പരവൂര്‍: ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. പൂതക്കുളം പറങ്കിമാംവിള വീട്ടിൽ ജയകുമാറാണ് (51) മരിച്ചത്. ഞായറാഴ്ച രാത്രി 7.30ന് ജയകുമാര്‍ ജോലി കഴിഞ്ഞ് വീട്ടിലേക്കുപോകുമ്പോൾ പൂതക്കുളം പഞ്ചായത്ത് ഓഫിസിനു മുന്നിലായിരുന്നു അപകടം.
അമിതവേഗത്തില്‍ മൂന്നുപേരുമായി എത്തിയ ബൈക്കാണ് ജയകുമാറിനെ ഇടിച്ചുതെറിപ്പിച്ചത്. ജയകുമാറിനെ ഉടന്‍ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലും തുടര്‍ന്ന്, തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ, തിങ്കളാഴ്ച പുലര്‍ച്ച മരിച്ചു. പരിക്കേറ്റ മൂന്നുപേരും ആശുപത്രിയില്‍ ചികിത്സയിലാണ്.
മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍. ഭാര്യ: ഗിരിജകുമാരി. മക്കൾ: ജയലക്ഷ്മി, ജനി ലക്ഷ്മി, ജനു ലക്ഷ്മി. വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്ത ശേഷം പരവൂര്‍ പൊലീസ് കേസെടുത്തു.