കൊല്ലം: ജില്ലയിലെ പ്രമുഖ വ്യവസായിയും ചിന്നക്കടയിലെ ഫാഷൻ ജ്വല്ലറി, ഫാഷൻ ടെക്സ്റ്റൈൽസ് സ്ഥാപനങ്ങളുടെ ഉടമയുമായ പി.കെ. സുധാകരൻപിള്ള (76) നിര്യാതനായി. ശനിയാഴ്ച രാവിലെ പുന്തലത്താഴത്ത് ആനന്ദഭവൻ വീട്ടിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. വ്യാപാരമേഖലക്ക് പുറമെ പതിറ്റാണ്ടുകളായി കൊല്ലത്തെ സാമൂഹിക സാംസ്കാരിക മേഖലകളിൽ സജീവ സാന്നിധ്യമായിരുന്നു ഫാഷൻ സുധാകരൻ പിള്ളയെന്നറിയപ്പെട്ടിരുന്ന ഇദ്ദേഹം.കൊല്ലത്തെ ചിന്മയ മിഷൻ ട്രസ്റ്റ് അംഗം, ചിന്മയ മിഷൻ ട്രസ്റ്റ് പ്രസിഡൻറ്, കഥകളി ക്ലബ്, പബ്ലിക് ലൈബ്രറി ഭരണസമിതിയംഗം, വ്യാപാരി വ്യവസായി ഏകോപനസമിതി, മർച്ചൻറ് ചേംബർ ഒാഫ് കോമേഴ്സ് ജില്ല പ്രസിഡൻറ്, വടക്കേവിള ഫൈൻ ആർട്സ് സൊസൈറ്റി പ്രസിഡൻറ്, കൊല്ലം റെഡ്േക്രാസ് അംഗം എന്നീ ചുമതലകൾ വഹിച്ചിരുന്നു. കാലാസാംസ്കാരിക സംഘടനകൾ, വിദ്യാഭ്യാസസ്ഥാപനങ്ങൾ, ഫാഷൻ മ്യൂസിക് ക്ലബ് തുടങ്ങിയ വേദികളുടെ ഭാരവാഹികൂടിയാണ്. കൊല്ലം നഗരത്തിലെ സ്കൂളുകളിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നതവിജയം നേടുന്നവർക്കും മലയാളത്തിന് നൂറുശതമാനം മാർക്ക് നേടുന്നവർക്കും ഫാഷൻ ജ്വല്ലറിയുടെ പേരിൽ പി.കെ. സുധാകരൻപിള്ള സ്വർണമെഡൽ സമ്മാനിച്ചിരുന്നു. നിർധന വിദ്യാർഥികൾ, വിധവകൾ എന്നിവർക്ക് സാമ്പത്തികസഹായം, സമൂഹ വിവാഹം, സൗജന്യ ഭവനനിർമാണം, മെഡിക്കൽ ക്യാമ്പുകൾ, യുവതികൾക്ക് തയ്യൽ മെഷീൻ വിതരണം തുടങ്ങി ജീവകാരുണ്യപ്രവർത്തനങ്ങളിലും സജീവമായിരുന്നു. ഭാര്യ: ഗീത. മക്കൾ: ഗായത്രി (ബംഗളൂരു), അർച്ചന ഹരി (ഡെൻമാർക്ക്), ഡോ. ഹരികൃഷ്ണൻ (ഉപാസന ആശുപത്രി). മരുമക്കൾ: ഡോ.വി.വി. രാജ്, ഹരിനായർ, ഡോ. അഖില ശേഖർ. സംസ്കാരം വീട്ടുവളപ്പിൽ നടന്നു.