മുതലമട: മീങ്കര ഡാമിൽ കാണാതായ യുവാവിെൻറ മൃതദേഹം കണ്ടെത്തി. മൃതദേഹം ബന്ധുക്കൾ തടഞ്ഞുവെച്ചത് സംഘർഷത്തിനിടയാക്കി. ഗോവിന്ദാപുരം അംബേദ്കർ കോളനി സ്വദേശി പഴണി സ്വാമിയുടെ മകൻ ശിവരാജെൻറ (29) മൃതദേഹമാണ് തിങ്കളാഴ്ച രാവിലെ ഡാമിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രിയാണ് ഡാമിൽ ശിവരാജനെ കാണാതായത്. മൃതദേഹത്തിൽ രക്തപ്പാടുകളും പരിക്കുകളും കണ്ടതായി ബന്ധുക്കൾ പറഞ്ഞു. ഫിഷറീസ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന മത്സ്യബന്ധനത്തൊഴിലാളികൾ മർദിച്ചതിനെ തുടർന്നാണ് മരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. തുടർന്ന് ഇറിഗേഷൻ, ഫിഷറീസ് ഉദ്യോഗസ്ഥരെത്തിയ ശേഷം മൃതദേഹം കൊണ്ടുപോയാൽ മതിയെന്ന നിലപാടിൽ നാട്ടുകാരും ബന്ധുക്കളും ഉറച്ചുനിൽക്കുകയായിരുന്നു. ദീർഘ സമയത്തിനു ശേഷം സി.ഐ വിപിൻദാസ്, പഞ്ചായത്ത് പ്രസിഡൻറ് ബേബി സുധ എന്നിവരെത്തിയാണ് മൃതദേഹം തൃശൂർ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയത്.ശിവരാജനും ബന്ധുവായ ദിലീപും മീങ്കര ഡാമിൽ വെള്ളിയാഴ്ച രാത്രി മീൻപിടിക്കാൻ വലയിട്ടിരുന്നു. വലയെടുക്കാനായി രാത്രി 11.30ന് മീങ്കര ഡാമിലെത്തി. തുടർന്ന് ഡാമിെൻറ മറുകരയിലെ വലയെടുക്കാൻ നീന്തുകയായിരുന്നു. ഇതിനിടെ ഫിഷറീസ് വകുപ്പിന് കീഴിൽ മത്സ്യബന്ധനം നടത്തുന്നവരെ കണ്ട ഇരുവരും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ശിവരാജൻ മുങ്ങിത്താഴുകയായിരുന്നുവെന്നാണ് പൊലീസിെൻറ പ്രാഥമിക നിഗമനം. സഹായിയായ ദിലീപ് ഓടി രക്ഷപ്പെട്ട് കുറ്റിക്കാട്ടിലൊളിച്ച ശേഷം പുലർച്ച ഡാമിലെത്തി ശിവരാജനായി തിരച്ചിൽ നടത്തി. തുടർന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ ശ്രമം പരാജയപ്പെട്ടതോടെയാണ് പൊലീസിൽ പരാതി നൽകിയതെന്ന് സി.ഐ വിപിൻദാസ് പറഞ്ഞു.
കൊല്ലങ്കോട് അഗ്നിശമന സേനയെത്തി ഞായർ പകൽ മുഴുവൻ തിരഞ്ഞെങ്കിലും കണ്ടെത്താനായിരുന്നില്ല. തിങ്കളാഴ്ച രാവിലെ നാട്ടുകാരാണ് മൃതദേഹം കണ്ടത്. തൃശൂർ മെഡിക്കൽ കോളജിൽ പോസ്റ്റ് മോർട്ടത്തിനു ശേഷം ചൊവ്വാഴ്ച മൃതദേഹം നാട്ടിലെത്തിക്കും. നിലവിൽ പരാതികളൊന്നും ലഭിച്ചില്ലെന്ന് സി.ഐ പറഞ്ഞു. മാതാവ്: വേലാത്താൾ. ഭാര്യ: വിനീത. സഹോദരൻ: തങ്കരാജ്.