കട്ടപ്പന: കട്ടപ്പന മേട്ടുക്കുഴിയില്‍ അന്തർസംസ്ഥാന തൊഴിലാളികളുടെ 14 വയസ്സുള്ള മകളെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ഝാര്‍ഖണ്ഡ് സ്വദേശികളായ മുന്‍ഷി ബസ്രയുടെയും അല്‍ബീനയുടെയും മകള്‍ പ്രീതിയാണ് മരിച്ചത്. ബുധനാഴ്ച രാവിലെ ഇവര്‍ താമസിച്ചിരുന്ന ഏലത്തോട്ടത്തിലെ വീടിനു സമീപത്തെ കാപ്പിച്ചെടിയിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഝാര്‍ഖണ്ഡ് സ്വദേശിയായ യുവാവുമായി പെണ്‍കുട്ടിക്കുണ്ടായ അടുപ്പത്തെ തുടര്‍ന്ന് മാതാപിതാക്കള്‍ വഴക്കുപറഞ്ഞതാണ് ജീവനൊടുക്കാന്‍ കാരണമെന്ന് പൊലീസ് പറഞ്ഞു. യുവാവ് ഫോണ്‍ വിളിച്ചതുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച രാവിലെയും പെൺകുട്ടിയെ മാതാപിതാക്കൾ വഴക്കു പറഞ്ഞിരുന്നു. ഇതേതുടർന്ന് പെൺകുട്ടി ചുരിദാറിെൻറ ഷാളുമായി പുറത്തേക്ക് പോയി. ഏറെസമയം കഴിഞ്ഞിട്ടും പെൺകുട്ടി തിരിച്ചു വരാതിരുന്നതിനെത്തുടർന്ന് നടത്തിയ തിരച്ചിലിലാണ് തൂങ്ങിയനിലയിൽ കണ്ടെത്തിയത്. തുടർന്ന് അഴിച്ച് വീട്ടിൽ കൊണ്ടുവന്നു കിടത്തി. എന്നാൽ, ഇക്കാര്യം മാതാപിതാക്കൾ പൊലീസിൽനിന്ന് മറച്ചുെവച്ചു. വീണ് മരിച്ചെന്നാണ് ആദ്യം മാതാപിതാക്കൾ പൊലീസിനോട് പറഞ്ഞത്. വിശദമായ ചോദ്യം ചെയ്യലിലാണ് വസ്തുത തുറന്നുപറഞ്ഞത്. പ്രദേശത്തെ ഏലത്തോട്ടത്തില്‍ ജോലിക്കെത്തിയതാണ് കുട്ടിയുടെ രക്ഷിതാക്കള്‍. മൃതദേഹം കോവിഡ് പരിശോധനക്കുശേഷം പോസ്റ്റ്മോര്‍ട്ടത്തിന് ഇടുക്കി മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. വ്യാഴാഴ്ച സ്വദേശമായ ഝാർഖണ്ഡിലേക്ക് കൊണ്ടുപോകും. കട്ടപ്പന ഡിവൈ.എസ്.പി വി.എ. നിഷാദ്മോൻ, വനിത പൊലീസ് എസ്.ഐ ജീനാമോൾ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് നടപടി സ്വീകരിച്ചു. ഏക സഹോദരൻ: രാഹുൽ.