ടോൾസ്റ്റോയിയുടെ ഓർമക്ക്

ഏഴ് ഞങ്ങൾ താമസിക്കുന്ന സാന്‍റണിൽനിന്നും 50 കിലോമീറ്റർ മാത്രം ദൂരമേയുള്ളൂ ലെനേഷ്യയിലെ (Lenasia) ടോൾസ്റ്റോയ് ഫാമിലേക്കെന്ന് മകൻ പറഞ്ഞിരുന്നു. ഇന്ത്യക്കാരും പാകിസ്താനികളും ബംഗ്ലാദേശികളും ഇടകലർന്ന് താമസിക്കുന്ന പ്രദേശം. ഏകദേശം മുക്കാൽ മണിക്കൂർകൊണ്ട് ഓടിയെത്താവുന്ന ദൂരം. ദൂരമോ യാത്രയോ ഒന്നുമല്ല പ്രശ്നം. ടോൾസ്റ്റോയ് ഫാമിനെക്കുറിച്ചും അതിന്‍റെ പരിസരപ്രദേശങ്ങളെക്കുറിച്ചും ലഭിച്ച ചിത്രങ്ങൾ അവിടേക്കുള്ള യാത്രയെ അൽപവും േപ്രാത്സാഹിപ്പിക്കുന്നതായിരുന്നില്ല. അതിനാലാകണം പുറപ്പെടും മുമ്പേ അവൻ ഒരു കാര്യം ഓർമിപ്പിച്ചു. ‘‘പോയി നോക്കാം, റിസ്ക്കെടുക്കാനൊന്നും വയ്യ. പറ്റില്ലെന്നു...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
ഏഴ്
ഞങ്ങൾ താമസിക്കുന്ന സാന്‍റണിൽനിന്നും 50 കിലോമീറ്റർ മാത്രം ദൂരമേയുള്ളൂ ലെനേഷ്യയിലെ (Lenasia) ടോൾസ്റ്റോയ് ഫാമിലേക്കെന്ന് മകൻ പറഞ്ഞിരുന്നു. ഇന്ത്യക്കാരും പാകിസ്താനികളും ബംഗ്ലാദേശികളും ഇടകലർന്ന് താമസിക്കുന്ന പ്രദേശം. ഏകദേശം മുക്കാൽ മണിക്കൂർകൊണ്ട് ഓടിയെത്താവുന്ന ദൂരം.
ദൂരമോ യാത്രയോ ഒന്നുമല്ല പ്രശ്നം. ടോൾസ്റ്റോയ് ഫാമിനെക്കുറിച്ചും അതിന്‍റെ പരിസരപ്രദേശങ്ങളെക്കുറിച്ചും ലഭിച്ച ചിത്രങ്ങൾ അവിടേക്കുള്ള യാത്രയെ അൽപവും േപ്രാത്സാഹിപ്പിക്കുന്നതായിരുന്നില്ല. അതിനാലാകണം പുറപ്പെടും മുമ്പേ അവൻ ഒരു കാര്യം ഓർമിപ്പിച്ചു.
‘‘പോയി നോക്കാം, റിസ്ക്കെടുക്കാനൊന്നും വയ്യ. പറ്റില്ലെന്നു തോന്നുന്ന നിമിഷം, അവിടെെവച്ച് ഞാൻ വണ്ടിതിരിക്കും.’’
ഞാൻ സമ്മതിച്ചു. എങ്കിലും എന്‍റെയുള്ളിലെ ആ ത്വരയെ അവഗണിക്കാൻ അവനു കഴിയുമായിരുന്നില്ല.
വണ്ടിയിൽ എന്നത്തെയുംപോലെ അന്നും ഞങ്ങൾ നാലുപേർ മാത്രം. ഞാനും ഭാര്യയും. വണ്ടിയോടിക്കാൻ മകൻ. ഒപ്പം അവന്‍റെ മകൾ നന്മ; ഞങ്ങളുടെ പേരക്കുട്ടി.
ഇന്നു കാണുന്ന ജൊഹാനസ്ബർഗ്, നഗരത്തിന്‍റെ പ്രതാപങ്ങൾ കൈവരിക്കുന്നതിനു മുമ്പ്, ജൊഹാനസിന്‍റെ മുഖം ലോകത്തിനു മുമ്പാകെ ഉയർത്തിക്കാട്ടിയ, ഇന്നത്തെ പ്രാന്തവത്കരിക്കപ്പെട്ട നഗരത്തിലൂടെ (എറണാകുളത്തിനു മുന്നിൽ കൊച്ചി വഴിമാറി
ക്കൊടുത്തതുപോലെ!) ജി.പി.എസ്, ഞങ്ങൾക്കു മുന്നേ സഞ്ചരിച്ചുകൊണ്ടിരുന്നു. പട്ടാളച്ചിട്ടയിലുള്ള കൃത്യതയോടെ... ടേൺ ലെഫ്റ്റ് അറ്റ് ദി റൗണ്ട്... അല്ലെങ്കിൽ കണ്ടിന്യൂ ത്രീഹൺഡ്രഡ് മീറ്റേഴ്സ് ഏൻഡ് ടേൺ റൈറ്റ് അറ്റ് ദി യോർക്... എന്നിങ്ങനെ!
ദക്ഷിണാഫ്രിക്കൻ നഗരങ്ങളുടെ മുഖമുദ്രയായ ഒരു ചേരി അവസാനിക്കുന്നിടത്തുള്ള മുക്കവലയിൽ എത്തിയപ്പോൾ ജി.പി.എസ് നിശ്ശബ്ദമായി. ഇടത്തോട്ടോ അതോ വലത്തോട്ടോ എവിടേക്കു തിരിയണം എന്നറിയാതെ ആശങ്കയിലായി ഞങ്ങൾ. മുക്കവലയിൽനിന്നും നേരേ മുന്നോട്ടുപോകുന്ന ചെമ്മൺപാതയിലെത്തിനിന്ന് ടോൾസ്റ്റോയ് ഫാമിലെ ഫോണിലേക്ക് വിളിച്ചു.
എവിടെ എത്തിയാണ് ഞങ്ങൾ വഴിയറിയാതെ നിൽക്കുന്നതെന്നു പറഞ്ഞിട്ടും അതു മനസ്സിലാക്കാൻ എതിർവശത്തുള്ളയാൾക്കു കഴിയുന്നില്ല; അതുകൊണ്ടുതന്നെ ഒരു വഴി പറഞ്ഞുതരാനും. ഞങ്ങൾ പറഞ്ഞ അടയാളങ്ങളൊന്നും അയാൾക്കു മനസ്സിലാകുന്നുമില്ല. ഏറ്റവും വലിയ ലാൻഡ്മാർക്കാണല്ലോ അവിടത്തെ ഇൻഫോർമൽ സെറ്റിൽമെന്‍റ്! ഒടുവിൽ അയാൾ ഒരു ഉപായം പറഞ്ഞു:
‘‘അവിടെ അടുത്തൊരു ഫോക്സ്വാഗൺ കാറുകളുടെ ഷോറൂമുണ്ട്. നിങ്ങൾ അവിടെ കാത്തുനിൽക്കുക. പത്തുമിനിറ്റിനകം ഞാനവിടെ വരാം.’’
ഞങ്ങൾ പിന്നിട്ടുപോന്ന വഴികളിലൊന്നും അങ്ങനെയൊരു ഷോറൂം കണ്ടതായി ഓർക്കുന്നില്ല. ജി.പി.എസിലേക്കു വീണ്ടും നിർദേശം പോയി. എത്തിനിന്നിരുന്ന മുക്കവലയിൽനിന്നും വലത്തേക്ക് തിരിഞ്ഞ് കാർ ഷോറൂം ലക്ഷ്യമാക്കി ഞങ്ങൾ ഓട്ടം തുടർന്നു. അഞ്ചു കിലോമീറ്റർ പിന്നിട്ടപ്പോൾ ഷോറൂമിന്‍റെ മുന്നിൽ എത്തിയതറിയിക്കാൻ ഞങ്ങൾ തിരിച്ചുവിളിച്ചു. എന്നാൽ എതിർഭാഗത്തുനിന്നും മറുപടിയുണ്ടായില്ല.
ടോൾസ്റ്റോയ് ഫാം തൊട്ടുമുന്നിലെവിടെയോ ഒളിഞ്ഞുകിടപ്പുണ്ടെന്ന വിശ്വാസവുമായി, തണലില്ലാത്ത പെരുവഴിയിൽ ഞങ്ങൾ പൊരിഞ്ഞുകിടന്നു.
ഏതാണ്ട് 15 മിനിറ്റ് കഴിഞ്ഞപ്പോൾ ആ നമ്പറിലേക്ക് ഞങ്ങൾ വീണ്ടും വിളിക്കുന്നു.
മനസ്സിൽ നാമ്പെടുത്തുകഴിഞ്ഞ ദുരൂഹതക്ക് അടിവരയിട്ടുകൊണ്ട് ഫോൺ ശബ്ദിച്ചു:
‘‘അതെ, ഞാനും ഫോക്സ്വാഗണിനു മുമ്പിൽത്തന്നെയുണ്ട്. ലേണേഴ്സിന്‍റെ ‘എൽ’ അടയാളം പതിച്ച ബ്രൗൺ നിറത്തിലു
ള്ളൊരു കാർ.’’
തൊട്ടടുത്ത നിമിഷം ആ കാർ ഞങ്ങൾക്കു മുന്നിലൂടെ കടന്നുപോയി.
‘‘വണ്ടി കണ്ടു. ഞങ്ങളും തൊട്ടുപിന്നാലെയുണ്ട്.’’
‘‘പോന്നോളൂ...’’
ആ വാഹനം ഓടിക്കുന്ന ആളെയോ, അതിനുള്ളിൽ ആരെല്ലാം ഉണ്ടെന്നോ അറിയില്ല. എങ്കിലും ഒരു വാക്കിന്‍റെ പിൻബലത്തിൽ അതിനെ പിന്തുടരുകതന്നെ.
നേരത്തേ, മുക്കവലവരെ ഞങ്ങളെയെത്തിച്ച അതേ വിജനവും ദീർഘവുമായ വഴിത്താര. ഉത്തരം മുട്ടിയതുപോലെ പടർന്നുകിടക്കുന്ന ആ ചേരി. ഇതാ പിന്നെയും മുന്നിൽ അതേ മുക്കവലയും ചെമ്മണ്ണിന്‍റെ പാതയും!
ഞങ്ങൾ സംശയിച്ചുനിന്ന, ജി.പി.എസിനു വഴിമുട്ടിയ മുക്കവലയിൽനിന്നും നേരേ പോകുന്ന ചെമ്മൺനിരത്തിലേക്ക് എല്ലുള്ള ബ്രൗൺ കാർ പ്രവേശിച്ചു. അലക്ഷ്യമായി ആ വഴിത്താരയിലൂടെ ഞങ്ങൾ ആ കാറിനെ പിന്തുടരുക മാത്രം.
ചുടുകട്ടകൾ നിരത്തിയുണ്ടാക്കിയ ചുവന്ന വഴിത്താര, ഏതാനും മീറ്ററുകൾ പിന്നിട്ടു കഴിഞ്ഞപ്പോൾ അതവസാനിച്ചു. ഇപ്പോൾ കുറ്റിക്കാടുകൾക്കിടയിലൂടെ വളഞ്ഞുപുളഞ്ഞു പോകുന്ന ചെമ്മൺപാത മാത്രം. മുമ്പേ പോകുന്ന വാഹനം ഉയർത്തിവിടുന്ന ചെമ്മൺപൂഴിയുയർന്ന് ഞങ്ങൾക്കു മുന്നിലെ കാഴ്ചകളെ മറച്ചു. ചുറ്റിലും ദക്ഷിണാഫ്രിക്കക്ക് കാവൽനിൽക്കുന്ന മലനിരകൾ മാത്രം. ഏതോ ഗൂഢസങ്കേതത്തിലെത്തിയ പ്രതീതിയുണർത്തുന്ന ചുറ്റുപാടുകൾ. കാട്ടുപൊന്തകളും കുറ്റിച്ചെടികളും വളർന്നു പടർന്ന് പരിസരങ്ങളെ മറയ്ക്കുന്നു. എങ്കിലും പിന്തിരിയാൻ തോന്നിയില്ല. പറക്കുന്ന പൊടിപടലങ്ങൾക്കിടയിലൂടെ വാഹനം മുന്നോട്ടുതന്നെ.
ഒരിക്കലും ഇതുപോലൊരിടം മഹാത്മജിയുടെ മാനസസ്വപ്നമായ ടോൾസ്റ്റോയ് ഫാമായിരിക്കാൻ സാധ്യതയില്ലെന്നൊരു തീരുമാനത്തിലെത്താൻ മനസ്സ് സജ്ജമാകുന്നതിനു മുമ്പുതന്നെ, അകലെയുള്ള മലനിരകളുടെ പള്ളയിൽ വെളുത്ത നിറത്തിൽ എഴുതിയ അക്ഷരങ്ങൾ അവ്യക്തമായി കാണാൻ കഴിഞ്ഞു: ഗാന്ധി – ടോൾസ്റ്റോയ് ഫാം!
ഓർക്കുകയായിരുന്നു, ഞങ്ങൾ വഴിമുട്ടിനിന്ന ആ മുക്കവലയിലുള്ള മൂന്നു ദിശാസൂചകങ്ങൾക്കൊപ്പം എന്തുകൊണ്ടാണ് ലോകപ്രസിദ്ധമായ ടോൾസ്റ്റോയ് ഫാമിനെ അടയാളപ്പെടുത്തുന്ന നാലാമതൊരു കൈചൂണ്ടിക്കു കൂടി ഇടമില്ലാതെ പോയതെന്ന്! മണ്ടേല ചവിട്ടിക്കടന്നുപോയ ഓരോ കാലടിപ്പാടും സ്മാരകമാക്കാൻ വെമ്പുന്നൊരു രാജ്യത്തിൽ മഹാത്മാവിനെപ്പോലൊരാളുടെ ഓർമകൾക്ക് ഇപ്പോഴും അവഗണനയോ? അല്ലെങ്കിൽതന്നെ മഹാത്മജി ഒരാൾ മാത്രമല്ലല്ലോ അവരുടെ പ്രിയപ്പെട്ടവരുടെ പട്ടികയിലുള്ളത്! ‘Legends: People who changed South Africa for the better’ എന്ന പേരിൽ 2023ൽ പുറത്തുവന്ന ആ പുസ്തകം ഞാനോർത്തു. മഹാത്മാവിനും മണ്ടേലക്കുമൊപ്പം ദക്ഷിണാഫ്രിക്കയുടെ ജീവിതത്തെ അടിമുടി പിടിച്ചുകുലുക്കിയ പത്തോളം മഹാമനുഷ്യരെ ഓർക്കുന്ന കൃതി. ചരിത്ര പാഠപുസ്തകങ്ങൾക്കുപോലും അന്യരായിത്തീർന്നവർ. ഗോത്രപുരുഷനായ മോഷോഷോ (Moshoeshoe: 1786-1870) മുതൽ മിറിയം മക്കേബ (Miriam Makeba: 1932-2008) വരെയുള്ളവർ. ഈ പത്തുപേരിൽ മൂന്നുപേർ സ്ത്രീകളാണെന്നതും വായനക്കാരെ അത്ഭുതപ്പെടുത്തുന്നു. (By Matthew Blackman Nick Dall, Penguin Random House, South Africa, 2023, R.265/)
ഫാം എന്നു കരുതാവുന്ന വിശാലമായ സമതലത്തിനുള്ളിലെ മതിൽക്കെട്ടിനു മുന്നിലെ ഗുജറാത്തി മാതൃകയിലുള്ള ചെറിയ കവാടവും കടന്ന് വാഹനം തുരുമ്പിച്ചൊരു ഗേറ്റിനു മുന്നിലേക്ക് നീങ്ങി. അകത്തുനിന്നു കറുത്തൊരു പരിചാരകൻ ഓടിയെത്തി അതിനെ ബന്ധിപ്പിച്ചിരുന്ന ചങ്ങലക്കുടുക്കുകൾ അഴിച്ചുമാറ്റി.

യാത്രക്കിടെ ഒറ്റയാനു മുന്നിൽ
കാർ തുറന്ന് അതിൽനിന്നും വൃദ്ധനായൊരു മനുഷ്യൻ പുറത്തിറങ്ങി. അദ്ദേഹത്തെ പിന്തുടർന്ന് അഞ്ചോ ആറോ വയസ്സ് വരുന്ന ഒരാൺകുട്ടിയും. അദ്ദേഹത്തിന്‍റെ പേരക്കുട്ടിയാകണം. ഞങ്ങൾ എത്തിച്ചേർന്നിരിക്കുന്നത് ഗൂഢസങ്കേതത്തിൽ അല്ലെന്നും ടോൾസ്റ്റോയ് ഫാമിൽത്തന്നെയാണെന്നും ഞാൻ മനസ്സിനെ പറഞ്ഞു വിശ്വസിപ്പിച്ചു. കറുത്തവർഗക്കാരായ രണ്ടോ മൂന്നോ യുവാക്കൾ ഒരു ഭാഗത്തുള്ള തകരഷെഡിന്‍റെ വാതിൽക്കൽനിന്ന് ഞങ്ങളെ അമ്പരന്നു നോക്കുന്നുണ്ട്. പലനിറത്തിലുള്ള റോസാപ്പൂക്കളുടെ ചെറിയൊരു തോട്ടം. അതിന്‍റെ നടപ്പാതക്ക് ഇരുവശവുമായി മഹാത്മയുടെയും മഡീബയുടെയും ഓരോ അർധകായ പ്രതിമകൾ സൂര്യവെളിച്ചത്തിൽ തിളങ്ങുന്നു. കൂടാതെ മഹാത്മാവിന്‍റെ മറ്റൊരു പ്രതിമയും. അടുത്തുള്ള പുൽത്തകിടിൽ ശുഭ്രവസ്ത്രധാരിയായ രാഷ്ട്രപിതാവിന്‍റെ ഒരു പൂർണകായ ശിൽപവും കാണാം. മനസ്സിൽ ഉറഞ്ഞുകൂടിയിരുന്ന ആശങ്കകൾ മഞ്ഞിനേക്കാൾ വേഗത്തിൽ അലിഞ്ഞുപോയി. അകത്തോട്ട് അൽപം വളഞ്ഞ സാധുവായ ഈ മനുഷ്യനെക്കുറിച്ചാണല്ലോ ഞാൻ വേണ്ടാത്തതെല്ലാം വിചാരിച്ചതെന്നോർത്തപ്പോൾ പശ്ചാത്താപം തോന്നി. അതും വാതിൽക്കലെത്തി വഴി ചോദിച്ച സന്ദർശകരെ, അഞ്ചു കിലോമീറ്റർ അപ്പുറമുള്ളൊരു അടയാളം പറഞ്ഞ് അവരെ അവിടേക്ക് മടക്കിയോടിച്ചതിനുശേഷം അവിടെനിന്നും വഴികാണിച്ചു കൂട്ടിക്കൊണ്ടുവന്ന വൃദ്ധനായ ഒരാളോട്! അടുത്തുചെന്ന് ഞാൻ നമസ്കാരം പറഞ്ഞു.
‘‘ഇന്ത്യയിൽനിന്നാണ്, മലയാളി. മഹാത്മാവിൽ താൽപര്യമുള്ളതുകൊണ്ട് തിരക്കിവന്നതാണ്. സത്യഗ്രഹ ഹൗസിലും ഫീനിക്സ് സെറ്റിൽമെന്‍റിലുമൊക്കെ ഞങ്ങൾ പോയിരുന്നു.’’
അദ്ദേഹം പേരു പറഞ്ഞു: ‘‘മോഹൻഹീര.’’
1938ൽ ഗുജറാത്തിൽ ജനിച്ച മോഹന്‍റെ കുടുംബം ദക്ഷിണാഫ്രിക്കയിൽ എത്തുന്നത് അയാൾക്ക് ഒമ്പതു വയസ്സുള്ളപ്പോഴാണ്. കാരണം അദ്ദേഹത്തിന്‍റെ മുത്തച്ഛന് അന്നവിടെ ജോലിയുണ്ട് എന്നതായിരുന്നു.
ദാദാ അബ്ദുല്ല ആൻഡ് കമ്പനിയുടെ കേസ് നടത്താനായി 1893ൽ ദക്ഷിണാഫ്രിക്കയിലെത്തിയ മോഹൻദാസ് കരംചന്ദ് ഗാന്ധിയെന്ന യുവ അഭിഭാഷകന്‍റെ ജീവിതത്തിലെ വഴിത്തിരിവുകളുടെ കഥ ഏതൊരു ഇന്ത്യക്കാരന്‍റെയും പാഠപുസ്തകമാണല്ലോ. അവിടത്തെ ജീവിതകാലത്ത് സാക്ഷ്യം വഹിക്കേണ്ടിവന്ന നതാളിലെയും ട്രാൻസ്വാളിലെയും ഇന്ത്യക്കാരുടെ അടിമജീവിതത്തിനെതിരായ പോരാട്ടമായി ഗാന്ധിജിയുടെ ജീവിതം രൂപപ്പെട്ടതിന്‍റെ ആദ്യത്തെ ശബ്ദമായിരുന്നല്ലോ 1903ൽ തുടങ്ങിെവച്ച ‘ഇന്ത്യൻ ഒപ്പീനിയൻ’ എന്ന പത്രം. തുടർന്ന് 1906ൽ ഫീനിക്സ് സെറ്റിൽമെന്‍റും.
കറുത്തവർഗക്കാരും ഇന്ത്യക്കാരുമായ ജനസമൂഹത്തെ പൊതുവായി ബാധിക്കുന്ന ഏഷ്യാറ്റിക് രജിസ്േട്രഷൻ ആക്ട് അഥവാ ബാക്ക് ആക്ടിന് ട്രാൻസ്വാൾ ഭരണകൂടം രൂപംകൊടുത്തതും ഇക്കാലയളവിലാണ്. കറുത്തവർഗക്കാരും ‘കളേർഡ് പീപ്ൾ’ എന്ന് വിളിക്കപ്പെടുന്നവരുമായ ഏഷ്യൻ വംശജരെ തിരിച്ചറിയാനുള്ള ഒരു രേഖ അതോടെ നിലവിൽവന്നു. (പിന്നീട് മണ്ടേലയുടെ ചെറുപ്പകാലത്തുപോലും സാധുവായിരുന്ന ഈ തിരിച്ചറിയൽ രേഖക്കെതിരായ പ്രക്ഷോഭങ്ങൾ അവരുടെയും പോരാട്ട ചരിത്രമാകുന്നുണ്ട്). അധികാരികളുടെ ആവശ്യപ്രകാരം ആ ‘പാസ്’ കാണിക്കാൻ കഴിയാതിരുന്നതിന്‍റെ പേരിൽ 1908 ജനുവരിയിലും ഒക്ടോബറിലുമായി ഒരു വർഷംതന്നെ രണ്ടു പ്രാവശ്യം നതാളിലും ട്രാൻസ്വാളിലും വെച്ച് ഗാന്ധിജിയെ അറസ്റ്റുചെയ്ത് തടവിൽ പാർപ്പിക്കുകയുണ്ടായി.
ന്യൂനപക്ഷമായ വെള്ളക്കാരുടെ ഭരണമല്ല പ്രശ്നങ്ങൾക്കുള്ള പരിഹാരമെന്ന് അധികാരികളെ ബോധിപ്പിക്കാൻവേണ്ടി 1909ൽ ഗാന്ധിജി ഇംഗ്ലണ്ടിലേക്കു പോയെങ്കിലും ആ ലക്ഷ്യം ഫലവത്തായില്ലെന്നു മാത്രമല്ല, തൊട്ടുപിന്നാലെ അധികാരമെല്ലാം വെളുത്തവർക്കായി നീക്കിെവച്ചുകൊണ്ടുള്ള ഉത്തരവിറങ്ങി; 1910 മേയ് 31ന്. അതിനും ഒരുദിവസം മുമ്പ് മേയ് 30ന് ടോൾസ്റ്റോയ് ഫാം എന്ന ആശയം യാഥാർഥ്യമായി, പ്രിയ മിത്രമായ ഹെർമൻ കല്ലൻബാക്കിന്‍റെ സംഭാവന.
സംസാരിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിലും വളരെ ആവേശഭരിതനായിട്ടാണ് എൺപത്താറുകാരനായ മോഹൻഹീര, ടോൾസ്റ്റോയ് ഫാമിന്‍റെ ചരിത്രത്തിലേക്ക് ഞങ്ങളെ വഴിനടത്തിയത്.
‘‘രണ്ടായിരം പൗണ്ടിനാണ് ആയിരത്തി ഒരുനൂറ് ഏക്കറുണ്ടായിരുന്ന ഈ ഭൂമി കല്ലൻബാക്ക് വാങ്ങുന്നത്. എന്നാലിപ്പോൾ ഫാമിന്‍റേതായി 100 ഏക്കർ മാത്രമേയുള്ളൂ.’’
‘‘അപ്പോൾ മറ്റേ 1000 ഏക്കറിന് എന്തു സംഭവിച്ചു?’’
‘‘നമ്മളിപ്പോൾ കടന്നുപോന്ന വഴിയിൽക്കണ്ട ഇഷ്ടിക ഫാക്ടറിക്കാർ 1950കളിൽ അതു കൈവശപ്പെടുത്തി. അതൊക്കെ മറ്റൊരു കഥ.’’
ഫീനിക്സ് സെറ്റിൽമെന്‍റിന്‍റെ ചരിത്രവും ഏതാണ്ടിതുപോലെ തന്നെയാണല്ലോ എന്നു ഞാനോർത്തു.
തന്‍റെ ജീവിതത്തിലെ വഴിത്തിരിവിനു കാരണമായിത്തീർന്നതെന്ന് മഹാത്മജി തന്നെ വിശേഷിപ്പിച്ച ജോൺ റസ്കിന്റെ ‘അൺടു ദിസ് ലാസ്റ്റ്’ (Unto This Last) എന്ന പുസ്തകം അദ്ദേഹം വായിക്കുന്നത് 1904ലാണ്. ആ പുസ്തകം ഉളവാക്കിയ ധാർമികമായ ഉത്തേജനംപോലെ ‘ടോൾസ്റ്റോയ് ഫാം’ എന്ന ആശയരൂപവത്കരണത്തിനു പിന്നിൽ മറ്റൊരു പുസ്തകവും ഉണ്ടായിരുന്നു. ഗാന്ധിജി തന്‍റെ താത്ത്വികാചാര്യന്മാരിലൊരാളായി മനസ്സിൽ പ്രതിഷ്ഠിച്ച ലിയോ ടോൾസ്റ്റോയിയുടെ ‘ദൈവരാജ്യം നിങ്ങൾക്കുള്ളിൽ തന്നെയാണ്’ (The Kingdom of God Is Within You) എന്ന കൃതി. ആശയപ്രതിസന്ധികളിൽ എത്തിനിന്ന നിമിഷങ്ങളിലൊക്കെ കത്തുകളിലൂടെ മഹാത്മജി അതിനു പ്രതിവിധി തേടിയതും യാസ്നായ പോളിയാനയിലെ ആ മഹാചാര്യനോടായിരുന്നു. (ടോൾസ്റ്റോയ് ഏറ്റവും അവസാനമെഴുതിയ കത്തുപോലും ഗാന്ധിജിക്കുള്ളതായിരുന്നു, 1910 സെപ്റ്റംബർ ഏഴിന്. രണ്ടു മാസത്തിനുശേഷം നവംബർ 10ന് അദ്ദേഹം മരണമടഞ്ഞു). ആ ആരാധനയുടെ പ്രതിഫലനമാണ് ടോൾസ്റ്റോയ് ഫാം എന്ന നാമധേയം!
ഇന്ത്യ ഗവൺമെന്‍റിൽനിന്നും ധനസഹായം ലഭിക്കുന്നുണ്ടെങ്കിലും ടോൾസ്റ്റോയ് ഫാമിന്‍റെ ഇന്നത്തെ അവസ്ഥ ശോചനീയമാണ്. ഫീനിക്സ് സെറ്റിൽമെന്‍റ് താരതമ്യേന മെച്ചമാണെന്നു പറയാം. തമ്മിൽ ഭേദം സത്യഗ്രഹ ഹൗസാണെന്നു മാത്രം. അതിഭീമമായ സ്വപ്നങ്ങളൊന്നും ഫാമിന്‍റെ കാര്യത്തിൽ ഗാന്ധിജി വിഭാവനചെയ്തിട്ടില്ലെങ്കിലും, ഈയിടെ നിർമിച്ച പുതിയ മന്ദിരത്തിനപ്പുറം അവിടെയൊന്നും കാണാനേ കഴിഞ്ഞില്ല; മുൻകൂട്ടി അറിയിച്ചു ചെല്ലുന്നവർക്കായി അവിടെ താമസസൗകര്യം ഒരുക്കാറുണ്ടെന്ന് മോഹൻജി പറഞ്ഞെങ്കിലും. നല്ലൊരു ശുചിമുറിപോലും ഇല്ലാത്തൊരിടം! മുട്ടൊപ്പം പൊക്കത്തിൽ നാലുപാടും പുല്ല് വളർന്നുനിൽക്കുന്നു. തകരഷെഡിനപ്പുറത്ത് വളർന്നുനിൽക്കുന്ന ഏതാനും നാരകങ്ങൾ (Citrus) ഒഴിച്ചാൽ കൃഷിയും വട്ടപ്പൂജ്യം.
ഗാന്ധിജിയുടെ കാലത്ത് അവിടെ ഉണ്ടായിരുന്ന അദ്ദേഹവുമായി ബന്ധപ്പെട്ട വസ്തുക്കൾ പലതും നഷ്ടമാവുകയോ അപഹരിക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. കഴിയുമെങ്കിൽ അവ വീണ്ടെടുക്കാനും അല്ലാത്തപക്ഷം അവയുടെ മാതൃകകൾ പുനഃസൃഷ്ടിക്കാനുമുള്ള ശ്രമത്തിലാണു താനെന്ന് മോഹൻഹീര പറഞ്ഞു. ഇന്നിപ്പോൾ അവിടെയുള്ളതും നമുക്കു കാണാൻ കഴിയുന്നതുമെല്ലാം അദ്ദേഹത്തിന്‍റെ ഒറ്റയാൾ ശ്രമഫലമായിട്ടുള്ളതാണ്. കുറച്ചുകാലം ഒരു വസ്ത്ര നിർമാണശാലയിലെ ഡെസ്പാച്ച് മാനേജരായി ജോലിചെയ്തതിൽനിന്നും ലഭിച്ച വരുമാനവുമായിട്ടാണ് ഫാമിനെ പുനരുദ്ധരിക്കുകയെന്ന ലക്ഷ്യവുമായി അദ്ദേഹം ഇറങ്ങിത്തിരിക്കുന്നത്. ഏതാനും കുട്ടികളെ കരാട്ടേ അഭ്യസിപ്പിച്ചതിൽനിന്നുണ്ടായ വരുമാനവും അതിനുപകരിച്ചു.
എങ്കിലും പറയാതിരിക്കുന്നതെങ്ങനെ? ഗാന്ധിജിയുടെയും മണ്ടേലയുടെയും മനോഹരങ്ങളായ രണ്ട് അർധകായ പ്രതിമകൾ അവിടെ സ്ഥാപിക്കാൻ കഴിഞ്ഞ മോഹൻഹീരക്ക് എന്തുകൊണ്ട് ആ ഫാമിന്‍റെ പ്രചോദനമായ ലിയോ ടോൾസ്റ്റോയിയുടെ ഒരു പ്രതിമയുയർത്താൻ കഴിയാതെപോയി? അദ്ദേഹത്തോട് ഞാനതു പക്ഷേ, ചോദിച്ചില്ല. എല്ലാ പ്രവൃത്തികളുടെയും പിന്നിൽ പ്രതിഫലിക്കുന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളാണല്ലോ!

ഫിലൻസ്ബർഗിലെ കാണ്ടാമൃഗങ്ങൾ
അപ്രകാരം തന്നെയായിരുന്നു ലൈബ്രറിയുടെ കാര്യവും.
ചെറിയൊരു ഗ്രന്ഥനിര. ഗാന്ധിജിയെക്കുറിച്ച് ഇന്ത്യൻ ഭാഷകളിൽ എഴുതപ്പെട്ടവയും അല്ലാത്തതുമായ കൃതികൾ; അവയിൽ ഗാന്ധിജിയുടെ പുസ്തകങ്ങൾ ഒന്നുംതന്നെയില്ല; അദ്ദേഹത്തിന്‍റെ ആത്മകഥപോലും!
‘‘മഹാത്മാവിന്‍റെ രചനകളെല്ലാം സമ്പൂർണമായി സമാഹരിക്കപ്പെട്ടിട്ടുണ്ട്. അതിന്‍റെയൊരു ശേഖരം ഇവിടെയും ഉണ്ടാകേണ്ടതാണ്.’’ ഞാൻ വെറുതെ ഓർമിപ്പിച്ചു.
അങ്ങനെയൊന്നിനെക്കുറിച്ച് പത്മഭൂഷൺ ജേതാവായ അദ്ദേഹം തീർത്തും അജ്ഞാതനെന്നു തോന്നി.
‘‘ഏതാണ്ട് നൂറിലധികം വാല്യങ്ങൾ, ഒരുപക്ഷേ ലോകത്തിലെതന്നെ ഏറ്റവും ബൃഹത്തായ ഗ്രന്ഥസമുച്ചയങ്ങളിലൊന്ന്!’’
തലയാട്ടിയതല്ലാതെ അദ്ദേഹം ഒന്നും പറഞ്ഞില്ല. ഒരു മഹാസ്ഥാപനം നടത്തിക്കൊണ്ടുപോകുന്നതിന്‍റെ ബുദ്ധിമുട്ടുകൾ അദ്ദേഹത്തിനല്ലേ അറിയൂ!
2023 ഒക്ടോബറിൽ അവിടെ സ്ഥാപിച്ച ശുഭ്രവസ്ത്രധാരിയായ മഹാത്മജിയുടെ എട്ടടി ഉയരമുള്ള പൂർണകായ പ്രതിമ മോഹൻഹീരയുടെ കൂടി അഭിമാന സ്മാരകമാണ്. 1914ന്‍റെ തുടക്കത്തിൽ പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട ഇന്ത്യൻ സമരഭടന്മാർക്ക് അനുശോചനമറിയിച്ചുകൊണ്ട് വെള്ളവസ്ത്രമണിഞ്ഞ ഗാന്ധിജിയുടെ രൂപവുമായി സാദൃശ്യമുള്ള പ്രതിമയൊരുക്കിയത് ഇന്ത്യയിലായിരുന്നു. മഹാരാഷ്ട്രയിലെ സേവാഗ്രാം ആശ്രമത്തിലെ ശിൽപി ജലന്ധർനാഥ് രാജാറാം ചന്ദോളെയുടെ കരവിരുതിൽ നിർമിച്ച പ്രതിമ അനാച്ഛാദനംചെയ്തത് ഇന്ത്യൻ ഹൈകമീഷണറായ പ്രഭാത്കുമാറാണ്. അക്കാലത്തെ മലയാളം ദിനപത്രങ്ങളിലും ആ വാർത്തയും ചിത്രവും അച്ചടിച്ചുവന്ന വിവരം ഞാനദ്ദേഹത്തെ അറിയിച്ചു.
പോരാനൊരുങ്ങുമ്പോൾ കൈവശം കരുതിയിരുന്ന ആ പുസ്തകം ഞാനദ്ദേഹത്തിനു സമ്മാനിച്ചു. നവജീവൻ പബ്ലിക്കേഷൻ ട്രസ്റ്റ് പ്രസിദ്ധീകരിച്ച എം.കെ. ഗാന്ധിയുടെ ‘ആത്മകഥ -അഥവാ എന്‍റെ സത്യാന്വേഷണ പരീക്ഷണ കഥ’ എന്ന കൃതിയുടെ മലയാള പരിഭാഷ.
‘‘ഇതിരിക്കട്ടെ; കേരളത്തിൽനിന്നും ഇവിടെ വന്നതിന്‍റെ ഓർമക്ക്.’’
അമ്പരപ്പോടെ അദ്ദേഹം പുസ്തകം സ്വീകരിച്ചു.
‘‘ഇന്ന് ഏപ്രിൽ 23; ലോക പുസ്തകദിനം കൂടിയാണല്ലോ!’’
ഞാൻ പറഞ്ഞു.
ഞങ്ങൾ വീണ്ടും ഉച്ചവെയിലിന്‍റെയും പൂഴിമണ്ണിന്‍റെയും വഴിത്താരയിലൂടെ പുറത്തേക്ക്.

ടോൾസ്റ്റോയി ഫാം ഒരു വിദൂര ദൃശ്യം
എട്ട്
പിലാൻസ്ബർഗിലെ ഒറ്റയാൻ
മഴയിലും മഞ്ഞിലും വെയിലിലും ഒരു പകൽ മുഴുവൻ ഓടിയതിന്‍റെ ക്ഷീണം മാറും മുമ്പേ വണ്ടിയുമായി വന്ന് ജിജോ വിളിച്ചുണർത്തി. അതെ, വിരലിലെണ്ണിത്തീർക്കാവുന്ന ഈ ദക്ഷിണാഫ്രിക്കൻ ദിനരാത്രങ്ങൾ ഉണ്ടും ഉറങ്ങിയും വിശ്രമിച്ചും കളയാനുള്ളതല്ല. പരമാവധി ദൂരം ഓടിത്തീർക്കുക. കാണാൻ പറ്റുന്ന കാഴ്ചകളൊന്നും വിട്ടുകളയാതിരിക്കുക. കാരണം, ഈ കാഴ്ചകളും ഇതുപോലൊരു യാത്രയും ആയുസ്സിൽ ഇനിയൊരിക്കലും വീണുകിട്ടിയെന്നു വരില്ല. അതിനാൽതന്നെ ശരീരത്തിനെയും മനസ്സിനെയും ഒരുപോലെ ഉത്തേജിപ്പിക്കാൻ ശ്രമിച്ചുകൊണ്ട് പുതിയൊരു പ്രഭാതത്തിലേക്ക്... മോണിങ്സൈഡ് സാന്‍റൺ എന്ന ഞങ്ങളുടെ താൽക്കാലിക വാസസ്ഥലത്തുനിന്നും 145 കിലോമീറ്റർ വടക്കുമാറിയുള്ള പിലാൻസ്ബർഗിലേക്ക് (Pilanesberg)... ഗാന്ധിജിയെയും മണ്ടേലയെയും കേട്ടുകേട്ട് ബോറടിച്ചു തുടങ്ങിയ നന്മമോൾക്കുള്ള ഒരുല്ലാസം എന്നോണം.
ചുറ്റോടുചുറ്റിലും മഹാലിസ് മലനിരകൾ കാവൽനിൽക്കുന്ന വഴിത്താരയിലൂടെ രണ്ടു മണിക്കൂർ നേരം വണ്ടിയോടിച്ചാൽ എത്തിച്ചേരാൻ കഴിയുന്നൊരിടം. തികച്ചും ഗ്രാമീണഭംഗി നിറഞ്ഞ പ്രകൃതി, കൃഷിയിടങ്ങൾ, സൂര്യകാന്തികൾ പൂത്തുനിൽക്കുന്ന പാടങ്ങൾ, ഓരം ചേർന്ന് ഒഴുകിയകലുന്ന ഒരരുവിയുടെ അനുഗ്രഹം, മേഞ്ഞുനടക്കുന്ന കന്നുകാലികൾ, അതിനെ ചുറ്റിപ്പറ്റി ഇരുകരകളിലുമായി ഭംഗിയുള്ളൊരു ടൗൺഷിപ്. തകരമേൽക്കൂര മേഞ്ഞ നിരവധിയായ ചേരികൾ... കിലോമീറ്ററുകളുടെ വ്യത്യാസത്തിൽ ആവർത്തന വിരസങ്ങളായി പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്ന ചേരികൾ.
ചേരിക്കുള്ളിലും ചേരിതിരിവുകൾ ഉണ്ടെന്നു പറയുന്നു. ഒരു ദക്ഷിണാഫ്രിക്കക്കാരൻ അവന്‍റെ അതിർത്തിക്കുള്ളിൽ ഒരു നമീബിയക്കാരന് ഇടം കൊടുക്കില്ല. നമീബിയക്കാരൻ മൊസാംബിക്കുകാരനും. ഇവരൊന്നും ബൊട്സ്വാനക്കാരനെ അടുപ്പിക്കില്ല. അന്യദേശങ്ങളിൽനിന്നുള്ളവരുടെ കടന്നുവരവാണ് തങ്ങളുടെ ദാരിദ്യ്രത്തിനും തൊഴിലില്ലായ്മക്കും അരക്ഷിതത്വത്തിനും കാരണമെന്ന് ഓരോ ദക്ഷിണാഫ്രിക്കനും ഉറച്ചുവിശ്വസിക്കുന്നു. മറ്റുള്ളവരുമായി നിരന്തര സംഘർഷത്തിലാകാൻ ആ ചിന്താഗതി കാരണമായിത്തീരുന്നു. എന്നിട്ടും ചേരികളിലെ ജീവിതം അഭംഗുരം തുടർന്നുപോകുന്നു.
പ്രധാനപാതയിൽനിന്നും മാറി സൺസിറ്റിയിലേക്കു തിരിഞ്ഞപ്പോൾ മുതൽ കാടിന്‍റെ വന്യത അനുഭവപ്പെടാൻ തുടങ്ങി. ഒരു വനമേഖലയിലേക്ക് പ്രവേശിക്കുന്നതിന്‍റെ എല്ലാ സ്വഭാവവും.
‘‘നിങ്ങളാരും ജാക്കറ്റൊന്നും എടുത്തിട്ടില്ല, അല്ലേ? ചിലപ്പോൾ നല്ല തണുത്ത കാറ്റുണ്ടാകും. സാരമില്ല. സഹിക്കാവുന്നതേയുള്ളൂ.’’
ഞങ്ങളുടെ വാഹനത്തിൽനിന്നുമിറങ്ങി പിലാസ്ബർഗ് നാഷനൽ പാർക്കിലൂടെയുള്ള സഫാരിക്കായി മഹീന്ദ്രയുടെ തുറന്ന ട്രക്കിലേക്ക് കയറുമ്പോൾ, ൈഡ്രവർ കം ഗൈഡായ പാട്രിക്കിന്‍റെ വാക്കുകൾ വലിയൊരു തിരിച്ചറിവായിരുന്നു.
ഉച്ചക്കുശേഷമുള്ള പൊള്ളുന്ന ചൂടിൽ, കാട്ടിലെ കാലാവസ്ഥ മുൻകൂട്ടി കാണാൻ കഴിയാതിരുന്ന ഞങ്ങൾ ജാക്കറ്റുകൾ കരുതാതിരുന്നതിലെ വിഡ്ഢിത്തം അപ്പോഴാണറിയുന്നത്. രാവും പകലും ഒരേപോലെ പൊള്ളിക്കുന്ന കേരളത്തിലെ 37 ഡിഗ്രി ചൂടിൽനിന്നും ദക്ഷിണാഫ്രിക്കയിൽ എത്തിയവർ അങ്ങനെ വിചാരിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.
ഒന്നര ദശലക്ഷം വർഷങ്ങൾക്കു മുമ്പ് പൊട്ടിയമർന്നുപോയൊരു അഗ്നിപർവത പ്രദേശത്തുകൂടിയാണ് ആഫ്രിക്കയിലെ വന്യജീവികളെ അവയുടെ ആവാസഭൂമിയിൽ നേരിട്ടുചെന്നു കാണാൻ ഇറങ്ങിത്തിരിച്ചിരിക്കുന്നതെന്ന് നമുക്ക് വിശ്വസിക്കാതെ വയ്യ.
-ദക്ഷിണാഫ്രിക്കയിലെ പുൽമേടുകളിലും മലവാരങ്ങളിലും സാധാരണമായി കാണാൻ കഴിയുന്ന മൃഗങ്ങളാണ് ഇംപാലകൾ (Impala). ഒറ്റനോട്ടത്തിൽ മാനുകൾ എന്നു തോന്നിക്കുമെങ്കിലും മാനുകളല്ല. കുറേക്കൂടി വലുപ്പവും ആരോഗ്യവുമുള്ള ശരീരപ്രകൃതി. അധികം വലുതല്ലാത്ത കൊമ്പുകൾ. എങ്കിലും അതേ കുസൃതിയും പകച്ചുനോട്ടവും കുതിച്ചുചാടിക്കൊണ്ടുള്ള ഓടിമറയലും. ഇംപാല ഒരുകാലത്ത് സമ്പന്നവർഗം ഉപയോഗിച്ചിരുന്ന ഷെവർലെ കാറുകളുടെ പേരായിരുന്നു എന്നു പറഞ്ഞത് ഗൈഡ് ഉൾെപ്പടെയുള്ളവർക്ക് പുതിയൊരു അറിവായിരുന്നു.
കുറേ ദൂരം ചെന്നപ്പോൾ കാട്ടുപൊന്തകൾക്കും പാറക്കൂട്ടങ്ങൾക്കും മറവിൽ ഒരുപറ്റം ആനകൾ പ്രത്യക്ഷപ്പെട്ടു. പിടിയും കൊമ്പനും എല്ലാമായി ഏതാണ്ട് ഒരേ പ്രായത്തിലുള്ള ആനകൾ. പലതിനും പൂഴിമണ്ണിന്‍റെ ചുവന്ന നിറമായിരുന്നു. കടന്നുപോകുന്ന വാഹനങ്ങളെ ശ്രദ്ധിക്കാനോ സഞ്ചാരികൾക്കു ശല്യമുണ്ടാക്കാനോ അവ മുതിരുന്നില്ല. ഇതിലും കേമന്മാർ ക്രൂഗർ നാഷനൽ പാർക്കിലുണ്ടെന്നും അത് ആനകൾക്കു പേരുകേട്ടതാണെന്നും പാട്രിക് പറഞ്ഞു. ഞങ്ങളുടെ ആദ്യ ലക്ഷ്യവും ക്രൂഗർ തന്നെയായിരുന്നു. ദക്ഷിണാഫ്രിക്കയിലേക്ക് യാത്രപോകുന്നെന്നു പറഞ്ഞപ്പോൾ ഒരിക്കലും ക്രൂഗർ കാണാതെ പോകരുതെന്ന് പ്രത്യേകം ഓർമിപ്പിച്ചത് സഞ്ചാരപ്രിയനും മെഡിക്കൽ ട്രസ്റ്റിലെ പൾമണോളജിസ്റ്റുമായ ഡോ. ജോർജ് മോത്തി ജസ്റ്റിനാണ്. പക്ഷേ പിലാൻസ്ബർഗിൽനിന്നും 955 കിലോമീറ്റർ ദൂരമുണ്ട് ക്രൂഗറിലേക്ക്. നാലഞ്ചു ദിവസം കണ്ടാലും തീരാത്ത കാഴ്ചകളും. എന്നാൽ പിലാൻസാകട്ടെ ചെറിയ യാത്രകൾ ആഗ്രഹിക്കുന്നവർക്കു ചേർന്ന ഒരിടമാണ്. രണ്ടും തമ്മിൽ ഒരുതരത്തിലും താരതമ്യംചെയ്യാൻ വയ്യ. കേരളത്തിന്‍റെ പകുതിയിലേറെ വലുപ്പമുള്ള ക്രൂഗറിന്‍റെ അത്രയേ ഇസ്രായേലും ഇംഗ്ലണ്ടിലെ വെയിൽസും ഉള്ളൂ!
19,455 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയാണ് ക്രൂഗറിനുള്ളത്. അതിന്‍റെ മുന്നിൽ നമുക്ക് ഭാവന ചെയ്യാവുന്നതിനും അപ്പുറമാണെങ്കിലും ഒരുലക്ഷത്തി അമ്പതിനായിരം ഏക്കർ വിസ്താരമുള്ള പിലാൻസ്ബർഗ് നാഷനൽ പാർക്ക് എത്രയോ നിസ്സാരം! ചരിത്രവും ഭൂമിശാസ്ത്രവും വിവരിക്കുമ്പോഴും പാട്രിക്കിന്‍റെ ഒരു കൈ സ്റ്റിയറിങ് വീലിലും കണ്ണുകളും ബൈനോക്കുലറും ചുറ്റുപാടുകൾ നിരീക്ഷിക്കുന്നതിലും ദത്തശ്രദ്ധമായിരുന്നു. ആ മേഖലയിലെ ചിരപരിചിതനായ സഞ്ചാരിയായതിനാൽ, ഏതെല്ലാം ഇടങ്ങളിൽ എവിടെയൊക്കെയായിരിക്കും ഓരോരോയിനത്തിലുംപെട്ട മൃഗങ്ങൾ ഉണ്ടാകാനുള്ള സാധ്യതയെന്ന് അയാൾക്ക് നന്നായി അറിയാമായിരുന്നു. പെട്ടെന്ന്, വാഹനത്തിന്‍റെ ശബ്ദം കേട്ടിട്ടെന്നോണം ചളിയിൽ കുളിച്ചു കയറിയ ഒരുകൂട്ടം സീബ്രകൾ റോഡിനു കുറുകെ ഓടി അടുത്തുള്ള പൊന്തയിലൊളിച്ചുകൊണ്ട് ഞങ്ങൾ കടന്നുപോകുന്നതും നോക്കി നിൽപ്പായി.
‘‘അല്ല, അതു സീബ്രകളല്ല. വൈൽഡ് ബ്ലൂ ബീസ്റ്റ് (Wild blue beats) ആണത്.’’ അയാൾ പറഞ്ഞു.
‘‘ഈ വഴിയിൽ ചിലപ്പോൾ ചീറ്റകളുണ്ടാകും. തിരിച്ചു വരുംവഴി സിംഹങ്ങളെയും കാണാൻ കഴിഞ്ഞേക്കും.’’
പാട്രിക് പ്രത്യാശിച്ചു.
അതിനിടെ, ഞങ്ങൾക്കു മുന്നേ കടന്നുപോയവരും പിന്നാലെ വരുന്നവരുമായ സഹ ൈഡ്രവർമാരുമായി അയാൾ വയർലെസ് മുഖേന ബന്ധം പുലർത്തുന്നുണ്ട്. ഏതാനും മൃഗങ്ങളെ കണ്ടു? ഏതെല്ലാം എവിടെയൊക്കെയുണ്ട്?
കുറേ കിലോമീറ്റർ കഴിഞ്ഞപ്പോൾ ടാർ റോഡ് അവസാനിച്ചു. വഴി ദുർഘടമായി. കുന്നിൻചരിവുകളിൽ പോക്കുവെയിലിന്‍റെ ക്ഷീണപ്രഭകൾ. എവിടേക്കോ ഓടിമറയുന്ന ഇംപാലകൾ. കുറ്റിക്കാടുകൾക്കിടയിൽനിന്ന് അസൂയയോടെ തലയുയർത്തി നോക്കുന്ന ജിറാഫുകൾ.
ആരോ തമരിനടിച്ചു പൊട്ടിച്ചുമറിച്ചിട്ട കരിമ്പാറക്കൂട്ടംപോലെ ഏതാനും കാണ്ടാമൃഗങ്ങൾ!. സാധാരണ മൃഗശാലകളിലും മറ്റും കണ്ടു പരിചയിച്ചിട്ടുള്ള പലമടക്കുകളായി തോൽവാറിന്‍റെ പടച്ചട്ടയണിഞ്ഞു നടക്കുന്ന കാണ്ടാമൃഗങ്ങളല്ല. നീളവും വണ്ണവുമുള്ള നല്ല കൊഴുത്തുരുണ്ട രൂപങ്ങൾ. അവ ഒന്നും ഗൗനിക്കുന്നില്ല. ആരെയും കാര്യമാക്കുന്നുമില്ല. ഭക്ഷണത്തിൽ മാത്രം ശ്രദ്ധിച്ചു
കൊണ്ട് മേഞ്ഞുനീങ്ങുന്നു. അതിലൊന്നിന്‍റെ ഒറ്റക്കൊമ്പിൽ പറന്നുവന്നിരുന്ന കിളിയുടെ ചിത്രമെടുക്കാൻ നന്മ ഒരുങ്ങുന്നതിനു മുന്നേ മൃഗം തലയൊന്നു വെട്ടിച്ചു. കറുത്തൊരു മിന്നൽപോലെ പക്ഷി പറന്നകന്നു.
അങ്ങു ദൂരെ ഒരു തടാകം കാണാം. ആ തടാകത്തിന്‍റെ മധ്യത്തിലേക്ക് നീളുന്നൊരു തടിപ്പാലവും. അതിന്‍റെ അറ്റത്ത് തടിയിലുണ്ടാക്കിയ ഒരു മാടവും. ഒരുപക്ഷേ അവിടെ ആയിരിക്കാം ഈ ൈഡ്രവ് അവസാനിക്കുക. അവിടെനിന്നും തുടങ്ങിയിടത്ത് തിരിച്ചെത്തുേമ്പാൾ അവസാനിക്കുന്ന 200 കിലോമീറ്റർ കാനനയാത്ര.
പാട്രിക് ഇപ്പോൾ ഞങ്ങളോടൊന്നും മിണ്ടുന്നില്ല. നിരന്തരമായി മറ്റേതോ ഭാഷയിൽ അയാൾ വയർലെസിലൂടെ സംസാരിക്കുന്നുണ്ട്. കരുതിവന്ന കാഴ്ചകളൊന്നും ഞങ്ങൾക്ക് കാട്ടിത്തരാൻ കഴിയാതെ വന്നതിലുള്ള ഖേദമാകാം. ഞങ്ങൾ അതൊന്നും പക്ഷേ കാര്യമാക്കിയില്ല. അടിമുടി തകിടം മറിഞ്ഞോടിക്കൊണ്ടിരിക്കുന്ന ട്രക്കിനുള്ളിൽനിന്നും പുറത്തേക്ക് തെറിച്ചുപോകാതെ എങ്ങനെ പിടിച്ചിരിക്കാൻ കഴിയും എന്ന ചിന്തയിലായിരുന്നു ഞങ്ങൾ നാലുപേരും. അതിനിടയിലെപ്പോഴോ കാട്ടുപന്നികളും കാട്ടുപോത്തുകളും ഞങ്ങളെ അവഗണിച്ചു കടന്നുപോയതു മാത്രം.
അയാൾ പെട്ടെന്ന് വണ്ടി ചവിട്ടിയൊതുക്കുന്നതും, ഇടം കിട്ടിയ ഒരിടത്തുെവച്ച് അതിവേഗം റിവേഴ്സ് എടുക്കാൻ ശ്രമിക്കുന്നതും കണ്ടു. കാരണം എന്തെന്നറിയാതെ ഒരു നിമിഷം ഞങ്ങൾ അമ്പരന്നു. മുന്നോട്ടുള്ള വഴിത്താരയിൽ എവിടെയെങ്കിലും എന്തെങ്കിലും അപകടം മണത്തുവോ? അങ്ങനെയൊരു സന്ദേശം അയാൾക്കു ചിലപ്പോൾ കിട്ടിക്കൂടായ്കയില്ല!
മുന്നോട്ടു പോയിക്കൊണ്ടിരുന്നതിലും വേഗത്തിൽ ട്രക്ക് തിരിച്ചുവിടാനെന്തേ എന്നു ഞങ്ങൾ ആരാഞ്ഞു.
‘‘ചീറ്റകൾ! ചീറ്റകളെ വഴിയിൽ കണ്ടിരിക്കുന്നു. അവ കാട് കയറും മുമ്പേ നമുക്കവിടെ എത്തണം.’’
കമ്പിയഴികളിൽ ബലം പിടിച്ചുകൊണ്ട് സീറ്റിൽ തൊട്ടുതൊട്ടില്ലെന്ന മട്ടിൽ ഞങ്ങൾ ഇരിക്കാതെ ഇരുന്നുകൊടുത്തു. രണ്ടോ മൂന്നോ കിലോമീറ്റർ അയാൾ തിരിയെ ഓടിച്ചു കാണണം. ചീറ്റകൾ മാത്രമായിരുന്നു അയാളുടെ ലക്ഷ്യം.
അവിടെ, ഒരു തിരിവിലെത്തിയപ്പോൾ, ഏതേതു ദിക്കുകളിൽ നിന്നും വന്നെത്തിയതാണെന്നറിയില്ല, ട്രക്കുകൾ ഉൾെപ്പടെ എട്ടോ പത്തോ വാഹനങ്ങൾ പരസ്പരം സന്ദേശങ്ങൾ കൈമാറി അവിടെ ഒരു പ്രത്യേക ബിന്ദുവിൽ വന്നെത്തിയിരുന്നു! അതാ, അവിടെ പൊന്തകൾക്കിടയിൽ കിടക്കുന്ന മൂന്നോ നാലോ ചീറ്റകൾ. കാട്ടിലെ വേഗതയേറിയ സ്പ്രിന്റർ. കാമറകൾ ഒന്നൊന്നായി അവയെ സൂം ചെയ്തു...
കുറച്ചു സമയത്തിനുശേഷം ചീറ്റകളെ വിട്ട് ട്രക്കുകൾ ഓരോന്നായി നീങ്ങിത്തുടങ്ങി. എല്ലാറ്റിലും മുമ്പേ ഞങ്ങളുടെ വാഹനം വീണ്ടും തിരിച്ചുവന്ന പാതകൾ പിന്നിലാക്കി വീണ്ടും മുന്നോട്ടുകുതിച്ചു. പാട്രിക്കിന്‍റെ ലക്ഷ്യം സിംഹങ്ങളിൽ കുറഞ്ഞ് ഒന്നുമല്ല. സാവന്നകളിലും വേനലിൽ കരിഞ്ഞുനിൽക്കുന്ന കുന്നിൻചരിവുകളിലും മഞ്ഞനിറമുള്ള പുൽമേടുകളിലും എവിടെയെങ്കിലും മൃഗരാജന്മാരെ കണ്ടെത്താൻ കഴിയാതിരിക്കില്ല എന്ന പ്രത്യാശയായിരുന്നു അയാൾക്ക്.
ജംഗിൾ സഫാരിയാണെങ്കിലും സത്യത്തിൽ എനിക്കാ യാത്ര മടുത്തുതുടങ്ങിയിരുന്നു. കാനനപാതയിലെ ആദ്യവഴി അവസാനിക്കുന്നിടത്തെ തടാകതീരം ചുറ്റി വണ്ടി മറ്റൊരു വഴിയേ മടക്കയാത്രയായി. അങ്ങേയറ്റം മോശമായ ചെങ്കൽപാതയാണെങ്കിലും അവന്‍റെ മൃഗയാവിനോദങ്ങൾക്കുവേണ്ടി ഇതു വെട്ടിയുണ്ടാക്കാൻ നേതൃത്വം നൽകിയ വെള്ളക്കാരനെ സമ്മതിച്ചേ തീരൂ. പിലാൻസ്ബർഗ് സാങ്ച്വറിക്കുള്ളിൽ 200 കിലോമീറ്റർ ദൂരത്തിൽ ഒരു ൈഡ്രവ് വിഭാവന ചെയ്തവന്‍റെ ദീർഘവീക്ഷണം! (എന്‍റെ ഗ്രാമത്തിൽനിന്നും തിരുവനന്തപുരത്ത് എത്തിച്ചേരാനുള്ള ദൂരം!)
അന്തരീക്ഷത്തിൽ മഞ്ഞിന്‍റെ പുകപടലങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി. അവ മേഘപാളികൾപോലെ താഴേക്കിറങ്ങിവന്ന് കുന്നുകൾക്കു മീതെ വെൺതട്ടമിടുന്നു. േപ്രാട്ടോപ്ലാസത്തിന്‍റെ സമൃദ്ധിയിൽ മുങ്ങിയ ശീതക്കാറ്റ് വീശിയടിക്കുന്നു. ചുറ്റുമുള്ള പൊന്തക്കാടുകളിലേക്ക് പാട്രിക് തന്‍റെ െസർച് ലൈറ്റ് വീശുന്നുണ്ട്. ഞങ്ങളും ആകാംക്ഷഭരിതരാണ്. വിളറിവെളുത്ത ഏതൊരു പുൽമേട്ടിലാകും അവൻ തന്‍റെ സായാഹ്ന സവാരിക്ക് ഇണയോടും മക്കളോടുമൊപ്പം ഇറങ്ങിയിട്ടുണ്ടാവുക!
ദുർഘടമായ വഴിത്താര പിന്നിട്ട് വണ്ടി അന്നേരം നേർത്തൊരു ടാർ റോഡിലേക്ക് കടന്നു. രണ്ടു വാഹനങ്ങൾക്കു കടന്നുപോകാനുള്ള വീതിയില്ല. ശക്തിയായി വീശുന്ന മഞ്ഞുകാറ്റിൽ ജാക്കറ്റുകളില്ലാത്ത ഞങ്ങൾ നാലുപേരും കോച്ചിവിറച്ചു. വിറയൽ പുറമെ കാണാതിരിക്കാൻവേണ്ടി കൈകൾ കെട്ടി ചുണ്ടുകൾ ചേർത്ത് ഞങ്ങൾ ബലംപിടിച്ചിരുന്നു. പരസ്പരം നോക്കുന്നതല്ലാതെ ഒരാളും ഒന്നും മിണ്ടുന്നില്ല. ഇനിയും വളരെ ദൂരം പോകേണ്ടതുണ്ട് പുറത്തേക്കുള്ള കവാടത്തിൽ എത്തിച്ചേരാൻ. ഏതാണ്ട് ഒരു പത്തു കിലോമീറ്റർ കാണുമെന്ന് ഗൈഡ് പറഞ്ഞു.
‘‘മുൻവശത്ത് മുകളിലുള്ള ആ വിൻഡ്ഗ്ലാസ് ഒന്നു താഴ്ത്താമോ? ഞങ്ങൾക്ക് തണുത്തിട്ടു വയ്യ.’’ മകൻ അയാളോട് ആവശ്യപ്പെട്ടു.
പാട്രിക് വണ്ടി നിർത്തി. ഡോർ തുറന്ന് ചവിട്ടുപടിയിൽനിന്നുകൊണ്ട് വിൻഡ്ഗ്ലാസിന്‍റെ കൊളുത്തുകൾ താഴ്ത്തി.
ശീതക്കാറ്റ് പക്ഷേ ശമിക്കുന്നില്ല; വണ്ടിയോടുമ്പോൾ അതിന്‍റെ ആക്കം കൂടുന്നതല്ലാതെ. അതിനൊപ്പം ഞങ്ങളുടെ വിറയലും കൂടിക്കൊണ്ടിരുന്നു.
അധികദൂരം മുന്നോട്ടുപോയിട്ടുണ്ടാവില്ല. ഒട്ടും പ്രതീക്ഷിക്കാതെ ഏതാണ്ട് പത്തു മീറ്റർ മാത്രം മുന്നിലായി റോഡിൽ വിലങ്ങനെ നിൽക്കുന്നു ഒരാന. റോഡരികിലെ ഏതോ കുറ്റിച്ചെടിയുടെ കൂമ്പുകൾ ഒടിച്ചുതിന്ന് അത്താഴം ആസ്വദിക്കുകയാവും! അത്താഴം മുടക്കികളുടെ വരവറിഞ്ഞ് അവൻ ഞങ്ങളെയൊന്നു തിരിഞ്ഞുനോക്കി. ഒരൊറ്റക്കൊമ്പൻ!
‘‘നമ്മൾ ഇനി എന്തുചെയ്യും?’’
ഞങ്ങൾ പരിഭ്രാന്തരായി.
‘‘ഒന്നും ചെയ്യാനില്ല. തീറ്റയവസാനിപ്പിച്ച് അവൻ തിരിച്ചുപോകുന്നതുവരെ ക്ഷമിച്ചിരിക്കുകയേ നിവൃത്തിയുള്ളൂ.’’
‘‘ഈസിറ്റ് എ ഡേഞ്ചറസ് വൺ?’’
അതിനയാൾ മറുപടി പറഞ്ഞില്ല. പകരം വയർലെസിൽ ആരെയോ അയാൾ ബന്ധപ്പെടാൻ ശ്രമിക്കുന്നു. തണുത്തു വിറക്കുകയായിരുന്ന ഞങ്ങളുടെ തണുപ്പൊക്കെ അപ്പോഴേക്കും പമ്പകടന്നിരുന്നു. പകരം ഞങ്ങളുടെ ഉള്ളിലിപ്പോൾ തീയാണ്!
പാട്രിക് വണ്ടിയുടെ ഹെഡ്ലൈറ്റുകൾ കെടുത്തി. ഹോണടിക്കാൻ വയ്യ. അതൊക്കെ അവനെ പ്രകോപിപ്പിക്കാനേ ഉപകരിക്കൂ. അയാൾ തന്‍റെ െസർച് ലൈറ്റ് കാടിനു നേർക്ക് നീട്ടിയടിച്ചു. മടങ്ങിപ്പോകാൻ ആഗ്രഹിക്കുന്നെങ്കിൽ അവനു വഴികാണിക്കാൻ എന്നപോലെ! (കാട്ടുമൃഗത്തെ അവന്‍റെ വീട്ടിലേക്കുള്ള വഴി പറഞ്ഞുകൊടുക്കുന്ന നാട്ടുമനുഷ്യന്‍റെ ബുദ്ധി)
കുറച്ചുകഴിഞ്ഞപ്പോൾ തീറ്റ മതിയാക്കിയ അവൻ സാവകാശം തിരിഞ്ഞുനടന്ന് മൂന്നാലു ചുവടുമാറി റോഡരികിലൂടെ ഒഴുകുന്ന നീരരുവിയിൽനിന്ന് വെള്ളം കുടിക്കാൻ തുടങ്ങി. മെല്ലെ, മെല്ലെ. അവനൊരു തിരക്കും ധൃതിയുമില്ല. അപ്പോഴും അവന്‍റെ ശരീരം റോഡിനു കുറുകെതന്നെ.

കിട്ടുന്ന ഒരൊഴിവിലൂടെ വണ്ടി മുന്നോട്ടെടുക്കാനോ, റിവേഴ്സിൽ പോകാനോ വയ്യ. വർഷങ്ങളായുള്ള അനുഭവജ്ഞാ നം ൈഡ്രവർക്കും തുണയായുണ്ട്. വയർെലസിലൂടെയെത്തുന്ന സന്ദേശങ്ങൾക്ക് അയാൾ ചെവികൊടുക്കുന്നു; അതി
നൊപ്പം ആനയുടെ ഓരോ നീക്കവും അവരെ അറിയിക്കുകയും.
‘‘കാത്തുകിടക്കാനാണു നിർദേശം. അവൻ ഉപദ്രവകാരിയല്ല.’’
പാട്രിക് ആശ്വസിച്ചു.
‘‘അതു ശരിയായിരിക്കാം. പക്ഷേ നമ്മൾ ഉപദ്രവകാരികൾ അല്ലെന്ന് അവനറിയില്ലല്ലോ?’’
നീണ്ടനേരം ഞങ്ങളുടെ ഭയത്തെ പരീക്ഷിച്ചതിനുശേഷം അവൻ തന്‍റെ താവളത്തിലേക്ക് തിരിച്ചുനടന്നുതുടങ്ങി. അതിനുമുമ്പവൻ കാര്യമായി ഞങ്ങളെ നോക്കി, കാടിനെ കുലുക്കിക്കൊണ്ട് ഒന്നും ചിന്നം വിളിച്ചു. ഇനി ഈ വഴിയൊന്നും വന്നുപോകരുതെന്ന താക്കീതെന്നോണം!