കോന്നി: സി.പി.ഐ നേതാവും കോന്നി ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡൻറുമായ പൊയ്കയിൽ വീട്ടിൽ കോന്നിയൂർ പി.കെ (പി. കുട്ടപ്പൻ -66) നിര്യാതനായി. കിഡ്നി സംബന്ധമായ അസുഖത്തെത്തുടർന്ന് ദീർഘനാളായി ചികിത്സയിൽ ആയിരുന്നു. കോന്നി കൊല്ലം ജില്ലയുടെ ഭാഗമായിരുന്ന കാലത്ത് എ.ഐ.വൈ.എഫ്, എ.ഐ.എസ്.എഫ് പ്രവർത്തനരംഗത്തിലൂടെ രാഷ്ട്രീയത്തിൽ വന്ന പി.കെ സി.പി.ഐ നേതാവായിരുന്നു. ചെങ്ങറ സുരേന്ദ്രൻ ലോക്സഭയിലേക്ക് മത്സരിച്ച സമയത്ത് അഭിപ്രായവ്യത്യാസങ്ങളെത്തുടർന്ന് കോൺഗ്രസിലേക്ക് പോയി. ഡി.സി.സി സെക്രട്ടറി, സാംബവ മഹാസഭ സംസ്ഥാന സെക്രട്ടറി, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അടക്കമുള്ള സ്ഥാനങ്ങൾ വഹിച്ചു. കോന്നിയിലെ മുൻ ജനപ്രതിനിധിയുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്ന് സി.പി.ഐയിൽ മടങ്ങിയെത്തിയ കോന്നിയൂർ പി.കെ ജില്ല പഞ്ചായത്തിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. നാടകരചന, സംവിധാനം, അഭിനയം തുടങ്ങി കലാരംഗത്തും സജീവമായിരുന്നു. ഭാര്യ: വത്സല. മക്കൾ: അഭിലാഷ്. അഭികല. മരുമക്കൾ: അമൃത, ദിലീപ്. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് പയ്യനാമണ്ണിലെ വീട്ടുവളപ്പിൽ.