ചെറുതോണി: കുളമാവ് അണക്കെട്ടില്‍ മീന്‍പിടിക്കാന്‍ പോയി കാണാതായ സഹോദരങ്ങളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി.മുല്ലക്കാനം ചക്കിമാലി കോയിപ്പുറത്ത് പരേതനായ കുട്ടപ്പെൻറ മകൻ കെ.കെ. ബിജു (38), സഹോദരന് കെ.കെ. ബിനു (36) എന്നിവരെയാണ് ബുധനാഴ്ച രാവിലെ കാണാതായത്. ബിജുവിെൻറ മൃതദേഹമാണ് അണക്കെട്ടിൽ വേങ്ങാനം ഭാഗത്തുനിന്ന് ലഭിച്ചത്. പോസ്റ്റ്മോർട്ടത്തിന് ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ബിജു അവിവാഹിതനാണ്. മാതാവ്: തങ്കമ്മ.ആറുദിവസം നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. സഹോദരൻ ബിനുവിനായി തിരച്ചിൽ തുടരുകയാണ്.തൊടുപുഴ, മൂവാറ്റുപുഴ അഗ്നിരക്ഷാ സേനകളുടെ 11 അംഗ ഡൈവിങ് വിദഗ്ധരടങ്ങുന്ന രണ്ട് സ്കൂബാ ടീമും ദുരന്തനിവാരണ സേനയുടെ രണ്ട് ടീമുമാണ് തിരച്ചില്‍ നടത്തിയത്.ഡാമില്‍ ഇവരെ കാണാതായതായി സംശയിക്കുന്ന കണ്ണങ്കയം ഭാഗത്തുനിന്ന് വള്ളം, വല, മൊബൈല്‍ ഫോണ്‍ എന്നിവ വ്യാഴാഴ്ച കണ്ടെത്തിയിരുന്നു.