തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല ഹിന്ദി വിഭാഗം റിട്ട. പ്രഫസറും എഴുത്തുകാരനും വിവർത്തകനുമായിരുന്ന ഡോ. എം.എസ്. വിശ്വംഭരൻ (78) നിര്യാതനായി. കോവിഡ് ബാധിതനായിരുന്നു. 1984 മുതൽ 2003 വരെ ഹിന്ദി പഠന വകുപ്പിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചു. കേരളത്തിലെ വിവിധ സർക്കാർ കോളജുകളിലും കേരള സർവകലാശാല കാര്യവട്ടം കാമ്പസിൽ വിദൂര വിദ്യാഭ്യാസ വിഭാഗത്തിലും അധ്യാപകനായിരുന്നു. കാലിക്കറ്റ് സർവകലാശാല കോളജ് െഡവലപ്മെൻറ് കൗൺസിൽ ഡയറക്ടറുടെ ചുമതല വഹിച്ചിട്ടുണ്ട്. ഈച്ചര വാര്യരുടെ ആത്മകഥയുടെ ഹിന്ദി വിവർത്തനം ‘ഏക് പിതാ കീ സ്മൃതി രേഖായേം’, ‘മലയാളം കേ പ്രതിനിധി നാടക്’ തുടങ്ങിയ വിവിധ പുസ്തകളുടെ രചയിതാവാണ്. അസോസിയേഷൻ ഓഫ് കാലിക്കറ്റ് യൂനിവേഴ്സിറ്റി ടീച്ചേഴ്സ് (ആക്റ്റ്) നേതൃനിരയിലും പ്രവർത്തിച്ചു. ആലപ്പുഴ തുറവൂർ സ്വദേശിയായ ഇദ്ദേഹം കാലിക്കറ്റ് യൂനിവേഴ്സിറ്റിക്കടുത്ത് സത്യപുരത്താണ് താമസം. ഭാര്യ: കെ.കെ. പൊന്നമ്മ (റിട്ട. സൂപ്രണ്ട്, കെ.എസ്.ഇ.ബി). മക്കൾ: എം.വി. ബിനു (അധ്യാപിക, ദാറുൽ ഹിദായത്ത് ഹയർ സെക്കൻഡറി സ്കൂൾ എടപ്പാൾ), എം.വി. ബിജു (മാനേജർ, റിസർവ് ബാങ്ക്, മുംബൈ). മരുമക്കൾ: അനിൽകുമാർ (ഡെപ്യൂട്ടി ചീഫ് എൻജിനീയർ, കെ.എസ്.ഇ.ബി, തിരൂർ), അഭിത.