അടൂർ: പട്ടാഴി കടുവാത്തോട് ഇടക്കടവ് പാലത്തിൽനിന്ന് കല്ലടയാറ്റിലേക്ക് ചാടിയ മധ്യവയസ്കെൻറ മൃതദേഹം ഏനാത്ത് കണ്ടെത്തി. പത്തനാപുരം മാലൂർ കോളജ് പാറക്കടവില്‍ ലളിത വിലാസത്തിൽ സുരേഷ് കുമാറാണ് (50) മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചയാണ് സംഭവം.സുരേഷിെൻറ ബൈക്ക് കടുവാത്തോട്-പട്ടാഴി പാതയിലെ ഇടക്കടവ് പാലത്തില്‍ കണ്ട് സംശയം തോന്നിയ പ്രദേശവാസികള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പാലത്തിന് സമീപത്തുനിന്ന് സുരേഷിെൻറ പഴ്സ്, ചെരിപ്പ്, മൊബൈല്‍ ഫോണ്‍ എന്നിവ കണ്ടെത്തിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തില്‍ അഗ്നിരക്ഷാസേനയും സ്കൂബാ ടീമും രണ്ടുദിവസം പാലം മുതല്‍ തടയണവരെ പരിശോധന നടത്തിയിരുന്നു.ചൊവ്വാഴ്ച പുലർച്ച ഏനാത്ത് ഇളങ്ങമംഗലം തൂക്കുപാലത്തിന് സമീപത്തെ മുളങ്കൂട്ടത്തില്നിന്നാണ് നാട്ടുകാര്‍ മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് അടൂരില്‍നിന്ന് സീനിയർ ഫയർ ഓഫിസർ അനിൽ കുമാറിെൻറ നേതൃത്വത്തിൽ ആറംഗസംഘം എത്തിയാണ് മൃതദേഹം കരക്കെത്തിച്ചത്. സുരേഷ് കുമാര്‍ പട്ടാഴിയിലെ ബന്ധുവീട്ടില്‍ വന്നതാണ്. തിരികെ പോകുകയാണെന്ന് പറഞ്ഞാണ് ഞായറാഴ്ച പുലർച്ച വീട്ടില്‍നിന്ന് ഇറങ്ങിയതെന്ന് ബന്ധുക്കള്‍ പറയുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് പാരിപ്പള്ളി മെഡിക്കല്‍ കോളജ് മോർച്ചറിയിലേക്ക് മാറ്റി.