രമായിരുന്നു ചിത്രീകരിച്ചിരുന്നത്.

ചെങ്കിസിനുവേണ്ടി പണിത ഏറ്റവും വലിയ സ്മാരകം ഉലാന്‍ ബാത്തറിൽനിന്ന് 60 കിലോമീറ്റര്‍ മാറിയാണ്. അരദിവസത്തെ സന്ദര്‍ശനത്തിനായി ഒരു ഗ്രൂപ് ടൂറിനൊപ്പം ബുക്ക് ചെയ്തു. ഷാങ്റിലാ എന്ന ഹോട്ടലില്‍നിന്നായിരുന്നു ടൂര്‍ ആരംഭിക്കുക. താമസിക്കുന്ന ഹോസ്റ്റലില്‍നിന്ന് രണ്ടു കിലോമീറ്റര്‍ അകലെയായിരുന്നു അത്. രാവിലെ ഏഴു മണിക്ക് ഇറങ്ങി നടന്നു. ചെറിയ മഴ ചാറ്റലുണ്ടായിരുന്നു. മഴക്കോട്ടിടാന്‍ മടി തോന്നിയതുകൊണ്ട്, മഴയും നനഞ്ഞു നടന്നു. എത്തേണ്ടതിനു അരമണിക്കൂര്‍ മുമ്പ് ഹോട്ടലിലെത്തി. മുന്തിയ ഹോട്ടലിന്റെ ലോബിയിലെ അടിപൊളി സോഫയില്‍ ഇരിപ്പുറപ്പിച്ചു. കൃത്യം എട്ടു മണിക്ക് ഒരു ചെറുപ്പക്കാരന്‍ എന്റെ അടുത്ത് വന്ന് മിത്രയല്ലേ എന്ന് ചോദിച്ചു. എന്റെ അന്നത്തെ ഗൈഡ് ആയ നമ്‌സറായ് ആയിരുന്നു. എന്റെ തൊട്ടടുത്ത കസേരയില്‍ വന്നിരുന്നു. ആദ്യത്തെ ചോദ്യം, ‘‘എനിക്കെന്തു പ്രായം കാണും?’’

തുടുത്ത കവിളുകളുള്ള അവനെ കണ്ടാല്‍ ഒരു കൊച്ചു കുട്ടിയെ പോലെയാണ് തോന്നിച്ചത്. എങ്കിലും സാമാന്യബുദ്ധി ഉപയോഗിച്ച് ഇരുപത്തിയഞ്ചെന്നു പറഞ്ഞു.

‘‘അയ്യോ എന്നെ കണ്ടാല്‍ അത്രയും പറയുമോ. എനിക്കാകെ ഇരുപത്തിയൊന്ന് വയസ്സേയുള്ളൂ.’’ അവന്റെ സ്വരത്തില്‍ ചെറിയ നിരാശയുണ്ടായിരുന്നു. ഞാന്‍ വെറുതെ പറഞ്ഞതാണെന്ന് പറഞ്ഞാശ്വസിപ്പിച്ചു. അന്നേ ദിവസം വേറെ ആരും ടൂര്‍ ബുക്ക് ചെയ്യാതിരുന്നതുകൊണ്ട് ഞാനും അവനും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ചെറിയ ഒരു കാറിലാണ് ഞങ്ങള്‍ പോയത്. അവന്‍ നിര്‍ത്താതെ എന്നോട് സംസാരിച്ചുകൊണ്ടിരുന്നു.

‘‘നിങ്ങള്‍ അമ്മയെന്ന നിലയില്‍ കണിശക്കാരിയാണോ?’’

‘‘ഇടക്കൊക്കെ.’’

‘‘നിങ്ങള്‍ അങ്ങനെ ആകരുത്. എന്റെ അച്ഛനുമമ്മയും വളരെ കര്‍ക്കശക്കാരായിരുന്നു. എനിക്ക് മാര്‍ക്ക് കുറഞ്ഞാല്‍ എന്നെ ഒരുപാടു ശകാരിക്കും. കുട്ടിക്കാലത്തേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ ആ വഴക്കുകളാണ് ആദ്യം ഓർമ വരിക. എനിക്ക് പതിനെട്ട് വയസ്സുള്ള അനിയത്തിയും പതിമൂന്നു വയസ്സുള്ള അനിയനുമുണ്ട്. രസമെന്തെന്നാല്‍ എന്റെ അനിയന് ഇപ്പോൾ എണ്‍പത് മാര്‍ക്ക് കിട്ടിയാല്‍ വീട്ടില്‍ എല്ലാവരും സന്തുഷ്ടരാകും. ഞാന്‍ നൂറില്‍ കുറവ് എന്ത് വാങ്ങിയാലും അവര്‍ കുറ്റപ്പെടുത്തുമായിരുന്നു. എനിക്കാദ്യം അത് കാണുമ്പോള്‍ ദേഷ്യമായിരുന്നു. ഇപ്പോൾ തോന്നും ഞാന്‍ മൂത്തകുട്ടിയായതുകൊണ്ടായിരുന്നിരിക്കാം. ഞാന്‍ വേണ്ടേ എന്റെ ഇളയവരെ നോക്കാന്‍. അതിനു ഞാന്‍ നന്നായി വന്നാല്‍ അല്ലേ പറ്റൂ...’’

‘‘നീ ഇപ്പൊ പഠിക്കാന്‍ പോകുന്നില്ലേ?’’

‘‘ഉണ്ടല്ലോ. ഞാന്‍ പ്ലസ് ടു കഴിഞ്ഞു ഡിഗ്രിക്ക് പഠിക്കാന്‍ ചൈനയില്‍ ചേര്‍ന്നു. ഇപ്പോ സെമസ്റ്റര്‍ ബ്രേക്ക് ആണ്.’’

‘‘അവധിക്കാലം എന്താണ് നിനക്കിഷ്ടമുള്ള എന്തെങ്കിലുമൊക്കെ ചെയ്യാത്തത്?’’

‘‘ഞാന്‍ അച്ഛനുമായിട്ട് ചേര്‍ന്ന് പോകില്ല. അതുകൊണ്ട് പതിമൂന്നു വയസ്സ് തൊട്ട് എന്റെ പഠിത്തത്തിന്റെ ചെലവ് മാത്രമേ വീട്ടില്‍നിന്ന് വാങ്ങൂ. പോക്കറ്റ് മണി ഞാന്‍ സ്വന്തമായിട്ടാണ് ഉണ്ടാക്കാറ്.’’

‘‘പതിമൂന്നു വയസ്സില്‍ നീ എന്ത് ജോലിക്ക് പോയി?’’

‘‘ഞാന്‍ രാവിലെ മാര്‍ക്കറ്റില്‍ പോയി ഏതെങ്കിലും കടയില്‍ സാധനങ്ങള്‍ എടുത്തു കൊടുക്കാന്‍ നിൽക്കും. നിർമാണ സൈറ്റിലും ഹോട്ടലിലും ഒക്കെ ഞാന്‍ ജോലി ചെയ്തിട്ടുണ്ട്. വലുതായപ്പോള്‍ കാഷ്യര്‍ ആയിട്ട് ഒരു കടയിലിരുന്നിട്ടുണ്ട്. എനിക്കാവശ്യമുള്ള പൈസ അങ്ങനെ കിട്ടും.’’

‘‘നിന്റെ അമ്മക്ക് എതിര്‍പ്പൊന്നുമില്ലേ?’’

 

ചെ​ങ്കി​സ്ഖാ​ന്റെ​യും പി​ന്തു​ട​ര്‍ച്ച​ക്കാ​രു​ടെ​യും പ​ട​ങ്ങ​ൾ

‘‘അമ്മ വീട്ടിലുണ്ടാകാറേയില്ല. സര്‍ക്കാര്‍ ആശുപത്രിയില്‍ ഗൈനക്കോളജിസ്റ്റ് ആണ്. അയ്യായിരം പ്രസവം എടുത്തതിനു കഴിഞ്ഞ കൊല്ലം സര്‍ക്കാര്‍ അമ്മയെ ആദരിച്ചിട്ടുണ്ട്.’’

‘‘ഡോക്ടര്‍ ആയിട്ടാണോ അമ്മ നിന്നെ പണി ചെയ്യാന്‍ വിട്ടത്?’’

‘‘അമ്മ വിട്ടതൊന്നുമല്ല. പലപ്പോഴും വീട്ടില്‍ അറിയാതെയാണ് ഞാന്‍ പണിക്കു പോകുന്നത്. സര്‍ക്കാര്‍ ഉദ്യോഗം എന്നേ ഉള്ളൂ. ശമ്പളം വളരെ കുറവാണ്. ഒരു വര്‍ഷത്തെ അമ്മയുടെ ശമ്പളം ആകെ അയ്യായിരം ഡോളര്‍ ആണ്.’’

‘‘ഇത്ര ശമ്പളം കുറവാണെങ്കില്‍ അമ്മക്ക് പ്രൈവറ്റ് ആശുപത്രിയില്‍ ജോലി ചെയ്തുകൂടേ?’’

‘‘സര്‍ക്കാര്‍ ഉദ്യോഗം എന്ന് പറഞ്ഞാല്‍ വലിയ വിലയാണ്. അമ്മക്ക് അതുകൊണ്ട് അതിനോടാണ് താൽപര്യം. ഞാന്‍ മംഗോളിയയില്‍ ജോലി നോക്കില്ല. ഇവിടെ ഭയങ്കര അഴിമതിയാണ്. വിദേശ ഫണ്ടുകളുടെ പത്തു ശതമാനംപോലും കാര്യങ്ങള്‍ക്ക് ഉപയോഗിക്കില്ല. എല്ലാം രാഷ്ട്രീയക്കാര്‍ അടിച്ചുമാറ്റും. സര്‍ക്കാര്‍ സ്‌കൂളില്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ എല്ലാം കുറഞ്ഞ ശമ്പളം കാരണം നിരാശരാണ്. അവര്‍ക്ക് പഠിപ്പിക്കുന്നതില്‍ ആത്മാർഥതയില്ല. ഞാന്‍ പ്രൈവറ്റ് സ്‌കൂളിലാണ് പഠിച്ചത്. അവിടെ മുന്നൂറു ഡോളര്‍ ആകും ഒരു വര്‍ഷം. അച്ഛന്‍ മൈനില്‍ സൂപ്പര്‍വൈസറാണ്. അതുകൊണ്ടാണ് ഞങ്ങള്‍ മൂന്നു മക്കളെയും പ്രൈവറ്റ് സ്‌കൂളില്‍ ആക്കാന്‍ പറ്റിയത്.’’

വീട്ടിലെയും നാട്ടിലെയും കോളജിലെയുമൊക്കെ വിശേഷങ്ങള്‍ പറഞ്ഞിരുന്ന് സമയം പോയതേ അറിഞ്ഞില്ല. ദൂരെ ചെങ്കിസ്ഖാന്റെ പ്രതിമ കണ്ടു തുടങ്ങിയപ്പോഴാണ് യാത്ര തുടങ്ങിയിട്ട് ഒരു മണിക്കൂറായി എന്ന് മനസ്സിലാക്കുന്നത്. ഗെറിന്റെ മാതൃകയിലുണ്ടാക്കിയ ഒരു കെട്ടിടത്തിന്റെ മുകളില്‍ സ്ഥാപിച്ച പടുകൂറ്റന്‍ കുതിരയുടെ പുറത്തായിരുന്നു ചെങ്കിസ്ഖാന്റെ ഇരിപ്പ്. നൂറ്റിമുപ്പതടി പൊക്കമുള്ള ആ സ്റ്റെയ്ൻലെസ് സ്റ്റീല്‍ പ്രതിമ ലോകത്തിലെ ഏറ്റവും പൊക്കമുള്ള കുതിര പ്രതിമയാണ്. ഞങ്ങള്‍ പാര്‍ക്കിങ്ങില്‍ എത്തിയപ്പോള്‍ വിചിത്രമായ ചടങ്ങിന് സാക്ഷ്യം വഹിച്ചു. ഒരു സ്ത്രീയും രണ്ടു പുരുഷന്മാരും പ്രതിമയെ നോക്കി തിരി കത്തിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്നു. പ്രാർഥന കഴിഞ്ഞപാടെ അവര്‍ കാറില്‍ കയറി തിരികെ പോയി. ചൈനക്കാര്‍ സ്വയം ചെങ്കിസ്ഖാന്റെ പിന്തുടര്‍ച്ചക്കാരായിട്ടാണ് അവകാശപ്പെടുന്നത്. അവര്‍ക്ക് ചെങ്കിസ് പൂര്‍വികതുല്യമാണ്. അവര്‍ ആയിരിക്കണം ഇപ്പോൾ വന്നുപോയത്.

പത്തമ്പത് പടികള്‍ കയറി കെട്ടിടത്തിലെത്തി. അവിടെ ഒരു ഭിത്തിയില്‍ മുപ്പതോളം ഫോട്ടോകള്‍ തൂക്കിയിരുന്നു. ചെങ്കിസ്ഖാന്റെയും പിന്തുടര്‍ച്ചക്കാരുടെയും പടങ്ങളായിരുന്നു. അവിടന്ന് ലിഫ്റ്റില്‍ കുതിരപ്രതിമയുടെ നെഞ്ചുഭാഗത്തു കൂടി കഴുത്തുഭാഗത്ത് എത്തിച്ചേര്‍ന്നു. അവിടന്ന് പടികള്‍ കയറി കുതിരയുടെ ശിരസ്സിന്റെ മുകളിലെത്തി. അവിടെ നിന്നാല്‍ ചെങ്കിസിനെ അടുത്ത് കാണാം. പ്രതിമക്ക് ചുറ്റും ചക്രവാളം വരെ നീളുന്ന പുല്‍മേടുകളാണ്. തന്റെ ജന്മദേശത്തെയും ആളുകളെയും നിരീക്ഷിച്ചു ചെങ്കിസ് അവിടങ്ങനെ ഇരിക്കുന്നു. ജീവനുണ്ടായിരുന്നെകില്‍ ഒരുപക്ഷേ അദ്ദേഹം നിരാശപ്പെട്ടേനെ. മംഗോളിയയുടെ ഭാഗമായ ഇന്നര്‍ മംഗോളിയ ചൈനക്കാര്‍ പിടിച്ചുവെച്ചിരിക്കുകയാണ്. അ​േദ്ദഹത്തിന്റെ സമയത്ത് പ്രജകളെല്ലാം നാടോടികളായിരുന്നു. ഇന്നിപ്പോൾ പകുതിയിലേറെ പേര്‍ നാടോടിജീവിതം ഉപേക്ഷിച്ചു. അദ്ദേഹം മികച്ച ഒരു പടനായകനായിരുന്നു. പക്ഷേ, ഭരണകാര്യങ്ങള്‍ മക്കളെ പഠിപ്പിക്കാന്‍ മറന്നു. അതാണ് എല്ലാവരും തമ്മില്‍ അടിച്ചു പലവഴിക്ക് പിരിഞ്ഞുപോയത്. ചെറുതായി മഴ ചാറി തുടങ്ങിയപ്പോള്‍ താഴെയുണ്ടായിരുന്ന മ്യൂസിയം കാണാന്‍ പോയി.

അവിടെ കുതിരയെയും ഒട്ടകത്തിനെയുമൊക്കെ അലങ്കരിക്കുന്ന ആഭരണങ്ങള്‍, മൂക്കിപ്പൊടി സൂക്ഷിക്കുന്ന പാത്രം, പോർസ്‍ലിന്‍ പാത്രങ്ങള്‍, രാജവംശം ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളുടെ മാതൃകകള്‍ ഒക്കെ കണ്ടു. മനസ്സില്‍ തട്ടിയ ഒരു ചിത്രം ചെങ്കിസ്ഖാന്റെ കാലത്തെ ലോക ഭൂപടമായിരുന്നു. ആകര്‍ഷിച്ച മറ്റൊന്ന് ‘പാക്‌സ് മംഗോളിയ’ എന്ന ലാറ്റിന്‍ പദമായിരുന്നു. മംഗോളിയന്‍ സമാധാനം എന്നായിരുന്നു അതിന്റെ അര്‍ഥം. 13ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ചെങ്കിസ് ഖാന്‍ മംഗോളിയന്‍ സാമ്രാജ്യം ആരംഭിക്കുകയും യൂറേഷ്യയിലെ രാജ്യങ്ങളെ ഏകീകരിക്കുകയും ചെയ്തതോടെയാണ് പാക്‌സ് മംഗോളിക്ക ആരംഭിച്ചത്. അദ്ദേഹത്തിന്റെ പിന്‍ഗാമികള്‍ ഈ ജോലി തുടര്‍ന്നു. ഏകദേശം 100 വര്‍ഷത്തോളം മംഗോളിയക്കാര്‍ ഭൂഖണ്ഡത്തിന്റെ ഭൂരിഭാഗവും നിയന്ത്രിച്ചു. മംഗോളിയരുടെ ഭരണം അവർ കീഴടക്കിയ പ്രദേശങ്ങളില്‍ സ്ഥിരത കൊണ്ടുവന്നു. അത് യൂറോപ്പിനും കിഴക്കന്‍ ഏഷ്യക്കും ഇടയില്‍ പുരാതന വ്യാപാര പാതകള്‍ തുറക്കാൻ സഹായകരമായി.

മംഗോളിയക്കാര്‍ സില്‍ക്ക് റോഡുകള്‍ എന്നറിയപ്പെടുന്ന വ്യാപാര പാതകളുടെ ഒരു പരമ്പര നിർമിക്കുകയും പരിപാലിക്കുകയും ചെയ്തു, ഇത് ഇറ്റലിയും ചൈനയും വരെ അകലെയുള്ള ആളുകളെ ബന്ധിപ്പിക്കുന്നു. അന്തര്‍-സംസ്ഥാന ബന്ധങ്ങളും പ്രോത്സാഹിപ്പിച്ചു, യാത്രക്കാരുടെ സുരക്ഷ ഉറപ്പുനല്‍കുകയും വ്യാപാരികള്‍ പൊതുവെ അപകടത്തിലല്ലെന്ന് ഉറപ്പാക്കുകയുംചെയ്തു. പാക്‌സ് മംഗോളിക്ക ചൈനക്കും യൂറോപ്പിനും ഇടയില്‍ സമാനതകളില്ലാത്ത ആശയവിനിമയവും വ്യാപാരവും സാധ്യമാക്കി. ജനങ്ങളും സംസ്‌കാരങ്ങളും കൂടിച്ചേര്‍ന്നതോടെ സാമ്രാജ്യത്തെയൊന്നാകെ മതസ്വാതന്ത്ര്യത്തിലേക്ക് നയിച്ചു. എന്നിരുന്നാലും, ഇതേ വഴിയായിരുന്നു പ്ലേഗ് യൂറോപ്പില്‍ എത്തുകയും ലക്ഷക്കണക്കിനാളുകള്‍ മരിക്കുകയുംചെയ്തത്.

പന്ത്രണ്ടു മണിയോടെ തിരിച്ചു പട്ടണത്തിലെത്തി. ഞാന്‍ നമസ്‌റായെ ഉച്ച ഭക്ഷണം കഴിക്കാന്‍ വിളിച്ചു.

‘‘ഭക്ഷണം കഴിക്കാന്‍ നിൽക്കാന്‍ പറ്റില്ല. വീട്ടിലെത്തിയിട്ട് വേണം അനിയനും അനിയത്തിക്കുമായി ഉച്ചഭക്ഷണം ഉണ്ടാക്കാന്‍. അവര്‍ കാത്തിരിക്കും.’’

‘‘അപ്പോള്‍ നിന്റെ അമ്മയും അച്ഛനും എന്ത് ചെയ്യും?’’

‘‘അച്ഛന്‍ ഫീല്‍ഡിലാണ്. ഇടക്കൊക്കെയേ വീട്ടില്‍ വരൂ. അമ്മ രാവിലെ പോകുമല്ലോ. ഞാന്‍ പഠിക്കാന്‍ പോയാല്‍ അമ്മതന്നെയാണ് ഭക്ഷണം ഉണ്ടാക്കുക. ഞാനിപ്പോൾ സ്ഥലത്തുള്ളതുകൊണ്ടാണ് ഭക്ഷണം ഞാന്‍ ഉണ്ടാക്കിക്കോളാമെന്ന് ഏറ്റത്.’’

രണ്ടു കാര്യങ്ങള്‍ അതില്‍നിന്ന് മനസ്സിലായി. അടുക്കള സ്ത്രീയുടെ മാത്രം തട്ടകമാണെന്ന മിഥ്യാധാരണ മംഗോളിയയില്‍ ഇല്ല. ചെറുപ്പം മുതലേ കുട്ടികള്‍ ഉത്തരവാദിത്തം ഏറ്റെടുത്തു ചെയ്യാന്‍ പ്രാപ്തരാണ്. അത് നാടോടികളാണെങ്കിലും കൊള്ളാം അല്ലാത്തവരാണെങ്കിലും കൊള്ളാം.

 

ചെങ്കിസ്​ഖാ​ന്റെ സാമ്രാജ്യം അടയാളപ്പെടുത്തിയ മാപ്പ്

നവജിത്തി​െന്റ കമ്പനിയുടെ അടുത്ത് എന്നെ അവന്‍ ഇറക്കിവിട്ടു. അനാറിനെതിരെ യാത്രാഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തപ്പോള്‍ ജിത്തുവായിരുന്നു എംബസി ഉദ്യോഗസ്ഥന്റെ നമ്പര്‍ സംഘടിപ്പിച്ചു തന്നത്. പിന്നീട് പരിചയപ്പെട്ടപ്പോഴാണ് കക്ഷി മലയാളിയാണെന്ന് മനസ്സിലായത്. എംബസിയില്‍നിന്ന് കിട്ടിയ മംഗോളിയന്‍ രൂപ ഡോളര്‍ ആക്കാന്‍ ജിത്തു സഹായിക്കാമെന്ന് പറഞ്ഞിരുന്നു. അവന്റെ ഓഫിസിന്റെ താഴെയുള്ള ബാങ്കില്‍ പോയി പൈസ മാറി ഡോളര്‍ ആക്കി തന്നു. ഭാഷ വശമില്ലാത്തതുകൊണ്ട് ഓഫിസിലെ മാനേജറായ സ്ത്രീയെയും കൂട്ടിയായിരുന്നു വന്നത്. ഞങ്ങള്‍ മൂന്നുപേരും കൂടി ഭക്ഷണം കഴിക്കാന്‍ പോയി. ജിത്തുവിന്റെ മംഗോളിയന്‍ വിശേഷങ്ങള്‍ അറിയാന്‍ പറ്റി. ഒരു അന്താരാഷ്ട്ര കമ്പനിയുടെ മാര്‍ക്കറ്റിങ് തലവനായി എത്തിയിട്ട് രണ്ടു വര്‍ഷമായി. ഒരു വര്‍ഷംകൂടി കഴിഞ്ഞാലേ സ്ഥലംമാറ്റം കിട്ടൂ. ഒരുപാട് ഇന്ത്യക്കാര്‍ ജോലി തേടി മംഗോളിയയില്‍ എത്താറുണ്ടത്രെ. കൂടുതൽപേരും നിർമാണരംഗത്തും മൈനിങ് രംഗത്തുമാണ് ജോലിചെയ്യുന്നത്. ഇന്ത്യന്‍ അസോസിയേഷന്‍ നല്ല സജീവമായിരുന്നു. ഉലാന്‍ ബാത്തര്‍ പ്രദേശത്ത് ജിത്തുവും ഇംഗ്ലീഷ് അധ്യാപകനായി ജോലിചെയ്തിരുന്ന ഒരു തമിഴ് നാട് സ്വദേശിയുമാണുള്ളത്. എന്നെ ഹോസ്റ്റലിലാക്കിയിട്ട് ജിത്തു മടങ്ങി.

വൈകീട്ട് തുവശിയുടെ മെസേജ് വന്നു. അന്ന് അത്താഴം തുവശിയുടെയും ഭാര്യയുടെയും കൂടെ കഴിച്ചേ മതിയാകൂ എന്ന് തീര്‍ത്തും പറഞ്ഞു. അവര്‍ രണ്ടാളും ജോലികഴിഞ്ഞു ആറരയായപ്പോള്‍ എന്നെ കൂട്ടാന്‍ വന്നു. അത്താഴം കഴിക്കുന്നതിനിടക്കാണ് വിശദമായി പരിചയപ്പെട്ടത്. വെറ്ററിനറി ഡിപ്പാര്‍ട്‌മെന്റില്‍ സീനിയര്‍ സയന്റിസ്റ്റായിരുന്നു അദ്ദേഹം. ഭാര്യ അവിടത്തെ മുന്തിയ ജാപ്പനീസ് റസ്റ്റാറന്റിന്റെ മാനേജറും.

‘‘സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം വളരെ കുറവാണെന്നാണല്ലോ അറിയാന്‍ കഴിഞ്ഞത്. നിങ്ങള്‍ക്ക് വേറെ ഏതെങ്കിലും നാട്ടിലേക്ക് പൊയ്ക്കൂടേ?’’

‘‘ഞാന്‍ പത്തു കൊല്ലം ജപ്പാനിലായിരുന്നു. ജോലി നല്ല കഷ്ടപ്പാടായിരുന്നു. ഇവള്‍ ജോലിക്ക് പോകാതെ കുട്ടികളുടെ കാര്യം നോക്കിയതുകൊണ്ട് എനിക്ക് നന്നായി ജോലിചെയ്യാന്‍ പറ്റി. അത്യാവശ്യം പൈസയും ഉണ്ടാക്കാന്‍ സാധിച്ചു. പക്ഷേ കുട്ടികള്‍ അവിടെ വളര്‍ന്നാല്‍ ശരിയാകില്ല. അവിടെ എല്ലാം വളരെ എളുപ്പമാണ്. ജീവിതസൗകര്യങ്ങള്‍ എല്ലാമുണ്ട്. അത്രയും സുഖം പറ്റി ജീവിച്ച അവര്‍ക്ക് ഒരിക്കലും മംഗോളിയയിലെ പ്രതികൂല സാഹചര്യങ്ങളില്‍ ജീവിക്കാന്‍ സാധിക്കില്ല. മംഗോളിയയില്‍ ജനിച്ചു വളര്‍ന്നാൽ പിന്നെ ലോകത്തെവിടെ പോയാലും അവര്‍ക്ക് ജീവിക്കാന്‍ സാധിക്കും.’’ കുട്ടികളെ ഒരു കഷ്ടപ്പാടും അറിയിക്കാതെ, സ്വന്തം ചിറകുകള്‍ക്കടിയില്‍ പൊത്തിവെച്ച് വളര്‍ത്താനാണ് പലരും ശ്രമിക്കുന്നത്. അതുകൊണ്ട് തന്നെ മുതിര്‍ന്നു കഴിയുമ്പോള്‍ ചെറിയ പ്രതിസന്ധി നേരിട്ടാല്‍തന്നെ അവര്‍ തളര്‍ന്നുപോകുന്നു. നമ്മുടെ നാട്ടിൽ ഏറ്റവുമധികം ആത്മഹത്യ നടക്കുന്ന സംസ്ഥാനങ്ങളിലൊന്ന് സാക്ഷര കേരളമാണ്.

‘‘സര്‍ക്കാര്‍ എനിക്ക് തുച്ഛമായ ശമ്പളമാണ് തരുന്നത്. പക്ഷേ അതുകൊണ്ട് അവര്‍ ഒരുപാടു നിയന്ത്രണങ്ങള്‍ വെക്കാറില്ല. എപ്പോഴെങ്കിലും എട്ടു മണിക്കൂര്‍ ജോലി ചെയ്താല്‍ മതി. ഇവള്‍ രാവിലെ ജോലിക്ക് പോയാല്‍ വൈകിട്ടേ എത്തൂ. മൂന്നു കുട്ടികളുടെയും സ്‌കൂള്‍സമയം വ്യത്യസ്തമാണ്. അവരെ കൃത്യസമയത്ത് സ്‌കൂളില്‍ എത്തിക്കാനും വിളിച്ചു കൊണ്ടുവരാനും സാധിക്കുന്നത് സര്‍ക്കാര്‍ ജോലിയുള്ളതുകൊണ്ടാണ്. ഞാന്‍ ജപ്പാനിലായിരുന്നപ്പോള്‍ അവള്‍ വീട്ടുകാര്യം നോക്കി. ഇപ്പോള്‍ ഞാന്‍ വീട്ടിലെ ഉത്തരവാദിത്തം ഏറ്റെടുത്തു.’’ അദ്ദേഹത്തിന്റെ വാക്കുകള്‍ ആശ്ചര്യത്തോടെയാണ് കേട്ടിരുന്നത്. തികച്ചും പുരുഷാധിപത്യ സമൂഹത്തില്‍ ജീവിച്ചു വളര്‍ന്നതുകൊണ്ട്, അടുക്കളയുടെ നാലു മതിലുകള്‍ക്കിടയില്‍ സ്വന്തം ജീവിതം ജീവിച്ചു തീര്‍ക്കുന്ന ധാരാളം സ്ത്രീകളെ കണ്ടിട്ടുണ്ട്. സ്വന്തം സ്വപ്‌നങ്ങളും ആഗ്രഹങ്ങളും എല്ലാം ഉപേക്ഷിച്ച് അടുക്കള ശരണമായി കഴിയുന്നവര്‍. മംഗോളിയയില്‍ ഉടനീളം കണ്ടത് സ്ത്രീക്ക് തുല്യമോ അതിലേറെയോ പ്രാധാന്യം കൊടുക്കുന്ന സമൂഹത്തെയാണ്.

‘‘നിങ്ങള്‍ തിരിച്ചെത്തുമ്പോള്‍ വൈകില്ലേ? കുട്ടികൾക്ക് ഭക്ഷണം കൊടുക്കണ്ടേ?’’

‘‘മൂത്ത മകന് പതിമൂന്നു വയസ്സായി. പത്തു വയസ്സ് തൊട്ട് അവന്‍ പാചകമൊക്കെ ചെയ്യും. ഞങ്ങള്‍ ചെല്ലാന്‍ വൈകുന്ന ദിവസം അവന്‍ അനിയത്തിമാര്‍ക്ക് ഭക്ഷണം ഉണ്ടാക്കി കൊടുക്കും.’’ വര്‍ത്തമാനത്തിന്റെ ഇടയില്‍ ഗ്രില്‍ ചെയ്ത കുതിരയിറച്ചി കൊണ്ടുവന്നു. വേറെയും കുറച്ചു തനതു ഭക്ഷണം അവര്‍ ഇരുവരും കൂടി നിര്‍ബന്ധിച്ചു കഴിപ്പിച്ചു. ഇന്ത്യയില്‍ വരാന്‍ ശ്രമിക്കുമെന്ന് വാക്കു തന്നിട്ടാണ് അവർ പിരിഞ്ഞത്.

 

ഗൈഡിനൊപ്പം മിത്ര സതീഷ്​

പിറ്റേന്ന് വെളുപ്പിന് ആറുമണിക്കായിരുന്നു നാട്ടിലേക്കുള്ള ഫ്ലൈറ്റ്. ടാക്‌സിയില്‍ രണ്ടരക്ക് ഹോസ്റ്റലില്‍നിന്ന് ഇറങ്ങി. ഇരുട്ടത്തു യാത്ര ചെയ്തപ്പോള്‍ മംഗോളിയയില്‍ വന്നിറങ്ങിയ ദിവസത്തെ പറ്റിയോര്‍ത്തു. അനാറിനൊപ്പം യാത്രചെയ്യാന്‍ പറ്റാതിരുന്നത് എന്തുകൊണ്ടും നന്നായി. അതുകൊണ്ട് ഒരുപാടു നല്ല മംഗോളിയക്കാരെ പരിചയപ്പെടാന്‍ സാധിച്ചു. കാണാന്‍ ആഗ്രഹിച്ച സ്ഥലങ്ങളൊക്കെ കണ്ടു. നാടോടികളും അവരുടെ ലളിതമായ ജീവിത രീതികളും സ്നേഹനിര്‍ഭരമായ വരവേൽപും എന്നെന്നേക്കുമായി മനസ്സില്‍ പതിഞ്ഞു. നാടോടികളുടെ സംസ്‌കാരം എന്നത് നാഗരിക സംസ്‌കാരത്തെക്കാളൊക്കെ എത്രയോ മികച്ചതാണെന്ന തിരിച്ചറിവുണ്ടായി.

മരുഭൂമിയില്‍ ആര്‍ത്തിക്കും ധൂര്‍ത്തിനും സ്ഥാനമില്ല. പ്രകൃതിയെ സൂക്ഷിച്ചു കൈകാര്യം ചെയ്തില്ലെങ്കില്‍ തങ്ങള്‍ക്ക് നിലനിൽപില്ല എന്ന വ്യക്തമായ തിരിച്ചറിവ് അവിടത്തെ ഓരോ നാടോടിക്കുമുണ്ട്. പ്രകൃതിയുമായി അടുത്തിടപഴകി, ലളിതമായ ജീവിതം നയിക്കുന്നതിലൂടെ അവരുടെ ജീവിതത്തില്‍ എന്നും സന്തോഷവും സമാധാനവും മാത്രം. ഏതു സാഹചര്യവുമായും പൊരുത്തപ്പെടാനുള്ള മനസ്സുള്ളിടത്തോളം കാലം നാടോടികളും അവരുടെ സംസ്‌കാരവും സുഭദ്രമാണ്.

(അവസാനിച്ചു)

News Summary - Mongolian Journey