Begin typing your search above and press return to search.

ഗാമയെ തേടി വീണ്ടും!

ഗാമയെ തേടി വീണ്ടും!
cancel

19 ഓരോ ചേരി കാണുമ്പോഴും, ഇതാ ജൊഹാനസ്​ബർഗിലുള്ളവയേക്കാൾ വലുത് ഡർബനിലേതാണെന്നു ചിന്തിച്ചു പോകും. എന്നാൽ, കേപ്ടൗണിൽ എത്തിയപ്പോഴാകട്ടെ മേൽപറഞ്ഞവയൊന്നുമല്ല ഇവിടത്തെ ചേരികൾ എന്നു തോന്നിപ്പോയി. നമ്മുടെ ഒരു കൊച്ചുഗ്രാമത്തെ ഒരു വലിയ വേലിക്കെട്ടിനകത്താക്കി തിരുകിവെച്ചാൽ എത്രയും കൂരകളുണ്ടാകുമോ അത്രയുംതന്നെ വീടുകളും ചിലപ്പോൾ അതിലും വലിയ ജനസംഖ്യയും ഉൾപ്പെടുന്നതാകും ഓരോ ചേരിയും. എപ്പിങ് (Epping) അതിന്‍റെ വിസ്​തൃതമായ ചേരിപ്രദേശംകൊണ്ട് എന്നെ ഞെട്ടിച്ചുകളഞ്ഞു. ആദ്യനിരയിൽ ചേരികൾ, അതിരുകൾ മുതൽ അതിരുകൾ വരെ. അതിനടുത്ത നിരയിൽ നമ്മുടെ ലൈഫ്മിഷൻ വീടുകളെ അനുസ്​മരിപ്പിക്കുന്ന ഫ്ലാറ്റ്...

Your Subscription Supports Independent Journalism

View Plans
  • Unlimited access to Madhyamam Weekly Articles and Archives
  • ........
  • Experience ‘Ad Free’ article pages

19

ഓരോ ചേരി കാണുമ്പോഴും, ഇതാ ജൊഹാനസ്​ബർഗിലുള്ളവയേക്കാൾ വലുത് ഡർബനിലേതാണെന്നു ചിന്തിച്ചു പോകും. എന്നാൽ, കേപ്ടൗണിൽ എത്തിയപ്പോഴാകട്ടെ മേൽപറഞ്ഞവയൊന്നുമല്ല ഇവിടത്തെ ചേരികൾ എന്നു തോന്നിപ്പോയി. നമ്മുടെ ഒരു കൊച്ചുഗ്രാമത്തെ ഒരു വലിയ വേലിക്കെട്ടിനകത്താക്കി തിരുകിവെച്ചാൽ എത്രയും കൂരകളുണ്ടാകുമോ അത്രയുംതന്നെ വീടുകളും ചിലപ്പോൾ അതിലും വലിയ ജനസംഖ്യയും ഉൾപ്പെടുന്നതാകും ഓരോ ചേരിയും. എപ്പിങ് (Epping) അതിന്‍റെ വിസ്​തൃതമായ ചേരിപ്രദേശംകൊണ്ട് എന്നെ ഞെട്ടിച്ചുകളഞ്ഞു. ആദ്യനിരയിൽ ചേരികൾ, അതിരുകൾ മുതൽ അതിരുകൾ വരെ. അതിനടുത്ത നിരയിൽ നമ്മുടെ ലൈഫ്മിഷൻ വീടുകളെ അനുസ്​മരിപ്പിക്കുന്ന ഫ്ലാറ്റ് സമുച്ചയങ്ങൾ. അതിനുള്ളിൽ മൂന്നുനിലകളിൽ വലിയൊരു സ്​കൂൾ കെട്ടിടം. ചേരികളിൽ ഉള്ളവരെ പുനരധിവസിപ്പിക്കാൻ വേണ്ടി വീടുകൾ പണിതുനൽകിയിട്ടും അതു വാടകക്ക് നൽകിയതിനുശേഷം പിന്നെയും ചേരികളിൽത്തന്നെ തുടരുന്ന മനുഷ്യർ. ചേരികളുടെ നഗരം; നരകവും!

റോഡിന്‍റെ എതിർവശത്ത് പ്രോവിൻസിലെ ഏറ്റവും വലിയ വ്യവസായകേന്ദ്രം. അവിടെ പണിയെടുക്കുന്ന തൊഴിലാളികളിൽ ഏറിയ പങ്കും ഇപ്പുറത്തുള്ള ചേരികളിൽ പുലരുന്നവരാണ്. കൃത്യമായ ജോലിയും വരുമാനവും ഉറപ്പുള്ളവരാണെങ്കിലും ചേരികളിൽ ജീവിക്കുന്നവന് അവിടം വിട്ടുപോരാനുള്ള മടിതന്നെയാകും അവരെ അവിടെത്തന്നെ തുടരാൻ പ്രേരിപ്പിക്കുന്നതിലെ ചേതോവികാരം. നഗരത്തിൽ കിട്ടുന്നതെന്തും, ചിലപ്പോൾ കിട്ടാത്തതും അവർക്കവിടെ കിട്ടുകയും ചെയ്യും. പിന്നെന്തിന് അവർ തങ്ങളുടെ സ്വർഗങ്ങൾ ഉപേക്ഷിച്ചുപോകണം! വാസ്​തവത്തിൽ ഈ ചേരികളല്ല ദക്ഷിണാഫ്രിക്ക നേരിടുന്ന ഏറ്റവും വലിയ സാമൂഹിക-രാഷ്ട്രീയ പ്രശ്നമെന്ന് വ്യക്തമാക്കുന്ന ഒരു പഠനവും ഈ യാത്രക്കിടയിൽ കാണാൻ കഴിഞ്ഞു.

‘അന്ധമാക്കപ്പെട്ട നഗരം’ (The Blinded City: Matthew Wilhelm Solomon, Picador Africa, 2022) നാം കാണുന്ന നഗരത്തിന്‍റെ വർണാഭമായ മുഖത്തിനപ്പുറമുള്ള ഇരുണ്ടതും ഞെട്ടിപ്പിക്കുന്നതുമായ ആ ആഭ്യന്തര ലോകത്തെക്കുറിച്ചാണ് ഗ്രന്ഥകാരനായ മാത്യു വീലെം സോളമൻ പറഞ്ഞുവെക്കുന്നത്. ദക്ഷിണാഫ്രിക്കയിലെ സാധാരണക്കാർ മുതൽ വിദേശികൾ വരെ കഴിഞ്ഞുകൂടുന്ന അനധികൃത കൈയേറ്റക്കാരുടേതായൊരു ലോകം! അപാർതൈറ്റാനന്തരകാലം നേരിടാനിരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധികളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരിക്കും ഇവർമൂലം രാഷ്ട്രത്തിന് ഉണ്ടാകാൻ പോകുന്ന ഭവിഷ്യത്തുകളെന്ന് ഗ്രന്ഥകാരൻ തന്‍റെ പത്തുവർഷത്തെ ഗവേഷണ നിരീക്ഷണങ്ങളുടെ ഫലമായി ‘ബ്ലൈൻഡഡ് സിറ്റി’യിലൂടെ വിശദമാക്കുന്നു. സുപ്രതീക്ഷാ മുനമ്പിന്‍റെ എതിർദിശയെന്നു വേണമെങ്കിൽ വിശേഷിപ്പിക്കാവുന്ന വെസ്റ്റ് കോസ്റ്റായിരുന്നു (West Coast) എന്‍റെ ലക്ഷ്യം. ഡർബൻ തുറമുഖത്ത് ഞാൻ അന്വേഷിച്ചു നടന്ന വാസ്​കോ ഡ ഗാമ, ദക്ഷിണാഫ്രിക്കയിൽ ആദ്യമായി കാലുകുത്തിയത് വെസ്റ്റ്കോസ്റ്റിലുള്ള സെന്‍റ് ഹെലേനയിലാണെന്ന് (St. Helena) പിന്നീടു ഞാൻ അറിഞ്ഞിരുന്നു.

കണ്ണുകളുടെ നോട്ടപ്പാടിനപ്പുറത്തേക്ക് ചക്രവാളത്തെ ചെന്നു തൊടുന്ന നെടുങ്കൻ വന(രാജ)പാത. ഓടിയോടി പാത ചെന്നുമുട്ടുന്ന ചക്രവാളത്തിലെത്തുമ്പോൾ അതിനുമപ്പുറത്തെ ചക്രവാളപ്പരപ്പിലേക്ക് ഒരു നേർരേഖപോലെ വഴിത്താര പിന്നെയും നീണ്ടുപോകുന്നു. പാതയുടെ ഇരുവശങ്ങളിലുമുള്ള ഭൂരിഭാഗം പ്രദേശങ്ങളും വെസ്റ്റ് കോസ്റ്റ് നാഷനൽ പാർക്കിന്‍റെ (West Coast National Park) ഭാഗമായി നീളത്തോടുനീളം മുള്ളുവേലി കെട്ടി സംരക്ഷിച്ചിരിക്കുന്നു. ജിറാഫുകൾ, കാട്ടുകുതിരകൾ, കാട്ടുപോത്തുകൾ, പന്നിക്കൂട്ടങ്ങൾ, ഇംപാലകൾ, ഒട്ടകപ്പക്ഷികൾ തുടങ്ങിയവയുടെ സംഘങ്ങൾ അവരുടെ സ്വയം സൃഷ്​ടമായ അതിർത്തികൾക്കുള്ളിൽ സ്വൈരസഞ്ചാരം നടത്തുന്നു. സബ്ദാന (Sabdana) ഉൾക്കടലും അതിനോടു ചേർന്ന് ഒരു ചെറുതുറമുഖവും വിമാനത്താവളവും ഉണ്ടെന്ന് ദിശാസൂചകങ്ങൾ പറഞ്ഞു. ഒപ്പം തീരത്തോടു ചേർന്ന് വലിയൊരു ഉരുക്കുനിർമാണശാലയും. വ്യവസായങ്ങൾ ഒന്നൊന്നായി നിലംപൊത്തിക്കൊണ്ടിരിക്കുന്ന ദക്ഷിണാഫ്രിക്കയിൽ ഉരുക്കുവ്യവസായവും പ്രതിസന്ധിയിലാണ്; തടിയുടെ കയറ്റുമതിപോലെതന്നെ. അവരുടെ വീഴ്ചകളെ മുതലെടുത്തുകൊണ്ട് ചൈന രംഗത്തുവരുന്ന സ്​ഥിതിയാണിപ്പോൾ.

ഇടക്കെപ്പോഴോ വ്രെഡൻബർഗിലെ (Vredenburg) ഫ്രഞ്ച്–പോർചുഗീസ്​ സെറ്റിൽമെന്‍റുകൾ കടന്നുവന്നു. വിശാലമായൊരു ടൗൺഷിപ്പിന്‍റെ ഭംഗികൾ. സാവെന്നകളും സൂര്യവെളിച്ചവും ചേർന്ന് പ്രകാശമാനമാക്കിയ ഒരിടം. വീടുകൾ, അല്ല വില്ലകളോരോന്നും വളരെ പ്ലാൻ ചെയ്തു നിർമിക്കപ്പെട്ടവ. നഗരത്തിന്‍റെ തിരക്കുകളിൽനിന്നും അകന്നുമാറി ഒരുമിച്ചു ജീവിക്കുമ്പോഴുള്ള ഐക്യം പ്രകടമാക്കാനെന്നോണം പണിതീർത്തതുപോലെ. സെന്‍റ് ഹെലേനയിൽ എത്തുന്നതിനുമുമ്പ് ബ്രിട്ടാനിയ ബേയിൽ (Britannia bay) ജിജോക്ക് തന്‍റെ ബിസിനസ് സഹകാരികളായ ഒരു കുടുംബത്തെ സന്ദർശിക്കേണ്ടതുണ്ട്. ബിസിനസ് വിഷയങ്ങൾ ഒന്നുമല്ല; അതുവഴി കടന്നുപോകുമ്പോൾ അവിടെ ഒന്നുകയറുന്നു എന്നുമാത്രം. ഒരു സൗഹൃദസന്ദർശനം. അതിവിസ്​തൃതമായ ആ രാജ്യത്തിന്‍റെ അതിരുകളില്ലായ്മ ഓരോ യാത്രയിലും എന്നെ മോഹിപ്പിക്കുകയും വിസ്​മയിപ്പിക്കുകയും ചെയ്തു. എന്നിട്ടും, ജൈവസമ്പന്നമായൊരു നാടിന്‍റെ അനന്തസാധ്യതകളെ അതിന്‍റെ പരമാവധി ഉപയോഗപ്പെടുത്താൻ അവർക്കു കഴിയുന്നുണ്ടോ എന്ന സംശയം. കോളനിവത്കരണത്തിന്‍റെ തടവുമുറികൾ കെട്ടിപ്പൊക്കിയ വെളുത്ത തമ്പുരാക്കന്മാർക്ക് അതിന്‍റെ ഭൂഗർഭ അറകളിലെ പൊന്നിലും വജ്രത്തിലും കൽക്കരിയിലുമായിരുന്നു എന്നും കമ്പം. അതിപ്പോഴും ഭൂഗർഭജലം പോലെ അവർ ഊറ്റിക്കൊണ്ടേയിരിക്കുന്നു, ഒപ്പം കറുത്തവരുടെ ചോരയും.

ചിത്രകാരൻ എറിക്ക് ലോബ്സ് ബെറി, ചിത്രകാരി മാഗി ലോബ്സ്ബെറി,‘ബുക്ക് ഓഫ് ജോയ്’ കവർ പേജ്

 

പാസ്റ്റർ നോസ്​തർ (Paster Noster)എന്നു പേരുള്ള ഒരു തെരുവു കണ്ടു. ആ ലത്തീൻ വാക്കിന്‍റെ അർഥം ‘സ്വർഗസ്​ഥനായ പിതാവ്’ എന്നാണല്ലോ. യേശു തന്‍റെ ശിഷ്യന്മാർക്കു പറഞ്ഞു കൊടുത്ത പ്രസിദ്ധമായ ആ പ്രാർഥനയുടെ തുടക്കവും അങ്ങനെയാണല്ലോ! ബ്രിട്ടാനിയ ബേ പോസ്റ്റ് (Britannia Bay Post) തികച്ചും പ്രശാന്തസുന്ദരമായൊരു കടലോര മേഖലയാണ്. അതിനാൽത്തന്നെ ഒരു മീൻപിടിത്ത കേന്ദ്രവും. എന്നാൽ, അങ്ങനെയൊരു തൊഴിലിടത്തിന്‍റെ അടയാളങ്ങളൊന്നും അവിടെ കാണാനേയില്ല എന്നതാണതിന്‍റെ പ്രത്യേകത. കേരളത്തിലെ മത്സ്യമേഖലകളിൽ പണിയെടുക്കുന്നവരുടെ ജീവിതവുമായി അവിടത്തെ ജീവിതത്തെ ഒരിക്കലും താരതമ്യം ചെയ്യുക സാധ്യമല്ല. രണ്ടും രണ്ടു ലോകങ്ങളിലെ ജീവിതവും ജീവിതസാഹചര്യങ്ങളുമാണ് എന്നതാണതിന്‍റെ കാരണവും.

വളരെ അടുത്ത കാലത്തുമാത്രം കടൽത്തീരത്തോടു ചേർന്ന് രൂപംകൊണ്ടൊരു ടൗൺഷിപ്പിന്‍റെ എല്ലാ അടയാളങ്ങളും അവിടെയുണ്ടായിരുന്നു. മനോഹരമായി രൂപകൽപന ചെയ്യപ്പെട്ട വില്ലകൾ. പലതും പണിപൂർത്തിയായി വരുന്നതേയുള്ളൂ. സ്​ഥലത്തിന്‍റെ അപരിമിതമായ സൗകര്യങ്ങൾമൂലം ഒരു ഞെരുക്കം ഒരിടത്തും അനുഭവപ്പെടാത്ത ചുറ്റുപാടുകൾ. സാധാരണ തീരദേശമേഖലകളിലെ ജനവാസകേന്ദ്രങ്ങളുടെ സ്​ഥിതി അതല്ലല്ലോ; കാണുമ്പോൾത്തന്നെ നമുക്ക് വിമ്മിട്ടം അനുഭവപ്പെടുന്നവ! കുറേ വളവുതിരിവുകൾക്കുശേഷം ഒരു ചരൽപ്പാതയിലേക്ക് വണ്ടി പ്രവേശിച്ചുകഴിഞ്ഞപ്പോൾ, ഞങ്ങളുടെ വഴികാട്ടി ഉറക്കമുണർന്നു വിളിച്ചുപറഞ്ഞു:

കേപ്ടൗണിലെ പാർപ്പിട സമുച്ചയങ്ങൾ

‘‘യുവർ ഡെസ്റ്റിനേഷൻ ഈസ്​ ഓൺ ദ റൈറ്റ്!’’

ഞങ്ങൾ നാലുപേരും ഒരേ സമയം വലത്തേക്ക് തിരിഞ്ഞുനോക്കി.

‘ഗ്രാൻഡ്മാ ആൻഡ് ഗ്രാൻഡ്പാസ്​ വില്ല.’

വളരെ നിഷ്കളങ്കമായൊരു വീട്ടുപേര്! അവരുടെ പേരക്കുട്ടികളുടെ സംഭാവന.

ശ്രീമതി ഷാരൺ ജസ്റ്റസും അവരുടെ ഭർത്താവ് ഡേവിജ് ജസ്റ്റസുമായിരുന്നു ആ അമ്മൂമ്മയും അപ്പൂപ്പനും. അറുപതു കഴിഞ്ഞ ഡച്ച് ദമ്പതികൾ. യോക്കി (Yokie) ഇനത്തിൽപെട്ട, വലിയൊരു പൂച്ചയുടെ വലുപ്പം മാത്രമുള്ള എങ്കിലും പതിനൊന്നു കഴിഞ്ഞ രണ്ട് നായ്ക്കുട്ടികൾക്കൊപ്പം അവർ സസുഖം കഴിയുന്നു; ജിജോയുടെ സുഹൃത്തുക്കൾ.

രണ്ട് അറ്റാച്ച്ഡ് ​െബഡ്റൂമുകളൊഴിച്ചാൽ വിശാലമായ ഒരൊറ്റ മുറിയാണ് ആ വീട്. ബെഡ്റൂമിനും ബാത്ത്റൂമിനുമെല്ലാം കനം കുറഞ്ഞ പൈൻപാളികൾകൊണ്ട് നിർമിച്ച സ്ലൈഡ് ചെയ്യാവുന്ന വാതിലുകൾ. പൈൻതടിയുടെ മേശയും ഇരിപ്പിടങ്ങളും. അഞ്ചു സെന്‍റ് ഭൂമിയിൽ, എൻജിനീയർ കം ആർക്കിടെക്റ്റായ ഡേവിഡിന്‍റെ മനോഹരമായ നിർമിതി. ഏതു ദിശയിൽനിന്നും കാറ്റും വെളിച്ചവും കടന്നുവരാൻ പാകത്തിലുള്ള തുറസ്സുകൾ.

പതിവില്ലാതെ അപരിചിതരെ കണ്ട അങ്കലാപ്പിൽ വർണക്കുപ്പായമിട്ട യോക്കികൾ രണ്ടും മുറിയിലെമ്പാടും കുരച്ചുകൊണ്ട് പാഞ്ഞുനടന്നു. അവയിലൊന്നിനെ സാന്ത്വനിപ്പിക്കാനായി ഷാരൺ കൈകളിൽ കോരിയെടുത്തു. അപ്പോഴാണ് ശ്രീമതിയുടെ മുഖം ഞാൻ ശ്രദ്ധിക്കുന്നത്. തുടുത്ത വലത്തെ കവിളിന്‍റെ മധ്യഭാഗത്തുനിന്നും വായ്ക്കോണുവരെ ഒരു ഏങ്കോണിപ്പ്, അതു മുഖഭാവത്തെ വികൃതമാക്കുന്നില്ലെങ്കിലും. കേപ്ടൗണിൽനിന്നും മടങ്ങും വഴി, ഒരു രാത്രിയിലുണ്ടായ ആക്രമണത്തിന്‍റെ അവശേഷിപ്പുകളാണ് അവരുടെ മുഖത്തെ ആ അടയാളങ്ങളെന്ന് പിന്നീട് ഞാനറിഞ്ഞു. വണ്ടി വഴിയിൽ തടഞ്ഞുനിർത്തി അവരെ കവർച്ച ചെയ്യാനുണ്ടായ ശ്രമത്തെ പ്രതിരോധിച്ചതിന്‍റെ ഫലം. കത്തിക്കുത്ത്, പണാപഹരണം. നഷ്​ടം ഷാരണിനും കുടുംബത്തിനും മാത്രം. ബാക്കി കിട്ടിയത് ജീവിതമെന്ന വലിയ ലാഭം. കടൽത്തീരത്തിനു വെളിയിൽ, കുന്നിൻചരിവിലുള്ള റസ്റ്റാറന്‍റിൽ അവരൊന്നിച്ച് ഉച്ചഭക്ഷണം. അവരെ അന്വേഷിച്ചുചെന്ന ഞങ്ങൾ അവരുടെ ആതിഥേയരായി. അങ്ങനെയൊക്കെയാണ് അവരുടെ ആചാരോപചാരരീതികൾ. അക്കാര്യത്തിൽ നമ്മെപ്പോലെ അവർക്ക് അൽപവും ചമ്മലില്ലതാനും.

ഹെലേന ബേയിലെ കടലോരമുനമ്പിൽ ഉണ്ടെന്നു പറഞ്ഞുകേട്ട ഗാമയുടെ സ്​മാരകം തേടി വീണ്ടും. കടലോരത്തിന്‍റെ പ്രാന്തപ്രദേശങ്ങൾ വിശാലമായ സമതലങ്ങളാണ്. പുൽമേടുകൾ. മുന്തിയ ഇനം കാലികൾ മേഞ്ഞുനടക്കുന്നു. ചുറ്റുപാടുകൾ വിജനം. ഒരു മഴക്കാലപ്പുലരിയിൽ ഹോളണ്ടിലെ കടൽത്തീരത്തൂടെ നടത്തിയ നീണ്ട ഡ്രൈവിനെക്കുറിച്ചുള്ള ഓർമകൾ. നമ്മുടെ നാട്ടിലെ അടമ്പിൻവള്ളികൾ വീശിപ്പടർന്നു കിടക്കുന്ന ചാരൽപ്പാതയിലൂടെ ഗാമയെ അന്വേഷിച്ച് കടപ്പുറം ലക്ഷ്യമാക്കി വണ്ടിതിരിഞ്ഞു. അവിടെ, ഗുഡ്ഹോപ് മുനമ്പു ചുറ്റി ഇന്ത്യയിലേക്കുള്ള യാത്രക്കിടയിൽ ഗാമ എത്തിച്ചേർന്ന ദക്ഷിണാഫ്രിക്കൻ താവളം. കടലിലേക്ക് വളർന്നുകിടക്കുന്ന ബൗൾഡർ എന്നു വിളിക്കാവുന്ന പാറക്കെട്ടുകൾ. പൊന്തയും കുറ്റിക്കാടുകളും. ഗാമ അന്നതിനെ സെന്‍റ് ഹെലേനയെന്ന് ജ്ഞാനസ്​നാനപ്പെടുത്തി. നാമിന്ന് അറിയുന്ന കത്തോലിക്കാ സഭക്ക് ശക്തമായ അടിത്തറ പണിതുയർത്തിയവരാണ് ഹെലേന രാജ്ഞിയും മകൻ കോൺസ്റ്റന്‍റൈൻ ചക്രവർത്തിയും. പ്രത്യുപകാരമായി സഭ അവരെ വിശുദ്ധപദവിയിലേക്കുയർത്തി ആദരിച്ചു. ഇപ്പോൾ മറ്റൊരു സഭാവിശ്വാസിയായ ഗാമ അവർക്കു നൽകുന്ന ഇരട്ടിമധുരം!

ഗാമ കപ്പലിറങ്ങിയ തീരത്ത് പ്രതിമയില്ല. പകരം അഞ്ചാറടി പൊക്കമുള്ള രണ്ട് കരിങ്കൽ സ്​തൂപങ്ങൾ. മധ്യത്തിൽ ഒരു ആലേഖനഫലകവും. 1497 നവംബർ എട്ടിനായിരുന്നു ആ ചരിത്രസംഭവം. അതിന്‍റെ 472ാം വാർഷികദിനമായ 1969 നവംബർ എട്ടിനാണതു സ്​ഥാപിച്ചിരിക്കുന്നതെന്ന് സ്​തൂപത്തിൽ കൊത്തിവെച്ചിട്ടുണ്ട്. എന്നാൽ 472ാം വാർഷികദിനത്തിന്‍റെ പ്രത്യേകത എന്താണെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല. ഉച്ചവെയിലിന് ഉറങ്ങാൻ ഇനിയും നേരമായിട്ടില്ല. എവിടെയും ഒരു തണൽ കാണാതെ ഞങ്ങൾ വലഞ്ഞു. വൃത്തിഹീനമായ കടൽത്തീര പരിസരങ്ങൾ. നമ്മുടെ ഭാഷയിലെ സാമൂഹികവിരുദ്ധർ ആ പ്രദേശം താവളമാക്കാറുണ്ടെന്ന ഒറ്റനോട്ടത്തിലറിയാം. ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികളും കുപ്പിച്ചില്ലുകളും ഉപയോഗിച്ച ഉറകളും അവിടെയെമ്പാടും നിറഞ്ഞുകിടക്കുന്നു.

സ്​തൂപങ്ങളല്ല, പകരം ഗാമയുടെ ഒരു ഗംഭീരശിൽപം തന്നെയാണ് ഞങ്ങൾ അവിടെ പ്രതീക്ഷിച്ചതെങ്കിലും നിരാശയായിരുന്നു ഫലം. ഒരുപക്ഷേ ദക്ഷിണാഫ്രിക്കക്കാർക്ക് ഗാമ ഒരു വിഷയമേ ആയിരുന്നിരിക്കാൻ ഇടയില്ല. കാരണം അവരെ പീഡിപ്പിച്ചവരുടെ പട്ടികയിൽ പോർചുഗീസുകാർ വരില്ലല്ലോ! ഒരു നാവികതാവളവും വ്യാപാരകേന്ദ്രവും ആക്കിയതല്ലാതെ ദക്ഷിണാഫ്രിക്കയെ അവർ തങ്ങളുടെ കോളനിയാക്കിയിട്ടില്ല! ഇതിനുവേണ്ടിയായിരുന്നോ മകനെക്കൊണ്ട് വായുപിടിച്ച് ഇത്രദൂരം വണ്ടിയോടിച്ചു വന്നതെന്ന് ഓർത്തപ്പോൾ എനിക്കു കുറ്റബോധം തോന്നി. ഞാനൊരാളുടെ ഗാമാഭ്രാന്തിന്‍റെ ആവേശത്തിൽ ജിജോ ചെയ്ത അധ്വാനമത്രയും പാഴാകുന്നതോർത്തുള്ള സങ്കടം. അപ്പോഴാണ് എതിരെ ഒരാൾ വരുന്നത് കാണുന്നത്. പതിവിനു വിപരീതമാണെങ്കിലും അയാൾക്കരികെ വണ്ടി നിർത്തി ജിജോ വിഷയം അവതരിപ്പിച്ചു.

സെന്‍റ് ഹെലേനയിലെ ജിജോയുടെ സുഹൃത്തുക്കളായ ജസ്റ്റസ്, ഷാരൺ എന്നിവർക്കൊപ്പം ദലീലയും നന്മയും ലേഖകനും

അയാൾക്കും വ്യക്തതയില്ല. അയാൾക്കറിയാവുന്ന സ്​മാരകം ഞങ്ങൾ കണ്ട സ്​തൂപങ്ങൾ തന്നെയാണ്. ഇനി, നിങ്ങൾക്കു വേണമെങ്കിൽ അങ്ങകലെ കാണുന്ന ലൈറ്റ്ഹൗസിന്‍റെ പരിസരത്തെവിടെയെങ്കിലും അന്വേഷിക്കണം. അതൊരു വെളിച്ചമായിരുന്നു. ആ ദിക്കിലേക്കായി പിന്നീട് യാത്ര. ദൂരം അധികമില്ല. എങ്കിലും പെട്ടെന്നുതന്നെ വഴിത്താരയുടെ ലക്ഷണങ്ങൾ മാറി. ഇരുഭാഗത്തും ഈന്തപ്പനകൾ നട്ടുവളർത്തിയ ഒരു നടക്കാവ് പ്രത്യക്ഷപ്പെട്ടു. നിരവധി കെട്ടിടങ്ങൾ. ഒരാധുനിക ടൗൺഷിപ്പിന്‍റെ അടയാളങ്ങൾ. ഷെല്ലിപോയിന്‍റ് എസ്റ്റേറ്റ് എന്നെഴുതിയ വലിയൊരു കവാടത്തിനു മുന്നിൽ. എവിടെയുമെന്നപോലെ പതിവുള്ള വാഹനപരിശോധന. ഡ്രൈവിങ് ലൈസൻസ്​ നോക്കുക, വണ്ടിയുടെ ചിത്രമെടുക്കുക എന്നിങ്ങനെയുള്ള ആചാരങ്ങൾ.

‘‘അതെ, ഇതിനകത്ത് ഒരു സ്റ്റാച്യുവുണ്ട്. ആരുടേതാണെന്ന് എനിക്കറിയില്ല. നിങ്ങൾ നേരെ പോവുക.’’

സെക്യൂരിറ്റിയിലിരിക്കുന്ന മനുഷ്യൻ അറിയിച്ചു. വളരെ ആസൂത്രിതവും സുരക്ഷിതവുമായി സംരക്ഷിച്ചിരിക്കുന്ന ഒരു പ്രദേശം. അവിടെയും ഇവിടെയുമൊക്കെയായി ഒറ്റപ്പെട്ട് ആളുകൾ സഞ്ചരിക്കുന്നുണ്ട്. വഴിയരികിൽ പൂവിട്ടുനിൽക്കുന്ന ലാവൻഡറിന്‍റെ സൗരഭ്യം. അതിന്‍റെ ഇലകൾക്കുപോലുമുണ്ടൊരു വാസന. അനവധിയായ, എങ്കിലും ഒരേ മട്ടിലല്ലാത്ത റെസിഡൻഷ്യൽ വില്ലകൾ. ഒന്നിനും രണ്ടു നിലകളിൽ കൂടുതലില്ല. മനോഹരങ്ങളായ ഡ്രൈവുകൾക്കിരുവശവും വിരിഞ്ഞുനിൽക്കുന്ന വലിയ റോസാപ്പൂക്കൾ. വില്ലകൾക്കെല്ലാം പക്ഷേ ഒരേനിറം മാത്രം –വെള്ളയും കടൽനീലയും! വളഞ്ഞും തിരിഞ്ഞും എവിടേക്ക് പോകണമെന്ന് അറിയാതെയും മുന്നേറിയ ചെറിയ ഡ്രൈവുകൾക്ക് വിരാമമിട്ടുകൊണ്ട്, കത്തുന്ന വെയിലിൽ, നാല് റോഡുകൾ ഒന്നിക്കുന്ന ആ മധ്യബിന്ദുവിൽ ഉയർന്ന മണ്ഡപത്തിൽ ആകാശത്തിലേക്ക് തലയുയർത്തി നോക്കുന്ന, ക്ലാവുപിടിച്ച് പച്ചനിറമായിപ്പോയ ഒരു പൂർണകായ പ്രതിമ! കാറിലിരുന്നുള്ള ആദ്യനോട്ടത്തിൽത്തന്നെ ബഷീറിന്‍റെ ഭാഷയിൽ ഞാൻ വിളിച്ചുപറഞ്ഞു: അതാ, കശ്മലൻ! എന്നാൽ ഇവർ എന്നെ വീണ്ടും ധർമസങ്കടത്തിലാക്കുന്നു. അപ്പുറത്തു കണ്ട മെമ്മോറിയൽ സ്​തൂപത്തിൽ ഗാമ ദക്ഷിണാഫ്രിക്കയിൽ വന്നിറങ്ങിയതായി രേഖപ്പെടുത്തിയിട്ടുള്ളത് 1497 നവംബർ എട്ട് എന്നാണെങ്കിൽ, ഇവിടെയിതാ ഈ മണ്ഡപത്തിലെ ചെമ്പുഫലകത്തിൽ അതു നവംബർ ഏഴ് എന്നായിരിക്കുന്നു! ഇതിനുള്ള കാരണം ആരോടാണ് ഒരാൾ അന്വേഷിക്കുക?

‘‘അതും ശരിയാണച്ഛാ!’’

സന്ദേഹിയായ എന്നെയിപ്പോൾ തിരുത്തിയത് മകനാണ്.

‘‘ഗാമ ഷെല്ലിപോയിന്‍റിൽ വന്നതു നവംബർ ഏഴിനു തന്നെ. അടുത്ത ദിവസം അദ്ദേഹം നമ്മൾ കരിങ്കൽ സ്​തൂപങ്ങൾ കണ്ട തീരത്തുചെല്ലുന്നു. ഇവിടെനിന്നും തന്‍റെ പായ്ക്കപ്പലിളക്കി വലിച്ചും തുഴഞ്ഞും അവിടെ എത്തിയത് അടുത്ത ദിവസം, നവംബർ എട്ടിന്. എന്താ സംഗതി ശരിയല്ലേ? അതാണ് ആഫ്രിക്കൻ ബുദ്ധി!’’

എന്തായാലും ഗാമ അവിടെ വന്നിറങ്ങിയിട്ടില്ലെന്നും, അദ്ദേഹം വെറുമൊരു നാവികസങ്കൽപം മാത്രമാണെന്നും പറയാതിരുന്നതിന് ഒരു വലിയ നമസ്​കാരം!

 

സ്റ്റെലൻ ബോഷ് യൂനിവേഴ്സിറ്റി 

20

ജൊഹാനസ്​ബർഗിലെ ബുദ്ധൻ

യാത്രകൾ പലപ്പോഴും അങ്ങനെയാണ്. എത്ര വിദഗ്ധമായി ആസൂത്രണംചെയ്താലും മോഹിച്ചവ പലതും കാണാൻ കഴിഞ്ഞില്ലെന്നുവരും. തികച്ചും അപ്രതീക്ഷിതമായി, വിചാരിക്കുകപോലും ചെയ്യാത്ത മറ്റു പലതും കാണാൻ കഴിയുകയും ചെയ്യും. ജൊഹാനസ്​ബർഗിൽതന്നെ ആയിരുന്നിട്ടും കാണാൻ പറ്റാതെ പോയതാണ് ബിഷപ് ടുട്ടുവിന്‍റെയും വിന്നിയുടെയും സ്​മാരകങ്ങൾ. വളരെ ക്ലേശിച്ച് പീറ്റർമാരിസ്​ബർഗുവരെ ഓടിയെത്തിയിട്ടും ഓരോ ഭാരതീയന്‍റെയും നെഞ്ചിടിപ്പായ ആ സ്​ഥലം –മഹാത്മജിയെ തീവണ്ടിയിൽനിന്നും ഇറക്കിവിട്ട ആ ഇടം കാണാൻ കഴിയാതെ വന്നതിലുള്ള സങ്കടം ഈ ആയുസ്സിലൊരിക്കലും തീരില്ല! കൈവിട്ടുപോയവയിൽ മറ്റൊന്ന് അപാർതൈറ്റ്​ മ്യൂസിയമായിരുന്നു. കറുത്ത മനുഷ്യരും വെള്ളക്കാരും തമ്മിൽ നടത്തിയ താരതമ്യങ്ങളില്ലാത്ത പോരാട്ടത്തിന്‍റെയും അതിന്‍റെ മുന്നണി ഭടനായ ആ ‘ട്രബിൾ മേക്കറി’നെയും സംബന്ധിച്ച അറിവുകളുടെ ഏറ്റവും വലിയ ശേഖരമായിരുന്നല്ലോ അവിടം! ഫീനിക്സ്​ സെറ്റിൽമെന്‍റിൽനിന്നും ഫോൺനമ്പറും മെയിൽ ഐഡിയും കിട്ടിയപ്പോൾ, ഇളാ ഗാന്ധിയെ കാണണമെന്നും ആ കാൽപാദങ്ങളിൽ പ്രണമിക്കണമെന്നും ആശിച്ചതും നിറവേറ്റപ്പെടാതെപോയ മോഹങ്ങളാണ്.

അതുതന്നെയാകണം മഹാഗുരുവായ ഗൗതമബുദ്ധൻ തന്‍റെ പ്രിയ ശിഷ്യനു നൽകിയ ഉപദേശത്തിന്‍റെ പൊരുളും: ‘‘ആനന്ദാ, നീ കണ്ട കാഴ്ചകളൊന്നും കാണാനിരിക്കുന്ന കാഴ്ചകളെക്കുറിച്ച് ഓർക്കുമ്പോൾ ഒന്നുമല്ല. മറ്റൊന്നിലും മേലെയുമല്ല, ഇക്കാലത്തിനിടയിൽ നീ അനുഭവിക്കുകയോ ആസ്വദിക്കുകയോ ചെയ്ത ജീവിതവും. യഥാർഥമായ ആനന്ദവും അനുഭവവുമെല്ലാം എന്നും അപ്രാപ്യങ്ങളാണ് എന്ന അറിവിനേക്കാൾ വലുതായ എന്തു കണ്ടെത്തലാണുള്ളത്?’’

ലെസീദിയിൽനിന്ന് മാരോപെംഗിയിലേക്കുള്ള ദൂരം മാരോപെംഗിയിൽനിന്ന് ലെസീദിയിൽ എത്തിച്ചേരാൻ വേണ്ടി മാനവരാശി നടന്നുതീർത്ത ദൂരമാണ്. പാഠപുസ്​തകങ്ങൾക്കും, ഇന്നേക്ക് അന്യമായിക്കൊണ്ടിരിക്കുന്ന വിജ്ഞാനകോശങ്ങൾക്കുമപ്പുറത്ത് ഏതൊരു ജീവശാസ്​ത്ര-നരവംശശാസ്​ത്ര പഠിതാവിനും നേരറിവുകൾ പ്രദാനം ചെയ്യുന്നുണ്ട് മാരോപെംഗിലെ ഓരോ ഫോസിലും നമ്മോടു പറയുന്ന കഥകൾ. (ഇവിടെ സൂക്ഷിച്ചിട്ടുള്ള ഫോസിലുകൾ എല്ലാംതന്നെ യഥാർഥ ഫോസിലുകളുടെ തനിപ്പകർപ്പുകൾ മാത്രമാണെന്നു കൂടി എടുത്തുപറഞ്ഞുകൊള്ളട്ടെ.) യുനെസ്​കോയുടെ ലോകപൈതൃക ഇടങ്ങളിൽ ഒന്നാണീ പാലിയോ ആന്ത്രോപോളജിക്കൽ (Paleo anthropological) മ്യൂസിയം.

‘മാനവരാശിയുടെ പിള്ളത്തൊട്ടിൽ’ (Cradle of mankind) എന്നു വിശേഷിപ്പിക്കപ്പെടുന്ന സ്റ്റെർക്ഫോണ്ടീൻ (Sterkfontein) ഗുഹകളിലും പരിസരപ്രദേശങ്ങളിലുമാണ്, മൂന്നു ദശലക്ഷം വർഷങ്ങൾക്കപ്പുറമുള്ള നരവംശ പരിണാമത്തിന്‍റെ ചരിത്രം വിശദമാക്കുന്ന പതിനഞ്ചിലധികം പ്രധാനപ്പെട്ട ഫോസിലുകൾ കണ്ടെത്തിയത്. ഭൂമിയിൽ മറ്റേതൊരിടത്തുനിന്നും കണ്ടെടുക്കപ്പെട്ടിട്ടുള്ളതിലും കൂടുതൽ. പ്രപഞ്ചോൽപത്തിക്ക് ആധാരമായ മഹാസ്​ഫോടന സിദ്ധാന്തം (Big bang theory) നമ്മെ അനുഭവിപ്പിക്കുന്നതിനുവേണ്ടി, ഭൂമിക്കടിയിൽ കൃത്രിമമായി സൃഷ്​ടിക്കപ്പെട്ട ഒരു നീർച്ചുഴി ഗുഹയിലൂടെ (Vortex tunnel).

നാലു പേർക്കു കയറാവുന്ന ബോട്ടുകളിലൂടെ സന്ദർശകർക്ക് സഞ്ചരിക്കാൻ ലഭിക്കുന്ന അവസരവും ആ അനുഭവവും വിവരണാതീതമാണ്. ഭൂമി, വായു, ജലം, അഗ്നി എന്നീ അടിസ്​ഥാനമൂലകങ്ങളുടെ ഊർജപ്രസരം നേരിട്ടനുഭവിപ്പിക്കുന്ന ഗുഹായാത്ര. കുതിച്ചൊഴുകുന്ന ജലപ്രവാഹത്തിലൂടെ സഞ്ചാരികളെയും വഹിച്ചുകൊണ്ടുള്ള ജലയാനത്തിന്‍റെ അപകടകരമെന്നു തോന്നിപ്പിക്കും മട്ടിലുള്ള സഞ്ചാരം. പാറക്കെട്ടുകളിൽ തലയിടിച്ചു തകർന്നേക്കുമെന്നു സംശയിക്കുന്ന അപകടകരമായ വളവുതിരിവുകൾ അതിസമർഥമായി തരണം ചെയ്തുപോകുന്ന ജലയാത്ര. കാലാതീതമായ ശബ്ദങ്ങൾ, അഗ്നിപർവത സ്​ഫോടനങ്ങൾ, കൊടുങ്കാറ്റുകൾ, വന്യതയുടെ നിലവിളികൾ എല്ലാം പത്തു മിനിറ്റ് ദൈർഘ്യം വരുന്ന, നെഞ്ചിടിപ്പുളവാക്കുന്ന യാത്ര നമുക്ക് സമ്മാനിക്കുന്നു.

പരിണാമത്തിന്‍റെ പരിവർത്തന ദശകങ്ങളിലൂടെ മാനവരാശി എത്തിനിൽക്കുന്ന വർത്തമാനകാലം വിശദമാക്കുന്ന ആ തുടരണി യഥാർഥ ജീവികളുടെ സ്റ്റഫ് ചെയ്യപ്പെട്ട മാതൃകകളിലൂടെ, ഒരു നൂറ്റാണ്ടു പിന്നിട്ട ക്വാസുലു മ്യൂസിയത്തിൽ കാണാനിടയായ കാര്യം പൊടുന്നനെ ഓർത്തുപോയി. അമീബ മുതൽ ഒറാങ്-ഉ-ടാങ് വരെയുള്ളവ. മന്ദാരത്തിന്‍റെ ഇലകൾ ചേർത്ത പുനർജനിയുടെ കൂടുതുന്നിയ, ‘ഖസാക്കിന്‍റെ ഇതിഹാസ’ത്തിലെ തുന്നൽക്കാരൻ പക്ഷിമുതൽ ആൽബ​േട്രാസ്​ എന്ന അതിഗംഭീരൻവരെ! കണ്ടാലും കണ്ടാലും മതിവരാത്ത ജീവലോകത്തിലെ മഹാത്ഭുതങ്ങൾക്കു മുന്നിൽ നിസ്സംഗനായ കാഴ്ചക്കാരനായി നിൽക്കേണ്ടിവരുന്ന മനുഷ്യന്‍റെ നിസ്സാരതകൾ ആരറിയുന്നു! പ്രദർശനശാലയിലാകട്ടെ മനുഷ്യവർഗത്തിന്‍റെ ചരിത്രാതീത കാൽപ്പാടുകൾ മുതൽ ബിഷപ് ഡെസ്​മണ്ട് ടുട്ടുവും നെൽസൺ മണ്ടേലയും വരെയുള്ളവരുടെ കാൽപ്പാടുകൾ. അക്കൂട്ടത്തിൽ ഒരിന്ത്യൻ പ്രധാനമന്ത്രിയുടെ കാൽപ്പാടും കാണാനിടയായി. ഗൗതമമുനി ആനന്ദഭിക്ഷുവിനോടു പറഞ്ഞ അനന്തമായ ആത്മാന്വേഷണത്തിന്‍റെ പാദമുദ്രകൾ!

അതെ; ബോധത്തിന്‍റെ ഉടയോനായ ബുദ്ധനെക്കുറിച്ചു തന്നെയാണു പറഞ്ഞുവരുന്നത്. ജൊഹാനസ്​ബർഗിലെ പുസ്​തകശാലക്കാരൻ ബുദ്ധയെക്കുറിച്ചുള്ള ജീവചരിത്രപുസ്​തകം പരിചയപ്പെടുത്തിയതു വെറുതെയല്ലെന്ന് അന്നത്തെ ‘മെർക്കുറി’ ദിനപത്രത്തിൽ അറിയിപ്പ് കാണാനിടയായപ്പോൾ എനിക്കു ബോധ്യമായി. Biography of Sakyamuni Buddha യെ ആധാരമാക്കി ജോബർഗ് തിയറ്ററിൽ ഒരു സംഗീതശിൽപം അവതരിപ്പിക്കപ്പെടുന്നു. ലോകത്തിലെ വിവിധ രാജ്യങ്ങൾ ചുറ്റിസഞ്ചരിച്ചുവരുന്ന ഒരു സംഗീത പരിപാടിയുടെ ആഫ്രിക്കൻ നാടുകളിലെ ആദ്യത്തെ അവതരണം. അതു കാണാൻ കഴിഞ്ഞില്ലെങ്കിലും മറ്റ് രണ്ട് ബുദ്ധന്മാരെ കാണാൻ ഇടയായി, ദലൈലാമയും ആഫ്രിക്കയിലെ കറുത്ത ബുദ്ധൻ എന്നു വിശേഷിപ്പിക്കാവുന്ന ആർച് ബിഷപ് ഡെസ്​മണ്ട് ടുട്ടുവും ചേർന്ന് ലോകത്തിനു സംഭാവനചെയ്ത ‘ദി ബുക്ക് ഓഫ് ജോയ്’ എന്ന ഗ്രന്ഥം. (The Book of Joy: By Dalai Lama and Desmond Tutu with Douglas Abrams, Arrow Books, London, 2012, 197 Runs.) എക്സ്ക്യൂസിവ് ബുക്സിലെ പുസ്​തക വിൽപനക്കാരന്‍റെ ദീർഘവീക്ഷണം പക്ഷേ തെറ്റിയില്ല. പ്രവാസവും അക്രമവും അടിച്ചമർത്തലുകളും നേരിടേണ്ടിവന്ന രണ്ടു വലിയ മനുഷ്യർ മാനവരാശിയോടു പങ്കുവെക്കുന്ന കരുണയുടെയും സഹനത്തിന്‍റെയും സന്ദേശമാണീ ഒട്ടും ചെറുതല്ലാത്ത പുസ്​തകം.

1984ൽ സമാധാനത്തിനുള്ള നൊബേൽ പുരസ്​കാരം നേടിയ ബിഷപ് ഡെസ്​മണ്ട് ടുട്ടുവും അഞ്ചുവർഷം പിന്നിട്ടുകഴിഞ്ഞ് അതേ സമ്മാനത്തെ ഹിമാലയസാനുക്കളിലേക്കു കൊണ്ടുവന്ന 14ാമത്തെ ദലൈലാമയും ലാമയുടെ 80ാം പിറന്നാൾ ആഘോഷിച്ച അവസരത്തിൽ ഹിമാചൽപ്രദേശിലുള്ള ധരംശാലയിലെ അദ്ദേഹത്തിന്‍റെ ആശ്രമത്തിൽവെച്ച് കണ്ടുമുട്ടുകയുണ്ടായി. ഏറെക്കാലമായി പരിചയമുള്ള തന്‍റെ പ്രിയമിത്രത്തിനൊപ്പം ബിഷപ് അവിടെ ഒരാഴ്ചക്കാലം ചെലവഴിച്ചു. ആ ദിവസങ്ങളിൽ അവർ പരസ്​പരം പറഞ്ഞതും പങ്കുവെച്ചതുമായ സന്ദേഹങ്ങൾ, സ്വപ്നങ്ങൾ, സന്തോഷപൂർണമായ ഭാവിയെക്കുറിച്ചുള്ള പ്രത്യാശകൾ എന്നിവയുടെ സമാഹാരമാണ് സ്വപ്നതുല്യമായ ഈ പുസ്​തകം.

 

മാഗി ലോബ്സ് ബെറിയുടെ പെയിന്‍റിങ്

ബിഷപ് ഡെസ്​മണ്ട് ടുട്ടുവിന്‍റെ ജീവിതസമരങ്ങളെയും മനുഷ്യാവകാശ പോരാട്ടങ്ങളെയും അപ്പാർ​ൈതറ്റിനെതിരായ മുന്നേറ്റത്തിൽ അദ്ദേഹം അംഗമായിരുന്ന സഭ സ്വീകരിച്ച നിലപാടുകളെയും വിശദമാക്കുന്നൊരു മ്യൂസിയമുണ്ട് ഡിസ്​ട്രിക്ട് സിക്സിൽ. ദക്ഷിണാഫ്രിക്കൻ ആംഗ്ലിക്കൻ സഭയിലെ ഒരു സാധാരണ പുരോഹിതനായിരുന്ന ഡസ്​മണ്ട് എംപിലൊ ടുട്ടു (Dsemond Mpilo Tuttu) എങ്ങനെ ലോകാരാധ്യനായ വിപ്ലവകാരിയായി പരിണമിച്ചു എന്നതിന്‍റെ അടയാളങ്ങൾ. മർദിതജനതയുടെ പക്ഷം ചേർന്ന് വിമോചന ദൈവശാസ്​ത്രം (Liberation Theology) പകർന്നുകൊടുത്ത ഊർജവുമായി ഏകാധിപത്യ ഭരണകൂടങ്ങൾക്കെതിരെ പോരിനിറങ്ങിയ ലത്തീനമേരിക്കയിലെ പുരോഹിതന്മാരെ ഞാനപ്പോൾ ഓർത്തുപോയി. അവർ കണ്ട സ്വപ്നങ്ങൾക്ക് തോക്കുകൾകൊണ്ട് പട്ടാളം മറുപടി നൽകിയത് എതിർവശത്തെ ഭൂഖണ്ഡത്തിലെ കാഴ്ചകളായിരുന്നെങ്കിൽ ഡെസ്​മണ്ട് ടുട്ടു അതിനൊരു എതിർസാക്ഷ്യമായിരുന്നു. ക്രിസ്​തുവിനെ പിൻപറ്റാനാഗ്രഹിക്കുന്ന എല്ലാ പുരോഹിതന്മാർക്കുമുള്ള മാതൃക.

ഡെസ്​മണ്ട് ടുട്ടുവും ദലൈലാമയുമെല്ലാം വലിയൊരു ഊർജമായി വീഞ്ഞുപോലെ പതഞ്ഞുപൊങ്ങിനിന്നൊരു മധ്യാഹ്നത്തിൽ ഞങ്ങൾ സ്റ്റെലൻബോഷിലേക്കുള്ള (Stellenbosch) വഴി തിരഞ്ഞെടുത്തു. അതേ, മുന്തിരിത്തോപ്പുകളും പുൽമേടുകളും അവയിലെമ്പാടും മേഞ്ഞു നടക്കുന്ന നന്ദിനിപ്പശുക്കളും കുതിരപ്പന്തികളും ഗോൾഫ് മൈതാനങ്ങളും കൃഷിയിടങ്ങളും തൊഴിൽശാലകളും പാർപ്പിട സമുച്ചയങ്ങളും ഇടകലർന്നു കിടക്കുന്ന ലോകപ്രസിദ്ധമായ മുന്തിരിപ്പാതയിലൂടെ (Wine route). നന്മക്ക് കുതിരപ്പുറത്ത് സവാരി ചെയ്താൽ കൊള്ളാമെന്നുണ്ട്. അതിനു പറ്റിയ ഇടം ബോഷെൻഡാൽ (Boschendal) ആണ്. 16ാം നൂറ്റാണ്ടു മുതൽ അവിടെ ഉൽപാദിപ്പിക്കുന്ന വീഞ്ഞിനും ആ പേര് പ്രസിദ്ധമാണ്. അതിനും മുമ്പ് എനിക്കാ യൂനിവേഴ്സിറ്റി കാണണം. അതിരുകളില്ലാതെ ഒരു പട്ടണമാകെ വ്യാപിച്ചുകിടക്കുന്ന സ്റ്റെലൻ ബോഷ് യൂനിവേഴ്സിറ്റി. ഇതിനുമുമ്പ്, വിസ്​തൃതികൊണ്ട് എന്നെ അത്ഭുതപ്പെടുത്തിയിട്ടുള്ളത് പാരിസിലെ സീൻ (Sein) നദിക്കരയിലുള്ള വിശ്രുതമായ സോർബോൺ യൂനിവേഴ്സിറ്റിയായിരുന്നു.

ഷെല്ലീസ് എസ്റ്റേറ്റിലെ വാസ്കോ ഡ ഗാമയുടെ പ്രതിമ,‘ദി ബ്ലൈൻഡഡ് സിറ്റി’യുടെ കവർ

 

ആദ്യകാലങ്ങളിൽ എനിക്കത് ബനാറസിലെ ഹിന്ദു യൂനിവേഴ്സിറ്റി ആയിരുന്നെങ്കിൽ ഇപ്പോഴിതാ ചുറ്റിത്തിരിഞ്ഞു പോകുന്ന ഡ്രൈവുകളിലൂടെ സ്റ്റെലൻബോഷ് എന്നെ കീഴടക്കുന്നു! കഴിഞ്ഞ നൂറ്റാണ്ടിന്‍റെ ആദ്യ പാദങ്ങളിൽ വിക്ടോറിയ കോളജ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന, ദക്ഷിണാഫ്രിക്കയിലെ ഏറ്റവും പഴക്കമുള്ള സർവകലാശാല.

‘‘രണ്ടുവർഷം കഴിയുമ്പോൾ നന്മക്ക് ഇവിടെ വന്നു പഠിക്കണമെന്നു തോന്നുന്നുണ്ടോ?’’

മകളുടെ ഏതഭിലാഷവും സാധിച്ചുകൊടുക്കാൻ വേണ്ടി ജീവിക്കുന്ന ജിജോ ചോദിച്ചു.

‘‘ഇപ്പോൾ പഠിക്കുന്നതുതന്നെ ഞാനൊന്നു തീർത്തോട്ടെ അപ്പാ!’’

എല്ലാത്തിനും ഇനിയും സമയമുണ്ടല്ലോയെന്ന് സ്റ്റെലൻബോഷിന്‍റെ പുറംലോകം മാത്രം കണ്ട് അമ്പരന്നുപോയ അവളെ ഞങ്ങൾ സമാധാനിപ്പിച്ചു.

ഓടിയോടി, പേരറിയാത്ത വൻമരങ്ങൾ പന്തലിച്ചുനിൽക്കുന്ന ബോഷെൻഡാലിൽ എത്തുമ്പോഴേക്കും നേരം അഞ്ചു മണിയോട് അടുത്തിരുന്നു. ഓട്ടപ്പന്തയങ്ങളിൽ കാണാറുള്ള ദൃഢപേശികളോടുകൂടിയ കുതിരകളല്ല, പകരം തടിച്ചുകൊഴുത്ത വമ്പൻ കുതിരകളുടെ പുറത്ത് ആ ദിവസത്തെ ഒടുവിലത്തെ സവാരിക്കൂട്ടവും യാത്രയാകുന്നു... കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെ.

നന്മക്ക് നിരാശയായി.

‘‘സാരമില്ലെടോ, നമ്മൾ ഇനിയും വരുമല്ലോ.’’ ജിജോ അവളെ സാന്ത്വനിപ്പിച്ചു.

കൊച്ചുകുഞ്ഞുങ്ങളുടെ തുടുതുടുത്ത മുഖംപോലുള്ള വലിയ റോസാപ്പൂക്കൾ നിറഞ്ഞ തോട്ടം. അവക്കിടയിലൂടെ ചിലച്ചുകൊണ്ട് പകച്ചോടുന്ന അണ്ണാറക്കണ്ണന്മാർ!

‘‘അപ്പാ ആ അണ്ണാറക്കണ്ണനെ കണ്ടോ? അതിന്‍റെ പുറത്ത് വരകളില്ല!’’

അപ്പോഴാണ് ഞങ്ങളും അതിനെ ശ്രദ്ധിക്കുന്നത്. അതിനു വരകളില്ല!

‘‘ലങ്കയിൽ ശ്രീരാമന് ചിറകെട്ടാൻ കൂടാതെ ഇടഞ്ഞുനിന്ന കക്ഷിയായിരിക്കും.’’ ജിജോ അഭിപ്രായപ്പെട്ടു.

ബോഷെൻഡാലിലെ വൈൻ ടേസ്റ്റിങ് (Wine tasting) പ്രസിദ്ധമാണ്. വൈൻ മദ്യമല്ലാത്തതിനാൽ (?) റസ്റ്റാറന്‍റിന്‍റെ ഭാഗമാണ്. (എന്നാൽ, അതിൽ 12 ആൽക്കഹോളുണ്ടെന്ന് അവരുടെ വീഞ്ഞുകുപ്പിയിൽ ഞാൻ വായിച്ചിരുന്നു). ഏതുതരം വൈൻ വേണമെങ്കിലും നുണഞ്ഞിരുന്നു സമയം കളയാം. എന്നാൽ, ഞാൻ വിചാരിച്ചിരുന്നതുപോലെ സൗജന്യമല്ലെന്നു മാത്രം. മരത്തണലുകളിൽ വൈൻ മോന്തി സല്ലപിച്ചിരിക്കുന്ന കുടുംബസദസ്സുകളെ അവിടെങ്ങും കാണാൻ കഴിഞ്ഞു.

1685ൽ സ്​ഥാപിതമായ ബോഷെൻഡാലിലെ മുന്തിരിവാറ്റിന്‍റെ ചരിത്രം പറയുന്ന മ്യൂസിയത്തിൽ കാര്യമായൊന്നും കാണാൻ കഴിഞ്ഞില്ലെങ്കിലും, അവർ മനോഹരങ്ങളായ ഏതാനും പെയിന്‍റിങ്ങുകൾ വിൽപനക്ക് വെച്ചിട്ടുണ്ട്. വിൽപനയെന്ന ചെറിയ വാക്കല്ല, ലേലത്തിനുവെച്ചിരിക്കുന്നു എന്നാണ് ഉപയോഗിക്കേണ്ടത്. അതിന്‍റെ പരസ്യത്തിനുവേണ്ടി അച്ചടിച്ചിറക്കിയ ഒരു ടാബ്ലോയിഡുമുണ്ട്: The Backside Times എന്ന പേരിൽ. ജർമൻ വംശജയാണെങ്കിലും ദക്ഷിണാഫ്രിക്ക ലോകത്തിനു സമ്മാനിച്ച വലിയ ചിത്രകാരികളിൽ ഒരാളാണ് 1966ൽ തന്‍റെ 71ാമത്തെ വയസ്സിൽ അന്തരിച്ച ഇർമ സ്റ്റേൺ (Irma Stern). പോർട്രേറ്റുകളായിരുന്നു അവരുടെ പ്രധാന ഇനമെങ്കിലും കടും നിറങ്ങൾകൊണ്ട് ലോകത്തെ ആവിഷ്കരിക്കാൻ ശ്രമിച്ച ഒരു എക്സ്​പ്രഷനിസ്റ്റ് ചിത്രകാരിയെന്ന നിലയിലാണ് അവർ ശ്രദ്ധേയയായത്. അവർ രചിച്ച ഒരു പോർട്രേറ്റ് ലേലത്തിൽ വിറ്റുപോയത് 53 ദശലക്ഷം റാൻഡിനായിരുന്നു (24 കോടി രൂപ). ദക്ഷിണാഫ്രിക്കൻ ലേലചരിത്രത്തിലെ ഒരു വൻ റെക്കോഡ്!

മാഗിയുടെ ഒരു പെയിന്‍റിങ്

 

ഇർമയുടെ മൊത്തം സംഭാവന 45ൽപരം പെയിന്‍റിങ്ങുകൾ മാത്രമായിരുന്നു. വളരെക്കുറച്ചു മാത്രമാണ് പുറംലോകത്ത് അവർ അറിയപ്പെട്ടതും. ലേലത്തിൽ അവരുടെ ചിത്രങ്ങൾ ചരിത്രം തിരുത്തിയതോടെ ഇർമയുടെ ചിത്രങ്ങളുടെ പ്രദർശനം കാണാൻ ജനം ഇരച്ചെത്തി. ആൾക്കൂട്ടം നിയന്ത്രിക്കാൻ സംഘാടകർക്ക് ഒടുവിൽ പൊലീസിനെ വിളിക്കേണ്ടതായി വന്നുവെന്നും ടാബ്ലോയ്ഡ് പറയുന്നു. ഇനിയും ലേലത്തിൽ പോയിട്ടില്ലാത്തതും 1941ൽ ഇർമ ചെയ്തതുമായ ‘ബ്ലാക്ക് ലില്ലീസ്​’ എന്ന ചിത്രം ബോഷെൻഡാമിൽ കണ്ടു. അതിനോടൊപ്പം മാഗി ലോബ്സറിന്‍റെ (Maggie Laubser) Still life with flowers (1950), എറിക് ലോബ്സറിന്‍റെ (Erik Laubser) Still life with Pears (1952) എന്നീ ചിത്രങ്ങളും. ദക്ഷിണാഫ്രിക്കയിലെ പുതുതലമുറ ചിത്രകാരന്മാരിൽ പലരുടെയും പെയിന്‍റിങ്ങുകൾ വൂർട്രെക്കർ മ്യൂസിയത്തിലെ ആർട്ട് പവിലിയനിൽ വിൽപനക്ക് പ്രദർശിപ്പിച്ചിരുന്ന കാര്യം ഞാനോർത്തു. ചെറുതും വലുതുമായ നിരവധി കാൻവാസുകൾ. ജൊഹാനസ്​ബർഗിലൊരിടത്ത് കലാസാമഗ്രികളും പെയിന്‍റിങ്ങുകളും വിൽക്കുന്ന ഒരു ഷോപ് ഗുന്തർസായിപ്പിന്‍റെ നിലവിലെ ഭാര്യ നടത്തുന്നുണ്ടെന്നു പറഞ്ഞു കേട്ടെങ്കിലും അവിടെ പോകാൻ കഴിഞ്ഞില്ല. ബോഷെൻഡാമിൽ വീഞ്ഞു നുണയാൻ എത്തുന്നവരുടെ തിരക്ക് കൂടിവന്നു. അവർക്ക് അതൊരു ആഘോഷമാണ്. മദ്യപാനമല്ല; സുരപാനം!

(തുടരും)

News Summary - Travel in Johannesburg