ആലപ്പുഴ: വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന സമീഷിെൻറ ജീവനായി നാടാകെ ഒന്നിച്ചിട്ടും കണ്ണീരിലാഴ്ത്തി മടക്കം. ഇരവുകാട് വാര്‍ഡില്‍ പാണ്ഡ്യന്ചിയിൽ ബാബു-ഷീല ദമ്പതികളുടെ മകൻ സമീഷാണ് (35) മരിച്ചത്. മേയ് 29ന് ആലപ്പുഴ കളർകോട് പക്കി ജങ്ഷന് സമീപമായിരുന്നു അപകടം. പെട്രോള്‍ പമ്പിന് എതിര്‍വശത്തായി വഴിയോരത്ത് മീന്‍ വാങ്ങാന്‍ നിന്നിരുന്ന സമീഷിനെ അശ്രദ്ധമായി വന്ന കാര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. നിർത്താതെപോയ കാർ പിന്നീട് പൊലീസാണ് പിടികൂടിയത്. പരിക്കേറ്റ സമീഷിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സക്ക് 15 ലക്ഷത്തോളം രൂപ ചെലവ് വരുമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ഇതോടെ, നാടാകെ കൈകോർത്ത് 18 ലക്ഷത്തിന് മേൽ തുക സമാഹരിച്ച് നൽകി. ഒരു മാസത്തിലേറെ നീണ്ട ചികിത്സക്കൊടുവിൽ വെള്ളിയാഴ്ച പുലർച്ച നാലിനാണ് മരിച്ചത്. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് വലിയ ചുടുകാട്ടിൽ.