ദുരൂഹതയെന്ന് ബന്ധുക്കൾ
ശാസ്താംകോട്ട: കുന്നത്തൂരിൽ നവവധുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുന്നത്തൂര്‍ മാണിക്യമംഗലം രാജേഷ് ഭവനിൽ രാജേഷിെൻറ ഭാര്യയും കുണ്ടറ പേരയം കാരിക്കുഴി ധന്യാ ഭവനിൽ ഷൺമുഖദാസ്-ലില്ലിക്കുട്ടി ദമ്പതികളുടെ മകളുമായ ധന്യാദാസ് (21) ആണ് മരിച്ചത്. മരണത്തിൽ ദുരൂഹത ആരോപിച്ച് ധന്യയുടെ ബന്ധുക്കൾ രംഗത്തെത്തി. സംഭവവുമായി ബന്ധപ്പെട്ട് രാജേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച പുലര്‍ച്ച നാലിന് കിടപ്പുമുറിയിലെ ജനല്‍ കമ്പിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ ധന്യയെ ഭർത്താവും ബന്ധുക്കളും ചേർന്ന് ശാസ്താംകോട്ട താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. രണ്ടരമാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. ടിപ്പർ ലോറി ഡ്രൈവറായ രാജേഷിെൻറ മദ്യപാനത്തെ സംബന്ധിച്ച് വെള്ളിയാഴ്ച രാത്രിയിലും വഴക്കുണ്ടായി. തുടർന്ന് വീടിനോട് ചേർന്ന് പാർക്ക് ചെയ്തിരുന്ന ടിപ്പർ ലോറിയിൽ രാജേഷ്കിടന്നുറങ്ങി. അർധരാത്രിയിൽ മഴ പെയ്തപ്പോൾ ധന്യയെത്തി വിളിച്ചതോടെ രാജേഷ് മുറിയിലെത്തി കിടന്നു. പുലർച്ച നാലോടെ ഓട്ടം പോകാനായി എഴുന്നേറ്റപ്പോഴാണ് ജനലിൽ ഷാളിൽ തൂങ്ങിയ നിലയിൽ ധന്യയെ കണ്ടതെന്നാണ് മൊഴി. രാജേഷിെൻറ മാതാപിതാക്കളായ ഉണ്ണിക്കൃഷ്ണപിള്ളയും അംബികയും സഹോദരൻ അനീഷും വീട്ടിലുണ്ടായിരുന്നു. വ്യത്യസ്ത മതവിഭാഗങ്ങളിൽപ്പെട്ട രാജേഷും ധന്യയും തമ്മിൽ എട്ടു വർഷമായി പ്രണയത്തിലായിരുന്നു. ധന്യ സ്വകാര്യ ബാങ്കിൽ ട്രെയിനിങ് പൂർത്തിയാക്കി കരുനാഗപ്പള്ളി ബ്രാഞ്ചിൽ ജോലിയിൽ പ്രവേശിക്കാനിരിക്കയായിരുന്നു. ധന്യയെ രാജേഷ് മർദിക്കുമായിരുന്നെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ഇത് സംബന്ധിച്ച് ഇവർ പൊലീസിൽ പരാതി നൽകി. ശാസ്താംകോട്ട ഡിവൈ.എസ്.പി രാജ്കുമാറിെൻറ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ധരും തെളിവ് ശേഖരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികളും കോവിഡ് പരിശോധനയും പൂർത്തിയാക്കിയ ശേഷം മുളവന കാരിക്കുഴി ചർച്ചിൽ പിന്നീട് സംസ്കരിക്കും.