കൊല്ലം: ഭർതൃഗൃഹത്തില്‍ തൂങ്ങിമരിക്കാൻ ശ്രമിച്ച യുവതി ചികിത്സയിലിരിക്കെ മരിച്ചു. കന്നിമേല്‍ച്ചേരി പുളിഞ്ചിക്കൽ വീട്ടില്‍ സതീശിെൻറ ഭാര്യ അനുജയാണ് (22) ആശുപത്രിയിൽ മരിച്ചത്. സംഭവത്തിന് പിന്നിൽ ഭർതൃമാതാവിെൻറ പീഡനമാണെന്ന പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. 30ന് രാത്രി ജോലി കഴിഞ്ഞെത്തിയ ഭർത്താവ് സതീശുമായുണ്ടായ വാക്കുതര്‍ക്കത്തിന് പിന്നാലെയാണ് മുറിയിൽ കയറി വാതിലടച്ച അനുജ ആത്മഹത്യക്ക് ശ്രമിച്ചതെന്ന് പറയപ്പെടുന്നു. സതീശ് രാത്രി പന്ത്രണ്ടോടെ വാതിലില്‍ തട്ടിവിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ലത്രെ. ഉടന്‍തന്നെ വാതില്‍ ചവിട്ടിപ്പൊളിച്ച് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഗുരുതരമായതിനാൽ നഗരത്തിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്കും തുടർന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റിയിരുന്നു. കഴിഞ്ഞ ഡിസംബറിലായിരുന്നു സതീശും അനുജയും വിവാഹിതരായത്. അനുജയോട് ഭർതൃമാതാവ് സുനിജ മോശമായി പെരുമാറിയിരുന്നതായി അനുജയുടെ ബന്ധുക്കള്‍ പറയുന്നു.അനുജയുടെ പിതാവ് അനിൽകുമാർ നൽകിയ പരാതിയിൽ സുനിജക്കെതിരെ ശക്തികുളങ്ങര പൊലീസ് ഗാര്‍ഹികപീഡനത്തിന് കേസെടുത്തു.