താനൂർ: നിയന്ത്രണംവിട്ട കാറിടിച്ച് കാൽനടക്കാരൻ മരിച്ചു. കാറിലുണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കേറ്റു. കക്കാട് സ്വദേശിയും കല്ലത്താണിയിൽ താമസിക്കുന്ന കുറുക്കൻ അബ്ദുറഹിമാനാണ് (50) മരിച്ചത്. തയ്യാല അയ്യായ റോഡിൽ തിങ്കളാഴ്ച രാവിലെ ആറോടെയാണ് സംഭവം.
താനൂർ ഭാഗത്തുനിന്ന് വരുകയായിരുന്ന കാർ നിയന്ത്രണംവിട്ട് റോഡിന് സമീപത്തെ തെങ്ങിലിടിച്ച് പാടത്തേക്ക് മറിയുകയായിരുന്നു. ഇതിനിടയിലാണ് റോഡിെൻറ വശത്തുണ്ടായിരുന്ന കാൽനടക്കാരൻ കാറിനിടയിൽ കുടുങ്ങിയത്. ഇയാളുമായി കാർ പത്ത് മീറ്ററോളം മുന്നോട്ട് നീങ്ങി. സംഭവമറിഞ്ഞെത്തിയ നന്നമ്പ്ര മേഖല യൂത്ത് ബ്രിഗേഡ് അംഗം റാഫിയാണ് മരിച്ചയാളെയും പരിക്കേറ്റവരെയും ആശുപത്രിയിലെത്തിച്ചത്. കുണ്ടൂർ സ്വദേശികളായ പാറയിൽ ജലാലുദ്ദീൻ (24), കുന്നുമ്മൽ മടത്തൊടി മുഹമ്മദ് ഉനൈസ് (28) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാറിെൻറ അമിത വേഗമാണ് അപകട കാരണമെന്ന് നാട്ടുകാർ പറഞ്ഞു. അബ്ദുറഹ്മാെൻറ മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. താനൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. മാട്ടറ ഷെരീഫയാണ് അബ്ദുറഹ്മാെൻറ ഭാര്യ. മക്കൾ: മുഹമ്മദ് ജുനൈദ്, മുഹമ്മദ് ജാസിർ.
കാറിടിച്ച് കാൽനടക്കാരൻ മരിച്ചു