തൊടുപുഴ: പിക്അപ് ജീപ്പ് ബൈക്കിലിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. തൊടുപുഴ കോലാനി കൊല്ലംകുന്നേൽ ചന്ദ്രെൻറ മകൻ ദീപു ചന്ദ്രനാണ് (35) മരിച്ചത്. തൊടുപുഴ-മൂവാറ്റുപുഴ റോഡിൽ അച്ചൻകവലയിൽ വ്യാഴാഴ്ച രാവിലെ എട്ടരയോടെയായിരുന്നു അപകടം. മൂവാറ്റുപുഴ ഭാഗത്തേക്ക് പോകുകയായിരുന്ന ദീപുവിെൻറ ബൈക്കിൽ തൊടുപുഴ ഭാഗത്തേക്ക് കള്ളുമായി വരുകയായിരുന്ന പിക്അപ് ഇടിക്കുകയായിരുന്നെന്ന് വാഴക്കുളം പൊലീസ് പറഞ്ഞു. തലക്ക് ഗുരുതര പരിക്കേറ്റ ദീപുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ബൈക്കിൽ ഇടിച്ച ജീപ്പ് നിയന്ത്രണംവിട്ട് എതിർവശത്ത് നിർത്തിയിട്ട ഓട്ടോറിക്ഷക്ക് പിന്നിൽ ഇടിച്ച് മറിഞ്ഞു. ഇടിയുടെ ആഘാതത്തിൽ പിക്അപ്പിലുണ്ടായിരുന്ന വീപ്പകൾ മറിഞ്ഞ് റോഡിലേക്കുരുണ്ട് മറ്റൊരു സ്കൂട്ടർ യാത്രികനും വീണ് പരിക്കേറ്റു. സുഹൃത്തിനെ കാണാന്‍ വാഴക്കുളത്തേക്ക് പോകുകയായിരുന്നു ദീപു. ഇറ്റലിയിലെ ഹോട്ടലിൽ ജോലിചെയ്യുന്ന ദീപു രണ്ടുമാസം മുമ്പാണ് നാട്ടിലെത്തിയത്. മാതാവ്: പ്രഭാവതി. ഭാര്യ: അഞ്ജു. മകൻ: ആദിദേവ് (ഒരു വയസ്സ്).