മണ്ണാർക്കാട്: നൊട്ടമ്മലയിൽ ലോറികൾ കൂട്ടിയിടിച്ച് തമിഴ്നാട് സ്വദേശിയായ ഡ്രൈവർ മരിച്ചു. ചരക്ക് ലോറി ഡ്രൈവർ തമിഴ്നാട് തിരുച്ചിറപ്പള്ളി സെറുഗുഡി കൃഷ്ണ സ്വാമിയുടെ മകൻ ബാലകുമാർ (42) ആണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ച ഒന്നിന് ദേശീയപാതയിൽ വിയ്യക്കുറുശ്ശി പഴയ മാർക്കറ്റിനു സമീപമായിരുന്നു അപകടം. മണ്ണാർക്കാട് ഭാഗത്തേക്ക് വരുകയായിരുന്ന ചരക്കു ലോറിയിൽ എതിരെ മറ്റൊരു വാഹനത്തെ മറികടന്നു വന്ന കെണ്ടയ്നർ ലോറി ഇടിക്കുകയായിരുന്നു. ചരക്കു ലോറിയുടെ തകർന്ന കാബിനിൽ നിന്ന് ഏറെ പണിപ്പെട്ടാണ് ബാലകുമാറിനെ പുറത്തെടുത്തത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മണ്ണാർക്കാട് പൊലീസ് കേസെടുത്തു.