അടിമാലി: ലോറി ഡ്രൈവറായ യുവാവിനെ താമസസ്ഥലത്ത് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. മുരിക്കാശ്ശേരി കള്ളിപ്പാറ പാറത്താഴത്ത് വീട്ടിൽ വിനീതിനെയാണ് (29) വെള്ളിയാഴ്ച രാവിലെ അഞ്ചരയോടെ ശാന്തൻപാറ പുത്തടിയിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടത്. ഒപ്പം താമസിച്ചിരുന്ന മറ്റൊരു ഡ്രൈവറാണ് മൃതദേഹം ആദ്യം കണ്ടത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു.
അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ച മൃതദേഹം ഇൻക്വസ്റ്റിനുശേഷം ഇടുക്കി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തി. തുടർന്ന് വീട്ടുവളപ്പിൽ സംസ്കരിച്ചു. ശാന്തൻപാറ പൊലീസ് നടപടി സ്വീകരിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ തുടർനടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.
അവിവാഹിതനായ വിനീത് മൂന്നുവർഷമായി ദേശീയപാത നിർമാണ കമ്പനിയിൽ കരാർ അടിസ്ഥാനത്തിൽ ലോറി ഓടിക്കുകയാണ്. രണ്ടുദിവസം മുമ്പ് മുരിക്കാശ്ശേരിയിലെ വീട്ടിലെത്തിയിരുന്നു. ആത്മഹത്യചെയ്യാൻ തക്ക പ്രശ്നങ്ങൾ ഇയാൾക്ക് ഇല്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. ബാബുവാണ് പിതാവ്. മാതാവ്: മിനി. സഹോദരി: ചിഞ്ചു.