കോട്ടക്കൽ: ദേശീയപാത 66ൽ എടരിക്കോട് പാലച്ചിറമാടിൽ ഓട്ടോയും മിനി ഗുഡ്സ് വാനും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യാത്രക്കാരി മരിച്ചു. കരിങ്കപ്പാറയിൽ പലചരക്ക് കച്ചവടം നടത്തുന്ന നെല്ലോട്ടുപറമ്പിൽ രാജെൻറ ഭാര്യ സുജാതയാണ് (48) മരിച്ചത്. ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു അപകടം. ചികിത്സയിൽ കഴിയവെ ഞായറാഴ്ച പുലർച്ച രണ്ടരക്കാണ് മരിച്ചത്. അപകടത്തിൽ ഇവരുടെ മകൻ അനിരുദ്ധ് (22), ഓട്ടോ ഡ്രൈവർ കടമ്പോട്ട് ബോബിൻ (35) എന്നിവർക്കും പരിക്കേറ്റു. ഇരുവരും കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. തിരൂർ ജില്ല ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. കൽപകഞ്ചേരി പൊലീസ് നടപടിയെടുത്തു. അർജുൻ മറ്റൊരു മകനാണ്.