മറയൂര്‍: മറയൂര്കാടുകളില്നിന്നും ചന്ദനം വെട്ടാൻ തമിഴ്നാട്ടില്‍ നിന്നെത്തിയതെന്ന് കരുതുന്ന സംഘത്തിലെ മറ്റൊരാളുടെ മൃതദേഹംകൂടി പൊലീസ് നടത്തിയ തിരച്ചിലിൽ കണ്ടെത്തി. വെള്ളിയാഴ്ച ചന്ദനക്കടത്ത് സംഘത്തിലുൾപ്പെട്ട തമിഴ്നാട് തിപ്പത്തൂര്‍ സ്വദേശി സതീശിെൻറ മൃതദേഹം പാറക്കെട്ടുകൾക്ക് താഴെ നിന്ന് കണ്ടെടുത്തിരുന്നു. സതീശിെൻറ മൃതദേഹം കിടന്ന സ്ഥലത്തുനിന്നും 300 മീറ്റര്‍ അകലെയാണ് ഞായറാഴ്ച മറ്റൊരു മൃതദേഹം കൂടി കണ്ടെത്തിയത്. ആരുടേതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. സമുദ്രനിരപ്പില്‍ നിന്നും 5003 അടി ഉയരമുള്ള പ്രദേശമാണ് കാന്തല്ലൂരിലെ ചന്ദ്രമണ്ഡലം. ഈ ഭാഗത്തുള്ള പാറയില്‍നിന്നും 300 അടി താഴ്ചയിലേക്ക് പതിച്ച നിലയിലായിരുന്നു മൃതദേഹങ്ങള്‍. ഞായറാഴ്ച ഉച്ചക്ക് രണ്ട് മണിയോടെ പൊലീസും പ്രദേശവാസികളും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. രണ്ട് ദിവസത്തെ പഴക്കമുണ്ട്.കാട്ടുപാതയിലൂടെ കമ്പില്‍ കെട്ടിയാണ് മൃതദേഹം റോഡില്‍ എത്തിച്ചത്. മറയൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടർ ബിജോയ് പി.ടി, സബ് ഇന്‍സ്പെക്ടർ അനൂപ് മോഹന്‍, സിവില്‍ പൊലീസ് ഒാഫിസർമാരായ ജിനേഷ്,സജുസണ്‍, ആസാദ്, ലിയോ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.