തൊടുപുഴ: സഹോദരങ്ങളുമായി ടി.വി കാണുന്നതിനെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ആറാംക്ലാസുകാരി മുറിക്കുള്ളിൽ തൂങ്ങിമരിച്ചു. തൊടുപുഴ മണക്കാട് കുന്നത്തുപാറ കൃഷ്ണനിവാസിൽ സുദീപ്കുമാർ _ലക്ഷ്മി ദമ്പതികളുടെ മകൾ നിവേദിതയാണ് (മണിക്കുട്ടി,- 11) മരിച്ചത്. തിങ്കളാഴ്ച രാവിലെ 11.30ഒാടെയായിരുന്നു സംഭവം. ജലവിഭവ വകുപ്പിൽ ഉദ്യോഗസ്ഥനായ പിതാവ് സുദീപ് കുമാറും സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരിയായ മാതാവ് ശ്രീലക്ഷ്മിയും ജോലിക്ക് പോയതായിരുന്നു. ഇളയസഹോദരിക്കും മാതൃസഹോദരിയുടെ മകനുമൊപ്പം ടി.വി കാണുകയായിരുന്നു നിവേദിത. ഇതിനിടെ, കാർട്ടൂൺ ചാനൽ െവക്കുന്നതിനെച്ചൊല്ലി ഇവർ തമ്മിൽ തർക്കമുണ്ടായി. വഴക്കിട്ട് നിവേദിത മുറിയിൽ കയറി വാതിലടച്ചു. ഏറെ നേരമായിട്ടും വിളിച്ചിട്ട് കാണാത്തതിനെത്തുടർന്ന് മുത്തശ്ശി വിമല വാതിൽ തള്ളിത്തുറന്നപ്പോഴാണ് ജനലിൽ ബെഡ് ഷീറ്റ് ഉപയോഗിച്ച് തൂങ്ങിമരിച്ച നിലയിൽ കണ്ടത്.നാട്ടുകാരുടെ സഹായത്തോടെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മരണത്തിൽ പ്രഥമദൃഷ്ട്യാ അസ്വാഭാവികതയില്ലെന്ന് തൊടുപുഴ പൊലീസ് പറഞ്ഞു.