ആകുലതകളുടെ അമ്പത് വർഷങ്ങൾ

റബർത്തോട്ടത്തിന്റെ ഒത്തനടുവിലായിരുന്നു മരണവീട്. അനച്ചകം പടർന്നു കയറിയ കയ്യാലയ്ക്കരുകിൽ നിന്നുകൊണ്ട് കുരിയാല ജോണി അവിടേയ്ക്ക് എത്തിനോക്കി. മൗനത്തിന്റെ നീണ്ട ഇടവേള കാത്തുസൂക്ഷിച്ച് എവിടെയോ ഒരു നായ കുരയ്ക്കുന്നുണ്ട്. റബർ മരത്തലപ്പുകളുടെ നിഴൽ വാരിച്ചുറ്റിയ വീട്ടിനുള്ളിലെ അടക്കിപ്പിടിച്ച തേങ്ങലുകൾക്കായ് അയാൾ കാതോർത്തു. ജഡത്തിന് ചാരെ ചമ്രം പടിഞ്ഞിരുന്ന് ഗ്രന്ഥപാരായണം ചെയ്യുന്ന വാത്തുപ്പണിക്കന്റെ പതറിയ സ്വരം അവ്യക്തമായി കേൾക്കാം. ആളുകൾ വന്നും പോയുമിരുന്നു. രണ്ടുമൂന്നു ചെറുപ്പക്കാർ വീടിന്റെ തെക്കുഭാഗത്ത് ചിതയൊരുക്കുന്നു. ജോണി സാവധാനം വെട്ടുകല്ലുപടികൾ പിന്നിട്ട്...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
റബർത്തോട്ടത്തിന്റെ ഒത്തനടുവിലായിരുന്നു മരണവീട്. അനച്ചകം പടർന്നു കയറിയ കയ്യാലയ്ക്കരുകിൽ നിന്നുകൊണ്ട് കുരിയാല ജോണി അവിടേയ്ക്ക് എത്തിനോക്കി. മൗനത്തിന്റെ നീണ്ട ഇടവേള കാത്തുസൂക്ഷിച്ച് എവിടെയോ ഒരു നായ കുരയ്ക്കുന്നുണ്ട്. റബർ മരത്തലപ്പുകളുടെ നിഴൽ വാരിച്ചുറ്റിയ വീട്ടിനുള്ളിലെ അടക്കിപ്പിടിച്ച തേങ്ങലുകൾക്കായ് അയാൾ കാതോർത്തു. ജഡത്തിന് ചാരെ ചമ്രം പടിഞ്ഞിരുന്ന് ഗ്രന്ഥപാരായണം ചെയ്യുന്ന വാത്തുപ്പണിക്കന്റെ പതറിയ സ്വരം അവ്യക്തമായി കേൾക്കാം. ആളുകൾ വന്നും പോയുമിരുന്നു.
രണ്ടുമൂന്നു ചെറുപ്പക്കാർ വീടിന്റെ തെക്കുഭാഗത്ത് ചിതയൊരുക്കുന്നു. ജോണി സാവധാനം വെട്ടുകല്ലുപടികൾ പിന്നിട്ട് വീട്ടുമുറ്റത്തേയ്ക്ക് നടന്നു. ആരും ശ്രദ്ധിക്കുന്നിെല്ലന്നറിഞ്ഞ് അയാൾ വീടിനെ വലംവെച്ചു. പുറകിൽ അടുക്കളയോടു ചേർന്നുകിടന്ന പുറംഭിത്തിയില്ലാത്ത വാടാവിലെ പത്തായത്തിനു താഴെ ചാണകപ്പാലിൽ മുക്കിയുണക്കിയ ചേന വിത്തുകൾ കൂട്ടിയിട്ടിരിക്കുന്നു. അതിനൊപ്പം അലക്ഷ്യമായി കിടന്ന തുരുമ്പു തെളിഞ്ഞ വെട്ടിരുമ്പ് കണ്ണിലുടക്കി. അയാൾ ചുറ്റുപാടും നോക്കി. റബർത്തോട്ടത്തിന്റെ കിഴക്കേ അതിരിലുള്ള കൂറ്റൻ മരുതിയുടെ ശിഖരങ്ങളിൽ തൂങ്ങിക്കിടന്ന വവ്വാലുകളുടെ നിദ്രയ്ക്കു താഴെ സിഗരറ്റു പുകച്ചു നിന്ന ലാസർ ഉപദേശിയെ കണ്ടു. തെല്ലകലെ ആണെങ്കിലും തന്നെ തിരിച്ചറിയാതിരിക്കാൻ ജോണി ഫെയ്സ് മാസ്ക് ധരിച്ചു. നാട്ടുമ്പുറത്തെ മരണവീടുകളിൽ ആദ്യമെത്തുന്നത് ഉപദേശിയാണ്. അയാളുടെ കണ്ണിൽപ്പെടുന്നത് മാനക്കേടാണെന്ന് ജോണിക്കു തോന്നി.
വാടാവിൽ ഉണങ്ങാനിട്ട റബർ ഷീറ്റിന്റെ മൃദുലതയ്ക്കുമേൽ ഇളംവെയിൽ പൂശിയ തേൻനിറം അയാളെ സ്ത്രൈണമായ ഓർമകളിലേക്ക് നയിച്ചു. ജഡം കേന്ദ്ര ബിന്ദുവായ ഒരാകർഷണ വലയത്തിൽപ്പെട്ട മനുഷ്യർക്കിടയിൽ ഗുരുത്വം നഷ്ടപ്പെട്ട വസ്തുവായി കുരിയാല ജോണി അലസമായി ചുറ്റിത്തിരിയുവാൻ തുടങ്ങി. വീടും പരിസരവും പലയാവർത്തി ഭ്രമണംചെയ്ത് ഹൃദിസ്ഥമാക്കിയശേഷം പരേത ദർശനത്തിനായ് വരാന്തയിലേക്ക് കയറി. ആതിഥേയന്റെ തലയ്ക്കലെരിഞ്ഞ നിലവിളക്കിന്റെ നാളം അതിഥിയുടെ സാമീപ്യത്തിൽ ഒന്നു പിടഞ്ഞു. അതിന്റെ വിളറിയ വെളിച്ചം ഭൂതകാലം മറന്ന ഏകാകിയുടെ ശാന്തതയെ രാകി വെടിപ്പാക്കിക്കൊണ്ടിരുന്നു. ജോണിക്ക് ഉൾക്കുളിരുണ്ടായി. അയാൾ ജഡമുഖത്തേയ്ക്ക് നോക്കിയില്ല.
താൻ തന്നെയാണ് മരിച്ചു കിടക്കുന്നതെന്ന് ഒരു നിമിഷം സംശയിച്ചു. അപകടമോ മരണമോ നേരിട്ടറിയുകയോ കാണുകയോ ചെയ്യുന്ന നിമിഷം അപകടം തനിക്കാണ് സംഭവിച്ചതെന്നും മരിച്ചത് താൻ തന്നെയാെണന്നും ജോണിക്ക് തോന്നാറുണ്ട്. ജീവിച്ചിരിക്കുന്നുവെന്ന് സ്വയം ബോധ്യപ്പെടുത്താൻ താനെത്തപ്പെട്ട ഇടത്തിൽനിന്നും എന്തെങ്കിലും കവർന്നുകൊണ്ടാണ് വിഭ്രമാത്മകമായ മാനസിക പ്രതിസന്ധിയെ അയാൾ മറികടക്കുക.
ചിന്തകൾ വലകെട്ടിയ തലച്ചോറിൽ അശാന്തിയുടെ കാറ്റുവീശി. ജോണി പുറത്തേയ്ക്കു നോക്കി. ചിതയൊരുക്കത്തിന്റെ അവസാന ഘട്ടമാണ്. ലാസറുപദേശി എന്തൊക്കെേയാ നിർദേശങ്ങൾ നൽകുന്നുണ്ട്.
തനിക്കൊരിക്കലും മാന്യമായൊരു അന്ത്യയാത്രയുണ്ടാകിെല്ലന്ന് ജോണിക്ക് നിശ്ചയമുണ്ടായിരുന്നു. സന്ദർശകരെക്കാൾ സ്വന്തക്കാരുടെ സാന്നിധ്യം മരണക്കിടക്കയ്ക്ക് അരികിൽ ഉണ്ടാവണമെന്ന് ആരാണ് ആഗ്രഹിക്കാത്തത്? അങ്ങനെയൊരു സാധ്യത ഇെല്ലങ്കിൽപ്പോലും! ഏകാന്തവും ഇരുൾ നിറഞ്ഞതുമായ മുറിയിൽ താനവശേഷിപ്പിക്കുന്ന ശൂന്യതയിൽ കട്ടിലിലോ വെറും നിലത്തോ അല്ലെങ്കിൽ കയർ കുരുക്കിന്റെ കണിശതയിൽ ശരീരം വീർത്തുപൊട്ടി ഈച്ചയും നാറ്റവും ദുരൂഹതയും പരക്കുമ്പോഴാകും ആരെങ്കിലും വാതിൽ ചവിട്ടിപ്പൊളിക്കുക. സ്വന്തം ശരീരം ചീയുന്നതിനെക്കുറിച്ച് ആലോചിച്ചപ്പോൾ രാവിലെ കുടിച്ച ചായയുടെ ഒരംശം തികട്ടി ഉമിനീരിൽ കലർന്നു. അയാൾ അസ്വസ്ഥനായി.
പുൽപ്പായ വിരിച്ച തറയിൽ ആറേഴു പെണ്ണുങ്ങൾക്കിടയിലിരുന്ന വിധവയെ തിരിച്ചറിഞ്ഞതും സ്വയം മറന്ന് ജോണി അവരെത്തന്നെ നോക്കിനിന്നു. ഇമവെട്ടാതെ ജഡമുഖത്തേയ്ക്ക് മാത്രം നോക്കിയിരുന്ന അവളുടെ കണ്ണുകളിൽ വേരോടിയ ഇണയുടെ മരണത്തണുപ്പ് അയാളുടെ ഉള്ളിലെ പിരിമുറുക്കത്തിന് ആക്കം കൂട്ടി. തലമൂടിയ സാരിത്തലപ്പിന്റെ സുതാര്യതയിൽ തേൻനിറമാർന്ന കഴുത്തിനെ ചുറ്റിയ മുപ്പിരിക്കയർമാലയുടെ തൂക്കത്തിളക്കം ജോണിയെ താൻ നിന്നിരുന്ന പരിസരത്തിന്റെ സ്വഭാവത്തെ മറികടക്കാൻ പ്രാപ്തനാക്കി. വാടാവിൽ കണ്ട വെട്ടിരുമ്പ് മനസ്സിൽ തെളിഞ്ഞു. തുരുമ്പുണ്ടെങ്കിലും അതിന്റെ വായ്ത്തല നല്ലൊരു പ്രയോഗത്തിന് സാധ്യമാണെന്ന് കുരിയാല ജോണിക്ക് ഉറപ്പായിരുന്നു.
‘‘ബഹുജന്മാർജിത കർമമശേഷം
തിരുമുൽക്കാഴ്ച നിനക്കിഹ വച്ചേൻ;
ജനിമരണങ്ങളെനിക്കിനിവേണ്ടാ;
പരിപാലയമാം; നാരായണ! ജയ!’’
കട്ടിയുള്ള കണ്ണട ചില്ലിലൂടെ ദൃഷ്ടി കൂർപ്പിച്ച് വാത്തുപ്പണിക്കൻ പാരായണംചെയ്ത സ്തോത്രങ്ങൾ പരേതനൊപ്പം പരലോകപ്പടവുകൾ കയറി. ജോണി അധികനേരം അവിടെ നിന്നില്ല. അരമതിലിലിരുന്ന സാനിറ്റൈസർകൊണ്ട് കൈകൾ വൃത്തിയാക്കി, പരിചിത മുഖങ്ങളുടെ കണ്ണിൽപെടാതെ കിണറ്റുകരയിലേക്ക് മാറിനിന്നു. അപ്പോഴും അയാളുടെ മനസ്സിൽ വിധവയുടെ രൂപം അടർന്നുപോകാതെ ഭിത്തിയിലെന്നപോലെ തൂങ്ങിക്കിടന്നു. സ്ഖലനാത്മകമായൊരു മന്ദഹാസം അയാളിൽ വിടർന്നു.
മരണമറിഞ്ഞ് എത്തിയവരിൽ തന്റെ അയൽക്കാരുമുണ്ട്. റബർത്തണലത്തും മുറ്റത്തും ചിതറിനിന്നവരിൽനിന്ന് തുണ്ടിലെ ഗോപാലനെയും ചിന്നകൊച്ചമ്മയേയും കണ്ടു. ഒട്ടുമിക്ക ആളുകളും മാസ്ക് ഉപയോഗിച്ചിരുന്നെങ്കിലും പലരുടെയും താടിയിലായിരുന്നു അതിന്റെ സ്ഥാനം. വായ പിളർന്നുപോകാതെ നെറുകവഴി താടി കൂട്ടിക്കെട്ടിയ ശവങ്ങളെപ്പോലെയായിരുന്നു അവരുടെ മുഖങ്ങൾ. പതിനഞ്ചുവാര അകലത്തിൽ നിന്ന ചെറുപ്പക്കാരൻ മരണവീടിന്റെ മരവിച്ച ശാന്തതയെ ഇൻസ്റ്റഗ്രാം റീൽസായി വെട്ടിയൊതുക്കി അവന്റെ ലോകത്തെ വിശാലമാക്കിക്കൊണ്ടിരുന്നു. ആരും ആരേയും കാണുന്നില്ല, കേൾക്കുന്നില്ല, അറിയുന്നില്ല. മരണംപോലെ ദുരൂഹവും നിഗൂഢവുമാണ് പലപ്പോഴും ഏകാകികളുടെ പ്രവൃത്തികളെന്ന് ജോണിക്ക് തോന്നി.
ചിത തയ്യാറായിക്കഴിഞ്ഞു. പുൽതൈലത്തിന്റെ സുഗന്ധവുമായ് തെക്കുനിന്നൊരു കാറ്റ് റബർത്തോട്ടത്തിലേക്കിറങ്ങി. ചിതയ്ക്കു മുകളിൽ കെട്ടിയ താർപ്പായയിൽ തട്ടിയ കാറ്റിന്റെ ശംഖുവിളിയിൽ വാത്തുപ്പണിക്കന്റെ സ്വരം മുറിഞ്ഞു.
‘‘ഭദ്രൻ കൊച്ചാട്ടാ...’’ ലാസറുപദേശി ഉറക്കെ വിളിച്ചു.

‘‘ദാ വരുന്നു.’’ ജഡത്തിനരികിൽ നിന്ന ഉയരം കുറഞ്ഞ തടിയനായ വയസ്സൻ വിളി കേട്ടു. അയാൾ ചിതയ്ക്കരികിലെത്തി. ‘‘അതേയ് കൊച്ചാട്ടാ, നേരംവൈകുന്നു. മഴ പെയ്യാനുള്ള എല്ലാ സാധ്യതയുമുണ്ട്.’’ മലങ്കുറ്റിയിലെ പാറക്കൂട്ടങ്ങൾക്ക് ഓരം ചേർന്നും കുന്നിൻചരിവിലും തഴച്ചുവളർന്ന കാളപ്പുല്ലിന്റെ മണവുമായെത്തിയ കാറ്റിൽ മഴയുടെ കണികകളുമുണ്ടായിരുന്നുവെന്ന് ഉപദേശി ഓർത്തു. ആളുകൾക്കിടയിൽ നിൽക്കുന്ന ജോണിയെ തിരിച്ചറിഞ്ഞപ്പോൾ അയാളുടെ കണ്ണുകളിൽ വേദന നിറഞ്ഞ കാരുണ്യത്തോടൊപ്പം ആശങ്കയും നിഴലിട്ടു. ഇനിയാരും വരാനില്ല. അയാൾ മനസ്സിൽ പറഞ്ഞു. വിശാലമായ മലമ്പ്രദേശത്തിന്റെ ഭൂമിശാസ്ത്ര സമസ്യകൾക്കുള്ളിൽ ജീവിതത്തിന്റെ നിർണയിക്കാനാവാത്ത ഒരുപാട് പ്രതിബന്ധങ്ങൾ അടക്കം ചെയ്തിരിക്കുന്നതോർത്ത് ഉപദേശി വിഷാദവാനായി.
‘‘ഒരുപാട് വൈകി. ഇനി ആരേയും കാക്കാനില്ല.’’ ഭദ്രൻ എല്ലാവരോടുമായി പറഞ്ഞു. അയാളോടൊപ്പം നാലഞ്ചുപേർ വരാന്തയിലേക്ക് കയറി. ജഡം ചിതയിലേയ്ക്കെടുത്തു. വെയിൽ ആറിത്തുടങ്ങിയിരുന്നു. റബറിലകളിൽ താളമിട്ട് ചിതയിലേക്കിറങ്ങിയ കാറ്റ് മരിച്ചവനെ ആദരവോടെ തലോടി കടന്നുപോയി. കാറ്റിലലിഞ്ഞുചേർന്ന കാളപ്പുല്ലിന്റെ ഗന്ധം നുകർന്ന് ചിതയിൽ കിടന്ന ജഡം ഭൂമിയെ അവസാനമായി കണ്ടു.
കാർമികൻ കത്തിച്ച ചൂട്ട് ഏറ്റുവാങ്ങി വിധവ ഒരുനിമിഷം മൗനമായി പ്രാർഥിച്ചു. തന്നോടൊപ്പം ഒരായുസ്സിന്റെ പകുതിയും ജീവിച്ചുതീർത്ത മനുഷ്യന്റെ ചിതയിലേക്ക് തീ പകർന്നപ്പോൾ അവൾക്ക് തലചുറ്റലുണ്ടായി. ചിത എരിയാൻ തുടങ്ങവെ തന്റെ ഉടലിൽ തീ ആളുന്നതായി ജോണിക്ക് തോന്നി. തോന്നലിനെ യാഥാർഥ്യമായ് ധ്വനിപ്പിക്കുന്ന മനസ്സിന്റെ പിടിയിൽനിന്നും വഴുതി റബർത്തോട്ടത്തിലെ ചവിട്ടടിപ്പാതയിലൂടെ അയാൾ നടന്നു. നല്ലാനിക്കുന്ന് മൃഗാശുപത്രിക്കു സമീപമെത്തിയപ്പോൾ ആകാശമിരുണ്ടു. ചിതയിൽനിന്നുയർന്ന പുക ശ്വസിച്ച് മരുതിക്കൊമ്പിൽ തലകീഴായി തൂങ്ങിക്കിടന്ന ധ്യാനസ്ഥർ ഉച്ചത്തിൽ ഒച്ചവച്ച് ആകാശത്തിലേക്ക് ചിറകടിച്ചു. ജോണി അടഞ്ഞുകിടന്ന മൃഗാശുപത്രിയുടെ വരാന്തയിലേക്ക് കയറി ബെഞ്ചിലിരുന്നു. പടിഞ്ഞാറ് പുന്നക്കുന്ന് മലയ്ക്കപ്പുറം ദൃഷ്ടി പായാത്ത ദിക്കിന്റെ ചരിവിലേക്ക് സൂര്യൻ താണു. ഇരുൾ പരന്നു.
മൂന്നുനാല് പേർ സംസാരിച്ചുകൊണ്ട് മൃഗാശുപത്രി റോഡിലൂടെ നടന്നുവരുന്നുണ്ട്. ശവദാഹം കഴിഞ്ഞ് മടങ്ങുന്നവരാണ്. മുഖപരിചയം തോന്നിയെങ്കിലും ആരെയും തിരിച്ചറിയാൻ ജോണിക്ക് കഴിഞ്ഞില്ല. നാട്ടുമ്പ്രദേശത്തെ ആയുസ്സെത്താതെ മരിച്ചവരുടെ കണക്കെടുക്കുകയാണ് അവരെന്ന് ഉച്ചത്തിലുള്ള സംസാരത്തിൽനിന്നും അയാൾ മനസ്സിലാക്കി. യാത്രികർ അയാൾക്കു മുന്നിലെത്തി.
‘‘എന്താ കൊച്ചാട്ടാ ഇരുട്ടത്തിരിക്കുന്നേ?’’ മൃഗാശുപത്രി വരാന്തയിലെ ബഞ്ചിലിരുന്ന ജോണിയെ കണ്ടപ്പോൾ അവരിൽ ഏറ്റവും പ്രായം കുറഞ്ഞവൻ ഉറക്കെ ചോദിച്ചു.
‘‘കൊച്ചാട്ടനല്ല, അച്ചായനാ.’’ ജോണിയുടെ മറുമൊഴി കേട്ട് എല്ലാവരും ചിരിച്ചു.
‘‘ങ്ഹാ. രണ്ടും ഞങ്ങക്കൊന്നു തന്നാ കൊച്ചാട്ടനച്ചായാ.’’
പ്രായമുള്ളയാളാണ് അപ്പറഞ്ഞത്. അതെല്ലാവരെയും പൊട്ടിച്ചിരിപ്പിച്ചു.
‘‘നിങ്ങക്കാളെ മനസ്സിലായോ? പുള്ളിക്കാരനാ...’’ അയാൾ തുടർന്ന് പറഞ്ഞത് ജോണി കേട്ടില്ല. രഹസ്യം പറയുന്നതുപോലെ വളരെ പതുക്കെയാണയാൾ പറഞ്ഞത്. മരണക്കണക്കുകളിൽനിന്ന് വഴിമാറി തന്നെക്കുറിച്ച് സംസാരിച്ചുകൊണ്ടവർ മുന്നോട്ടു നടന്നുനീങ്ങുന്നത് നോക്കി ജോണി ബെഞ്ചിലിരുന്നു.
ഇരുപത്തഞ്ചു വർഷം പഴക്കമുള്ള ഒരു പകലിലേക്ക് അയാളിറങ്ങി നടന്നു. അസുഖബാധിതയായ അമ്മയെക്കാണാൻ പോയ ഭാര്യ രണ്ടു ദിവസമായിട്ടും തിരിച്ചെത്തിയില്ല. സാധാരണ അങ്ങനെയല്ല. വീട്ടിൽ പോയാൽ ഉച്ചയ്ക്കു മുമ്പ് എത്തും. ഏറിയാൽ ഒരു ദിവസം. തള്ളയുടെ നില അൽപം മോശമായതുകൊണ്ടാണ് വരാൻ വൈകുന്നതെന്ന് സ്വയം സമാധാനിച്ചു. അവിടം വരെ പോകാനുറച്ച് ജോണി കുളിച്ചു റെഡിയായി. 8.45ന്റെ പന്നിക്കുഴി സർക്കുലർ വരാൻ ഇനിയും സമയമുണ്ട്. തടിയലമാര തുറന്ന് ഷർട്ടെടുക്കുമ്പോഴാണ് ഡ്രോയറിനു മുകളിൽ മടക്കിവെച്ച പേപ്പർ കണ്ടത്. കൗതുകത്തോടെ അയാളതെടുത്ത് നിവർത്തി. അവൾ എഴുതിയതാണ്. അതു വായിക്കുമ്പോൾ ഭ്രാന്തമായ ഒരേകാന്തത തന്റെ ആരൂഢത്തെ മൂടുന്നത് അയാളറിഞ്ഞില്ല. ഒരു ബീഡി കത്തിച്ച് പൂമുഖത്തെ കസേരയിൽ വന്നിരുന്നു. ആത്മാവ് ശരീരത്തിൽനിന്ന് വേർപെടുന്നതിന്റെ കാരണങ്ങളെക്കുറിച്ചാണ് അയാൾ ആലോചിച്ചത്. കത്തിലെ അവസാന വരികൾ ജോണി പലയാവർത്തി വായിച്ച് മനപ്പാഠമാക്കി. ‘‘മരുന്നുകൾ അടുക്കളയിലെ അലമാരയിൽ ഇരുപ്പുണ്ട്. ഇനിയത് സ്വയമെടുത്ത് ഉപയോഗിക്കാൻ ശീലിക്കുക.’’
ഉപ്പൂറ്റി നിലത്തുറപ്പിച്ച് ശരീരഭാരം കാലിലേക്ക് പകർന്ന് അയാൾ നിവർന്നു നിന്നു. ഓരോ കാലടി വെയ്ക്കുമ്പോഴും ചുട്ടുപഴുത്ത അടുപ്പുകല്ലിൽ ചവിട്ടുന്ന അനുഭവമായിരുന്നു ഇതുവരെ. നാളുകളായി ഇളകി മാറാതെ പാദങ്ങളിൽ തറഞ്ഞ ആണിമുനയുടെ വേദന ഇപ്പോഴില്ല. വിരലിലേക്കോടിക്കയറിയ ഒരുറുമ്പിന്റെ പാദചലനം വ്യക്തമായി കേട്ടു. അത്ഭുതം തോന്നി. വളരെ ദുർബലമായിരുന്ന തന്റെ കേൾവി ഇപ്പോൾ പതിന്മടങ്ങ് വളർന്നിരിക്കുന്നു. രോഗമോ വേദനയോ പരിമിതികളോ ഏൽക്കാത്ത ശരീരമായി താൻ രൂപാന്തരം പ്രാപിച്ചിരിക്കുന്നുവെന്ന് തോന്നിയെങ്കിലും സാവധാനം അയാൾ അടുക്കളയിലേക്ക് നടന്നു. അലമാരയിൽനിന്ന് ഗുളികകൾ തിട്ടപ്പെടുത്തി വായിലേക്കിട്ട് ഒരു ഗ്ലാസ് വെള്ളം കുടിച്ചു.
മലയിറങ്ങി വന്ന കാറ്റിൽ പഴുത്ത ആലിൻ കായ്കൾ ആലിപ്പഴംപോലെ പൊഴിഞ്ഞുകൊണ്ടിരുന്നു. ആലിൻ കൊമ്പിലിരുന്ന വായ്പുണ്ണുള്ള കാക്കകൾ ഞെട്ടറ്റു വീഴുന്ന പഴരുചിയോർത്ത് കൊക്കു പിളർത്തി. റോഡിലൂടെ പോയ പ്രായമായവരിൽ ചിലരും ബസ് കാത്തുനിന്ന ഒന്നു രണ്ട് വിദ്യാർഥികളും ഏകനായ് ആൽത്തറയിലിരുന്ന ജോണിയെ നോക്കി ചിരിച്ചു. പരിഹാസമോ സഹതാപമോ എന്ന് തിരിച്ചറിയാനാവാത്ത അവരുടെ ചിരിയെ സ്വീകരിച്ച് അയാൾ നിർവികാരതയോടെ ഇരുന്നു. വെയിൽ ആലിന്റെ നിഴലിനെ മുക്കവലയിലേക്ക് വിരിച്ചിട്ടു. വഴിപോക്കരുടെ ദൃഷ്ടിയേൽക്കുന്നതിലും അവരുടെ വർത്തമാനങ്ങളിൽ പ്രതികരിക്കാതെ നിർജീവമായിരിക്കുന്നതിലും അയാൾ ആശ്വാസം കണ്ടെത്തി. ഇരുന്നു മടുത്തപ്പോൾ ആൽത്തറയിൽനിന്നിറങ്ങി ജങ്ഷനിലൂടെ കടന്നു പോകുന്നവരെ എണ്ണാൻ തുടങ്ങി. സ്കൂളിലേക്കും സർക്കാർ ഐ.ടി.ഐയിലേക്കും വന്നുകൊണ്ടിരുന്ന വിദ്യാർഥികളെ എണ്ണിക്കൊണ്ടിരിക്കുേമ്പോൾ പലയാവർത്തി എണ്ണം തെറ്റി. എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് കുരിയാല ജോണി വീട്ടിലേക്കു നടന്നു.
ഉമ്മറവാതിൽക്കൽ കിടന്ന നെപ്പോളിയൻ ചാടിയെണീറ്റു. വിശന്നിട്ടാകണം അത് മോങ്ങിക്കൊണ്ട് അയാളെ വട്ടംചുറ്റിക്കൊണ്ടിരുന്നു. ദേഷ്യത്തോടെ മുറ്റത്തു കിടന്ന ഉണങ്ങിയ ചീനിക്കമ്പെടുത്ത് പട്ടിയെ തല്ലി. നിലവിളിച്ചുകൊണ്ടത് പറമ്പിലേക്കോടി. താൻ എവിടെയാണെന്നോ ആരാണെന്നോ ജോണിക്ക് മനസ്സിലായില്ല. അയാൾ ഓരോന്ന് ഓർത്തെടുക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. ഒന്നും മനസ്സിലേക്കെത്തുന്നില്ല. അയാൾ അയാളെത്തന്നെ മറന്നുപോയിരുന്നു.
യജമാനന്റെ നിർജീവമായ പെരുമാറ്റങ്ങളിലും മറവിയിലും ജീർണിച്ചു തുടങ്ങിയ വീടിന്റെ മരണനിഴൽത്തണലിൽ ഭൂമിയിലെ അസംഖ്യം പരാദങ്ങളും സൂക്ഷ്മജീവികളും ഇഴജന്തുക്കളും ജോണിയോടൊപ്പം ചേർന്ന് ശണ്ഠ കൂടാതെ തങ്ങളുടെ ജൈവഘടനയെ പുതുക്കിപ്പണിതു. കാവിനുള്ളിലെ കുരിയാലയെന്ന് കുന്നുമ്മൽ വീടിനെ മലങ്കുറ്റിക്കാർ വിളിക്കാൻ തുടങ്ങി. പയ്യെ പയ്യെ ബന്ധുക്കളും അയൽക്കാരും അവരുടെ മറവിയിലേക്ക് അയാളുടെ ഏകാന്തതയെ വിളക്കിച്ചേർത്തു. അമ്പതു വർഷത്തെ മഴയും വെയിലുമേറ്റ ശരീരത്തെ നിലനിർത്താനെന്നവണ്ണം ഇടയ്ക്കെപ്പൊഴൊക്കെയോ ദേശാടനം കഴിഞ്ഞെത്തുന്ന ഓർമകളെ അയാൾ അതിരറ്റു സ്നേഹിക്കുവാൻ തുടങ്ങി.
ഇരുട്ടിൽനിന്നും ഒരു പട്ടി വഴി മുറിച്ചുകടന്ന് മൃഗാശുപത്രി വരാന്തയിലേക്ക് ഓടിക്കയറി. ഭയവും സങ്കോചവുമില്ലാതെ ശരീരം കുടഞ്ഞ്, ദീർഘമായൊരു കോട്ടുവായിട്ട് അയാളിരുന്ന ബെഞ്ചിനടിയിലേക്ക് കയറിക്കിടന്നു. എപ്പൊഴോ വഴുതിപ്പോയ യൗവനത്തിന്റെ മങ്ങിക്കിടന്ന ഓർമപ്പെരുക്കത്തിൽ ജോണി ബെഞ്ചിൽ നിന്നെഴുന്നേറ്റു. തേൻനിറമാർന്ന രോമങ്ങൾ പൊതിഞ്ഞ പട്ടിയുടെ ഉടൽമിനുപ്പിലേക്ക് അയാളുടെ വിരലുകൾ നീങ്ങി. അപരിചിത സ്പർശനമേറ്റ പട്ടി മുരണ്ടുകൊണ്ട് ചാടിയെണീറ്റു. കൂരിരുട്ടിനെ ഭയക്കാത്ത മൃഗം സ്ഥിരചിത്തനല്ലാത്ത ഏകാകിയായ മനുഷ്യനെ പൊടുന്നനെ വായിച്ചെടുത്തു. ശവദാഹത്തിന്റെ പുകഞ്ഞമണം തങ്ങിനിന്ന ഇരുളിലേക്ക് അത് ഓടിപ്പോയി. അയാൾ ഒരു ബീഡി കത്തിച്ചു. മരണവീടിന്റെ ഏകാന്തതയിൽ ജനലഴിയിൽ പിടിച്ച് എരിഞ്ഞടങ്ങിയ ചിതയിലേക്ക് നോക്കിനിൽക്കുന്ന വിധവയുടെ ചിന്തകളെക്കുറിച്ചായി അയാളുടെ ആലോചന. രാത്രിയിലെ സ്വാഭാവിക ശബ്ദങ്ങൾക്കു മേൽ അസ്വാഭാവികതയുടെ ദുരൂഹമായ സ്വരവും അയാളുടെ കാതുകളറിഞ്ഞു. ഇരുട്ടിന്റെ സ്പന്ദനംപോൽ റബറിലകൾ പൊഴിയുന്നുണ്ട്. അവളെ ഒരിക്കൽക്കൂടി കാണണമെന്ന് ജോണിക്കു തോന്നി. ഒട്ടും അമാന്തിക്കാതെ ഇരുട്ടിലൂടെ ഒരു ബീഡിക്കനൽത്തിളക്കം മിന്നാമിനുങ്ങിനെപ്പോലെ മുന്നോട്ടു നീങ്ങി.
വരാന്തയിലെ ട്യൂബ് ലൈറ്റിന്റെ വെളിച്ചത്തിൽ മുറ്റത്തിട്ട കസേരയിലിരുന്ന് ഭദ്രൻ കൊച്ചാട്ടൻ വിധവയോട് സംസാരിക്കുന്നു. ഒരു തണുത്ത കാറ്റ് അയാളെ കടന്നുപോയി. വെണ്ണീറ് പറന്ന് ചിതയിലെ കനലുകൾ തിളങ്ങി. ഒച്ചയുണ്ടാക്കാതെ മാർജാരനെപ്പോലെ ജോണി കയ്യാല ചാടിക്കടന്ന് വീടിന്റെ പിന്നാമ്പുറത്തു കൂടി വാടാവിലെത്തി. പത്തായത്തിന്റെ മറുവശത്തെ ഇരുട്ടിലേക്ക് നീങ്ങി നിന്നപ്പോൾ നിലത്തു കിടന്ന വെട്ടിരുമ്പിന്റെ മൂർച്ചയിൽ തള്ളവിരൽ തട്ടി. വേദനയോടെ കാൽ കുടഞ്ഞ് അയാൾ ആയുധം കയ്യിലെടുത്തു. അതിന്റെ ഇളകിയ പിടിയിൽ മുറുകെ പിടിച്ചുകൊണ്ട് അവരുടെ സംസാരത്തിലേക്ക് ശ്രദ്ധയൂന്നി.
‘‘...ഇല്ല കൊച്ചാട്ടാ, അണ്ണനിന്നലെ കുടിച്ചിട്ടുണ്ടായിരുന്നില്ല. ഷീറ്റടിച്ചേച്ചു വന്നിട്ട് പൊറത്തോട്ടെങ്ങും പോയില്ല. ചെറിയൊരു ക്ഷീണമുണ്ടായിരുന്നു. അടുക്കളേക്കേറി എന്നെ സഹായിക്കുവൊക്കെ ചെയ്തു. അങ്ങനൊരൂ പതിവൊള്ളതല്ല. പുള്ളിക്കാരനിഷ്ടമൊള്ളതാ ബീൻസുതോരനും കാച്ചിയ മോരും. തന്നത്താനുണ്ടാക്കി. ഞാഞ്ചോയിച്ചപ്പോ വല്ലപ്പോഴുമല്ലെ ഇതൊക്കെയെന്നു പറഞ്ഞു. നല്ലതുപോലെ ഭക്ഷണോം കഴിച്ചു. കൊറച്ചു നേരം ടീവീം കണ്ടിരുന്നു. പിന്നെ കെടന്നു. അഞ്ചു മണിക്ക് റെബറു വെട്ടാനിറങ്ങുന്ന ആളാ. എണീക്കാതായപ്പോൾ ഞാൻ വിളിച്ചു. എത്ര വിളിച്ചിട്ടും അനക്കമില്ല...’’ അവൾ വിതുമ്പിക്കൊണ്ട് കെട്ടടങ്ങിയ ചിതയിലേക്ക് നോക്കി കണ്ണു തുടച്ചു.

ചിത്ര എലിസബത്ത്
‘‘അവന്റെ വെന്തുക്കളാരും വന്നില്ലിയോ കൊച്ചേ..?’’ സന്ദർഭത്തിനൊരയവു വരുത്താനായി അയാൾ ചോദിച്ചു.
‘‘ഇല്ല. കൊച്ചാട്ടനറിയാവുന്നതല്ലേ കാര്യങ്ങളൊക്കെ.’’
‘‘ഉം.’’ അയാൾ മൂളിക്കൊണ്ട് തുടർന്നു: എനിക്കറിയാം. എന്നാലും ഇങ്ങനെ ശത്രുത വെച്ചുപുലർത്തുന്നോരുണ്ടോന്ന് ഓർക്കുമ്പളാ...’’
അവളൊന്നും മിണ്ടിയില്ല.
‘‘എന്നാ ഞാനെറങ്ങുവാ, വീട്ടിച്ചെന്നിട്ട് അവളേം കൂട്ടി വരാം.’’
ഭദ്രൻ കൊച്ചാട്ടൻ എഴുന്നേറ്റ് തന്റെ കാലൻകുടയുടെ പിടി ഉടുപ്പിന്റെ കോളറിൽ കൊളുത്തി പിന്നിലേക്ക് തൂക്കിയിട്ടു. അയാൾ ടോർച്ചടിച്ച് റോഡിലേക്കിറങ്ങിയപ്പോൾ വിധവ വരാന്തയിൽനിന്ന് മുറിയിലേക്ക് കയറി കതകടച്ചു. അവൾ കട്ടിലിലിരുന്ന് നിശ്ശബ്ദം കരഞ്ഞു. അൽപസമയത്തിനുള്ളിൽ അടുക്കളയിൽ ലൈറ്റ് തെളിഞ്ഞു. ശബ്ദമുണ്ടാക്കാതെ വാടാവിലേക്കുള്ള അടുക്കളയുടെ ജനൽപ്പാളി ജോണി ചെറുതായി അകത്തി. അവൾ ഫ്രിഡ്ജിൽനിന്നും തണുത്ത വെള്ളമെടുത്തു കുടിക്കുന്നു. പെട്ടെന്ന് എടുക്കുവാൻ പാകത്തിന് കയ്യിലിരുന്ന വെട്ടിരുമ്പ് പത്തായപ്പുറത്തുെവച്ച് അയാൾ ശ്രദ്ധാലുവായി.
‘‘ലീലേ...’’
‘‘ആരാദ്?’’
അപ്രതീക്ഷിതമായ വിളികേട്ട് അവളുടെ ശബ്ദം ഭയംകൊണ്ട് പതറിയിരുന്നു. ജോണി ജനൽപ്പാളി മലർക്കെത്തുറന്നു. അടുക്കളയിൽ നിന്നിറങ്ങിയ വെളിച്ചത്തിൽ ലീല അവ്യക്തമായി അയാളെ കണ്ടു. സംഭ്രമംകൊണ്ട് അവളുടെ ചങ്കിടിപ്പ് കൂടി. വർഷങ്ങൾക്കിപ്പുറം അവൾ തന്റെ ആദ്യ പങ്കാളിയെ തിരിച്ചറിഞ്ഞു. അങ്ങിങ്ങ് നര തെളിഞ്ഞതല്ലാതെ അവൾക്കൊരു മാറ്റവുമില്ലാന്ന് അയാൾക്കു തോന്നി. അവളുടെ ഉടലിന്റെ തേൻനിറത്തോട് അയാൾക്കു ഭ്രമമുണ്ടായി.
‘‘നീ തനിച്ചായല്ലോടി ലീലേ...’’ അയാളുടെ ശബ്ദം ആർദ്രമായിരുന്നു. അവളൊന്നും മിണ്ടാതെ ജോണിയെ നോക്കിനിന്നു. അവളുടെ മൗനത്തിൽ മരിച്ചവനെക്കുറിച്ചുള്ള ഓർമകളുടെ ചെതുമ്പൽ വളരുവാൻ തുടങ്ങി.
‘‘നീ എന്റെ കൂടെ വരുന്നോ?’’ ചൂണ്ടക്കൊളുത്തിലെ പ്രലോഭനം തിരിച്ചറിഞ്ഞതുപോലെ അപ്രതീക്ഷിതമായ ക്ഷണം അവളെ ഭീതിപ്പെടുത്തി. നിശ്ശബ്ദമായ നിമിഷങ്ങൾക്കൊടുവിൽ ശരവേഗത്തിൽ ജനലഴികളിലൂടെ പുറത്തേയ്ക്ക് കയ്യിട്ട് ലീല ജനൽപ്പാളി വലിച്ചടച്ചു. അടുക്കളയിലെ വെളിച്ചമണഞ്ഞു. അവളുടെ പ്രതികരണം അയാളെ അലട്ടിയില്ല. ഇട്ടു മുഷിഞ്ഞ ഒരു ഷർട്ടും കൈലിയും പത്തായപ്പുറത്ത് കിടക്കുന്നത് മങ്ങിയ വെളിച്ചത്തിൽ അയാൾ കണ്ടു. ചിലപ്പോൾ അതായിരിക്കണം മരിച്ചവൻ അവസാനമണിഞ്ഞത്. ജോണി ആ വസ്ത്രങ്ങളെടുത്ത് തോളത്തിട്ടു. മരിച്ചവൻ ജീവിച്ചിരുന്നപ്പോൾ പ്രസരിപ്പിച്ച ഗന്ധം ആ ഉടയാടകളിൽനിന്നു വിട്ടുപോയിരുന്നില്ല. അയാൾ വാടാവിൽനിന്നിറങ്ങി കെട്ടടങ്ങിയ ചിതയ്ക്കരികിലെത്തി. മരിച്ചവനെ മനസ്സുകൊണ്ട് ആലിംഗനംചെയ്ത് അവളണിയിച്ച കല്യാണമോതിരം വിരലിൽനിന്ന് ഊരി. ചാരത്തിൽ പൂണ്ടു കിടന്ന ചൂടാറാത്ത അസ്ഥിയ്ക്കു മേലേയ്ക്ക് അതിട്ടു. വർഷങ്ങളായി ചുമന്നു നടന്ന ആകുലതകൾ ഉലയിലെ കനലിൽ ഉരുകിത്തീരുന്നതുവരെ അയാളവിടെ നിന്നു. പകൽ മുഴുവൻ സ്തംഭിച്ചു നിന്ന മഴമേഘങ്ങൾ ചെറുതായി പെയ്യാൻ തുടങ്ങി. രാത്രിമഴ മലങ്കുറ്റിയെ പുണരുന്നത് കാണാൻ റബർ തോട്ടത്തിലൂടെ അയാൾ അതിവേഗം നടന്നു.