അടിമാലി: കടബാധ്യതയെ തുടർന്ന് ഇടുക്കിയിൽ ഒരു വ്യാപാരി കൂടി ജീവെനാടുക്കി. സേനാപതി പള്ളിക്കുന്നിൽ പലചരക്ക് കട നടത്തുന്ന കുഴിയമ്പാട്ട് ദാമോദരനാണ് (60) മരിച്ചത്. വർഷങ്ങളായി പള്ളിക്കുന്ന് ടൗണിൽ പലചരക്ക് കടയും കോഴിക്കടയും നടത്തുകയായിരുന്നു. ബുധനാഴ്ച രാവിലെ 11ഓടെ കടയിലെത്തിയ ദാമോദരൻ പിന്നിലെ വാതിൽ തുറന്ന് അകത്ത് കയറി. വൈകീട്ട് അഞ്ച് മണി ആയിട്ടും മുൻവശത്തെ ഷട്ടർ തുറന്നുകാണാതിരുന്നതിനെ തുടർന്ന് സമീപവാസികൾ അന്വേഷിക്കുകയും മൊബൈൽ ഫോണിലേക്ക് വിളിക്കുകയും ചെയ്തു. കടയ്ക്കുള്ളിൽനിന്ന് ബെൽ കേെട്ടങ്കിലും ഫോൺ എടുക്കാതിരുന്നതിനെ തുടർന്ന് വാതിൽ തുറന്ന് നോക്കിയപ്പോൾ കോഴികളെ സൂക്ഷിക്കുന്ന ഭാഗത്ത് വിഷം ഉള്ളിൽച്ചെന്ന് അവശനിലയിൽ കിടക്കുന്നത് കണ്ടെത്തി. ഉടൻ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. അഞ്ച് ലക്ഷത്തിലധികം രൂപയുടെ ബാധ്യതയുണ്ടെന്നാണ് പ്രാഥമിക വിവരം. ലോക്ഡൗൺ നിയന്ത്രണങ്ങൾ പാലിച്ചും കട തുറന്നെങ്കിലും കടം പെരുകിയതായാണ് ആത്മഹത്യക്ക് കാരണം. ശാന്തൻപാറ പൊലീസ് മേൽനടപടി സ്വീകരിച്ചു. ഭാര്യ: ആനന്ദവല്ലി (വാഗമൺ പഴമ്പിള്ളിൽ കുടുംബാംഗം). മക്കൾ: ആദർശ്, അഖില. മരുമകൻ: മഹേഷ്. കഴിഞ്ഞമാസം അടിമാലി ഇരുമ്പുപാലത്ത് ബേക്കറിയുടമ കടബാധ്യതയെത്തുടർന്ന് കടക്കുള്ളിൽ തൂങ്ങി മരിച്ചിരുന്നു.