കൂരോപ്പട: യുവതിയെ മീനച്ചിലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. കോട്ടയം കൂരോപ്പട കിഴക്കേടത്ത് സുകുമാരെൻറ (ചെമ്പരത്തിമൂട് സൗമ്യ ബോർവെൽ, വർക്ഷോപ് ഉടമ) മകൾ എസ്. സൗമ്യയാണ് (39) മരിച്ചത്. ചൊവ്വാഴ്ച കാണാതായ സൗമ്യയെ അർധരാത്രിയോടെ കിടങ്ങൂർ- കട്ടച്ചിറ റോഡിൽ പമ്പ്ഹൗസിന് സമീപം മീനച്ചിലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ഏറ്റുമാനൂരിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജോലിക്കാരിയായ സൗമ്യയെ വൈകുന്നേരമായിട്ടും കാണാതിരുന്നതിനെ തുടർന്നാണ് വീട്ടുകാർ അന്വേഷിച്ചത്. പൊലീസിൽ പരാതിപ്പെട്ടതിെൻറ അടിസ്ഥാനത്തിൽ മൊബൈൽ ഫോൺ ലൊക്കേഷൻ പരിശോധിച്ചപ്പോൾ കിടങ്ങൂരിലാണെന്ന് കണ്ടെത്തി. സൗമ്യയുടെ സ്കൂട്ടറും ബാഗും റോഡിൽ കണ്ടതോടെ സമീപത്തെ മീനച്ചിലാറ്റിൽ തിരച്ചിൽ നടത്തി. കിടങ്ങൂർ പൊലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ ചൊവ്വാഴ്ച രാത്രി 11.15ന് മൃതദേഹം കണ്ടെടുക്കുകയായിരുന്നു. സംഭവസ്ഥലത്തുനിന്ന് ആത്മഹത്യക്കുറിപ്പും ലഭിച്ചിട്ടുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടാണ് മരണകാരണമെന്നാണ് കുറിപ്പിലുള്ളതെന്ന് പൊലീസ് അറിയിച്ചു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. മാതാവ്: ശാന്തമ്മ. ഈസ്റ്റേൺ കമ്പനി ജീവനക്കാരനായ സുമേഷാണ് ഭർത്താവ്. മകൾ: ലക്ഷ്മി. സഹോദരൻ: രാജേഷ് (ചെമ്പരത്തിമൂട് വർക്ക്ഷോപ്).