ഇരവിപുരം: മകളുടെ വീട്ടിൽനിന്ന് കാണാതായ ഡോക്ടറെ മരിച്ചനിലയിൽ കണ്ടെത്തി. കരുനാഗപ്പള്ളി കുലശേഖരപുരം പുന്നക്കുളം (പുത്തൻതെരുവ്) തൗഫീക്കിൽ ഡോ. നസീർ ഹുസൈൻ അഹമ്മദിനെയാണ് (74) മരിച്ചനിലയിൽ കണ്ടെത്തിയത്.വ്യാഴാഴ്ച വൈകീട്ട് മകളുടെ വീടായ വടക്കേവിള തേജസ് നഗർ 95 എ ബൈറൂഹയിൽനിന്ന് അടുത്തുള്ള മസ്ജിദിലേക്ക് നമസ്കാരത്തിനായി പോയ ഇദ്ദേഹത്തെ കാണാതാകുകയായിരുന്നു. രാത്രിയായിട്ടും തിരികെയെത്താതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ ഇരവിപുരം പൊലീസിൽ പരാതി നൽകിയശേഷം അന്വേഷണം നടത്തിവരവെയാണ് വെള്ളിയാഴ്ച പുലർച്ച ഇരവിപുരം കാവൽപുര കടമ്പാട്ട് തൈക്കാവിനടുത്തുള്ള വഴിയിൽ ഇദ്ദേഹത്തെ മരിച്ചനിലയിൽ കണ്ടെത്തിയത്.കരുനാഗപ്പള്ളിയിലെ പേരെടുത്ത ജനകീയ ഡോക്ടറായിരുന്നു. അഞ്ചു പതിറ്റാണ്ടോളം പുത്തൻതെരുവിൽ അനി നഴ്സിങ് ഹോം എന്ന പേരിൽ ക്ലിനിക് നടത്തിയിരുന്നു.കുറെനാളായി മകളോടൊപ്പമായിരുന്നു താമസം. കൊടുങ്ങല്ലൂർ തൃപ്രയാർ സ്വദേശിയാണ്. ഭാര്യ: ഫാത്തിമാ നസീർ. മക്കൾ: ഷെഹ്ന, രെഹ്ന. മരുമക്കൾ: മൺസൂർ (ദുബൈ), ഡോ. ഹസീൻ (കിംസ് ആശുപത്രി കൊട്ടിയം).