വിഴിഞ്ഞം: മദ്യത്തിനടിമയായ മകൻ അമ്മയെ കഴുത്ത് ഞെരിച്ച് കൊന്നു. പൂവാർ - പാമ്പുകാല ഊറ്റുകുഴിയിൽ പാലയ്യെൻറ ഭാര്യ ഓമനയാണ് (75) കൊല്ലപ്പെട്ടത്. മകൻ വിപിൻദാസിനെ (39) പൂവാർ പൊലീസ് കസ്റ്റയിലെടുത്തു. വ്യാഴാഴ്ചയാണ് സംഭവം.കമുകിൻകോട് സെൻറ് മേരീസ് സ്കൂളിലെ റിട്ട. അധ്യാപികയായ ഓമന ഇളയ മകനായ വിപിനോടൊപ്പമാണ് താമസിച്ചിരുന്നത്. അഞ്ചുവർഷം മുമ്പ് സൈന്യത്തിൽനിന്ന് റിട്ടയർമെൻറ് വാങ്ങിവന്ന വിപിൻ അവിവാഹിതനാണ്. വ്യാഴാഴ്ച ഉച്ചയോടെ ശവപ്പെട്ടിയുമായി വിപിൻദാസ് വീട്ടിലെത്തിയത് കണ്ട അയൽവാസികൾ കാര്യം തിരക്കിയെങ്കിലും വിരട്ടിയോടിച്ചു. തുടർന്ന് വീടിനോട് ചേർന്നുള്ള പറമ്പിൽ കുഴിവെട്ടുന്നത് കണ്ട നാട്ടുകാർ അറിയിച്ചതിനെതുടർന്ന് പൂവാർ പൊലീസ് സ്ഥലത്തെത്തി. വീട് പരിശോധിച്ചപ്പോഴാണ് തറയിൽ വാഴയിലയിൽ മൃതദേഹം കണ്ടത്.മരണത്തിൽ സംശയം തോന്നിയ പൊലീസ് മൃതദേഹം മെഡിക്കൽ കോളജിലേക്ക് മാറ്റി. പോസ്റ്റ്േമാർട്ടത്തിൽ കഴുത്ത് ഞെരിച്ച് ശ്വാസംമുട്ടിയാണ് മരണം സംഭവിച്ചതെന്ന് വ്യക്തമായി. വയറിലും നെഞ്ചിലും ക്ഷതമേറ്റ പാടുകളുമുണ്ടായിരുന്നു. തുടർന്ന് വിപിൻദാസിനെ പൊലീസ് കസ്റ്റഡിലെടുകയായിരുന്നു.ഓമനയുടെ മൂത്തമകൻ ആരോഗ്യവകുപ്പ് ജീവനക്കാരനായ ചന്ദ്രദാസ് ഇവരുമായി അകൽച്ചയിലായിരുന്നു. കൂട്ടുകാരുമായി വീടിനുള്ളിൽ മദ്യപാനം പതിവാക്കിയ വിപിൻദാസ് അമ്മയെ സ്ഥിരമായി മർദിക്കാറുള്ളതായി അയൽവാസികൾ പറയുന്നു. ശനിയാഴ്ച ഉച്ചയോടെ വീട്ടിലെത്തിച്ച മൃതദേഹം വീട്ടുവളപ്പിൽ അടക്കം ചെയ്തു.