തിരൂരങ്ങാടി: മൂന്നിയൂർ ആലിൻചുവട് സ്വദേശി തച്ചറക്കൽ ജഅഫർ (54) സൗദിയിലെ താമസ സ്ഥലത്ത് ഉറക്കത്തിനിടെ മരിച്ചു. ജിസാനിലെ അബൂ ആരീശിൽ ബ്രോസ്റ്റ് കടയിൽ ജോലിക്കാരനായിരുന്നു. ജോലിക്ക് എത്താത്തതിനെ തുടർന്ന് സഹ ജോലിക്കാരൻ റൂമിൽ വന്ന് നോക്കിയപ്പോഴാണ് ബെഡിൽ അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ടത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം അബൂ ആരീശ് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. സൗദിയിലും യു.എ.ഇയിലും ഒമാനിലുമായി കാൽ നൂറ്റാണ്ടിലധികം പ്രവാസിയായിരുന്നു. അബൂ ആരീശിൽ എത്തിയിട്ട് ആറ് മാസമേ ആയുള്ളൂ. നാല് വർഷം മുമ്പാണ് നാട്ടിൽ വന്ന് മടങ്ങിയത്. മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് അടുത്ത ആഴ്ച നാട്ടിൽ വരാനിരിക്കെയാണ് മരണം. പരേതരായ തച്ചറക്കൽ കമ്മദ്-ഉണ്ണിയാലുങ്ങൽ പാത്തുമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: ഉമ്മുഹബീബ. മക്കൾ: റംല, റഹ്മത്ത്, റഫ ജാസ്മിൻ, മുഹമ്മദ് റബീഹ്. മരുമക്കൾ: ജലീൽ പന്താരങ്ങാടി, ഇഖ്ബാൽ പാലായി.