നേമം: ഗുണ്ടാ ആക്ട് പ്രകാരം ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ക്രിമിനൽ കേസ് പ്രതിയെ വെട്ടേറ്റുമരിച്ച നിലയിൽ കണ്ടെത്തി. മച്ചേൽ കുളങ്ങരക്കോണം ആയക്കോട് മേലേ പുത്തൻവീട്ടിൽ മോഹനെൻറ മകൻ അനീഷ് (28) ആണ് മരിച്ചത്. നരുവാമൂട് സ്റ്റേഷൻ പരിധിയിൽ കുളങ്ങരക്കോണം മുളച്ചൽ പാലത്തിന് സമീപം നിഷാന്തിെൻറ ഉടമസ്ഥതയിലുള്ള അമൽ ഹോളോബ്രിക്സ് കമ്പനിക്കുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. പത്തോളം വെട്ടുകൾ ഏറ്റിട്ടുള്ളതായി പൊലീസ് പറഞ്ഞു.
ഗുണ്ടാ ആക്ട് പ്രകാരം അറസ്റ്റിലായ അനീഷ് കഴിഞ്ഞ മാസം 17നാണ് ജയിൽശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്. ശനിയാഴ്ച രാത്രി കുളങ്ങരക്കോണത്ത് യുവതിയുടെ രണ്ട് പവെൻറ മാല കവർന്ന കേസിൽ ഇയാൾക്കായി അന്വേഷണം നടന്നുവരുന്നതിനിടെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ശരീരമാസകലം വെട്ടേറ്റ നിലയിലാണ് ഇയാളെ പൊലീസ് കണ്ടെത്തുന്നത്.
നരുവാമൂട് സി.ഐ ധനപാലെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘവും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. മൂന്നുതവണ ഗുണ്ടാ ആക്ട് പ്രകാരം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള ഇയാൾക്കെതിരെ വിവിധ സ്റ്റേഷനുകളിലായി 28 ക്രിമിനൽ കേസുകളാണ് നിലവിലുള്ളത്.
മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.