തിരുവല്ലം: റോഡപകടത്തിൽ പരിേക്കറ്റ യുവാവിനെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസ് കാത്തുനിന്ന് പൊലീസ്; പരിക്കേറ്റ യുവാവിന് ഒടുവിൽ റോഡിൽ ദാരുണാന്ത്യം. കാട്ടാക്കട തൂങ്ങാംപാറ ചെട്ടിക്കോണം തോപ്പുവിളാകത്ത് വീട്ടിൽ പരേതനായ പ്രമേഷിെൻറയും ലതയുടെയും മകൻ അഖിൽ പ്രമേഷ് (22) ആണ് മരിച്ചത്.തിരുവല്ലം അശോക് ലൈലാൻഡ് കമ്പനിയിലെ മെക്കാനിക്കൽ ജീവനക്കാരനാണ്. വെള്ളിയാഴ്ച രാവിലെ 8.30ഓടെ തിരുവല്ലം ചിത്രാഞ്ജലി റോഡിന് സമീപമുള്ള വളവിലായിരുന്നു അപകടം. പാച്ചല്ലൂർ ഭാഗത്തുനിന്ന് തിരുവല്ലം വഴി കിഴക്കേകോട്ടയിലേക്ക് പോയ ബസിനെ മറികടക്കുന്നതിനിടെ ബൈക്കിെൻറ ഹാൻഡിൽ ബസിൽ തട്ടി നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞ് ബസിനടിയിൽപെട്ടാണ് അപകടമുണ്ടായതെന്ന് തിരുവല്ലം പൊലീസ് പറഞ്ഞു. തിരുവല്ലം പൊലീസ് സ്റ്റേഷന് സമീപം നടന്ന അപകടത്തിൽ വിവരമറിഞ്ഞ് പൊലീസ് ഉടൻ എത്തിയെങ്കിലും യുവാവിനെ ജീപ്പിൽ സമീപത്തെ ആശുപത്രിയിലെത്തിക്കാൻ തയാറായിെല്ലന്ന് നാട്ടുകാർ ആരോപിക്കുന്നു. 108 ആംബുലൻസ് എത്തുന്നതുവരെ കാത്തുനിന്ന പൊലീസ് നടപടിക്കെതിരെ നാട്ടുകാർ വിമർശനവുമായി രംഗത്തെത്തിയതോടെ അരമണിക്കൂറോളം റോഡിൽ കിടന്ന യുവാവിനെ ജീപ്പിൽ കൊണ്ടുപോകാൻ പൊലീസ് തയാറായി. എന്നാൽ ഇതിനോടകം 108 ആംബുലൻസ് എത്തിയതോടെ യുവാവിനെ ഇതിൽ തന്നെ മെഡിക്കൽ കോളജിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. തിരുവല്ലം പൊലീസ് കേസെടുത്തു. സഹോദരങ്ങൾ: അഖില, അഖിലേഷ്.