അംഗപരിമിതനായ രാജുവിനെ ഏതാനും ദിവസം മുമ്പാണ് വള്ളികുന്നത്തുനിന്ന് വിളിച്ചുകൊണ്ടുവന്നത്
കരുനാഗപ്പള്ളി: നിയന്ത്രണം വിട്ട കാർ റോഡിെൻറ വശത്തെ താൽക്കാലിക ലോട്ടറി സ്റ്റാളിലേക്ക് പാഞ്ഞുകയറി ലോട്ടറി ഏജൻറും അംഗപരിമിതനായ വിൽപനക്കാരനും തൽക്ഷണം മരിച്ചു. ലോട്ടറി വിൽപനക്കാരൻ വള്ളികുന്നം കടുവിനാൽ പൈനുംമൂട്ടിൽ വീട്ടിൽ രാജു (60), ലോട്ടറി ഏജൻറ് ഓച്ചിറ ചങ്ങൻകുളങ്ങര ശ്രീജിത്ത് ഭവനം പ്രസന്നൻപിള്ള (52) എന്നിവരാണ് മരിച്ചത്. കാർ ഓടിച്ചിരുന്ന ഡ്രൈവർ മരുതൂർകുളങ്ങര സ്വദേശി സുഹൈലിന് നിസ്സാര പരിക്കേറ്റു. ഇയാളെ പ്രാഥമിക ശുശ്രൂഷ നൽകിയശേഷം കരുനാഗപ്പള്ളി പൊലീസ് കസ്റ്റഡിയിലെടുത്തു. ദേശീയപാതയിൽ വവ്വാക്കാവിനും പുത്തൻതെരുവിനുമിടയിൽ പുലിയൻകുളങ്ങരയിൽ വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിനുശേഷമാണ് അപകടം. ഓച്ചിറ ഭാഗത്തുനിന്ന് കരുനാഗപ്പള്ളിക്ക് അമിതവേഗത്തിൽ വന്ന കാർ റോഡ് സൈഡിൽ താൽക്കാലികമായി കുട നാട്ടിയ ലോട്ടറി കച്ചവട സ്റ്റാളിലേക്ക് പാഞ്ഞുകയറുകയായിരുന്നെന്ന് ദൃസാക്ഷികൾ പറഞ്ഞു. സ്റ്റാളിന് അരികിൽ നിന്ന ഏജൻറിനെയും വിൽപനക്കാരനെയും ഇവരുടെ ഇരുചക്രവാഹനങ്ങളും ഇടിച്ചുതെറിപ്പിച്ചശേഷം കാർ എതിർവശത്ത് ചെന്ന് നിൽക്കുകയായിരുന്നു. അപകടത്തിൽപെട്ടവരെ ഉടൻതന്നെ കരുനാഗപ്പള്ളി താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രസന്നൻപിള്ള ലോട്ടറി മെയിൻ ഏജൻറാണ്. ഇദ്ദേഹം പല സ്ഥലങ്ങളിലും കുടകൾ വഴിയരികിൽ നാട്ടി ലോട്ടറി നിരത്തി തൊഴിലാളികളെ കൂലിക്ക് വെച്ച് വിൽപന നടത്തുകയാണ് പതിവ്. അംഗപരിമിതനായ രാജുവിനെ ഏതാനും ദിവസം മുമ്പാണ് ലോട്ടറി വിൽപനക്കായി വള്ളികുന്നത്തുനിന്ന് വിളിച്ചുകൊണ്ടുവന്ന് ചങ്ങൻകുളങ്ങരയിലെ സ്റ്റാളിൽ ഇരുത്തിയത്. ഇരുവരുടെയും മൃതദേഹം കരുനാഗപ്പള്ളി താലൂക്കാശുപത്രി മോർച്ചറിയിൽ.കരുനാഗപ്പള്ളി പൊലീസ് നടപടികൾ പൂർത്തിയാക്കി ഇരുവരുടെയും മൃതദേഹം ശനിയാഴ്ച പോസ്റ്റ്േമാർട്ടത്തിന് ശേഷം വിട്ടുകൊടുക്കും. രാജുവിെൻറ ഭാര്യ: കുമാരി. മക്കൾ: രിതോഷ്, അജേഷ്. പ്രസന്നൻപിള്ളയുടെ ഭാര്യ: രമാദേവി. മക്കൾ: ശ്രുതി, ശ്രീജിത്ത്.