ശാസ്താംകോട്ട: നാടൻപാട്ട് കലാകാരനും ചിത്രകാരനുമായ ശാസ്താംകോട്ട മനക്കര മനയിൽ പി.എസ്. ബാനർജി (41) നിര്യാതനായി. കോവിഡ് സ്ഥിരീകരിച്ചശേഷം നെഗറ്റീവായെങ്കിലും ന്യുമോണിയ ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച പുലർച്ചെയാണ് അന്ത്യം. ചിത്രകാരൻ, പാട്ടുകാരൻ എന്നീ നിലകളിൽ ഏറെ ശ്രദ്ധേയനായിരുന്നു. തിരുവനന്തപുരം ടെക്നോപാർക്കിലെ ഐ.ടി സംരംഭത്തിൽ ഗ്രാഫിക് ഡിസൈനറായിരുന്നു. ദേശീയതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ട വരകളായിരുന്നു ബാനർജിയുടേത്. ‘താരക പെണ്ണാളേ, കൊച്ചിക്കാരത്തി കൊച്ചു പെണ്ണേ, കൊച്ചോലക്കിളിയേ’ തുടങ്ങി ആസ്വാദകര്‍ ഏറ്റെടുത്ത ഒട്ടേറെ നാടന്‍പാട്ടുകള്‍ പാടിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാറിെൻറ വജ്ര ജൂബിലി ഫെലോഷിപ്, ലളിതകല അക്കാദമി ഫെലോഷിപ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. പിതാവ്: പാച്ചു (റിട്ട. അധ്യാപകൻ). മാതാവ്: സുഭദ്ര. ഭാര്യ: ജയപ്രഭ (സ്റ്റേഷനറി വകുപ്പ്). മക്കൾ: ഓസ്കർ, നൊബൈൽ. വെള്ളിയാഴ്ച ഉച്ചക്ക് ഭരണിക്കാവ് ജെ.എം.എച്ച്.എസില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹം വൈകീട്ടോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ നിരവധിപ്പേർ അന്ത്യോപചാരം അർപ്പിക്കാനെത്തിയിരുന്നു.