വടക്കഞ്ചേരി: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു. വാണിയമ്പാറ മഞ്ഞവാരി അമ്പലത്ത് വീട്ടിൽ സുലേഖയാണ് (56) മരിച്ചത്. അപകടത്തിൽ പരിക്കേറ്റ സുലേഖയുടെ ഭർത്താവ് അബ്ദുല്ല ചികിത്സയിലാണ്. വെള്ളിയാഴ്ച ഉച്ചക്ക് ഒേന്നാടെ ദേശീയപാതയിൽ തേനിടുക്കിന് സമീപമായിരുന്നു അപകടം. വടക്കഞ്ചേരി ഭാഗത്തുനിന്ന് വാണിയമ്പാറയിലേക്ക് അബ്ദുല്ലയും സുലേഖയും സ്കൂട്ടറിൽ പോകുന്നതിനിടെ പോക്കറ്റ് റോഡിൽനിന്ന് ദേശീയപാതയിലേക്ക് കയറിയ ഓട്ടോ ഇവരെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. റോഡിൽ തലയടിച്ച് വീണ സുലേഖയെ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ശനിയാഴ്ച പുലർച്ച മൂന്നിന് മരിച്ചു. മക്കൾ: ഷാമില, റംലത്ത്, ഷെഫീഖ്. വടക്കഞ്ചേരി പൊലീസ് കേസെടുത്തു.