കരുനാഗപ്പള്ളി: ധീവരസഭ സംസ്ഥാന പ്രസിഡൻറ് കരുനാഗപ്പള്ളി പടനായർകുളങ്ങര തെക്ക് കീർത്തിയിൽ അഡ്വ. കെ.കെ. രാധാകൃഷ്ണൻ (73) നിര്യാതനായി. തിങ്കളാഴ്ച രാവിലെ കൊല്ലം എൻ.എസ് ആശുപത്രിയിലായിരുന്നു അന്ത്യം. 17 വർഷമായി ധീവരസഭ സംസ്ഥാന പ്രസിഡൻറായി പ്രവർത്തിച്ചുവരികയാണ്. ചെറിയഴീക്കൽ കളരിപ്പറമ്പിൽ വീട്ടിൽ പരേതരായ കൃഷ്ണപ്പണിക്കരുടെയും സരോജാക്ഷിയുടെയും മകനാണ്. കെ.എസ്.ഇ.ബിയിൽ ജോലിയിൽ പ്രവേശിച്ച അദ്ദേഹം സീനിയർ സൂപ്രണ്ടായാണ് സർവിസിൽനിന്ന് വിരമിച്ചത്. കെ.എസ്.ഇ.ബി എംപ്ലോയീസ് കോൺഫെഡറേഷൻ ജനറൽ സെക്രട്ടറിയായിരുന്നു. ധീവരസഭ താലൂക്ക് പ്രസിഡൻറ്, ജില്ല പ്രസിഡൻറ്, സംസ്ഥാന വൈസ് പ്രസിഡൻറ് എന്നീ നിലകളിലും പ്രവർത്തിച്ചു. കെ.പി.സി.സി നിർവാഹകസമിതി അംഗം, ഫിഷറീസ് സർവകലാശാല സിൻഡിക്കേറ്റംഗം, അഴീക്കൽ ഫിഷറീസ് വെൽഫെയർ കമ്മിറ്റി പ്രസിഡൻറ് എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. ഭാര്യ: സി. ഉഷ (ഗിരിജ). മക്കൾ: മിഥുൻ കൃഷ്ണൻ, മഞ്ജു കൃഷ്ണൻ. മരുമക്കൾ: എം. ദർശന, അഡ്വ. വി. രഞ്ജിത്.തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് കരുനാഗപ്പള്ളിയിലെ ധീവരസഭ ജില്ല കമ്മിറ്റി ഓഫിസിൽ മൃതദേഹം പൊതുദർശനത്തിനുെവച്ചു. തുടർന്ന് വീട്ടുവളപ്പിൽ സംസ്കരിച്ചു.