കൊല്ലം: നൂറ്റാണ്ട് പിന്നിട്ട പ്രായത്തിന് അക്ഷരവെളിച്ചത്തിെൻറ തിളക്കം നൽകിയ നാരീശക്തി പുരസ്കാര ജേതാവ് പ്രാക്കുളം നന്ദധാമില്‍ ഭാഗീരഥിയമ്മ (107) നിര്യാതയായി. വ്യാഴാഴ്ച രാത്രി 11.55 നായിരുന്നു അന്ത്യം. ഒരുമാസമായി ചികിത്സയിലായിരുന്നു. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. 105ാം വയസ്സില്‍ സാക്ഷരത മിഷെൻറ നാലാം ക്ലാസ് തുല്യത പരീക്ഷയില്‍ വിജയം നേടിയതോടെയാണ് പ്രശസ്തിയിേലക്കെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി മൻകിബാത്തിലൂടെ അഭിനന്ദിച്ച ഭാഗീരഥിയമ്മയെ തേടി വൈകാതെ ഭാരത നാരീശക്തി പുരസ്കാരവും എത്തുകയായിരുന്നു. നാലാംതരം തുല്യതാ പരീക്ഷയില്‍ 75 ശതമാനം മാർക്ക് നേടിയാണ് ഭാഗീരഥിയമ്മ വിജയിച്ചത്. ഏഴാംതരം തുല്യതാ പരീക്ഷക്കുള്ള ഓണ്‍ലൈന്‍ പഠനവുമായി മുന്നോട്ടുപോകവെയാണ് ശാരീരിക അവശതകള്‍ അലട്ടിത്തുടങ്ങിയത്. മൂന്നാം ക്ലാസുവരെ മാത്രമായിരുന്നു ഭാഗീരഥിയമ്മ പഠിച്ചിരുന്നത്. ഇളയ സഹോദരങ്ങളെ പരിപാലിക്കേണ്ടതിനാൽ ഒമ്പതാം വയസ്സില്‍ പഠനം ഉപേക്ഷിച്ചു. ഒടുവിൽ 2019ൽ ഭാഗീരഥിയമ്മയുടെ കൂട്ടുകാരി ശാരദയുടെ മകളായ ഷേര്‍ളിയാണ് ഒരിക്കല്‍കൂടി അക്ഷരങ്ങളുടെ ലോകത്തേക്കെത്താന്‍ മുത്തശ്ശിയെ പ്രാപ്തയാക്കിയത്. വീട്ടിലെത്തി അവര്‍ പഠിപ്പിച്ചുനല്‍കിയ പാഠങ്ങള്‍ 105ാം വയസ്സിലും എളുപ്പത്തില്‍ ഹൃദിസ്ഥമാക്കി. 275 മാര്‍ക്കില്‍ 205 മാര്‍ക്കാണ് കരസ്ഥമാക്കിയത്. ഇളയമകള്‍ തങ്കമണി പിള്ളയും പഠനമോഹങ്ങള്‍ക്ക് സൗകര്യമൊരുക്കി ഒപ്പം നിന്നു. ഉച്ചക്ക് രണ്ടിന് പ്രാക്കുളം നന്ദധാം വീട്ടിൽ പൊലീസ് ഗാര്‍ഡ് ഓഫ് ഓണറോടുകൂടി സംസ്കാരം നടത്തി. സാമൂഹിക രാഷ്ട്രീയരംഗത്തെ പ്രമുഖര്‍ നേരിട്ടും സമൂഹമാധ്യമങ്ങളിലൂടെയും അന്ത്യാഞ്ജലി അര്‍പ്പിച്ചു. മുഖ്യമന്ത്രിക്കും സര്‍ക്കാറിനും വേണ്ടി എ.ഡി.എം സജിതാബീഗം അന്ത്യാഞ്ജലി അര്‍പ്പിച്ചു. വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിക്കുവേണ്ടി ഡി.ഇ.ഒ രാജേന്ദ്രന്, ഡി.ഡി ഓഫിസ് സൂപ്രണ്ട് ഹരിസുധന്‍, ഡി.സി.സി പ്രസിഡൻറ് ബിന്ദു കൃഷ്ണ എന്നിവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. മുൻ മന്ത്രി കെ.കെ. ശൈലജ, തിരുവനന്തപുരം േമയര്‍ ആര്യ രാജേന്ദ്രന് എന്നിവര്‍ ഫേസ്ബുക്കില്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. സാക്ഷതമിഷന് ഡയറക്ടര്‍ ശ്രീകല ഫോണിലൂടെ അനുശോചനമറിയിച്ചു. പരേതനായ രാഘവൻപിള്ളയാണ് ഭർത്താവ്. മക്കൾ: പത്മാക്ഷിയമ്മ, തുളസീധരൻ പിള്ള, പരേതയായ കൃഷ്ണമ്മ, സോമനാഥൻ പിള്ള, അമ്മിണിയമ്മ, തങ്കമണി പിള്ള. മരുമക്കൾ: പരേതനായ ബാലകൃഷ്ണപിള്ള, വിജയലക്ഷ്മിയമ്മ, പരേതനായ രാധാകൃഷ്ണപിള്ള, മണിയമ്മ, ശ്രീധരൻപിള്ള, പരേതനായ ആനന്ദൻപിള്ള.