കടയ്ക്കൽ: ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. മടത്തറ വേങ്കൊല്ല മൈലാടി കോളനി വീട്ടിൽ ലക്ഷ്മിയുടെ മകൻ രാജേഷ് (27) ആണ് മരിച്ചത്. സഹയാത്രികൻ ചക്കമല വട്ടക്കരിക്കകത്ത് സുനിൽകുട്ടനെ (26) സാരമായ പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം - ചെങ്കോട്ട റോഡിൽ വേങ്കൊല്ല ശാസ്താ ക്ഷേത്രത്തിന് സമീപം വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. ശാസ്താംനടയിലെ ബന്ധുവീട്ടിൽ മരണാനന്തര ചടങ്ങുകൾക്ക് പോയശേഷം മടങ്ങുകയായിരുന്നു ബന്ധുക്കളായ യുവാക്കൾ. സുനിൽകുട്ടനാണ് ബൈക്ക് ഓടിച്ചിരുന്നത്. കുളത്തൂപ്പുഴയിലേക്ക് സിമൻറ് കയറ്റാനായി പോകുകയായിരുന്ന ലോറിയുമായാണ് കൂട്ടിയിടിച്ചത്. തലക്ക് സാരമായി പരിക്കേറ്റ ഇരുവരെയും കടയ്ക്കൽ താലൂക്കാശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച പുലർച്ച രാജേഷ് മരിച്ചു. അവിവാഹിതനായ രാജേഷ് കൂലിപ്പണിക്കാരനാണ്. സംസ്കാരം ഞായറാഴ്ച വീട്ടുവളപ്പിൽ.