പന്തളം: രണ്ടു ദിവസം മുമ്പ് അച്ചൻകോവിലാറ്റിൽ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. മുൻ സൈനികൻ പന്തളം മങ്ങാരം മുളമ്പുഴ ചൈത്രത്തിൽ സുരേഷ് കുമാറിെൻറ (58) മൃതദേഹം ചൊവ്വാഴ്ച രാവിലെ 8.30ഓടെ പന്തളം വലിയ പാലത്തിനു സമീപം കൈപ്പുഴ പന്തപ്ലാവിൽ കടവിനടുത്ത് എൻ.ഡി.ആർ.എഫ് സംഘമാണ് കണ്ടെത്തിയത്.ഞായറാഴ്ച രാവിലെ 8.30യോടെ സുരേഷ് കുമാർ പന്തളം വലിയകോയിക്കൽ ക്ഷേത്രക്കടവിൽനിന്ന് ആറ്റിൽ ചാടുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം. എൻ.ഡി.ആർ.എഫ് സംഘവും അടൂർ, തിരുവല്ല എന്നിവിടങ്ങളിൽനിന്നുള്ള സ്കൂബ ടീം ഉൾപ്പെടെയുള്ള 15 അംഗ അഗ്നിരക്ഷാ സേനാംഗങ്ങളും നാട്ടുകാരും കൈപ്പുഴകടവ് മുതൽ കരിപ്പൂർ കടവുവരെ രണ്ടു കിലോമീറ്ററോളം തിരച്ചിൽ നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല. ശക്തമായ ഒഴുക്കും ചുഴിയും കലക്കവെള്ളവും അടിത്തട്ടിലുള്ള കൂർത്ത മരക്കുറ്റികളും തിരച്ചിലിനു തടസ്സമായി.രണ്ടു ദിവസങ്ങളിൽ പുലർച്ച മുതൽ ടീം കമാൻഡർ കെ.കെ. അശോകൻ, എസ്.ഐ പ്രമോദ്, എച്ച്.സി അബ്ദുൽ ഫരീദ് എന്നിവരുടെ നേതൃത്വത്തിലുള്ള 18 അംഗ എൻ.ഡി.ആർ.എഫ് സംഘം തിരച്ചിൽ തുടരുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു. ഭാര്യ: റിട്ട. അധ്യാപിക രാധാമണി. മക്കൾ: അഖിൽ, ചിത്ര.