മുല്ലപ്പൂ വിപ്ലവം

അടുക്കളയാകെ മൊരിഞ്ഞു മൂത്തതിന്റെ കൊതിമണം വീടാകെ നിറഞ്ഞു മൂക്കിലേക്കടിച്ചു കയറിയ നേരത്താണു ഹേമ കണ്ണു തുറന്നത്. പുതപ്പിത്തിരി നീക്കിയപ്പോൾ ജനലിനപ്പുറത്ത് സുപ്രഭാത ലക്ഷണങ്ങളെല്ലാം സെറ്റാണ്. അപ്പുറത്തെ മീശച്ചെട്ടിയാരുടെ പച്ചക്കള്ളിമുണ്ടും മഞ്ഞവരയൻ ട്രൗസറും അയക്കോലിൽ തൂങ്ങിയാടി വെള്ളമിറ്റിക്കുന്നുണ്ട്. ഉറയൂരിയ ചെട്ടിയാർ വിയർപ്പൊഴുക്കുന്ന മിനുത്ത ദേഹവുമായി പലകപ്പുറത്തിരുന്നു പപ്പടം പരത്തുകയാവുമിപ്പോൾ. അമ്മിണിയക്കയുടെ ചാരക്കോഴികൾ ഇപ്പുറത്തേക്കു ചാടാനും രഹസ്യങ്ങൾ പിടിക്കാനുമായി കിഴക്കേമതിലിൽ നിരന്നിരിപ്പുണ്ട്. മീൻകാരൻ രഞ്ജിത്തിന്റെ സൈക്കിൾ ബെല്ലടി, തെക്കേ തെരുവിലൊരു ബാറ്ററി...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
അടുക്കളയാകെ മൊരിഞ്ഞു മൂത്തതിന്റെ കൊതിമണം വീടാകെ നിറഞ്ഞു മൂക്കിലേക്കടിച്ചു കയറിയ നേരത്താണു ഹേമ കണ്ണു തുറന്നത്. പുതപ്പിത്തിരി നീക്കിയപ്പോൾ ജനലിനപ്പുറത്ത് സുപ്രഭാത ലക്ഷണങ്ങളെല്ലാം സെറ്റാണ്.
അപ്പുറത്തെ മീശച്ചെട്ടിയാരുടെ പച്ചക്കള്ളിമുണ്ടും മഞ്ഞവരയൻ ട്രൗസറും അയക്കോലിൽ തൂങ്ങിയാടി വെള്ളമിറ്റിക്കുന്നുണ്ട്. ഉറയൂരിയ ചെട്ടിയാർ വിയർപ്പൊഴുക്കുന്ന മിനുത്ത ദേഹവുമായി പലകപ്പുറത്തിരുന്നു പപ്പടം പരത്തുകയാവുമിപ്പോൾ.
അമ്മിണിയക്കയുടെ ചാരക്കോഴികൾ ഇപ്പുറത്തേക്കു ചാടാനും രഹസ്യങ്ങൾ പിടിക്കാനുമായി കിഴക്കേമതിലിൽ നിരന്നിരിപ്പുണ്ട്. മീൻകാരൻ രഞ്ജിത്തിന്റെ സൈക്കിൾ ബെല്ലടി, തെക്കേ തെരുവിലൊരു ബാറ്ററി ഓട്ടോ സ്റ്റാർട്ടാവുന്ന നേർത്ത ശബ്ദം തുടങ്ങി പല ജാതി കാഴ്ചകളും കേൾവികളുമായി പുതിയൊരു ദിവസം മുന്നിലെത്തുകയാണ്. പുതിയത് എന്ന പ്രയോഗം ഇവിടെ അപ്രസക്തമാണല്ലോ എന്നു ഹേമ ചിന്തിച്ചു. ഒരേ കാഴ്ചകളും കേൾവികളും അനുഭവങ്ങളും മാത്രമായ ചടപ്പൻ ദിവസങ്ങളാണെല്ലാം. ആവർത്തിച്ചാവർത്തിച്ചു മനം മടുപ്പിച്ചവ. ഉറക്കമാണ് പരമസുഖം.
വൈവിധ്യം നിറഞ്ഞ ഇടങ്ങളിലും മനുഷ്യരിലും അനുഭവങ്ങളിലും ജീവിക്കാനുള്ള ഇത്തിരി നേരം നൽകുന്നതു സ്വപ്നങ്ങളാണ്. അവൾ പുതപ്പു മുഖത്തേക്കു വലിച്ചിട്ടതും ഫോണിൽ മെസേജ് വന്നതിന്റെ വിറയൽ ഉയർന്നു. ഹേമ കൈയെത്തിച്ച് ഫോണെടുത്തു നോക്കി. സീമ ടീച്ചറാണ്. കായലിനരികിലെ പാർക്കിന്റെ ചിത്രവും ഗുഡ് മോണിങ്ങും സ്ക്രീനിൽ തെളിഞ്ഞു.
ടീച്ചറവിടെ മറുപടിക്കായി കാത്തിരിക്കുകയാവും എന്നോർത്തപ്പോൾ ഹേമ ചാടിയെണീറ്റു. അമ്മയുമായി സംസാരിച്ചതിന്റെ റിസൽട്ടറിയാനുള്ള വ്യഗ്രതയാണീ ഗുഡ് മോണിങ് ചിത്രത്തിൽ തിളങ്ങുന്നത്.
‘‘ഒന്നും നടക്കില്ല ടീച്ചറേ... അമ്മ സമ്മതിക്കില്ല’’ എന്നു വോയ്സയച്ച് എല്ലാം അവസാനിപ്പിച്ചാലോ എന്നാണ് ആദ്യം തോന്നിയത്.
“നമ്മൾ ശ്രമിച്ചുകൊണ്ടേയിരിക്കണം. ഒരു പ്രിവിലേജുമില്ലാത്തവർ വിശ്രമിക്കാനേ പാടില്ലെന്നാണ് എന്റെ നിയമം. ഹേമാ യു നോ, ജനിച്ചു വളർന്ന കാട്ടുമുക്കിൽനിന്ന് ഇതുവരെയെത്താനായി ഞാൻ നടത്തിയ അധ്വാനം. അതിപ്പോഴും തുടർന്നുകൊണ്ടേയിരിക്കുകയാണ്. അറിയാമല്ലോ.”
ടീച്ചറുടെ വാക്കുകളാണ് എന്നും ഊർജം, ഡിഗ്രിക്ക് അഡ്മിഷനെടുത്ത് ആ വലിയ കലാലയത്തിൽ എത്തിപ്പെട്ടപ്പോൾ അകത്തും പുറത്തും പരിഭ്രമമായിരുന്നു. പല സന്ദർഭങ്ങളിലും ചുരുങ്ങിച്ചുരുങ്ങി പിന്നാക്കം നീങ്ങിയപ്പോൾ, ഒറ്റപ്പെടലിന്റെ വേദനയിൽ ആകെ തളർന്ന് പരീക്ഷകളിൽ തോൽക്കാൻ തുടങ്ങിയപ്പോൾ, അപ്പോഴാണ് സീമ ടീച്ചർ വിളിപ്പിച്ചത്. ഇതുപോലെ കൂട്ടത്തിലാരുടെയും ശ്രദ്ധയിൽപെടാതെ ടൗണിലെ പബ്ലിക് ലൈബ്രറിയിൽ െവച്ചായിരുന്നു ആ കൂടിക്കാഴ്ച.
“നിന്റെയും എന്റെയും ജീനിലുള്ളതാണീ അപകർഷത. മറ്റുള്ളോന്റെ മുന്നിൽ കൂനിക്കൂടിയേ നിൽക്കാൻ കഴിയൂ. വളരെ കഷ്ടപ്പെട്ടായാലും ഞാനതു പൂർണമായും ഉപേക്ഷിച്ചു. പഴയതിനെയപ്പാടെ ഊരിെവച്ചു നേട്ടങ്ങളിലേക്കു നടന്നു. ഇപ്പോൾ നിനക്കു മുന്നിൽ രണ്ടു വഴികളുണ്ട് ഹേമേ. പോരാടാനും പിന്തിരിഞ്ഞോടാനും. ചോയ്സ് നിന്റെയാണ്.’’
ഇവിടെയും രണ്ടു ചോയ്സുണ്ടെന്ന് ഹേമ ഓർമിച്ചു. ടീച്ചറോടു മറുപടി പറയുന്നതിനു മുമ്പ് അൽപംകൂടി ആലോചിക്കാനും പ്രവർത്തിക്കാനും സമയമുണ്ട്. ഒറ്റയടിക്കു പിൻവാങ്ങുന്നത് പഴയ ഹേമയുടെ പ്രകൃതമാണ്. ഒന്നുകൂടി ശ്രമിച്ചു നോക്കാമെന്ന തോന്നലിൽ അവൾ അടുക്കളയിലേക്കു നടന്നു.
പുളിപ്പിച്ച കഞ്ഞിവെള്ളവും പഴത്തൊലിയുമിട്ടു ചീയിച്ച മിശ്രിതത്തിൽ വെള്ളമൊഴിച്ച് ഇളക്കുകയാണ് അമ്മ. എന്തൊരു കൊടും നാറ്റമാണെന്നു മുഖം ചുളിച്ച് ഹേമ അടുക്കളയിലെ സ്റ്റൂളിൽ ഇരുന്നു.
“നീയിതു കൊണ്ടുപോയിട്ടാ മുല്ലത്തടത്തിലൊഴിച്ചു വാ. ഞാനീ ചോറൊന്നു വാങ്ങട്ടെ.’’
ഒരു കൈകൊണ്ടു മൂക്കുപൊത്തി മറുകൈയിൽ ബക്കറ്റുമായി ഹേമ പുറത്തേക്കിറങ്ങി.
“ഓ മദാമ്മ, നാറ്റമൊന്നും അറിയിക്കാതെ നിന്നെ വളർത്തിയതാ എന്റെ തെറ്റ്...”
കോർക്കാൻ റെഡിയായി തിരിഞ്ഞുനിന്നെങ്കിലും ഒന്നും മിണ്ടാതെ തന്നെ അവൾ മുല്ലച്ചോട്ടിലെത്തി. അമ്മയുടെ മുല്ലക്കൃഷി ഒരു ചരിത്രമാണെന്നും ഈ സ്ഥലത്തിന്റെ മാറ്റത്തിന്റെ കഥയാണതെന്നും ഹേമയോടു പറഞ്ഞതു കാളിമുത്തിയാണ്.
“നമ്മടെ കഥ നമ്മള് തന്നെ പലരോടും പറഞ്ഞുവയ്ക്കണം. നാളെ നീയിതു നിന്റെ പിന്നാലെ വരുന്നോർക്കു കൊടുക്കണം... കേട്ടല്ലാ... ഈ നാടൊണ്ടല്ലോ കണ്ടാലറയ്ക്കണ തീട്ടക്കുണ്ടല്ലാരുന്നോ… ചത്തതും പുയുത്തതും നാറീതും കൊണ്ടതള്ളുന്ന സലം.
അന്റമ്മ ഈ നാല് വീട്ടിലും ഓരോ മുല്ലത്തറി നട്ടുെവച്ചത് വലിയൊരു യുത്തത്തിനു ശേഷമാ. അതിപ്പിന്നയാ നമ്മളിവിടെ മനുഷമ്മാരായി ജീവിതം തൊടങ്ങീത്.
നല്ല മണങ്ങളും നല്ല കാര്യങ്ങളും ഈ ലോകത്തുണ്ടെന്നു ഓർമിപ്പിച്ചതും അതിന്റെ പിന്നാലെ പോവാൻ തൊടങ്ങീതും അവളു കാരണവല്ലേ...”
മുത്തി പലപ്പോഴായി പറഞ്ഞുതന്ന കാര്യങ്ങളു കൂട്ടിെവച്ച് ഹേമയൊരു ചരിത്രമുണ്ടാക്കിെവച്ചിട്ടുണ്ട്. എവിടെയും ആവശ്യമില്ലാത്ത, ആർക്കും താൽപര്യമില്ലാത്ത കഥയാണെങ്കിലും ഒരു വൈകുന്നേരം ലാബിലെ ഒഴിഞ്ഞ മൂലയിലിരുന്നു സീമ ടീച്ചറോടതു വിസ്തരിച്ചു പറഞ്ഞപ്പോളവൾക്ക് ഒട്ടും ചെറുതല്ലാത്തൊരു അഭിമാനംതോന്നി.
പണ്ട് നഗരത്തിന്റെ മാലിന്യമുക്കായിരുന്നു ഈ ഭാഗം. പുറമ്പോക്കിന്റെ പകുതിയും ചെറിയൊരു ചേരിയും റെയിൽവേ ലൈനും കൂടിച്ചേർന്നയിടത്തേക്ക് ഉപേക്ഷിക്കപ്പെട്ട വസ്തുക്കളും ജീവിതങ്ങളും വന്നുചേർന്നുകൊണ്ടിരുന്നു. നഗരം അതിന്റെ വിസർജ്യങ്ങളെയെല്ലാം ഒരേ ദിശയിലേക്കു കളഞ്ഞുകൊണ്ടിരുന്നു. എങ്ങനെയോ കാലങ്ങളിലൂടെ വന്നു പതിഞ്ഞ ഗതികേടായിരുന്നു അത്. അങ്ങോട്ടാണ് ചന്ദ്രൻ എന്ന യുവാവ് തമിഴത്തിയായ മോഹമല്ലിയെ പൂപ്പാടത്തുനിന്നും പ്രേമിച്ചു കെട്ടിക്കൊണ്ടുവന്നത്...
ആ ദിവസങ്ങളെക്കുറിച്ചോർക്കാൻ പോലും താൽപര്യമില്ലെന്നാണ് അമ്മയുടെ ഇപ്പോഴത്തെ നിലപാട്. മുത്തി പറഞ്ഞ കഥയും കേട്ട് കഥാപാത്രത്തിന്റെ പിറകേ ചെല്ലാൻ നോക്കിയന്ന് അമ്മ മട്ടലെടുത്തോങ്ങി.
“ഓളോടു ചോയ്ക്കല്ലമ്മിണ്യേ, അക്കാലം ഓർമിപ്പിച്ചാലാപ്പെണ്ണിന് കലിയെളകും.’’
മുത്തി പറഞ്ഞു.
മോഹങ്ങളു മാത്രം നിറച്ച് പ്രേമത്തിൽ മിനുക്കിയെടുത്തു കൈപിടിച്ചു കൊണ്ടു വന്നതൊരു നരകമാണെന്നു തിരിച്ചറിയുമ്പോൾ ഏതൊരു പെണ്ണിനും ഉള്ളു കലങ്ങും. സർക്കാറിന്റെ വകയായി പുറമ്പോക്കുഭൂമിയിൽനിന്നും പതിച്ചു കൊടുത്ത സ്ഥലവും അതിലെ നാലഞ്ചു വീടുകളും ദുർഗന്ധത്തിലാണ്ടു മുങ്ങിക്കിടക്കുന്ന അവസ്ഥയിലേക്കാണ് മോഹമല്ലിയെ പടവുകാരനായ ചന്ദ്രൻ കൈപിടിച്ചെത്തിച്ചത്. ചന്ദ്രന്റെ അപ്പൻ താമി തോട്ടിപ്പണിക്കാരനായിരുന്നു. നഗരത്തിന്റെ നാറ്റം മുഴുവനുമേറ്റെടുക്കുന്ന താമിക്കും കൂട്ടർക്കും ഇവിടെ സ്ഥലം പതിച്ചുകൊടുത്തത് അന്നത്തെ തഹസിൽദാരായ തമ്പി സാറായിരുന്നു.
കേട്ട കഥകളേക്കാൾ വളരെ മോശപ്പെട്ട അനുഭവമായിരുന്നു മോഹമല്ലിയെ കാത്തിരുന്നത്. തോട്ടിപ്പണി ഇല്ലാതായെങ്കിലും നടവഴിയരികിലെ പന്നിക്കൂട്ടങ്ങളും അഴുക്കു കെട്ടിയടിഞ്ഞു ഈച്ചയും എലിയും നിറഞ്ഞ മാലിന്യപ്പറമ്പും കുത്തിക്കയറുന്ന നാറ്റവും അസഹനീയമായിരുന്നു. അറവുശാലകളിലേയും വിരുന്നിടങ്ങളിലെയും മറ്റു താമസസ്ഥലങ്ങളിലെയും വേസ്റ്റുകൾ കുത്തിനിറച്ച ലോറികളും ചെറുവണ്ടികളും രാത്രികാലങ്ങളിൽ പതുങ്ങിപ്പതുങ്ങി വന്ന് ഭാരമൊഴിച്ചു തിരിച്ചുപോവും.
അന്നാട്ടിലെ ചുരുങ്ങിയ ജീവിതങ്ങൾക്കതൊരു പ്രശ്നമായി തോന്നിയതേയില്ല. അത്രത്തോളം അവരതിനോടു പൊരുത്തപ്പെട്ടു കഴിഞ്ഞിരുന്നു. പക്ഷേ, മോഹമല്ലിക്ക് അതൊരു ഞെട്ടലായിരുന്നു. ആദ്യ രാത്രി തുടങ്ങും മുന്നേ വളഞ്ഞു കുത്തിയിരുന്ന് ഓക്കാനിച്ച പുതുപെണ്ണിനെ കണ്ട് അയൽപക്കക്കാർ അന്തിച്ചുനിന്നു. വെറ്റിലയും കശുമാവിന്റെ തളിരും പുളിയാറിലയും കൂട്ടിയുരുമ്മി മണപ്പിക്കാൻ ചെന്ന കാളിമുത്തിയുടെ നേർക്കവൾ ചീറി.
നാറ്റത്തിൽ പഴകിക്കഴിഞ്ഞവർക്ക് ഇതൊന്നുമൊരു കാര്യമേയല്ലെന്നും കുറച്ചു കാലം കഴിഞ്ഞാൽ താനും ഇതുപോലെയാവുമെന്നും ഒരു ഞെട്ടലോടെയാണവൾ മനസ്സിലാക്കിയത്. ഭാവിയിൽ കുഞ്ഞുങ്ങളുണ്ടാവുന്നതും അവരും ഈ ചീഞ്ഞളിഞ്ഞ വഴികളിലൂടെ നടക്കുന്നതും ഓർത്തപ്പോൾ മോഹമല്ലിക്കു ദേഷ്യം കയറി. അവൾ ചന്ദ്രന്റെ മുന്നിലെത്തി വലങ്കാലെടുത്തവന്റെ മടിയിൽ െവച്ചു.
“എന്നങ്കേ... ഇത് സരിയാവില്ല. ഈ നാറ്റവും അഴുക്കും മാറണം. ഇന്ത മുടിവോടെ മട്ടും താൻ നമ്മ ലൈഫിന്റെ തുടക്കം.’’ മോഹമല്ലി സുഗന്ധം പേറി വന്ന കാറ്റാണെന്നു കാളിമുത്തി പറയും.
ചന്ദ്രനെ മുന്നിൽ നിർത്തി മറ്റു വീട്ടുകാരെയും സംഘടിപ്പിച്ച് കൃത്യമായ പ്ലാനിങ്ങോടെ അവൾ മുന്നോട്ടിറങ്ങി. മാലിന്യവണ്ടികളെ തടഞ്ഞു തിരിച്ചയച്ചും ചാലുകൾ കീറി അഴുക്കു വറ്റിച്ചും വലിയ കുഴി കുത്തി കച്ചറ വേസ്റ്റുകൾ സംസ്കരിച്ചും പഞ്ചായത്തിൽ പോയി കുത്തിയിരുന്നു പണം പാസാക്കിയെടുത്തു കക്കൂസുകൾ പണിയിച്ചും ആ പ്രദേശമാകെ മാറുകയായിരുന്നു. ചുറ്റിനും നിറയുന്ന ശുചിത്വത്തിന്റെ പുതുമയും അതു നൽകുന്ന സന്തോഷവും ആദ്യമായി അവരാസ്വദിക്കുകയായിരുന്നു. അതെല്ലാവർക്കും ബോധ്യമായെന്നു മനസ്സിലായ ദിവസമാണ് മോഹമല്ലി എല്ലാ വീട്ടുമുറ്റത്തും മുല്ലച്ചെടി നട്ടത്.
“ഇന്നു മുതൽ പുതിയ വാഴ്‌വ്, പുതിയ ഗന്ധം’’, അവർ പ്രഖ്യാപിച്ചു.
വെള്ളവും വളവും ലോഭമില്ലാതെ നൽകിയതിനാലാവും ഹേമയുടെ വീട്ടിലെ മുല്ലയൊരു വള്ളിക്കുടിലായി മാറിയത്. വള്ളികളുടെ ഇരിപ്പിടവും മേലാപ്പും മനോഹരമായി ഒരുക്കിയതും അമ്മയാണ്. എല്ലാ കാലത്തും പൂക്കുന്ന ആ മുല്ലപ്പന്തലിനെ വീട്ടിലെ അംഗമായിട്ടാണു കരുതുന്നതും പരിപാലിക്കുന്നതും.
വാർക്കപ്പണിക്കിടയിലെ അപകടത്തിൽപെട്ടു അപ്പ ആശുപത്രിയിൽ കിടന്ന സമയത്തും അമ്മ വീട്ടിലേക്കോടി വന്നിരുന്നു.
“അവളടെ ജീവനല്ലേ ഈ വള്ളിക്കുടില്, ചോയ്ച്ചാ ഒന്നും മിണ്ടില്ല. പക്ഷേ എനിക്കറിയാം.
നിന്റമ്മന്റെ ഉയിരും ഓർമയും ഇതിമ്മല് കുരുങ്ങിക്കെടക്കുന്നുണ്ട്.’’ മുത്തി പറഞ്ഞു.
“മുല്ലമൊട്ടിന്റെ വിൽപന മാത്രമാവില്ല, അവരു ജനിച്ച നാടിന്റെയോ വീടിന്റെയോ അല്ലെങ്കിൽ പ്രിയപ്പെട്ട എന്തിന്റെയോ ഇടമായിട്ടാണ് ആ മുല്ലപ്പന്തലിനെ കാണുന്നതെന്നു തോന്നുന്നു. അതിനെ പരിപാലിക്കുമ്പോഴും അവിടെ ചെന്നിരിക്കുമ്പോഴും മാത്രം കിട്ടുന്ന ഒന്നുണ്ടായിരിക്കാം. അവരെ ആ വഴിക്കു വിട്ടേക്കു ഹേമാ, നിന്റെ സന്തോഷമെന്തെന്നു കണ്ടെത്താൻ ശ്രമിക്ക്.’’
അപ്പ മരിച്ചിട്ടും കരയാത്ത അമ്മയെ പറ്റി സീമട്ടീച്ചറോടു സങ്കടം പറഞ്ഞതായിരുന്നു. പകൽ മുഴുവനും മുറിക്കുള്ളിൽ തല മൂടി ഇരിക്കുന്ന അമ്മ സന്ധ്യ മൂക്കുമ്പോൾ പുറത്തിറങ്ങി വള്ളിക്കുടിലിൽ ഒളിച്ചിരിക്കും. അമ്മയെ കാണാതെ ഭയന്നു ചുറ്റും നടന്നു വിളിച്ചപ്പോഴും മിണ്ടാതെയിരുന്ന് അവസാനം കണ്ടെത്തിയപ്പോൾ എന്തൊരു ശാന്തതയായിരുന്നു മുഖത്ത്.
കൊഴിഞ്ഞു കിടക്കുന്ന മുല്ലപ്പൂക്കളിൽനിന്നും ഒന്നു രണ്ടെണ്ണം പെറുക്കിയെടുത്തവൾ അടുക്കളയിലേക്കു നടന്ന്, തിരക്കിട്ടു പണിയെടുക്കുന്ന അമ്മയുടെ മുടിക്കെട്ടിൽ തിരുകിെവച്ചു. ചോറു കോരി ഇലകളിലിട്ടു കറികളും ഒതുക്കി വിളമ്പി പൊതി കെട്ടുന്നതിനിടയിൽ അമ്മയൊന്നു തിരിഞ്ഞു നോക്കിയതിനുശേഷം പണികളിലേക്കു തിരിഞ്ഞു. ടൗണിലെ ഉഡുപ്പി ഹോട്ടലിലേക്കുള്ള ഏർപ്പാടാണീ പൊതികൾ. മുമ്പു സുലൈമാനിക്കയുടെ റഹ്മാനിയ ഹോട്ടലായിരുന്ന കാലം മുതൽക്കുള്ള പണിയാണ്. അന്നം കെട്ടിപ്പൊതിഞ്ഞുണ്ടാക്കിയ ജീവിതമാണെന്ന് അമ്മയും മുത്തിയും പറയാറുണ്ട്.
“മ്മാ..?” ഹേമ ബെഞ്ചിലിരുന്നു.
“ഉം...”
“ഞാനെന്താ പറയണ്ടത് ടീച്ചറോട്?, ഇന്റർവ്യൂവിന് പോവുന്നുണ്ടെന്നോ അതോ?”
അമ്മ നിവർന്നുനിന്നു.
“പണ്ട് ഊരിലായിരുന്ന കാലത്ത് ചില കാര്യങ്ങളു കണ്ടു നേരിട്ടു ഞാൻ വഴക്കിനു ചെന്നിട്ടുണ്ട്. പെണ്ണിന്റെ ഇഷ്ടം ചോദിക്കുക കൂടി ചെയ്യാതെ കല്യാണം നടത്തുന്നതായിരുന്നു ഒന്ന്. എല്ലാരുടേം മനസ്സില് അതൊക്കെയൊരു ആചാരംപോലെ ഉറച്ചു കിടക്കാണെന്നു മനസ്സിലായപ്പോ ഞാനതീന്ന് എന്നെ പറിച്ചെടുത്തു പുറത്തു ചാടി. നിനക്കു ബോറടിക്കുന്നുണ്ടോ?”
“ഇല്ല...”
“നീയാലോചിച്ചിട്ടുണ്ടോ, ഒരു വീടുണ്ടാക്കുമ്പോ ആ വീട്ടിലെ പെണ്ണിനു വെറുതെയിരിക്കാനൊരു സ്ഥലത്തെക്കുറിച്ചൊന്നും ഈ കാലത്തും ആരും ഓർക്കാറില്ല. പൂജാമുറി, അടുക്കള, അമ്മി, പാത്രം കഴുകാൻ, അലക്കാൻ ഇതൊക്കെ മാത്രമാണു പെണ്ണുങ്ങടെ സ്ഥലങ്ങള്. അതാണു ലോകം. ആണായാലും പെണ്ണായാലും ജീവിതത്തില് സന്തോഷം വേണം. അതു കിട്ടുമെന്നൊരു ഒറപ്പ് നിനക്കു തോന്നുന്നൊണ്ടെങ്കി ടീച്ചറോടു സമ്മതം പറഞ്ഞേക്ക്.’’
അമ്മ പൊതികൾ കടലാസു പെട്ടിയിലേക്ക് അടുക്കിവെക്കാൻ തുടങ്ങി.
ഹേമ അൽപനേരം കൂടി അവിടെ നിന്നു. അമ്മയുടെ സമ്മതം കിട്ടിയിട്ടും മനസ്സിൽ സന്തോഷമൊന്നും വരുന്നില്ലെന്ന് അവൾ തിരിച്ചറിഞ്ഞു. അമ്മ നിഷേധ നിലപാടിൽ തുടരണമെന്നായിരുന്നോ താനും ഉള്ളിന്റെയുള്ളിൽ ആഗ്രഹിച്ചിരുന്നത്. അവൾക്കു തല പെരുക്കുന്നതുപോലെ തോന്നി.
പി.ജിയും കഴിഞ്ഞു വെറുതെയിരുപ്പു തുടങ്ങി വർഷം രണ്ടു തീർന്നിട്ടും ജോലിയൊന്നും ശരിയായില്ലെന്ന സങ്കടം സീമട്ടീച്ചറോടു പറഞ്ഞത് ആറു മാസം മുമ്പാണ്. അമ്മയെ സഹായിക്കാനായി ഹോട്ടലിലേക്കുള്ള ചോറു പൊതികൾ എത്തിച്ചു മടങ്ങുന്ന വഴിയിൽ പോസ്റ്റ് ഓഫിസിൽ െവച്ചു ടീച്ചറെ കണ്ടുമുട്ടുകയായിരുന്നു.
നിരാശയിലേക്കു വീഴാൻ എളുപ്പമാണെന്നും പരിശ്രമിച്ചു കൊണ്ടേയിരിക്കണമെന്നും പ്രതീക്ഷ വറ്റാതെ നോക്കണമെന്നും തന്റേതായ വഴിയിലൂടെയും അന്വേഷിക്കാമെന്നും ടീച്ചർ പറഞ്ഞു.
നാലു ദിവസം മുമ്പാണ് ഉടനെയെത്തണമെന്നു പറഞ്ഞു ടീച്ചറിന്റെ മെസേജ് വന്നത്. കോട്ടക്കു പിന്നിലെ നടപ്പാതയിൽ െവച്ചായിരുന്നു കണ്ടുമുട്ടൽ. ടീച്ചറിന്റെ മുഖത്തു നല്ല ഉത്സാഹമുണ്ടായിരുന്നു. നല്ലൊരു സംഗതി മുന്നിലെത്തിയിട്ടുണ്ടെന്നും നടന്നാൽ നിങ്ങളുടെ ജീവിതമപ്പാടെ മാറുമെന്നും അതിനാൽ നന്നായി ചിന്തിച്ചു വേണം തീരുമാനമെടുക്കാനെന്നും ടീച്ചർ പറഞ്ഞു. അര മണിക്കൂറോളം വിശദീകരിച്ചു പറഞ്ഞ േപ്രാജക്ടിന്റെ ചുരുക്കം ഇങ്ങനെയായിരുന്നു.
ടീച്ചറുടെ ശിഷ്യനായ മാനുവേലിന്റെ ഫാമിലി ഗ്രൂപ് ഒരു പുതിയ സംരംഭവുമായി എത്തിയിരിക്കുകയാണ്. ക്ലീൻ ദ സിറ്റി എന്നാണു പേര്. പേരുപോലെ തന്നെ വീടുകളിലെയും കടകളിലെയും തുടങ്ങി വൻ ഹോസ്പിറ്റലുകളിലെയടക്കം മാലിന്യങ്ങളുടെ സംസ്കരണമാണ് ഉദ്ദേശ്യം. കറന്റ്, വാട്ടർ ചാർജുകൾ പോലെ ഉപയോഗത്തിനനുസരിച്ചു കൃത്യമായി ബില്ലു കൊടുത്താണു പദ്ധതി നടപ്പാക്കുന്നത്.
“സൗജന്യമായി ശുചീകരണം നടക്കുന്നതു കാണുന്നതു കൊണ്ടാണു നമ്മൾ വഴിയും നമ്മുടേതല്ലാത്ത ഇടങ്ങളും വൃത്തികേടാക്കുന്നത്. വെറുതേ നടക്കുന്നതിനിടയിൽ വഴിയിൽ തുപ്പുന്ന ആൾക്കാരെ കണ്ടിട്ടില്ലേ, പെയ്ഡ് ആയി മാറുമ്പോൾ മലിനീകരണവും മാലിന്യങ്ങളും കുറയും. അതാണ് ഞങ്ങളുടെ ഉദ്ദേശ്യം. ഒരു നാടുമായി ബന്ധപ്പെട്ട എല്ലാ മാലിന്യങ്ങൾക്കും അതായത് ടോയ്ലറ്റു മുതൽ കിച്ചൺ വരെയുള്ളവക്കെല്ലാം ഇതോടെ പരിഹാരമാവുകയാണ്..”
മാനുവേൽ പറഞ്ഞതിന്റെ ബാക്കിയും അതു ഹേമയുടെ ജീവിതത്തെ മാറ്റുന്ന വിധവും പറഞ്ഞപ്പോൾ ടീച്ചറൊരൽപം ഡൗണായിരുന്നു.

“ഈ സംരംഭം വരാനുദ്ദേശിക്കുന്നതു നിങ്ങളുടെ വീടുള്ള ഭാഗത്താണ്. ടൗണിൽ നിന്നും ഒഴിഞ്ഞ പ്രദേശമായതുകൊണ്ടു മാത്രമല്ല, നാടിന്റെ ചരിത്രവും അങ്ങനെയാണല്ലോ.
നിങ്ങളുടേതുൾപ്പെടെ നാലു വീടുകളും അവർക്കു നൽകിയാൽ പകരമായി മറ്റൊരു സ്ഥലത്ത് നാലു ഫ്ലാറ്റുകൾ ലഭിക്കും. പ്രധാന കാര്യം, ഹേമയ്ക്കു നല്ല സാലറി കിട്ടുന്ന ഒരു ജോലി ലഭിക്കുമെന്നതാണ്. നന്നായി ആലോചിച്ച് അമ്മയെ പറഞ്ഞു സമ്മതിപ്പിക്കേണ്ടത് ഹേമയാണ്...’’
ജോലി എന്ന വാക്കിനു നൽകാൻ കഴിയുന്ന പ്രതീക്ഷയുടെ തിളക്കം വലുതായതുകൊണ്ടു ചിന്തകളെല്ലാം ആ വഴിയേ മാത്രമാണു ചലിക്കുന്നത്. അമ്മയോടു പറയുകയും തർക്കിക്കുകയും ചെയ്തപ്പോഴും സമ്മതം കിട്ടുമെന്നു കരുതിയതേയില്ല. അമ്മയുടെ വാക്കാണു മറ്റുള്ളവരുടേയുമെന്നതിനാൽ ഒന്നാം കടമ്പ കയറിയ ആശ്വാസത്തോടെ
ടീച്ചർക്കു മെസേജയക്കുകയും ഇന്റർവ്യൂവിനു ചെല്ലാമെന്നു പറയുകയുംചെയ്തു. എന്നാൽ, മുമ്പെങ്ങുമില്ലാത്ത തരത്തിലൊരു ആശങ്കയുടെ നിഴൽ എപ്പോഴും കൂടെയുണ്ടെന്ന് അവൾക്കു തോന്നി. അതിനെ പ്രതിരോധിക്കാനും മുന്നോട്ടുതന്നെ നീങ്ങാനുമുറച്ച് അവൾ അമ്മയുടെ അടുത്തെത്തി. അമ്മ ഏതോ ചിന്തയിൽ മുഴുകി മുല്ലത്തറയിൽ ഇരിക്കുകയായിരുന്നു.
നല്ല വരുമാനമുള്ള ജോലിയായിരിക്കും ലഭിക്കാൻ പോകുന്നത്. കമ്പനി നൽകുന്ന താമസസ്ഥലത്ത് എല്ലാ സൗകര്യങ്ങളുമുണ്ടാവും. അമ്മയിനി പണിയെടുത്തു കഷ്ടപ്പെടേണ്ടി വരില്ല. ഹേമ അമ്മയോടു പറഞ്ഞു. അമ്മ വെറുതേ മൂളിയതല്ലാതെ ഒന്നും മിണ്ടിയില്ല.
ഇന്റർവ്യൂ ദിവസം രാവിലെ യാത്ര പറഞ്ഞപ്പോൾ അമ്മയുടെ മുഖത്തു തെളിച്ചമൊട്ടുമില്ലെന്നു ഹേമയറിഞ്ഞു.
“മോളേ... അവസാന തീരുമാനത്തിലെത്തും മുമ്പ് എല്ലാവശത്തേക്കും നോട്ടമെത്തിക്കാൻ നിനക്കു കഴിയണം. എത്ര മഹത്ത്വമുള്ളവരാണെങ്കിലും ചില സന്ദർഭങ്ങളിൽ ആടിപ്പോവാറുണ്ട്. പക്ഷം പിടിക്കേണ്ടി വരുമ്പോൾ സ്വാർഥരായി മാറുകയും ചിന്തകളെ കൊട്ടിയടക്കുകയും ചെയ്തേക്കാം. അതുകൊണ്ട്, എല്ലാ വാക്കുകൾക്കിടയിലും നന്നായി ചിന്തിക്കുക.” അമ്മ പറഞ്ഞു.
കൃത്യസമയത്തു തന്നെ ഹേമ മാനുവൽ പറഞ്ഞ ഓഫീസിലെ റിസപ്ഷനു മുന്നിലെത്തി.
കൗണ്ടറിലെ വെളുത്ത സുന്ദരി സർട്ടിഫിക്കറ്റുകൾ കൈപ്പറ്റുകയും കാത്തിരിക്കാനായി അവകാശപ്പെടുകയുംചെയ്തു. അവരുടെ ചലനങ്ങളിലും പുഞ്ചിരിയിലുമെല്ലാം എടുത്തു കാണിക്കുന്ന സഹതാപച്ചുവ തിരിച്ചറിഞ്ഞപ്പോൾ ഹേമ അസ്വസ്ഥയായി. ഉദ്യോഗാർഥികളായി മറ്റാരുമില്ലാത്ത ഒരിന്റർവ്യൂവാണു മുന്നിലെ ചില്ലു വാതിലിനപ്പുറത്തു കാത്തിരിക്കുന്നതെന്ന് അവൾക്കു മനസ്സിലായി.
കൃത്യമായൊന്നു തയാറാവുന്നതിനു മുമ്പേ ചില്ലുവാതിൽ തുറക്കുകയും ഹേമ അതിനുള്ളിലേക്ക് ആനയിക്കപ്പെടുകയുംചെയ്തു.
മുറിക്കുള്ളിലെ വട്ടമേശയിൽ അവർ നാലുപേരുണ്ടായിരുന്നു. തിളങ്ങുന്ന കറുത്ത സൂട്ടിട്ടവരും മുഖം മിനുക്കിയവരും ഒരേ ഛായയെന്നു ഹേമക്കു തോന്നിയവരുമായ നാലുപേർ.
“ദി ലാസ്റ്റ് മാൻ, എന്നു കേട്ടിട്ടുണ്ടോ മിസ് ഹേമാ..?” ഒരാൾ ചോദിച്ചു.
“യെസ്, മേരി ഷെല്ലിയുടെ നോവലാണ്.’’ ആത്മവിശ്വാസത്തോടെ ഹേമ പറഞ്ഞു.
നാലുപേരും പൊട്ടിച്ചിരിക്കുന്നതു കണ്ടപ്പോൾ ഹേമയുടെ മുഖം വിളറുകയും അവൾ ഇരിപ്പിടത്തിലേക്ക് ഒന്നുകൂടി ഒതുങ്ങി ഇരിക്കുകയുംചെയ്തു.
“നോ… നോ... ലാസ്റ്റ് മാൻ ഒരു തിയറിയാണ്. നമ്മുടെ രാഷ്ട്രപിതാവ് പറഞ്ഞുെവച്ച വലിയൊരു കാര്യം...” ഒന്നാമൻ പറഞ്ഞു.
‘'നിങ്ങളെപ്പോലുള്ളവർക്കു വേണ്ടിയാണ് അദ്ദേഹമതു പറഞ്ഞത്. എന്നിട്ടും ഹേമയതിനെ വെറുമൊരു ഫിക്ഷനാക്കി!’’ രണ്ടാമൻ പിന്നെയും ചിരിച്ചു.
എന്തോ വലിയൊരു തെറ്റു ചെയ്തപോലെ ഹേമ നടുങ്ങുകയും വിയർക്കുകയുംചെയ്തു.
‘‘സോറി, സാർ…’’, എങ്ങനെയോ പറഞ്ഞൊപ്പിച്ചു തീർന്ന നിമിഷം എന്തോ നാറ്റം മുറിക്കുള്ളിൽ നിറയുന്നതായി അവൾക്കു തോന്നി. പരിഭ്രമത്തോടെ അവൾ ചുറ്റിനും നോക്കി.
‘‘നോ സോറി, ഹേമാ നമ്മളൊരു ടീമാവാൻ പോവുന്നവരല്ലേ... പാനിക്കാവണ്ട. ടേക് ഡിസിഷൻസ് കീപ്പിങ് ഇൻ മൈൻഡ് ദി ലാസ്റ്റ് മാൻ ഇൻ ക്യൂ എന്ന പോലെന്തോ ആയിരുന്നു ഗാന്ധിജിയുടെ നിർദേശം...” മൂന്നാമൻ പറഞ്ഞു.
‘‘അതായത് ഒരു രാജ്യത്തു വികസനം ആലോചിക്കുമ്പോൾ അവിടത്തെ തോട്ടിപ്പണിക്കാർക്കുകൂടി ഉയർച്ചയുണ്ടാവുന്ന തരത്തിലായിരിക്കണമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്...” രണ്ടാമൻ ഹേമയെ നോക്കി കണ്ണിറുക്കി.
അവൾക്ക് അമ്മയെ ഓർമവന്നു. അപ്പനേയും മുത്തി പറഞ്ഞ മുത്തച്ചനേയും ഓർമ വന്നു. ഹേമ നിവർന്നിരുന്നു.
“അദ്ദേഹത്തിന്റെ വിഷനാണു നമ്മുടെ മോട്ടോ. ഒപ്പം ഈ നാടിന്റെയും പിന്നീടു കേരളമൊട്ടാകെയും പടർന്ന് ഇവിടത്തെ മാലിന്യ പ്രശ്നങ്ങളെ ഇല്ലാതാക്കൽ. സീമ ടീച്ചറുടെ റക്കമന്റേഷനിൽ ഹേമക്കു നല്ലൊരു പൊസിഷനാണ് ലഭിക്കാൻ പോവുന്നത്. ഒരു ടോട്ടൽ ചേഞ്ച്.’’
നാലാമൻ ഫയൽ നിവർത്തി.
“റക്കമന്റേഷൻ മാത്രമല്ല, ഞങ്ങൾ പരിശോധിച്ചു. യു ആർ ക്വാളിഫൈഡ്. എല്ലാ തരത്തിലും... സോ…’’ മൂന്നാമൻ വാക്കുകൾ മുറിച്ചു.
“ഞങ്ങളുടെ വ്യവസ്ഥകൾ ഒ.കെ ആണെങ്കിൽ ഹേമക്ക് ഈ മാസംതന്നെ ജോയിൻ ചെയ്യാം.
സൗത്ത് സോണിന്റെ മാനേജ്മെന്റ് വിങ്ങിൽ സൂപ്പർവൈസർ ആയിരിക്കും. ആ ഏരിയയിലെ കലക്ഷൻ, ബില്ലിങ് തുടങ്ങിയവയുടെ മേൽനോട്ടം... ഫീൽഡിൽ പോവേണ്ട. കാബിനിലിരുന്നു ചെയ്താൽ മതി... എന്തുപറയുന്നു?”
ഹേമ കണ്ണുകളടച്ചു കാളിമുത്തിയുടെ കഥയിലേക്കു കയറി.
“ഇന്നാട്ടിനാകെ ഒറ്റ നാറ്റല്ലേർന്നോ, കണ്ടോരടെ തൂറ്റലും തുപ്പലും കലന്ന നാറ്റം... തേച്ചാലും കുളിച്ചാലും മാറാതെ. അന്റെ മുത്തച്ചന്റെ വെരലൊക്കെ പുയ്‌പ്പ് വന്നേപ്പിന്നാ നിർത്തീത്.”
“ഹേമാ... ആർ യു ഓക്കെ?” മൂന്നാമൻ മേശപ്പുറത്തു തട്ടി.
ഹേമ കണ്ണു തുറക്കുകയും നാലുപേരേയും നോക്കി പുഞ്ചിരിക്കുകയും ചെയ്തതിനു ശേഷം ബാഗിന്റെ സിപ്പു തുറന്നു.
ഒരു കൈ നിറയെ മുല്ലപ്പൂക്കൾ വാരിയെടുത്ത് നാലുപേരുടെയും നോട്ടത്തിനു മുന്നിലായി മേശപ്പുറത്തു െവച്ചിട്ടവൾ എഴുന്നേറ്റു.
മുറിയിലാകെ സുഗന്ധം നിറഞ്ഞു. സൂട്ടിട്ടവർ ടവ്വലെടുത്തു മൂക്കു തുടച്ചു.
“ലാസ്റ്റ്മാൻ എന്ന പദവി ഇനിയും താങ്ങാൻ വയ്യ സാറമ്മാരേ... വഴികൾ വേറേയുമുണ്ടല്ലോ, നോക്കട്ടെ മുന്നിലെത്താൻ പറ്റിയില്ലെങ്കിലും നടുവിലെങ്കിലും എത്താമെന്നുറപ്പുണ്ട്. പിന്നെ ഈ േപ്രാജക്ടിനെക്കുറിച്ചൊന്നു കൂടി ചിന്തിക്കുന്നതു നന്നായിരിക്കും. കോരാനാളുണ്ടെങ്കിലും കാശിറക്കണമെന്നു വന്നാല് മാലിന്യമപ്പാടെ അപ്പുറത്തേക്കു തട്ടാനും ഒരു വഴിയുമില്ലെങ്കി വിഴുങ്ങാനും സാമർഥ്യമുള്ള ക്ലയന്റ്സ് നിങ്ങടെ കൂട്ടത്തിൽതന്നെ ഉണ്ടാവുമ്പോൾ പ്രത്യേകിച്ചും.”

ഹേമ പുറത്തെത്തിയതിനു ശേഷം ശ്വാസമാഞ്ഞു വലിച്ചു... എല്ലാ കനവുമൂർന്നുപോയ സന്തോഷത്തിൽ കാറ്റിനൊപ്പം പറന്ന് വീട്ടുമുറ്റത്തെ മുല്ലക്കുടിലിലെത്തി. അവിടെ അമ്മയുണ്ടാവുമെന്നവൾക്കുറപ്പായിരുന്നു. പൂക്കളിൽ മുഖം ചേർത്തിരിക്കുന്ന അമ്മയെ ചേർത്തുപിടിച്ച് അവൾ മെല്ലെ കണ്ണടച്ചു. ശരീരത്തിന്റെ ഓരോ അണുവിലും നിറയുന്ന സുഗന്ധക്കുളിരിലേക്കു തങ്ങളെയപ്പാടെ തുറന്നിട്ടുകൊടുത്ത് രണ്ടു പെണ്ണുങ്ങൾ വെറുതെയിരുന്നു.