കോട്ടക്കൽ: നഗരമധ്യത്തിലെ വാടക ക്വാട്ടേഴ്സിൽ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി. പറവൂർ സ്വദേശിനി മുക്കത്തുള്ള വീട്ടിൽ അസൂറാബിയെയാണ് (കുഞ്ഞിമോളി -70) പാറയിൽ സ്ട്രീറ്റിന് സമീപത്തെ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവിടെ മകനോടൊപ്പം താമസിക്കുകയായിരുന്നു ഇവർ. മത്സ്യത്തൊഴിലാളിയായ മകൻ സലീം കണ്ണൂരിലായിരുന്നു.
കഴിഞ്ഞ ദിവസം മാതാവിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലഭിക്കാത്തതിനെ തുടർന്ന് ഇവർക്ക് സാധനങ്ങളും മരുന്നും എത്തിച്ചുകൊടുത്തിരുന്ന ഓട്ടോ ഡ്രൈവറെ വിളിച്ച് വിവരങ്ങൾ അന്വേഷിക്കാൻ പറയഞ്ഞക്കുകയായിരുന്നു. വീടിെൻറ മുൻവശവും പിൻഭാഗവും അടച്ച നിലയിൽ കണ്ടെത്തിയതിനാൽ കോട്ടക്കൽ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി പൂട്ടുപൊളിച്ച് അകത്തു കടന്നതോടെയാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കമുണ്ട്. നേരേത്ത ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നു ഇവർ. കുളി കഴിഞ്ഞ് മുറിയിലേക്ക് വരുന്നതിനിടെ ഹൃദയാഘാതം വന്നതാകാം മരണകാരണമെന്നാണ് പൊലീസിെൻറ പ്രാഥമിക നിഗമനം. മലപ്പുറത്തുനിന്ന് വിരലടയാള, ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. എസ്.എച്ച്.ഒ എം.കെ. ഷാജിയുടെ നേതൃത്വത്തിൽ എസ്.ഐ വി. വിവേക് ഇൻക്വസ്റ്റ് പൂർത്തിയാക്കി. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.