മണ്ണാർക്കാട്/കൊണ്ടോട്ടി: ദേശീയപാതയിൽ കുമരംപുത്തൂർ വട്ടമ്പലത്ത് ബൈക്കും പിക് അപ്പ് വാനും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു. കൊണ്ടോട്ടി കിഴിശ്ശേരി മിനി സ്റ്റേഡിയത്തിന് സമീപം തവനൂർ കുന്നത്ത് വീട്ടിൽ സലാഹുദ്ദീെൻറ മകൻ മുഹമ്മദ് ഷഹീൻ (19) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന കൂട്ടുകാരന് പുളിക്കൽ അടിച്ചിനിക്കാട് വീട്ടില്‍ സലാമിെൻറ മകന് സാബിത്തിന് (19) സാരമായി പരിക്കേറ്റു. വ്യാഴാഴ്ച പുലർച്ച നാലോടെയാണ് അപകടം. മുഹമ്മദ് ഷഹീന് ഓടിച്ച ബൈക്കും എതിരെ വന്ന പിക് അപ്പ് വാനും കൂട്ടിയിടിക്കുകയായിരുന്നു. വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുഹമ്മദ് ഷഹീനിനെ പരിക്ക് ഗുരുതരമായതിനെ തുടർന്ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. ബൈക്കില്‍ കൂട്ടുകാരുമൊത്ത് പാലക്കാട് ഭാഗത്തേക്ക് പോവുന്നതിനിടെയാണ് അപകടം.
ചീക്കോട് കെ.കെ.എച്ച്.എം.എസ്.എസിലെ വിദ്യാർഥി ആയ മുഹമ്മദ് ഷഹീൻ പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയമാണ് നേടിയത്. എസ്.ഐ.ഒ കിഴിശ്ശേരി യൂനിറ്റ് സെക്രട്ടറിയാണ്. ബഹ്ൈറനിലുള്ള പിതാവ് സലാഹുദ്ദീൻ നാട്ടിൽ എത്തിയ ശേഷം വെള്ളിയാഴ്ച രാവിലെ കിഴിശ്ശേരി ചക്കുംകുളം ജുമാമസ്ജിദിൽ ഖബറടക്കും. മാതാവ്: ജസ്റ. സഹോദരങ്ങൾ: ഫിദ, റീഥ.
ജമാഅ ത്തെ ഇസ്ലാമി അഖിലേന്ത്യ സെക്രട്ടറി ജനറൽ ടി. ആരിഫലി, മലപ്പുറം ജില്ല പ്രസിഡൻറ് സലീം മമ്പാട്, വെൽഫെയർ പാർട്ടി മലപ്പുറം ജില്ലപ്രസിഡൻറ് നാസർ കീഴുപറമ്പ്, എസ്.ഐ.ഒ സംസ്ഥാന പ്രസിഡൻറ് അംജദ് അലി, മലപ്പുറം ജില്ല പ്രസിഡൻറ് സൽമാനുൽ ഫാരിസ്, കുഴിമണ്ണ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറ് ബാലത്തിൽ ബാപ്പു തുടങ്ങിയവർ വസതി സന്ദർശിച്ചു.