കരുനാഗപ്പള്ളി: പള്ളിക്കലാറ്റിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപെട്ട വിദ്യാർഥി മുങ്ങിമരിച്ചു. കൊല്ലം കിളികൊല്ലൂർ കല്ലുംതാഴം വരാലുവിളചിറയിൽവീട്ടിൽ മുഹമ്മദാലി- സബിത ദമ്പതികളുടെ മകൻ മുഹമ്മദ് നിജാസ് (16) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഇടക്കുളങ്ങര സ്വദേശി യാസർ (15) നീന്തി രക്ഷപ്പെട്ടു. ശനിയാഴ്ച രാവിലെ 11.40 ഓടെ കാരൂർക്കടവ് പാലത്തിന് സമീപത്തെ കടവിലാണ് സംഭവം.എട്ട് മാസമായി മുഹമ്മദ് നിജാസ് മാതൃസഹോദരൻ കരുനാഗപ്പള്ളി ഇടക്കുളങ്ങര എഫ്.സി.ഐക്ക് സമീപം കോട്ടുത്തറവീട്ടിൽ ഷെമീറിനൊപ്പമാണ് താമസം. ശനിയാഴ്ച രാവിലെ 10.40 ഓടെയാണ് കൂട്ടുകാരനുമൊത്ത് സൈക്കിളിൽ മൂന്ന് കിലോമീറ്റർ അകലെയുള്ള കാരൂർകടവ് പാലത്തിന് തെക്ക് വശത്ത് പള്ളിക്കലാറ്റിലെ കടവിൽ എത്തിയത്. നീന്തുന്നതിനിടെ ശക്തമായ ഒഴുക്കിൽപ്പെടുകയായിരുന്നു. നാട്ടുകാരും കരുനാഗപ്പള്ളി ഫയർഫോഴ്സും െപാലീസും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കൊല്ലത്ത് നിന്ന് സ്കൂബ മുങ്ങൽ വിദഗ്ധരെത്തി ഉച്ചക്ക് ഒന്നിന് ശേഷം മൃതദേഹം കണ്ടെടുക്കുകയായിരുന്നു. കുറ്റിച്ചിറ പേരൂർ മീനാക്ഷിവിലാസം സ്കൂളിലെ വിദ്യാർഥിയായിരുന്ന മുഹമ്മദ് നിജാസ് എസ്.എസ്.എൽ.സി പരീക്ഷയിൽ വിജയിച്ചിരുന്നു. സഹോദരൻ: അഫ്സൽ. മൃതദേഹം കരുനാഗപ്പള്ളി താലൂക്കാശുപത്രി മോർച്ചറിയിൽ. ഞായറാഴ്ച രാവിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം ഉച്ചക്ക് 12ഒാടെ കരുനാഗപ്പള്ളി ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.