മലമ്പുഴ: കൊേട്ടക്കാട് ബ്രിട്ടീഷ് പാലത്തിന് സമീപം മലമ്പുഴ ജലസേചന കനാലിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കല്ലേപ്പുള്ളി മിൽമ റോഡ് സ്വദേശി അജീഷാണ് (24) മരിച്ചത്. ഫാബ്രിക്കേഷൻ തൊഴിലാളിയായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെ പറളിയിൽനിന്ന് ജോലി കഴിഞ്ഞ് സുഹൃത്തുക്കൾക്കൊപ്പം മലമ്പുഴ ഇടതുകര കനാലിൽ കുളിക്കാനിറങ്ങുകയായിരുന്നു. ഇതിനിടെ ഒഴുക്കിൽെപട്ട അജീഷിനെ കാണാതായി. പാലക്കാട്ടുനിന്ന് എത്തിയ സ്കൂബ ഡൈവേഴ്സ് സംഘവും പൊലീസും നാട്ടുകാരും ചേർന്ന നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. തിരച്ചിലിനായി കനാലിലൂടെയുള്ള ജലവിതരണം താൽക്കാലികമായി നിർത്തിയിരുന്നു. മിൽമറോഡ് സ്വദേശി പരമശിവനാണ് അജീഷിെൻറ പിതാവ്. മാതാവ്: കുമാരി. സഹോദരൻ: അനീഷ്. മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിൽ.