പിതാവിനെ കാണാതായി
കുമളി: തമിഴ്നാട്ടിൽ മുല്ലപ്പെരിയാർ ജലം ഒഴുകുന്ന കനാലിൽ കുളിക്കാനിറങ്ങുന്നതിനിടെ ഒഴുക്കിൽപെട്ട മകളെ രക്ഷിക്കാൻ ശ്രമിച്ച മാതാവ് ഒഴുക്കിൽപെട്ട് മരിച്ചു. പിതാവിനെ കനാലിൽ കാണാതായി. തേനി ജില്ലയിലെ ചിന്നമന്നൂർ ശീലയംപെട്ടിയിലാണ് സംഭവം. കമ്പത്തെ ഹോട്ടൽ തൊഴിലാളി അബൂതാഹിർ (50), ഭാര്യ ഫാത്തിമ (43) എന്നിവരാണ് അപകടത്തിൽപെട്ടത്. മുല്ലപ്പെരിയാറിൽനിന്ന് വൈഗ അണക്കെട്ടിലേക്ക് ജലം ഒഴുകുന്ന വീതിയേറിയ കനാലിലായിരുന്നു അപകടം. കുളിക്കാനിറങ്ങുന്നതിനിടെ കാൽ വഴുതി ഒഴുക്കിൽപെട്ട മകളെ രക്ഷിക്കാൻ മാതാവ് ഫാത്തിമ ശ്രമിക്കുന്നതിനിടെ ഇവരും ഒഴുക്കിൽപെട്ടു. പിന്നാലെ ഇരുവരെയും രക്ഷിക്കാനിറങ്ങിയ പിതാവും ഒഴുക്കിൽപെടുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് പാഞ്ഞെത്തിയ െപാലീസ്, അഗ്നിരക്ഷാസംഘം പെൺകുട്ടിയെ കണ്ടെടുത്തെങ്കിലും മാതാവിനെ രക്ഷിക്കാനായില്ല. ഏറെനേരത്തെ തിരച്ചിലിനൊടുവിൽ മരിച്ചനിലയിൽ കണ്ടെത്തി. അബൂതാഹിറിനായുള്ള തിരച്ചിൽ രാത്രിയും തുടരുകയാണ്.