കുമളി: സംസ്ഥാന അതിർത്തിയിലെ തമിഴ്നാട് പവർഹൗസിലെ ജീവനക്കാരെൻറ മകൻ മുല്ലപ്പെരിയാർ കനാലിൽ ഒഴുക്കിൽപെട്ട് മരിച്ചു. ലോവർ ക്യാമ്പ് പെരിയാർ പവർ ഹൗസ് ജീവനക്കാരനായ രാജ മഹേന്ദ്രെൻറ മകൻ കാമേഷ് പ്രഭുവാണ് (18) മരിച്ചത്. കൂട്ടുകാർക്കൊപ്പം കനാലിൽ കുളിക്കാനിറങ്ങുന്നതിനിടെ ഒഴുക്കിൽപെട്ട് കാണാതായ യുവാവിനെ ഏറെനേരത്തെ തിരച്ചിലിനൊടുവിലാണ് കണ്ടെത്തിയത്.
മുല്ലപ്പെരിയാർ അണക്കെട്ടിൽനിന്ന് വലിയ അളവിൽ തമിഴ്നാട്ടിലേക്ക് തുറന്നുവിടുന്ന ജലം കനാൽ വഴിയാണ് തേനി ജില്ലയിലെ വൈഗ അണക്കെട്ടിലേക്ക് ഒഴുകുന്നത്. മൃതദേഹം കണ്ടെത്താൻ തേക്കടിയിലെ ഷട്ടർ താൽക്കാലികമായി അടച്ച് ജലം ഒഴുക്കുന്നത് നിർത്തിയിരുന്നു.